Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീനയ്ക്കെതിരെ 20 പണമിടപാട് കേസെന്നു സർക്കാർ; സംരക്ഷണ ഹർജി തീർപ്പാക്കി

actress-leena-maria-paul ലീന മരിയ പോള്‍

കൊച്ചി∙ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നടി ലീന മരിയ പോൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന സർക്കാർ നിലപാടിനെ തുടർന്നാണു നടപടി. കടവന്ത്രയിൽ തന്റെ ഉടമസ്ഥതയിലുള്ള ‘നെയ്ൽ ആർടിസ്ട്രി’ ബ്യൂട്ടി സലൂണിനു നേരെ വെടിവയ്പുണ്ടായ സാഹചര്യത്തിലായിരുന്നു ലീനയുടെ ഹർജി.

നവംബർ മൂന്നിന് ആദ്യമായി മുംബൈ അധോലോക നേതാവ് രവി പൂജാരിയുടെ ആളാണെന്നു പറഞ്ഞ് ഇന്റർനെറ്റ് കോൾ ലഭിച്ചെന്നും 25 കോടി രൂപ ആവശ്യപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സേവനം പൊലീസ് അനുവദിക്കുന്നില്ലെന്നു ലീനയുടെ അഭിഭാഷകൻ പരാതിപ്പെട്ടു. സുരക്ഷാ ജീവനക്കാരുടെ സേവനം തുടരുന്നതിൽ എതിർപ്പില്ലെന്നു സർക്കാർ അറിയിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ടു പൊലീസ് പട്രോളിങ് ശക്തമാക്കിയെന്നും വ്യക്തമാക്കി.

അതേസമയം, ഹർജിക്കാരിക്കും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട 20 കേസുകൾ നിലവിലുള്ളതായാണു വിവരമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. സംസ്ഥാനത്തെ കേസുകളുടെ വിശദാംശം പൊലീസ് പരിശോധിച്ചു വരികയാണ്. വെടിവയ്പു സംഭവത്തിന്റെ അന്വേഷണത്തിനു തൃക്കാക്കര എസിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.