Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ് ഹിന്ദു സീനിയർ അസി. എഡിറ്റർ ജി.മഹാദേവൻ നിര്യാതനായി

mahadevan ജി.മഹാദേവൻ

തിരുവനന്തപുരം∙ ദ് ഹിന്ദു സീനിയർ അസിസ്റ്റന്റ് എഡിറ്റർ ജി.മഹാദേവൻ (47) നിര്യാതനായി. ലയോള സ്കൂളിലും മാർ ഇവാനിയോസ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹാദേവൻ 1996 ലാണ് ഹിന്ദുവിൽ ചേർന്നത്.

വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്കു വഴി തെളിക്കാൻ വിവിധ  സർക്കാരുകൾക്ക് പ്രേരണയായിത്തീർന്ന ഒട്ടേറെ റിപ്പോർട്ടുകൾക്ക് ഉടമയായി. മികച്ച ഗായകനുമായിരുന്നു. ഭാര്യ: ദേവി. മകൾ: മൃണാളിനി (പ്ലസ് ടു വിദ്യാർഥി). അച്ഛൻ: ഗണപതി അയ്യർ (റിട്ട. ഏജീസ് ഓഫീസ്), അമ്മ: ഭഗവതി അമ്മാൾ (റിട്ട. യൂണിവേഴ്സിറ്റി ലൈബ്രേറിയൻ).

ശബ്ദഗാംഭീര്യം കൊണ്ടും ഉച്ചാരണശുദ്ധികൊണ്ടും ശ്രദ്ധേയനായ മഹാദേവൻ ഒട്ടേറെ ഡോക്യൂമെന്ററികൾക്കു ശബ്ദം നൽകി. ചാലിയാർ മലിനീകരണം ജനശ്രദ്ധയിൽ കൊണ്ടുവന്ന ഡോക്യൂമെന്ററിക്കു ശബ്ദം പകർന്നു. ജനങ്ങൾക്ക്‌ വേണ്ടി ചെയ്യുന്നതാകുമ്പോൾ അതിനു പ്രതിഫലം വാങ്ങരുത് എന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നു. റേഡിയോ നാടകങ്ങൾക്കു ശബ്ദം നൽകുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

വലിയ സൗഹൃദത്തിനു ഉടമയായിരുന്നു. കവടിയാറിലെ വീട്ടിലും പ്രസ് ക്ലബ്ബിലും മഹാദേവന് ആദരാഞ്ജലി അർപ്പിക്കാൻ ഒട്ടേറെപ്പേർ എത്തി. വൈകിട്ട് കരമന സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.