ആലപ്പുഴ∙ വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയർ മാറ്റണമെന്നു മന്ത്രി ജി.സുധാകരൻ. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയിൽ ബഹുമാനക്കുറവില്ല. സാമൂഹിക വിപ്ലവങ്ങൾക്കു നേതൃത്വം നൽകിയ മന്നത്തു പത്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോൾ നവോത്ഥാന പ്രവർത്തനത്തെ എതിർക്കുന്നതെന്നും സുധാകരൻ ആലപ്പഴയിൽ പറഞ്ഞു.
സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീടു അതു പിൻവലിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാർട്ടികളുടെ പേരിൽ രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതെത്തുടർന്നാണ് സുധാകരന്റെ പ്രതികരണം.
അതിനിടെ, മഞ്ജു വാരിയരെ പ്രതീക്ഷിച്ചല്ല വനിതാ മതിൽ നിർമിക്കാൻ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നും മന്ത്രി മണി പറഞ്ഞിരുന്നു.