ചമയങ്ങൾ എല്ലാമണിഞ്ഞു പതിനെട്ടങ്കവും പയറ്റിയായിരുന്നു മോദിയുടെ പടപ്പോരാട്ടം. എന്നാൽ, ട്വിറ്ററിൽ മുഴങ്ങിക്കേട്ട അദ്ഭുത, വീര കഥകളിൽ നായകൻ രാഹുലാണ്. അതെ, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനൊപ്പം രാഹുലിനു മറ്റൊരു പൊൻപതക്കം കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ട്വീറ്റുകൾ വിശകലനം ചെയ്യുകയാണു സൈബറിടത്തിലെ രാഷ്ട്രീയ വിദഗ്ധർ.
ട്വിറ്ററിൽ ഏറ്റവുമധികം പിന്തുടർച്ചക്കാർ (ഫോളോവേഴ്സ്) ഉള്ള ലോകനേതാക്കളിൽ മുൻനിരയിലാണു മോദിയുടെ സ്ഥാനം. ട്വീറ്റുകളിലും സജീവം. എന്നാൽ, ട്വീറ്റുകളിൽ ആളുകൾ ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിൽ (എൻഗേജ്മെന്റ്) മോദിയേക്കാൻ മുന്നിലാണു രാഹുൽ ! ഇങ്ങനെയായതിന്റെ രഹസ്യമാണു ഡീകോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഫോളോവേഴ്സിന്റെ എണ്ണത്തിൽ മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസം അജഗജാന്തരമാണ്. മോദിയെ 44.7 ദശലക്ഷം പേർ പിന്തുടരുമ്പോൾ രാഹുലിനുള്ളത് 8.08 ദശലക്ഷം മാത്രം.
ട്വിറ്റർ രാഹുലിന് ‘നമോ’ പറഞ്ഞതെങ്ങനെ?
നയതന്ത്രം തൊട്ടു പിറന്നാൾ ആശംസകൾ വരെ നാനാവിധ വിഷയങ്ങളിൽ മോദി ട്വീറ്റ് ചെയ്യാറുണ്ട്. രാഷ്ട്രീയത്തിനാണു രാഹുൽ പ്രാധാന്യം നൽകുന്നത്. ട്വീറ്റിന്റെ എണ്ണത്തിൽ മോദി മുന്നിൽ നിൽക്കുമ്പോൾ, മറ്റുള്ളവർ ഏറ്റെടുക്കുന്നതിലും ചർച്ചയാകുന്നതിലും രാഹുലാണ് ഒന്നാമത്. 2017 ജനുവരി മുതൽ 2019 ജനുവരി വരെയുള്ള കാലയളവിലെ കണക്കുകൾ നോക്കിയാൽ ചില മാസങ്ങളിൽ മോദി 400 ൽ അധികം ട്വീറ്റുകൾ ചെയ്തിട്ടുണ്ട്. എന്നാൽ, രാഹുലിന്റെ പരമാവധി എന്നത് 200 ൽ താഴെ മാത്രം.
ശരാശരി ട്വീറ്റുകളുടെ എണ്ണം മോദിക്ക് 250–300 ആണെങ്കിൽ രാഹുലിന്റേത് നൂറിൽ താഴെ. ട്വീറ്റുകൾ മറ്റുള്ളവർ പങ്കുവയ്ക്കുന്നതിൽ (റീട്വീറ്റ്) മോദിയെ രാഹുൽ ബഹുദൂരം പിന്നിലാക്കി. ശരാശരി 4000–6000. പരമാവധി 8000ൽ അധികം റീട്വീറ്റുകളാണ് രാഹുലിനു കിട്ടിയത്. മോദിക്കാകട്ടെ, ശരാശരി 1000 ആണ്. പരമാവധി 4000. ട്വീറ്റിനുള്ള മറുപടിയിലും കാണാം അന്തരം.
രാഹുലിന്റെ ഓരോ ട്വീറ്റിനും ശരാശരി 2000–2500 റിപ്ലെ (മറുപടി) കിട്ടാറുണ്ട്. പരമാവധി 3500ന് മുകളിൽ. വളരെ വിപുലമായ സൈബർ സേനയുള്ള ബിജെപിയുടെ അനിഷേധ്യ നേതാവായ മോദിക്കുള്ള റിപ്ലെ താരതമ്യേന കുറവാണ്. ശരാശരി 500, പരമാവധി 1000. ട്വീറ്റുകൾക്കുള്ള ലൈക്കുകളിലും വ്യത്യാസമുണ്ട്. രാഹുലിനു പരമാവധി 30,000ൽ ഏറെ ലൈക്കുകൾ കിട്ടിയപ്പോൾ മോദിയുടേത് കഷ്ടിച്ച് 20,000.
കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിനു പിന്നാലെയാണു രാഹുലിന്റെ ട്വിറ്റർ എൻഗേജ്മെന്റിൽ പ്രകടമായ മാറ്റമുണ്ടായത്. തന്റെ സൈബർ സംഘത്തെ സജ്ജമാക്കാനും ഫലപ്രദമായ ഇടപെടലുമായി സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമാകാനും രാഹുൽ ശ്രദ്ധിച്ചു. ഇതോടൊപ്പം വളരെ കൃത്യവും ശക്തവുമായുള്ള അഭിപ്രായ പ്രകടനങ്ങൾ ജനങ്ങളെ രാഹുലിലേക്ക് അടുപ്പിച്ചെന്നുമാണു വിലയിരുത്തൽ. അതായത്, 2014 മുതൽ ബിജെപിയും മോദിയും കയ്യടിക്കിയിരുന്ന സൈബർ മേഖലയിൽ കോൺഗ്രസും രാഹുലും തേരോട്ടം തുടങ്ങിയെന്നർഥം
രാഹുൽ എന്നു മിണ്ടാതെ മോദി
രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളിലെ പ്രതിപാദ്യ വിഷയങ്ങളെ പ്രധാനമായും മൂന്നായി ചുരുക്കാനാകും– മോദി, കർഷകർ, തൊഴിലില്ലായ്മ. ട്വിറ്ററിൽ വ്യക്തിപരമായ ആക്രമണങ്ങൾക്കു രാഹുൽ കൂടുതൽ സമയം ചെലവിടുന്നു. ഇക്കാര്യത്തിൽ മോദി പിന്നിലാണ്. 2017 മുതൽ ആകെയുള്ള 1381 ട്വീറ്റുകൾ നോക്കിയാൽ ഓരോ 13 ട്വീറ്റിനും 1 എന്ന തരത്തിലാണു മോദിയെയോ പ്രധാനമന്ത്രിയെയോ രാഹുല്‍ പരാമർശിച്ചിട്ടുള്ളത് – ആകെ 104 തവണ.
അതേസമയം, രാഹുലിനെ നേരിട്ട് ആക്രമിക്കാൻ മോദി മുതിർന്നിട്ടില്ല. ഗാന്ധി, നെഹ്റു എന്നിങ്ങനെയാണു പറഞ്ഞിട്ടുള്ളത്. രാഹുൽ എന്നു പറഞ്ഞതാകട്ടെ രാഹുൽ കൗശികിനെക്കുറിച്ചും. കൃഷി, വിള എന്നിങ്ങനെ കർഷകരെ കുറിച്ചുള്ള ട്വീറ്റുകളിൽ 2017, 2018 വർഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. 2017ൽ രാഹുലും മോദിയും ഏതാണ്ടു തുല്യമായാണു ‘കാർഷിക ട്വീറ്റുകൾ’ നടത്തിയിട്ടുള്ളത്. മോദിക്കായിരുന്നു എൻഗേജ്മെന്റ് കൂടുതൽ.
2018 ൽ ചിത്രം മാറി. രാഹുലിനേക്കാൾ കൂടുതലെണ്ണം ട്വീറ്റുകൾ മോദി പങ്കുവച്ചു. എൻഗേജ്മെന്റിന്റെ കാര്യത്തിൽ രാഹുൽ മോദിയെ കവച്ചുവച്ചു. 2017 ൽ രാഹുലിന്റെ 59 ട്വീറ്റുകൾക്ക് 2,195 റീട്വീറ്റും 4,613 ലൈക്കും 891 റിപ്ലെയും കിട്ടി. മോദിയുടെ 69 ട്വീറ്റുകൾക്ക് 2,388 റീട്വീറ്റ്, 10,174 ലൈക്ക്, 547 റിപ്ലെ എന്നിങ്ങനെയാണു എൻഗേജ്മെന്റ്. രാഹുലിനേക്കാൾ മുന്നിൽ മോദി.
2018 ൽ കാർഷിക ട്വീറ്റുകൾ വിതയ്ക്കുന്നതിൽ രാഹുൽ തന്ത്രം മാറ്റി. രാഹുലിന്റെ 24 ട്വീറ്റുകൾക്കു ലഭിച്ചത് 6,743 റീട്വീറ്റ്, 20,651 ലൈക്ക്, 2,850 റിപ്ലെ. ട്വീറ്റുകളുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലാണെങ്കിലും എൻഗേജ്മെന്റിൽ മോദി പിന്നാക്കം പോയി. മോദിയുടെ 138 ട്വീറ്റുകൾക്ക് റീട്വീറ്റ് 2,516, ലൈക്ക് 10,843, റീപ്ലെ 585 മാത്രം.
സമൂഹമാധ്യമങ്ങളിൽ ഭൂരിപക്ഷവും യുവാക്കളായതിനാൽ തൊഴിൽ ട്വീറ്റുകൾക്കു സ്വാഭാവികമായും എൻഗേജ്മെന്റ് കൂടും. ഇതുമുന്നിൽ കണ്ടിട്ടെന്നോണം രാഹുൽ തൊഴിലിനെപ്പറ്റി 30 ട്വീറ്റുകളിട്ടു. ഇവയ്ക്ക് 4,688 റീട്വീറ്റ്, 11,528 ലൈക്ക്, 1,815 റിപ്ലെ എന്നിങ്ങനെ സമ്പാദ്യം. ഈ വിഷയത്തിൽ 15 ട്വീറ്റ് മാത്രമിട്ട മോദിക്ക് റീട്വീറ്റ് 2,782, ലൈക്ക് 10,982, റീപ്ലെ 640 ലേക്കും ഒതുങ്ങി.
2017, 2018 വർഷങ്ങളിൽ മോദിയും രാഹുൽ പ്രധാന വിഷയങ്ങളിൽ പങ്കുവച്ച ട്വീറ്റുകളുടെ ശരാശരി എണ്ണം ഇങ്ങനെ:
– തൊഴിൽ
മോദി (462ൽ 1 വീതം ), രാഹുൽ (46ൽ 1 വീതം)
– അടിസ്ഥാന സൗകര്യം
മോദി (64ൽ 1), രാഹുൽ (106ൽ 1)
– കർഷകർ
മോദി (33ൽ 1), രാഹുൽ (17ൽ 1)
– ഗാന്ധി/നെഹ്റു/രാഹുൽ
മോദി (1155ൽ 1), രാഹുൽ (126ൽ 1)
– മോദി/പ്രധാനമന്ത്രി
മോദി (21ൽ 1), രാഹുൽ (13ൽ 1).