Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്യത തിരികെയെത്തിച്ചു രാഹുല്‍‌‌കാലം‍; ബിജെപി മുഖ്യമന്ത്രിമാർക്ക് വിഐപി പരിഗണന

swearing-in-ceremony മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് ചൗഹാന് കൈകൊടുക്കുന്ന രാഹുൽ ഗാന്ധി (ഇടത്); രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയെ സ്വീകരിക്കുന്ന അശോക് ഗെലോട്ട്.

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമികയിൽ കോൺഗ്രസ് കയ്യൊപ്പു ചാർത്തി, രാജ്യം നോക്കി നിന്ന പകൽ. ഒരിടവേളയ്ക്കുശേഷം കോൺഗ്രസിനു വലിയ ആഘോഷങ്ങള്‍. എസ്പിയും ബിഎസ്പിയും പ്രതിനിധികളെ അയച്ചു മാറിനിന്നെങ്കിലും പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തി വിളിച്ചോതിയായിരുന്നു മൂന്നു സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാഷ്ട്രീയത്തില്‍ വനവാസത്തിലായിരുന്ന മാന്യതയെ രാഹുല്‍ തിരിച്ചുവിളിച്ചെന്നാണു മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്കു നല്‍കുന്ന തലക്കെട്ട്.

ഈ മൂന്നിടങ്ങളിലും കോൺഗ്രസ് ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട്. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാർക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്ന്. അവരെ വേദിയിലിരുത്താന്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചു. ചടങ്ങിലുടനീളം അവരോടൊപ്പം മുതിർന്ന നേതാക്കള്‍ എല്ലാ കരുതലോടെയും നിന്നു. യഥാക്രമം ജയ്പൂര്‍, ഭോപ്പാല്‍, റായ്പൂര്‍ എന്നിവടങ്ങളില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്തിമാരായ വസുന്ധരെ രാജ സിന്ധ്യ, ശിവരാജ് സിങ് ചൗഹാന്‍, രമണ്‍ സിങ് എന്നിവര്‍ പങ്കെടുത്തു.

yotiraditya Scindia, Shivraj Singh Chouhan and Kamal Nath കമൽനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും.

മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയുടെ ഒരുമി‌ച്ചാണ് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവ്‍രാജ്സിങ് ചൗഹാനെ അഭിസംബോധന ചെയ്യാനെത്തിയത്. ചടങ്ങു തുടങ്ങുന്നതിനു മുൻപ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിനു കൈ കൊടുത്തു സ്വീകരിച്ചു. മുഖ്യമന്ത്രി കമന്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം കൈ ചേര്‍ത്തുപിടിച്ചു പൊക്കി ഫോട്ടോയ്ക്കും പോസ് ചെയ്താണ‌ു ചൗഹാന്‍ മടങ്ങിയത്. അണികള്‍ നിറഞ്ഞ കയ്യടിയും നല്‍കി.

ശിവ്‍രാജ് സിങ്ങ് ചൗഹാൻ വേദിയിലെത്തിയതിനെക്കുറിച്ചു കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‍വി ട്വീറ്റ് ചെയ്തതിങ്ങനെ: തോൽവിയിലും അദ്ദേഹത്തിന്‍റെ മുഖത്തെ പ്രസാദം ഞാൻ കാണുന്നു. എതിരാളികളോടുള്ള വിശാലമനോഭാവവും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനോഭാവവും കമൽമാഥിനോടൊപ്പം കോൺഗ്രസ് വിജയം ആഘോഷിക്കാനുള്ള മനസും സമ്മതിക്കുന്നു. ഇതാണ് ശരിയായ ജനാധിപത്യം, മോദി–അമിത് ഷാ കൂട്ടുകെട്ടിനുമപ്പുറം''.

Rahul Gandhi | Vasundhara Raje രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും വസുന്ധര രാജെ സിന്ധ്യയും.

സ്ഥാനമേറ്റെടുത്തു രണ്ടു മണിക്കൂറിനകം മധ്യപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചു. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നട‌പ്പായത്.

Raman Singh | Bhupesh Baghel തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെ സ്വീകരിക്കുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ.

തങ്ങളുടെ പല നല്ല പദ്ധതികളും അവര്‍ ഉപേക്ഷിച്ചെങ്കിലും, ബിജെപി തുടങ്ങിവച്ച ഗുണപരമായ പദ്ധതികൾ തുടരുമെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി രമണ്‍ സിങ്ങിനു കൈകൊടുത്താണു രാഹുൽ സംസാരിച്ചത്. മാത്രമല്ല, സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി രമൺ സിങ്ങിനെ വേദിയിൽ വച്ച് നിയുക്ത മുഖ്യമന്ത്രി കൂടിയായ ഭൂപേഷ് ബാഗെൽ ആശ്ലേഷിക്കുക കൂടി ചെയ്തു.

വിജയത്തിനുചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ചടങ്ങുകളിലെ ശ്രദ്ധാകേന്ദ്രം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്.ഡി. ദേവെഗൗഡ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങി തെക്കുനിന്നു വടക്കുവരെയുള്ള പ്രതിപക്ഷനിരയിലെ പ്രമുഖര്‍ ഭൂരിഭാഗവും ചടങ്ങുകള്‍ക്കെത്തി. മുന്‍ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യയും ശിവരാജ് സിങ് ചൗഹാനും രമണ്‍ സിങ്ങും അതതു സംസ്ഥാനങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

related stories