ചെന്നൈ∙ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കുമെന്ന് നടൻ കമൽഹാസൻ. തമിഴ്നാടിന്റെ വികസനത്തിലായിരിക്കും താൻ ശ്രദ്ധചെലുത്തുക. അത്തരത്തിലുള്ള രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാൻ തയാറാണെന്നും കമൽഹാസൻ പറഞ്ഞു. സഖ്യത്തെ നയിക്കുമോ അതോ മറ്റേതെങ്കിലും ഒന്നിന്റെ ഭാഗമാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കമൽഹാസൻ പറഞ്ഞു. ഫെബ്രുവരിയിലാണു മക്കൾ നീതി മയ്യമെന്ന പാർട്ടി അദ്ദേഹം പ്രഖ്യാപിച്ചത്.
ഞാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കും. സ്ഥാനാർഥികളെ കമ്മിറ്റി ഉടൻ തന്നെ തീരുമാനിക്കും. തമിഴ്നാടിന്റെ ‘ഡിഎൻഎ’ മാറ്റാൻ ശ്രമിക്കുന്ന ഒരു പാർട്ടിയുമായും സഖ്യത്തിലേർപ്പെടില്ലെന്നും കമൽഹാസൻ പറഞ്ഞു. തന്റെ 64–ാം പിറന്നാളിന് തമിഴ്നാട്ടിലെ 20 നിയമസഭാ സീറ്റിലേക്കും മൽസരിക്കുമെന്നും കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു.
രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണു കമൽഹാസനും രാഷ്ട്രീയത്തിലേക്കെത്തിയത്. എഐഎഡിഎംകെ നേതാവ് ജെ.ജയലളിതയുടെയും ഡിഎംകെ നേതാവ് എം.കരുണാനിധിയുടെയും മരണത്തിനു പിന്നാലെയാണ് തമിഴ്നാട്ടിൽ ഇത്രമാത്രം മാറ്റങ്ങൾക്ക് കളമൊരുങ്ങിയത്.