ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ ആകെ വരുമാനം 1,027 കോടി 34 ലക്ഷം രൂപ. ഇതിന്റെ 74 ശതമാനവും പാര്‍ട്ടി ചെലവഴിച്ചതായി റിപ്പോര്‍ട്ട്. മറ്റൊരു വലിയ കക്ഷിയായ കോണ്‍ഗ്രസ് ഇതേവരെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതിനിടെ തിരഞ്ഞെടുപ്പ് ബോണ്ട് ഇറക്കുന്നതിനെതിരെ സിപിഎം രംഗത്തെത്തി.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് പാര്‍ട്ടികളുടെ വരുമാനക്കണക്കു പുറത്തുവിട്ടത്. 1,027 കോടിയിലേറെ വരുമാനം നേടിയ ബിജെപി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 758 കോടി 47 ലക്ഷം രൂപയും ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയാകട്ടെ 51 കോടി 70 ലക്ഷം രൂപ വരുമാനമുണ്ടാക്കിയപ്പോള്‍ 14 കോടി 78 ലക്ഷം രൂപ ചെലവാക്കി.
വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാക്കിയ ഒരേയൊരു രാഷ്ട്രീയകക്ഷി എന്‍സിപിയാണ്. എട്ടുകോടി 15 ലക്ഷം വരുമാനമുണ്ടാക്കിയപ്പോള്‍ എട്ടു കോടി 84 ലക്ഷം രൂപ അവർ ചെലവാക്കി. കോണ്‍ഗ്രസ് ഓഡിറ്റ് റിപ്പോര്‍ട്ട് ഇതേവരെ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബിജെപിയുടെ വരുമാനം ഏഴു കോടിയോളം കുറയുകയാണുണ്ടായത്.
ആറ് ദേശിയ പാര്‍ട്ടികളും കൂടി ആകെ വരുമാനത്തിന്റെ 87 ശതമാനവും നേടിയതു സംഭാവനകളിലൂടെയാണ്. 1,042 കോടിയോളം രൂപ. അതേസമയം, ബിജെപി മാത്രം 210 കോടിയോളം രൂപ തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ വരുമാനമുണ്ടാക്കി. നികുതി വെട്ടിക്കാനുള്ള ഒരു മാര്‍ഗമാണ് തിരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. റഫേല്‍ ഉള്‍പ്പെടെ വിവിധ ഇടപാടുകളുടെ കമ്മിഷന്‍ ഇത്തരം ബോണ്ടുകളിലേക്കാണ് എത്തുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറയുന്നു.
ജനപ്രാതിനിധ്യ നിയമത്തിന്‍റെ 29 എ വകുപ്പുപ്രകാരം റജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിക്ക് ഇലക്ടറല്‍ ബോണ്ടുകളിറക്കാം. അവസാന പൊതു തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തില്‍ കുറയാത്ത വോട്ട് ഈ പാര്‍ട്ടിക്ക് ലഭിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്, ഓള്‍ ഇന്ത്യ ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പരിശോധിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 30 ആയിരുന്നു ഓഡിറ്റ് ചെയ്ത കണക്ക് സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ത്രിണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി എന്നിവ കൃത്യ സമയത്തുതന്നെ കണക്ക് റിപ്പോര്‍ട്ട് ചെയ്തു. 49 ദിവസത്തിനുശേഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഡിറ്റുചെയ്ത വരവുചെലവ് കണക്ക് സമര്‍പ്പിച്ചിട്ടില്ല.