ന്യൂഡല്‍ഹി∙ 60 വർഷത്തെ കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ ഇന്ത്യക്കാർക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് ബിജെപി. റഫാൽ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ രാഹുൽ പാർലമെന്റിലെത്തി സംവാദത്തിന് തയാറാകണമെന്നും കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടിയായിരുന്നു രവിശങ്കർ പ്രസാദിന്റേത്.
റഫാൽ വിഷയം പാർലമെന്റിൽ നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള ധൈര്യം രാഹുൽ കാണിക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. സംവാദത്തിന് ബിജെപി തയാറാണ്. സംവാദത്തിൽനിന്ന് ഒഴിഞ്ഞു മാറരുത്. താങ്കളുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടിയ സുപ്രീംകോടതിയിൽ നിങ്ങൾ മാപ്പ് അറിയിച്ചതാണ്. കഴിഞ്ഞ 70 വർഷത്തിൽ 60 വർഷവും ഭരണത്തിലിരുന്നത് കോൺഗ്രസാണ്. എന്താണ് അവര്‍ കർഷകർക്കായി ചെയ്തിട്ടുള്ളത്?. അവർ ഇപ്പോൾ നാടകം കളിക്കുകയാണ്.
നാലര വർഷം ഭരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുടെ ഒരു പൈസ പോലും എഴുതിത്തള്ളിയിട്ടില്ലെന്നാണു രാഹുൽ പറയുന്നത്. കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുന്നതുവരെയും കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു നിൽക്കണം. ഞങ്ങൾ അവർക്കെതിരെ നിന്ന് പോരാടാം. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതു വരെ രാത്രിയിൽ അവരെ ഉറങ്ങാൻ വിടില്ലെന്നും കേന്ദ്രമന്ത്രി തിരിച്ചടിച്ചു.
കർഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു ചൊവ്വാഴ്ച രാഹുൽ ഗാന്ധി പറഞ്ഞത്. നാലര വർഷം ഭരിച്ചിട്ടും കർഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാൻ മോദി തയാറായില്ല. രണ്ടു സംസ്ഥാനങ്ങളിൽ അധികാരത്തിലേറി മണിക്കൂറുകൾക്കകം കോൺഗ്രസ് സർക്കാർ കർഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചതായും രാഹുൽ ആരോപിച്ചു.