കൊച്ചി∙ ബ്യൂട്ടി സലൂൺ ഉടമയും നടിയുമായ ലീന മരിയ പോളിന് ഇന്നലെ വൈകിട്ടും ഭീഷണി ഫോൺ കോൾ ലഭിച്ചെന്ന് പൊലീസിനു മൊഴി നൽകി. വെടിവയ്പുണ്ടായ തന്റെ നെയിൽ ആർടിനറി എന്ന ബ്യൂട്ടി പാർലർ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോൾ വന്നതെന്നാണ് അവർ പൊലീസിനോടു പറഞ്ഞത്.
വിദേശ നമ്പരിൽ നിന്നാണ് കോൾ ലഭിച്ചത്. സംഭാഷണം ഇംഗ്ലീഷിലായിരുന്നു. അതേ സമയം മൊബൈൽ ആപ് ഉപയോഗിച്ച് വ്യാജ വിദേശ നമ്പരുണ്ടാക്കി ഫോൺ വിളിക്കുന്നതാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ തനിക്ക് ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് നാളെ പരിഗണിക്കും.
സുകേഷ് ഭർത്താവിനെ പോലെ
വിവാഹിതരല്ലെങ്കിലും തന്റെ കൂട്ടാളി സുകേഷ് ഭർത്താവിനെ പോലെയാണെന്ന് ലീന പൊലീസിനോടു പറഞ്ഞു. തട്ടിപ്പു കേസിൽ ഡൽഹിയിൽ അറസ്റ്റിലായ ഇയാൾ ജയിലിലാണ്. സുകേഷുമായി ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും ഇരുവരും പിരിഞ്ഞതായാണ് പൊലീസിനോട് പറഞ്ഞിരുന്നത്.
ഇതിൽ നിന്നു വ്യത്യസ്തമായ മൊഴിയാണ് ഇന്നലെ അവർ പൊലീസിനു നൽകിയത്. ബെംഗളൂരു സ്വദേശിയായ സുകേഷ് രാഷ്ട്രീയക്കാരുമായും അധോലോകവുമായും ഒരുപോലെ ബന്ധമുള്ളയാളാണ്. ബെംഗളൂരുവിൽ ബിഡിഎസിനു പഠിക്കുന്നതിനിടെയാണ് സുകേഷുമായി പരിചയത്തിലാകുന്നതും ബിസിനസുകളിൽ പങ്കാളികളാകുന്നതും. എന്നാൽ സുകേഷ് തന്റെ പണം തട്ടിയെടുത്തതിനാലാണ് ഇടപാടുകൾ അവസാനിപ്പിച്ചത് എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ആരെയും സംശയിക്കുന്നില്ല
25 കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് തനിക്ക് കഴിഞ്ഞ മാസം മുതൽ ഭീഷണിയുണ്ടെന്നും എന്നാൽ ആരാണെന്ന് അറിയാത്തതിനാൽ ആരെയും സംശയിക്കാനാവില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രവി പൂജാരി എന്നു പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയത്. പരിചയമുള്ള നമ്പരിൽ നിന്നല്ല വിളികൾ വന്നിട്ടുള്ളത്. അക്രമം എന്തിനാണെന്നറിയില്ല. അക്രമം നടത്തിയവരെപ്പറ്റി സൂചനകളില്ലെന്നും അവർ പൊലീസിനോടു പറഞ്ഞു. അതേ സമയം ഇവരുടെ മൊഴീ പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവരുടെ ഹവാല ഇടപാടുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് ഫോൾ കോളുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ 2 പേർ വെടിവച്ച ശേഷം കടന്നുകളഞ്ഞതായാണു പൊലീസിനു ലഭിച്ച വിവരം. രണ്ടു പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഒരാൾ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളിൽ വച്ച് എയർപിസ്റ്റൾ കൊണ്ടു വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. 5 മിനിട്ടിനകം ഇതെല്ലാം കഴിഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല.
െവടിവച്ച് ഒച്ചയുണ്ടാക്കി ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതിലൂടെ എന്താണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു.