മുംബൈ∙ രത്‌നവ്യാപാരി രാജേശ്വര്‍ ഉഡാനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രമുഖ നടിയും നർത്തകിയുമായ യുവതിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. നടി ദെവോലിന ഭട്ടാചാര്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പൊലീസ് ഇവരുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ ദെവോലിനയ്ക്ക് കുറ്റകൃത്യത്തിൽ എത്രമാത്രം പങ്കുണ്ടെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ദെവോലീനയുടെ പങ്കാളിത്തത്തെപ്പറ്റി പൊലീസ് അധികം വെളിപ്പെടുത്താത്തതു സംഭവത്തിന്റെ ദുരൂഹതയേറ്റുന്നു.
രാജേശ്വറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ബാർ സന്ദർശനവും മോഡലുകളും നടികളും ഉള്‍പ്പെടെയുള്ള സ്ത്രീകളുമായുള്ള ബന്ധവും ചുരുളഴിഞ്ഞത്. കസ്റ്റഡിയിൽ ആകുന്നതിനു മുമ്പ് ദെവോലിന തന്റെ ഫോണിലെ ചിത്രങ്ങളോ കോൾ വിവരങ്ങളോ മറ്റോ മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടെടുക്കകയെന്ന ലക്ഷ്യത്തോടെയാണു ഫോറൻസിക് പരിശോധന.
ദിവസങ്ങളോളം കാണാതായ രാജേശ്വറിനെ മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ 7 പേർ കസ്റ്റഡിയിലായി. ഇവർ സ്വയം കുറ്റമേൽക്കാതെ പരസ്പരം കുറ്റപ്പെടുത്തി മൊഴി നൽകുന്നതു പൊലീസിനെ കുഴപ്പിക്കുകയാണ്. മഹാരാഷ്ട്ര മന്ത്രി പ്രകാശ് മേത്തയുടെ മുൻ സഹായിയും ബിജെപി നേതാവുമായ സച്ചിൻ പവാർ, പൊലീസ് കോൺസ്റ്റബിൾ ദിനേശ് പവാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
മുംബൈ ഘാട്കോപർ സ്വദേശിയായ രാജേശ്വർ ഉഡാനിയെ നവംബർ 28 മുതലാണു കാണാതായത്. 10 ദിവസത്തിനുശേഷം റായ്ഗഡ് പൻവേലിലെ കാട്ടില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട രാജേശ്വർ ചില ബാറുകളിൽ സ്ഥിരമായി എത്തിയിരുന്നു. വിനോദ–വ്യവസായ മേഖലയിലെ പല സ്ത്രീകളുമായും അടുപ്പം പുലർത്തി. സച്ചിൻ പവാറിലൂടെ രാജേശ്വർ ഇത്തരം ബന്ധങ്ങൾ സൃഷ്ടിച്ചതും സൂക്ഷിച്ചതും. ഈ ബന്ധങ്ങളെച്ചൊല്ലിയുള്ള തർക്കമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡിസംബര്‍ അഞ്ചിനാണ് 57 കാരനായ ഉഡാനിയുടെ മൃതദേഹം അന്വേഷണ സംഘം കണ്ടെടുത്തത്. ശരീരത്തിൽ പുറമേക്കു പരുക്കുകളുണ്ടായിരുന്നില്ല. മറ്റൊരിടത്തുവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം വനപ്രദേശത്തു കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണു കരുതുന്നത്. നവി മുംബൈയിലെ റബാലിലാണ് ഉഡാനിയുടെ മൊബൈല്‍ അവസാനമായി പ്രവര്‍ത്തിച്ചിരുന്നത്. രാജേശ്വർ ആവശ്യപ്പെട്ടതനുസരിച്ചു പന്ത്് നഗര്‍ മാര്‍ക്കറ്റിനടുത്ത് ഇറക്കിവിട്ടു. തുടർന്നു രാജേശ്വർ മറ്റൊരു കാറില്‍ കയറി പോയെന്നാണു ഡ്രൈവറുടെ മൊഴി.
പൊലീസ് വൃത്തങ്ങളിൽനിന്നു ലഭ്യമായ വിവരങ്ങളനുസരിച്ചു സച്ചിൻ പവാറിനാണു കൊലപാതകത്തിൽ മുഖ്യപങ്ക്. 38കാരനായ ബ്യൂട്ടീഷ്യൻ സിയാസ്തി ഖാൻ എന്ന ഡോളിയാണ് ഇങ്ങനെയൊരു സൂചന നൽകുന്നത്. സച്ചിന്റെ വാക്കുകേട്ടു പ്രവർത്തിച്ചതിലൂടെ ബോധപൂർവമല്ലാതെ കേസിൽ കുടുങ്ങിയയാളാണു ഡോളി. കൊലപാതകത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചു ഡോളിക്ക് അറിയാമെന്നാണു പൊലീസ് വിചാരിക്കുന്നത്. എന്നാൽ ഡോളി ഇക്കാര്യം നിഷേധിച്ചു.
സച്ചിനൊപ്പം കൃത്യത്തിൽ പങ്കുണ്ടെന്നു കരുതുന്ന ദിനേശ് പവാറാണു മൃതദേഹം നീക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും മുന്നിട്ടുനിന്നതെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. കുറ്റം നിഷേധിച്ച ഇവർ പരസ്പരം കുറ്റാരോപണം നടത്തുന്നതു പക്ഷേ പൊലീസിനു തലവേദനയാണ്. തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നാണ് അറസ്റ്റിലായ മറ്റൊരു യുവതി സാറ ഖാൻ പറയുന്നത്.
ബോളിവുഡ് സിനിമകളിൽ അവസരം ഒരുക്കിത്തരാമെന്നു പറഞ്ഞാണു സച്ചിൻ തന്നെ വിളിച്ചത്. അഭിനയിച്ചു കാണിക്കാനായി കാറിലേക്കു ക്ഷണിച്ചു. ഈ കാറിലാണു രാജേശ്വർ സഞ്ചരിച്ചിരുന്നത്. എന്നാൽ രത്നവ്യാപാരിയെ കണ്ടിട്ടില്ലെന്നും തന്നെ കേസിലേക്കു വലിച്ചിഴക്കുകയാണെന്നും സാറ ആരോപിച്ചു. കുറ്റകൃത്യത്തെക്കുറിച്ചു സാറ പൊലീസിൽ അറിയിക്കാതിരുന്നതു സംശയം വർധിപ്പിക്കുന്നു. പ്രതികളെന്നു സംശയിക്കുന്ന മറ്റു ചിലരുടെ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.