സൗതാംപ്ടൺ∙ ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവുവിധിച്ചു വിൻസ്റ്റർ ക്രൗൺ കോടതി. ലഹരിയിലായിരുന്ന ഡൗൾടൺ ഫിലിപ്പ്സിനാണു കോടതി തടവുവിധിച്ചത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടതും കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാത്തതുമാണ് അലന്നാ സ്കിന്നറിന് ശിക്ഷ ലഭിക്കാൻ കാരണമായത്.
ക്രൂരമായ മർദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകർന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയാറായിരുന്നില്ല.
അയൽവാസിയുടെ വീട്ടിലെ പാർട്ടിക്കിടയിൽ ഫിലിപ്സ് വോഡ്കയും ബിയറും കൂടാതെ എക്സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാർട്ടിക്കുശേഷം ഫ്ളാറ്റിലെത്തിയ ഫിലിപ്സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തൽ.
കുഞ്ഞിനെ മർദിച്ച ഫിലിപ്സ് 3.41 ഓടെ ഫ്ളാറ്റിൽനിന്ന് പുറത്തുപോയി. ഇയാൾ കടയിൽ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്കിന്നർ ഗർഭിണിയായിരുന്ന സമയത്തും ഫിലിപ്പ്സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.
എന്നാൽ കോടതിയിലെത്തിയ ഫിലിപ്പ്സ് താൻ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയിൽനിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നൽകി. സംഭവദിവസം അവരുടെ വീട്ടിൽനിന്ന് വലിയ കരച്ചിൽ കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.