കൊച്ചി∙ കടവന്ത്രയിലെ ‘നെയ്ൽ ആർട്ടിസ്ട്രി’യെന്ന ബ്യൂട്ടി സലൂണിൽ രണ്ടംഗ സംഘം വെടിയുതിർത്തതായുള്ള പരാതിയിൽ സ്ഥാപന ഉടമ ലീന മരിയാ പോളിന്റെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. അക്രമികളെ കണ്ടെത്താൻ ലീനയുടെ മൊഴികൾ കേസിൽ നിർണായകമാണ്. ഇപ്പോൾ ഹൈദരാബാദിലുള്ള ലീനയോട് ഉടൻ കൊച്ചിയിലെത്താൻ നിർദേശിച്ചട്ടുണ്ട്. അതേസമയം, നഗരത്തിലെ സ്ഥിരം ക്രിമിനലുകളടക്കമുളളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് കൃത്യമായി എത്താന്‍ പോന്ന വിവരങ്ങളൊന്നും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണു ലീനയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നത്. ഇരുപത്തിയഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഈ ഭീഷണി അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാര നടപടിയാകാം വെടിവയ്പ്പെന്ന നിഗമനത്തിലൂന്നിയാണു പ്രാഥമികാന്വേഷണം. എന്നാല്‍ ഇതിനു പുറമെ മറ്റു സാധ്യതകളും പൊലീസ് േതടുന്നുണ്ട്. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരെയും കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ലീനയുമായി ശത്രുതയുളളവര്‍ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയ ക്വട്ടേഷന്‍ ആക്രമണമാകാം ഇന്നലെയുണ്ടായതെന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് നഗരത്തിലെ സ്ഥിരം ക്രിമിനല്‍ കേസ് പ്രതികളെ കേന്ദ്രീകരിച്ചുളള അന്വേഷണം നടക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ പ്രതികളിലേക്ക് വെളിച്ചം വീശാന്‍ പോന്ന തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അതേസമയം മുമ്പ് സാമ്പത്തിക തട്ടിപ്പുകളടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുളള ലീന മരിയ പോളിന്‍റെ അധോലോക ബന്ധങ്ങളെ കുറിച്ചുളള പ്രാഥമിക വിവര ശേഖരണവും പൊലീസ് തുടങ്ങി. ഇതിന്‍റെ ഭാഗമായി ലീനയുമായി അടുപ്പം പുലര്‍ത്തുന്ന ചിലരെ പൊലീസ് ചോദ്യം ചെയ്തു.
ഏറെ വൈകാതെ ലീനയെ നേരിട്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് കേസിന്‍റെ അന്വേഷണം. പനമ്പളളി നഗറില്‍ പ്രവര്‍ത്തിക്കുന്ന നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന ആഡംബര ബ്യൂട്ടി പാര്‍ലറില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് രണ്ടംഗ സംഘം പ്രഹര ശേഷി കുറഞ്ഞ തോക്കുപയോഗിച്ച് വെടിവയ്പ്പ് നടത്തിയത്.
ലീനയയും കൂട്ടാളി സുകാഷും സാമ്പത്തിക തട്ടിപ്പുകേസുകളിൽ അറസ്റ്റിലായവർ
കാനറ ബാങ്കിന്റെ തമിഴ്നാട് അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും കൂട്ടാളി സുകാഷ് ചന്ദ്രശേഖറും അറസ്റ്റിലായിരുന്നു. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ തിരിച്ചുകിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർക്ക് 50 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്ത കേസിൽ പണം ഹവാലയായി കൈമാറാൻ ശ്രമിച്ച കുറ്റത്തിനു സുകാഷ് ചന്ദ്രശേഖറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു 10 കോടിരൂപ കൊച്ചി വഴിയാണു കടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു.
ശേഖർ റെഡ്‌ഡിയെന്ന വ്യാജപ്പേരിലാണു സുകേഷ് തട്ടിപ്പുകൾ നടത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞു ബെംഗളൂരുവിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസുകളിൽ 2010ൽ ലീനയെയും സുകാഷിനെയും പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കർണാടകയിലെ ഹുനസമാരനഹള്ളി ഡെന്റൽ കോളജിൽ ലീന പഠിക്കുമ്പോഴാണു സുകേഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ അകന്നതായി ലീന സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. ഇന്നലെ വെടിവയ്പു നടന്നതായി പറയപ്പെടുന്ന സലൂണിനോടു ചേർന്നു പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലുള്ളവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
വിവിധ കേസുകളിൽ അകപ്പെട്ടു സുകാഷ് ജയിലിലാണെങ്കിലും ഇയാൾ ഉൾപ്പെടുന്ന ഹവാല റാക്കറ്റ് കൊച്ചിയിൽ ഇപ്പോഴും സജീവമാണ്. ലീനയുടെ സ്ഥാപനത്തിൽ ആക്രമണം നടത്തിയതിനു പിന്നിൽ ഇവരുടെ പങ്കാണു പൊലീസ് അന്വേഷിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ റെഡ് ചില്ലീസ് എന്ന സിനിമയിലൂടെയാണ് ലീന മരിയ പോൾ ശ്രദ്ധേയയായത്.
സജി സുരേന്ദ്രൻ സംവിധാനം ചെയ്‌ത ഹസ്‌ബന്റ്‌സ് ഇൻ ഗോവ, ലാൽ സംവിധാനം ചെയ്‌ത കോമഡി ആക്‌ഷൻ ത്രില്ലർ കോബ്ര എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകയായും സീരിയൽ നടിയായും രംഗത്തെത്തിയ ലീന നടൻ ജോൺ ഏബ്രഹാമിനൊപ്പം മദ്രാസ് കഫേ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.