Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 ഓര്‍ഡിനന്‍സുകളുടെ പുനർവിളംബരത്തിനു ശുപാർശ; കാസര്‍കോട് പുതിയ ഐടിഐ

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ∙ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്ലായി പാസ്സാക്കാന്‍ സാധിക്കാതിരുന്നതും ഇപ്പോള്‍ നിലവിലുളളതുമായ 4 ഓര്‍ഡിനന്‍സുകള്‍ പുനർവിളംബരം ചെയ്യുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2018-ലെ കേരള മദ്രസാധ്യാപക ക്ഷേമനിധി ഓര്‍ഡിനന്‍സ്, 2018-ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (വഖഫ് ബോര്‍ഡിന്‍റെ കീഴിലുളള സര്‍വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഓര്‍ഡിനന്‍സ്, 2018-ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കല്‍ സയന്‍സസ് അക്കാദമിയും (നടത്തിപ്പും ഭരണ നിര്‍വഹണവും ഏറ്റെടുക്കല്‍) ഓര്‍ഡിനന്‍സ്, 2018-ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്മെന്‍റുകള്‍ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ് എന്നിവയാണ് പുനർവിളംബരം ചെയ്യുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുക.

പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല നല്‍കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സിഎംഡി സഞ്ജീവ് കൗശിക് നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ധനകാര്യ (എക്സ്പെന്‍ഡിച്ചര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും. കോട്ടയം ജില്ലാ കലക്ടര്‍ ബി.എസ്.തിരുമേനിയെ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അദ്ദേഹം എന്‍ട്രന്‍സ് എക്സാമിനേഷന്‍ കമ്മിഷണറുടെ അധിക ചുമതല വഹിക്കും. 

ഹയര്‍സെക്കൻഡറി ഡയറക്ടര്‍ പി.കെ.സുധീര്‍ ബാബുവിനെ കോട്ടയം ജില്ലാ കലക്ടറായി നിയമിക്കും.വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം.കൗള്‍ പരിശീലനത്തിനു പോകുന്ന മുറയ്ക്കു ധനകാര്യ (എക്സ്പെന്‍ഡിച്ചര്‍) വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനെ കെഎസ്ഐഡിസി എംഡിയായി മാറ്റി നിയമിച്ചു. ഡോ. ഷര്‍മിള മേരി ജോസഫ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.

 കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിങ്ങിനു റോഡ് ഫണ്ട് ബോര്‍ഡ് സിഇഒയുടെ അധിക ചുമതല നല്‍കും. ഡോ. രത്തന്‍ യു.കേല്‍ക്കറിനെ കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ അധിക ചുമതല നല്‍കും. സംസ്ഥാനത്തെ മികച്ച 2000 പ്രഫഷനല്‍ കോളജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു പ്രഫഷനല്‍ സ്റ്റുഡന്‍റ്സ് സമ്മിറ്റ് ഫെബ്രുവരി 7ന് കുസാറ്റിന്‍റെ കൊച്ചി ക്യാംപസില്‍ നടത്തുന്നതിന് അംഗീകാരം നല്‍കി. 

2018-ലെ കേരള സര്‍വകലാശാല (സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ഓര്‍ഡിനന്‍സ് കരട് അംഗീകരിച്ചു. ഓര്‍ഡിനന്‍സ് വിളംബരം ചെയ്യുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കേരളത്തിന്‍റെ പ്രളയക്കെടുതിയിലേക്കു ശ്രദ്ധയാകര്‍ഷിച്ചു കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സോളോ ബൈക്ക് റൈഡ് നടത്തുന്നതിനിടെ മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ സ്വാതി ഷായ്ക്ക് എയര്‍ ആംബുലന്‍സ് സേവനം ഉപയോഗിച്ചതിനും മറ്റുമായി 9,60,031 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചു.

കാസര്‍കോട് ജില്ലയിലെ പിലിക്കോട് പുതിയ സര്‍ക്കാര്‍ ഐടിഐ അനുവദിച്ചു. ഇവിടെ ഡ്രാഫറ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഇലക്ട്രോണിക് മെക്കാനിക് എന്നീ 4 ട്രേഡുകളുടെ 2 യൂണിറ്റുകള്‍ വീതം അനുവദിച്ചു. 11 തസ്തികകളും സൃഷ്ടിച്ചു. 2 വാച്ച്മാന്‍ മാരെ കേരള സ്റ്റേറ്റ് എക്സ് സര്‍വീസ്മെന്‍ ഡവലപ്മെന്‍റ് ആൻഡ് റീഹാബിലിറ്റേഷന്‍ കോര്‍പറേഷന്‍ മുഖേനയും ഒരു ശുചീകരണ തൊഴിലാളിയെ കുടുംബശ്രീ മുഖേനയും നിയമിക്കും.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിസ് മെഡിസിന്‍ വിഭാഗവുമായി ബന്ധപ്പെട്ടു മോര്‍ച്ചറി പ്രവര്‍ത്തനയോഗ്യമാക്കുന്നതിന് 4 ഫുള്‍ടൈം സ്വീപ്പര്‍മാരുടെ തസ്തിക സൃഷ്ടിക്കും.  കായംകുളം, പാല, കോട്ടയം എന്നീ ലാന്‍റ് അക്വിസിഷന്‍ റെയില്‍വെ യൂണിറ്റുകളിലെ 49 തസ്തികകള്‍ക്ക് 01-12-2018 മുതല്‍ 2 വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കും. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തൃശൂര്‍ ചേലക്കരയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒരു സീനിയര്‍ സുപ്രണ്ട് തസ്തിക സൃഷ്ടിക്കും. കൊല്ലം കര്‍മലാറാണി ട്രെയിനിങ് കോളജിലെ അണ്‍എയ്ഡഡ് എംഎഡ് കോഴ്സ് എയ്ഡഡ് ആക്കി 10 തസ്തികകള്‍ സൃഷ്ടിച്ച 10-02-2016-ലെ മന്ത്രിസഭായോഗ തീരുമാനവും തുടര്‍ന്നു പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കി.