Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ കോൺഗ്രസ് അപമാനിക്കുന്നു: പ്രധാനമന്ത്രി

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം കോൺഗ്രസ് അപമാനിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സർജിക്കൽ സ്ട്രൈക്കിൽ സൈന്യത്തിനെതിരെയും വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ഇതാണുണ്ടായത്. സൈന്യം, സിഎജി തുടങ്ങിയ രാജ്യത്തെ എല്ലാ പ്രധാന സംവിധാനങ്ങളെയും കോൺഗ്രസ് അവഹേളിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

തമിഴ്നാട് വെല്ലൂർ, കാഞ്ചീപുരം, വില്ലുപുരം, ചെന്നൈ എന്നിവിടങ്ങളിലെ ബൂത്ത് തലത്തിൽ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. കോൺഗ്രസിന് ഇഷ്ടപ്പെടാത്തതിനാൽ സുപ്രീംകോടതി വിധിയെപ്പോലും അവർ ചോദ്യം ചെയ്തിട്ടുണ്ടെന്നും മോദി ആരോപിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ അവർ ശ്രമിച്ചു. കോൺഗ്രസിന് ആവശ്യമുള്ള കാര്യങ്ങളിൽ കോടതിയെ ഭീഷണിപ്പെടുത്താൻ സാധിക്കാതിരുന്നതോടെയായിരുന്നു ഈ നീക്കം– പ്രധാനമന്ത്രി പറഞ്ഞു.

വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തിൽ കോൺഗ്രസ് സൗകര്യംപോലെ നിലപാടു മാറ്റുകയാണ്. എല്ലാ തിരഞ്ഞെടുപ്പുകൾക്കു മുൻപും പ്രശ്നങ്ങളുണ്ടാക്കി വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചു സംശയങ്ങളുണ്ടാക്കും. എന്നാൽ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാണെങ്കിൽ അതേ വോട്ടിങ് യന്ത്രങ്ങളിൽ നിന്നുള്ള ഫലം അവർ അംഗീകരിക്കും. രാജ്യത്തെ ജനാധിപത്യത്തിന്റെ ശാക്തീകരണത്തിലൂടെ മാത്രമേ ഇത്തരം നീക്കങ്ങളെ മറികടക്കാനാകൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്രസർക്കാർ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. സുപ്രീംകോടതി, റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ തകർക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഞായറാഴ്ച പറഞ്ഞിരുന്നു.

related stories