കൊച്ചി∙ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി കടത്തു സംഘവുമായി ഷാഡോ പൊലീസ് ഡീൽ ഉറപ്പിച്ചത് 50 കിലോ ലഹരി മരുന്നിന്. മരുന്ന് മുഴുവനായി കൈമാറാൻ ആദ്യം തുക കാണണം എന്ന ആവശ്യമാണു ലഹരി സംഘം മുന്നോട്ടു വച്ചത്. ആദ്യം അഞ്ചു കിലോ കൈമാറാമെന്നും ഇതിന്റെ തുക കൈമാറുന്നതോടെ ബാക്കി 45 കിലോ നൽകുമെന്നുമായിരുന്നു ഉറപ്പ്. സാംപിൾ നൽകി ടെസ്റ്റ് ചെയ്തു ഗുണമേന്മ ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് ഡീൽ ഉറപ്പിച്ചത്.
സംഘത്തെപ്പറ്റി രണ്ടു മാസം മുൻപു പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂ ഇയർ–ക്രിസ്മസ് ആഘോഷപ്പാർട്ടികൾക്കു വിതരണം ചെയ്യാൻ ആവശ്യമുണ്ട് എന്നു പറഞ്ഞാണ് പൊലീസ് സംഘത്തെ സമീപിച്ചത്. തുക കാണിക്കാൻ സാധിക്കാതിരുന്നതും ലഹരിമരുന്നു കൊണ്ടു വന്ന ‘കാരിയറിൽ’ അന്വേഷണം വഴിമുട്ടിയതുമെല്ലാം ബാക്കി ലഹരി കണ്ടെത്തുന്നതിന് തിരിച്ചടിയായി.
അഞ്ചു കിലോ മെതാംഫെറ്റമിൻ രാവിലെ പണം നൽകി എന്നുറപ്പാക്കിയ ശേഷവും ബാക്കി വൈകിട്ടും എത്തിക്കാമെന്നായിരുന്നു ലഹരിമരുന്ന് സംഘത്തിന്റെ ഉറപ്പ്. പക്ഷേ ആദ്യഭാഗം മരുന്ന് കൊച്ചിയിൽ എത്തിയത് വൈകുന്നേരമായപ്പോഴായിരുന്നു. ചെന്നൈ മുതൽ ഷാഡോ പൊലീസ് പ്രതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൊച്ചിയിലേക്കു സാരി എത്തിക്കുന്ന ആൾ എന്നായിരുന്നു ചോദിച്ചവരോടു പരിചയപ്പെടുത്തിയത്.
ഇതു രണ്ടു മാസം മുൻപ് എക്സൈസ് പിടികൂടിയ 200 കോടിയുടെ ലഹരി കടത്തുമായി ബന്ധമുള്ള സംഘമാണെന്നു സംശയിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അന്നു മലേഷ്യയിലേക്ക് അയയ്ക്കാനുള്ള സാരിയെന്ന പേരിൽ വലിയ പെട്ടികളിലാക്കി കൊറിയർ വഴിയാണ് കേരളത്തിലേക്ക് എംഡിഎംഎ എന്ന മയക്കു മരുന്ന് അയച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ലഹരി എത്തിച്ച ഇബ്രാഹിം ഷെരീഷ് പല തവണ മലേഷ്യ സന്ദർശിച്ചതിന് പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അതു മരുന്ന് കടത്തിനു വേണ്ടിയാണെന്നാണ് പൊലീസ് വിലയിരുത്തൽ.
മരുന്നു കടത്തിന് ജാഫ്ന സംഘം
ചെന്നൈയിലുള്ള ശ്രീലങ്കൻ വംശജരായ ആളുകളെ മരുന്നു കടത്തിനായി സംഘം ഉപയോഗിക്കുന്നുണ്ട് എന്നാണു പൊലീസിനു കിട്ടിയിട്ടുള്ള വിവരം. അനധികൃതമായി രാജ്യത്ത് തുടരുന്നവരാണ് ഇവരില്‍ ഏറെയും. ശ്രീലങ്കയിലേക്കും മറ്റും ലഹരിമരുന്നു കടത്തുന്നതിനു വ്യാജ പാസ്പോർട്ട് നിർമിച്ച് ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണു വിവരം. ചെന്നൈ ട്രിപ്ലിക്ക കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ലഹരി മരുന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തുന്നതിനും ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രായമായവരെയും കുട്ടികളെയും ഉപയോഗിക്കുന്ന തന്ത്രവും ഇവർ പയറ്റുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇബ്രാഹിം ഷരീഫിന് മരുന്ന് എത്തിച്ചയാളെ അദ്ദേഹത്തിനു വ്യക്തിപരമായി അറിയില്ലായിരുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടിയാണു തനിക്കു മരുന്ന് കൈമാറിയത് എന്നാണ് ഇബ്രാഹിമിൽ നിന്നു ലഭിച്ച വിവരം. പ്രായമായവരെയും കുട്ടികളെയും സാധാരണ പൊലീസ് മുറകൾ ഉപയോഗിച്ചു ചോദ്യം ചെയ്യാനാവില്ല എന്നതു മനസ്സിലാക്കിയാണ് ഇവർ ഈ തന്ത്രം ഉപയോഗിക്കുന്നതെന്ന് ഷാഡോ പൊലീസ് എസ്ഐ എ.ബി.വിബിൻ പറഞ്ഞു.
ലഹരി എത്തുന്നത് ഒരേ ഉറവിടത്തിൽ നിന്ന്
കൊച്ചിയിൽ രണ്ടു മാസം മുൻപു പിടികൂടിയ 200 കോടിയുടെ എംഡിഎംഎ വിഭാഗത്തിൽപ്പെട്ട മരുന്നു കടത്തിയതും കഴിഞ്ഞ ദിവസം ഷാഡോ പൊലീസ് പിടികൂടിയ ലഹരിമരുന്ന് എത്തിച്ചതും ഒരേ സംഘമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം മരുന്നെത്തിച്ച ഇബ്രാഹിം ഷരീഫ് ‘ബിഗ് ബോസ്’ എന്നു വിളിപ്പേരുള്ള ലഹരിമരുന്ന് തലവനാണെന്നാണു കരുതുന്നത്. എക്സൈസ് തേടുന്ന അലി എന്നയാളും ഇയാൾ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. അതേ സമയം ബിഗ്ബോസിനെക്കുറിച്ച് കസ്റ്റഡിയിലുള്ള ഇബ്രാഹിം ഷരീഫിന് കാര്യമായ വിവരങ്ങൾ അറിയില്ലെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്തായാലും കസ്റ്റഡിയിലെടുത്തു കൂടുതൽ ചോദ്യം ചെയ്താൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ക്രിസ്മസ്–ന്യൂഇയർ ‘ലഹരി’ തടയാൻ
ക്രിസ്മസ്–പുതുവർഷ ആഘോഷ രാവുകൾ അടുത്തു വരുന്നതോടെ കേരളമൊട്ടാകെ മയക്കു മരുന്നുകൾ എത്തിക്കുന്ന സംഘങ്ങൾക്കായുള്ള തിരച്ചിൽ ശക്തമാക്കി പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും. ഡിസംബർ പകുതി മുതൽ ക്രിസ്മസ് ആഘോഷങ്ങളിൽ തുടങ്ങി പുതുവൽസര ആഘോഷങ്ങളോടെ സമാപിക്കുന്ന അനധികൃത പാർട്ടികൾക്കാണു കൊച്ചിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഇതിനിടെ കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമെല്ലാം ലഹരി മരുന്ന് ഇടപാടുകാരും ഉപയോക്താക്കളും പിടിയിലാകുന്നത് ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പ് ഏറ്റുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി മരുന്ന് ഇവിടെ അനധികൃത പാർട്ടികളിൽ വിതരണം ചെയ്യുന്ന സംഘങ്ങളും വിദേശത്തേക്കു കടത്തുന്ന സംഘങ്ങളുമെല്ലാം ശക്തമാണ്.
ആഘോഷത്തിനെത്തിച്ച ഐസ് മെത്തും ഹെറോയിനും
കഴിഞ്ഞ ദിവസം രണ്ടു കിലോ ഐസ് മെത്ത് എന്ന ലഹരിയും രണ്ടുകിലോ ഹെറോയിനും ഷാഡോ പൊലീസ് പിടികൂടിയതു കൊച്ചിയിലെ ആഘോഷങ്ങൾക്ക് എന്ന പേരിൽ എത്തിച്ചവയായിരുന്നു. പല ഹോട്ടലുകളിലും ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാപനത്തിനു ചീത്തപ്പേരുണ്ടാക്കുന്ന ആഘോഷങ്ങളെ ഒഴിവാക്കാൻ ഹോട്ടലുകാരും ശ്രദ്ധിക്കുന്നു. എങ്കിലും ഹോട്ടലുകളുടെ പാർട്ടികളിൽ അനധികൃതമായി നുഴഞ്ഞു കയറി രഹസ്യ ഇടപാടു നടത്തുന്നവരെ വലയിലാക്കാനാണ് പൊലീസ് ശ്രമം.
സമൂഹമാധ്യമങ്ങൾ വഴി ഒത്തു ചേരൽ
സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ ഒരുക്കുന്ന പുതുവർഷാഘോഷം കേരളത്തിൽ ഒരു പുതിയ സംഗതിയല്ല. പ്രത്യക്ഷത്തിൽ ആർക്കു വേണമെങ്കിലും അംഗത്വമെടുക്കാവുന്ന പബ്ലിക് ഗ്രൂപ്പുകളിൽ സമാന ചിന്താഗതിക്കാരെക്കൂട്ടി ഉണ്ടാക്കുന്ന ക്ലോസ്ഡ് ഗ്രൂപ്പുകളും അതിൽ നിന്നു കുറേക്കൂടി അടുത്തിടപഴകുന്നവർ ചേർന്നുണ്ടാക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഒരുമിപ്പിച്ചാണ് മിക്ക രഹസ്യ പാർട്ടികളും സംഘടിപ്പിക്കാറുള്ളത്.
കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ സംഘടിപ്പിച്ച ഒരു വാട്സാപ് ഗ്രൂപ്പ് പാർട്ടി എവിടെ നടക്കുമെന്ന് അവസാന നിമിഷം വരെ വെളിപ്പെടുത്തിയിരുന്നില്ല. സംഘാടകർ ഒരുക്കിയ വാഹനത്തിൽ വലിയൊരു കൃഷിയിടത്തിനു നടക്കുള്ള റിസോർട്ടിൽ ആളുകളെ എത്തിക്കുകയായിരുന്നു. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ അത്ര പെട്ടെന്നൊന്നും പൊലീസിന്റെ കണ്ണിൽപ്പെടില്ല എന്നതാണ് സംഘാടകർ ലക്ഷ്യം വയ്ക്കുന്നത്. ഈ പാർട്ടികളിലേക്കു ലഹരിമരുന്നും മദ്യവും വൻതോതിൽ എത്തിക്കുന്ന സംഘങ്ങൾ തന്നെ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.