തിരുവനന്തപുരം∙ മതന്യൂനപക്ഷങ്ങളെയും വനിതാ മതിലിന്റെ ഭാഗമാക്കാൻ സിപിഎം തീരുമാനം. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വർഗീയ മതിലെന്ന പ്രതിപക്ഷ പ്രചരണം മറികടക്കാനാണ് സിപിഎമ്മിന്റെ ശ്രമം. വനിതാ മതിൽ വർഗീയ മതിലാണെന്നും, ഒരു മത വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നതു നാടിനെ വിഭജിക്കാനെന്നുമുള്ള ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു.
കെസിബിസിയും ഇക്കാര്യത്തിലെ അതൃപ്തി തുറന്നു പറഞ്ഞു. പ്രതിപക്ഷ വിമർശനങ്ങൾ മറികടക്കാൻ എല്ലാ മതവിഭാഗത്തേയും മതിലിന്റെ ഭാഗമാക്കണമെന്ന അഭിപ്രായമാണു യോഗത്തിൽ ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സർക്കാർ സ്വീകരിക്കും. ശനിയാഴ്ച ആരംഭിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും വനിതാ മതിൽ ചർച്ചയാകും.
അതേസമയം, വനിതാ മതിലിന്‍റെ ചെലവില്‍ വീണ്ടും മലക്കംമറിഞ്ഞ് സര്‍ക്കാര്‍ ഇന്ന് രംഗത്തെത്തി. വനിതാ മതില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന പരിപാടിയെന്ന ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിനു തിരുത്തുമായി മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും രംഗത്തെത്തി. സ്ത്രീ സുരക്ഷാ ഫണ്ടില്‍ നിന്ന് മതിലിനായി ഒരു പൈസപോലും ചെലവിടില്ലെന്നു മുഖ്യമന്ത്രിയും സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നു ധനമന്ത്രി തോമസ് ഐസകും പറഞ്ഞു.
വനിതാ മതില്‍ ഫണ്ട് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടിസ് നല്‍കി. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കെ.സി. ജോസഫ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് ആരോപിച്ചു. സ്ത്രീ ശാക്തീകരണമല്ല സിപിഎം ശക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സത്യവാങ്മൂലത്തെക്കുറിച്ചു മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെങ്കില്‍ അതു മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ്. കള്ളത്തരം കയ്യോടെ പിടികൂടിയപ്പോള്‍ ജാള്യത മറയ്ക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.