കൊച്ചി ∙ തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസിൽ റിസർവേഷൻ നിർത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഐആർസിടിസി വെബ്സൈറ്റിൽ മൂന്നാഴ്ചയായി ശബരി എക്സ്പ്രസിന്റെ ടിക്കറ്റ് ലഭ്യമല്ല. സൗത്ത് സെൻട്രൽ റെയിൽവേയും ദക്ഷിണ റെയിൽവേയും തമ്മിലുളള തർക്കമാണു പ്രതിസന്ധിക്കു കാരണം.
സെക്കന്തരാബദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയാണു ശബരി എക്സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇവയുടെ കോച്ചുകൾ തിരുവനന്തപുരം ഡിവിഷനു കൈമാറുകയും ട്രെയിന്റെ യാത്രാസമയം ആന്ധ്രയിലും കേരളത്തിലും ഒന്നര മണിക്കൂർ വീതം കുറച്ചു സൂപ്പർഫാസ്റ്റ് ആക്കാനും സൗത്ത് സെൻട്രൽ റെയിൽവേ നിർദേശം വച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തു സ്ഥലമില്ലാത്തതിനാൽ ട്രെയിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണു ദക്ഷിണ റെയിൽവെ.
കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്നു തിരുവനന്തപുരം ഡിവിഷനും അറിയച്ചതോടെ ഇതുസംബന്ധിച്ച ഫയൽ റെയിൽവേ ബോർഡിനു മുൻപിലാണ്. ഇതിനിടയിൽ ട്രെയിന്റെ റിസർവേഷൻ വെബ്സൈറ്റിൽനിന്നു പിൻവലിക്കുകയും ചെയ്തു. ട്രെയിന്റെ ഉടമസ്ഥാവകാശം ഏതു ഡിവിഷനാണെന്നു തീരുമാനിച്ച ശേഷമേ ഇനി റിസർവേഷൻ പുനരാരംഭിക്കൂ. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്. ശബരിമല തീർഥാടകരും മലയാളി വിദ്യാർഥികളുമുൾപ്പെടെ ഒട്ടേറെ പേരാണു ഈ ട്രെയിനിനെ സ്ഥിരമായി ആശ്രയിക്കുന്നത്.
ഉച്ചയ്ക്കു കേരളത്തിൽനിന്നു പുറപ്പെടുന്ന ബസുകൾ ശബരി എക്സ്പ്രസിനു മുൻപു രാവിലെ ഹൈദരാബാദിലെത്തുന്നുണ്ട്. ഉച്ചയ്ക്കു 2 മണിയോടെയാണു ട്രെയിൻ എത്തുന്നത്. ഇതോടെയാണു ട്രെയിന്റെ വേഗം കൂട്ടണമെന്നും അല്ലാത്തപക്ഷം കേരളത്തിൽനിന്നു ബെംഗളൂരു വഴി ഹൈദരാബാദിലെ കാച്ചിഗുഡയിലേക്കു പുതിയ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യം ഉയർന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ശബരിയുടെ വേഗം കൂട്ടാനുളള റെയിൽവേ നീക്കമാണ് ഇപ്പോൾ പാളിയിരിക്കുന്നത്.