വനിതാ മതിൽ സർക്കാർ ചെലവില്‍; പണം സ്ത്രീ സുരക്ഷയ്ക്കുള്ള 50 കോടിയില്‍നിന്ന്‌

കൊച്ചി∙ വനിതാ മതിൽ സർക്കാർ ചെലവിലാണു നടത്തുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നീക്കിവെച്ച 50 കോടിയിൽ നിന്നാണ് തുക ചെലവഴിക്കുന്നത്. ബജറ്റിൽ നീക്കിവെച്ച തുകയാണിത്. ചെലവഴിച്ചില്ലെങ്കിൽ നഷ്ടമാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേസമയം സർക്കാർ തുക ചിലവാക്കുന്നതു തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ചെലവാകുന്ന തുകയുടെ കണക്കു പരിപാടിക്കു ശേഷം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സർക്കാർ വാദം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

പരിപാടിയിൽനിന്ന് 18 വയസിൽ താഴെയുള്ള പെൺകുട്ടികളെ ഒഴിവാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വനിതാ മതിലിനായി പണം ചെലവഴിക്കുന്നതു സംബന്ധിച്ച സർക്കാർ വിശദീകരണത്തിനെതിരെയും ഹൈക്കോടതി വിമർശനമുയർത്തി. പ്രളയ പുനരുദ്ധാരണത്തിന് വൻതുക ആവശ്യമുള്ളപ്പോൾ എന്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്? കഴിയുന്നത്ര തുക പുനരുദ്ധാരണത്തിനല്ലേ ചെലവഴിക്കേണ്ടതെന്നും കോടതി ചോദിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിലുണ്ട്. ഈ തുക സാമ്പത്തിക വർഷം തന്നെ ചെലവഴിക്കേണ്ടതിനാലാണു വനിതാ മതിലിനായി ഉപയോഗിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനെയാണു ഹൈക്കോടതി വിമർശിച്ചത്. വനിതാ മതിലിൽ സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ല. പങ്കെടുത്തില്ലെങ്കിൽ ശിക്ഷാ നടപടിയുമുണ്ടാകില്ലെന്നും സത്യവാങ്മൂലത്തിലൂടെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

വനിതാ മതിൽ വിഷയത്തിൽ മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവർ നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.