Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി: ഒടുവില്‍ കൊല; 32 കുത്തുകള്‍

vincent-samuel-raju കൊല്ലപ്പെട്ട വിൻസന്റ് സാമുവൽ, അറസ്റ്റിലായ രാജു

കല്‍പറ്റ∙ റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവല്‍ എന്ന നെബുവിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കത്തിക്കുത്തിനിടെ പരുക്കേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. കൊലപാതകത്തിനു സഹായിച്ചതായി അനില്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഒന്നാം പ്രതി രാജുവിനെ ഇന്നു രാവിലെ കൊലപാതകം നടന്ന കല്‍പറ്റ മണിയങ്കോട് ഓട്ടുകമ്പനിക്കടുത്തുള്ള റിസോര്‍ട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

റിസോര്‍ട്ടിനുള്ളില്‍ പ്രവേശിച്ചതും കൊല നടത്തിയ രീതിയും രാജു പൊലീസിനോടു വിശദീകരിച്ചു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നു കല്‍പറ്റ എസ്‌ഐ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ മറ്റു പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ടിലെ കോട്ടേജില്‍ നെബു(52) വിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ മീനങ്ങാടി ചെറുകാവില്‍ രാജു (60) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പ്രതിയെ സഹായിച്ച സുഹൃത്തായ അനിലിന് കത്തിക്കുത്തിനിടെയാണു കൈയ്ക്കു മാരക പരുക്കേറ്റത്.

രാജുവിന്റെ ഭാര്യയെ നെബു നഗ്‌നചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിനു വിധേയയാക്കുകയും പലയിടത്തും കൊണ്ടുപോവുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണു പ്രതികള്‍ കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി ഏഴരയോടെ നെബുവും രാജുവിന്റെ ഭാര്യയും റിസോര്‍ട്ടിലെത്തി. ഇക്കാര്യമറിഞ്ഞ രാജു രാത്രിയില്‍ അനിലിനെയും കൂട്ടി കാറില്‍ കല്‍പറ്റയിലേക്കു പുറപ്പെട്ടു. പൂട്ടിയിട്ടിരുന്ന റിസോര്‍ട്ടിന്റെ ഗെയ്റ്റ് ചാടിക്കടന്ന് പതിനൊന്നരയോടെയാണു പ്രതികള്‍ അകത്തുകടന്നത്. ഭാര്യയും നെബുവും കോട്ടേജിന്റെ വരാന്തയിലിരുന്നു ഭക്ഷണം കഴിക്കുന്നതു കണ്ട രാജു നെബുവിനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെബുവിനെ പിടിച്ചുനിര്‍ത്തി അനില്‍ കൃത്യത്തിനു സഹായിച്ചു. സംഭവത്തില്‍ രാജുവിന്റെ ഭാര്യയെ മുഖ്യസാക്ഷിയാക്കും.

കൊലപാതകമെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞു, പ്രതികളെ ഉടന്‍ വലയിലാക്കി പൊലീസ്

പ്രതികളിലേക്കെത്താനുള്ള പഴുതുകളെല്ലാം ബാക്കിവച്ചാണു കൊലപാതകം നടന്നത്. പ്രതികള്‍ സംഭവസ്ഥലത്തേക്കു വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. റിസോര്‍ട്ടിലേക്കുള്ള വഴിയിലും പ്രവേശനകവാടത്തിലും കണ്ടെത്തിയ പ്രതി അനിലിന്റെ ചോരപ്പാടുകളും വിരലടയാളവും പൊലീസ് പരിശോധിച്ചു. റിസോര്‍ട്ടില്‍ നെബുവും രാജുവിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് പുറത്തുനിന്നെത്തിയവരാണ് കൊല നടത്തിയതെന്നത് ഉറപ്പാക്കി. റിസോര്‍ട്ടിനു മുന്‍പില്‍ കണ്ടെത്തിയ ടയറിന്റെ അടയാളവും പ്രതികളിലേക്ക് വേഗത്തിലെത്താന്‍ പൊലീസിനെ സഹായിച്ചു.

എഎസ്പി വൈഭവ് സക്‌സനേ, മീനങ്ങാടി സിഐ എം.വി. പളനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. നെബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നെബുവിനോട് വ്യക്തിവൈരാഗ്യമുള്ളയാളുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ പ്രതി പൊലീസിനു കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഈ റിസോര്‍ട്ട് നെബുവും പങ്കാളിയും പാട്ടത്തിനെടുത്തത്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി മൈസൂരുവിലായിരുന്ന നെബു വെള്ളിയാഴ്ചയാണു തിരിച്ചെത്തിയത്.

Wayanad Crime

കൊലപാതകം അതിക്രൂരം, 32 കുത്തുകള്‍, കുടല്‍മാല പുറത്തുവന്നു

റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവല്‍ എന്ന നെബുവിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. 32 കുത്തുകളാണ് നെബുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. നെബുവും രാജുവിന്റെ ഭാര്യയും കോട്ടേജിന്റെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് പ്രതികള്‍ എത്തുന്നത്. ഇരുവരും വന്ന കാര്‍ കോട്ടേജിന്റെ മുറ്റത്തുണ്ടായിരുന്നു. ഭാര്യയെയും നെബുവിനെയും ഒരുമിച്ചു കണ്ടയുടന്‍ രാജു കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സഹായിയായ അനില്‍ നെബുവിനെ കസേരയോടു ചേര്‍ത്തു പിടിച്ചു. മാരകമായ കുത്തും വെട്ടുമേറ്റ് നെബുവിന്റെ കുടല്‍മാല പുറത്തുവന്നു. കത്തിക്കുത്തിലും പിടിവലിയിലും അനിലിന്റെ കയ്യില്‍ സാരമായ പരുക്കുമുണ്ടായി. മുറിവുകളില്‍നിന്നു രക്തം വാര്‍ന്നൊഴുകിയ നെബു സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ അനിലിനെയും കൂട്ടി ഭാര്യയുമായി കാറില്‍ തിരിച്ചു പോയ രാജു രാവിലെ പത്തരയോടെ മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഗുരുതരമായി പരുക്കേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. രാവിലെ ഏഴരയോടെ റിസോര്‍ട്ടിലെത്തിയ സൂപ്പര്‍വൈസര്‍ കസേരയില്‍ കാലുനീട്ടി ഇരിക്കുന്ന നിലയിലാണ് നെബുവിന്റെ മൃതദേഹം കണ്ടത്.

ഭാര്യയും 2 പെണ്‍മക്കളുമുള്ള നെബുവിന് ബത്തേരി മലവയലിലും റിസോര്‍ട്ടുണ്ട്. വയനാട്ടിലെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു നെബു. വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയാണ്. ഒട്ടേറെ സ്ഥലങ്ങളില്‍ റിസോര്‍ട്ടുകളും ടൂറിസ്റ്റ് ഹോമുകളും വാടകയ്‌ക്കെടുത്ത് നടത്തുന്നുണ്ട്.

Wayanad Crime

കുന്നിന്‍ ചരിവില്‍ 6 കൂടാരങ്ങള്‍; ആരുമറിയാതെ അരുംകൊല...

അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത, ഒറ്റപ്പെട്ട സ്ഥലത്താണു കൊലപാതകം നടന്ന വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ട്. കല്‍പറ്റയില്‍നിന്ന് ഏകദേശം 3 കിലോമീറ്ററകലെ മണിയങ്കോട് ഓട്ടുകമ്പനിയുടെ സമീപത്തുള്ള റിസോര്‍ട്ടില്‍ ആധുനിക സജ്ജീകരണങ്ങളുള്ള 6 കൂടാരങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കല്‍പറ്റ സ്വദേശിയില്‍നിന്ന് ഈയിടെയാണ് വിന്‍സന്റ് സാമുവല്‍ എന്ന നെബു റിസോര്‍ട്ട് പാട്ടത്തിനെടുത്തത്. വന്മരങ്ങള്‍ നിറഞ്ഞ കുന്നിന്‍ചെരിവില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിന്റെ തൊട്ടടുത്തൊന്നും അധികം വീടുകളില്ല. സംഭവം നടന്ന കോട്ടേജ് റിസോര്‍ട്ടിന്റെ പ്രവേശന കവാടത്തില്‍നിന്ന് ഏറെ അകലെയുമാണ്. രാത്രി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ റിസോര്‍ട്ടില്‍ ബഹളമുണ്ടാകുന്നതു പതിവാണെന്നു നാട്ടുകാര്‍ പറയുന്നു.

ഇതിനാലാകണം ഉള്ളില്‍ നടന്ന അടിപിടിയോ കത്തിക്കുത്തോ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം, പൂട്ടിയിട്ടിരുന്ന പ്രധാന കവാടം ചാടിക്കടന്ന് രാജുവും സഹായി അനിലും റിസോര്‍ട്ടിലെത്തി. കൊലപാതകം നടക്കുന്ന സമയത്ത് റിസോര്‍ട്ടില്‍ നെബുവും രാജുവിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃത്യം നടത്തിയ ശേഷം രാജുവിന്റെ ഭാര്യയെ ഒപ്പംകൂട്ടി ഇരുവരും ഗേറ്റ് ചാടിക്കടന്നു തന്നെ തിരിച്ചുപോയി.

കയ്യില്‍ ഗുരുതരമായി പരുക്കേറ്റ അനിലിന്റെ ദേഹത്തുനിന്ന് രക്തം വാര്‍ന്നൊഴുകിയ പാടുകള്‍ റോഡിലും പ്രവേശനകവാടത്തിലുമുണ്ട്. രക്തം പുരണ്ട വിരലടയാളങ്ങളും ഉണ്ടായിരുന്നു. രാത്രി പതിനൊന്നരയോടെ റിസോര്‍ട്ടില്‍ എത്തിയ പ്രതികള്‍ കൃത്യം നടത്തിയശേഷം അരമണിക്കൂറിനുള്ളില്‍ രക്ഷപ്പെട്ടു. രാവിലെ റിസോര്‍ട്ടിലെത്തിയ സൂപ്പര്‍വൈസറാണ് നെബുവിന്റെ മൃതദേഹം കണ്ടു വിവരം പൊലീസില്‍ അറിയിച്ചത്. കസേരയിലും തറയിലും രക്തം തളംകെട്ടിയ നിലയിലായിരുന്നു.

related stories