Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് കത്തിച്ചു; പ്രതിക്ക് ശിക്ഷാഇളവ്, മോചനം

Sushil-Naina സുശീല്‍, നൈന

ന്യൂഡല്‍ഹി∙ ഭാര്യയെ വെടിവച്ചു കൊന്നതിനു ശേഷം ഭാഗങ്ങളായി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ച കേസിലെ പ്രതിക്കു മോചനം. മുൻ യൂത്ത് കോൺഗ്രസ് നേതാവ് സുശീൽ കുമാറാണു മോചിക്കപ്പെട്ടത്. ശിക്ഷയിൽ കോടതി ഇളവു നൽകിയതോടെയാണ് സുശീൽ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. 23 വർഷങ്ങൾക്കു മുൻപായിരുന്നു മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഭാര്യ നൈനയുടെ (26) പാതിവ്രത്യത്തിൽ സംശയം തോന്നിയാണു ശർമ കൊല നടത്തിയതെന്നാണു പൊലീസ് കേസ്.

സംഭവം ഇങ്ങനെ

1995 ജൂലൈ രണ്ടിനു രാത്രി ശർമ മന്ദിർ മാർഗിലെ അവരുടെ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭർത്താവിനെ കണ്ടയുടൻ നൈന ഫോൺ താഴെവച്ചു. സംശയം തോന്നിയ ശർമ വീണ്ടും അതേ നമ്പറിൽ വിളിച്ചപ്പോൾ മറുവശത്ത്, കാമുകനെന്നു നേരത്തേതന്നെ സംശയമുള്ള, മത്‌ലുബ് കരിമിന്റെ ശബ്‌ദം. കോൺഗ്രസ് പ്രവർത്തകന്‍ തന്നെയായിരുന്നു കരീമും

ക്ഷുഭിതനായ ശർമ, കൈത്തോക്കുകൊണ്ടു നൈനയെ മൂന്നു പ്രാവശ്യം വെടിവച്ചു. വെടിയേറ്റ നൈന ഉടൻ മരിച്ചുവീണതായും പൊലീസ് പറയുന്നു. മൃതദേഹം ശർമ കാറിലാക്കി റസ്‌റ്റോറന്റിൽ കൊണ്ടുചെന്നു മാനേജർ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പിൽ കത്തിച്ചുവെന്നും പൊലീസ് പറയുന്നു. വിചാരണ കോടതി 2003ൽ സുശീലിനു വധ ശിക്ഷയ്ക്കു വിധിച്ചതാണ്. 2007ൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്നാൽ, സുപ്രീംകോടതി വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമായി കുറച്ചു. 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ശിക്ഷ ഇളവ് ചെയ്തുള്ള ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുശീല്‍ പുറംലോകം കണ്ടത്.

മോചനം 23 വർഷത്തിനുശേഷം

തടവില്‍ 23 വര്‍ഷം കഴിഞ്ഞ ശേഷമാണ് സുശീല്‍കുമാര്‍ മോചനത്തിന് ഹര്‍ജി നല്‍കിയത്. താന്‍ തന്റെ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും പരോളിന്റെ പരിധി കഴിഞ്ഞതായും ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഒരു കൊലപാതകത്തിന്റെ പേരില്‍ പരമാവധി കാലാവധി പൂര്‍ത്തിയാക്കിയ തടവുപുള്ളിയെ വിട്ടയയ്ക്കാത്തതെന്താണെന്നാണ് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.

വിചാരണക്കോടതി വധശിക്ഷ വിധിച്ചു, സുപ്രീംകോടതി ജീവപര്യന്തമാക്കി

വിചാരണക്കോടതി 2003ൽ സുശീൽ ശർമ്മയ്‌ക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി പിന്നീടതു ശരിവച്ചെങ്കിലും സുശീൽ സുപ്രീംകോടതിയെ സമീപിച്ച് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. ജീവപര്യന്തമെന്നാൽ ജീവിതാന്ത്യംവരെയുള്ള തടവാണെന്നും വ്യവസ്‌ഥകൾക്കു വിധേയമായി സർക്കാരിനു ശിക്ഷ ഇളവു ചെയ്യാമെന്നും കോടതി അന്ന് വ്യക്‌തമാക്കിയിരുന്നു. ദാമ്പത്യബന്ധത്തിലെ താളപ്പിഴയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഭാര്യയ്‌ക്കു മറ്റൊരാളോടുണ്ടായിരുന്ന അടുപ്പമാണ് സുശീലിനെ പ്രകോപിപ്പിച്ചതെന്നും കോടതി വിലയിരുത്തി. സമൂഹത്തിനെതിരെയുള്ള കുറ്റമായി നൈനയുടെ കൊലപാതകത്തെ കാണാനാവില്ലെന്നും പ്രതിക്ക് ക്രിമിനൽ പശ്‌ചാത്തലമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അശോക യാത്രി നിവാസിലെ ബഗിയ റസ്‌റ്ററന്റിലെ തന്തൂരി അടുപ്പിൽ 1995 ജൂലൈ രണ്ടിനു രാത്രിയിലാണ് നൈന സാഹ്നിയെ വധച്ചത്. ഗോൾ മാർക്കറ്റിലുള്ള വീട്ടിൽ വെടിവച്ചു കൊലപ്പെടുത്തിയ ശേഷമാണ് തന്തൂരി അടുപ്പിലിട്ടു കത്തിച്ചത്. നൈനയ്‌ക്ക് മറ്റൊരാളുമായി സ്‌നേഹബന്ധമുണ്ടെന്ന പേരിലായിരുന്നു കൊലപാതകം. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡൽഹി പൊലീസിലെ മലയാളി കോൺസ്‌റ്റബിൾ അബ്‌ദുൽ നസീർ കുഞ്ഞാണ് സംഭവം കണ്ടു പിടിച്ചത്. മൃതദേഹം കത്തിക്കാൻ കൊണ്ടുവന്ന ഹോട്ടലിനു മുന്നിൽ പച്ചക്കറി വിറ്റിരുന്ന അനാരി ദേവി ഭീഷണികളെ അതിജീവിച്ച് നൽ‌കിയ മൊഴി കേസിൽ നിർണായകമായിരുന്നു.