ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിഹാറിലെ എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിലും റാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി ആറു സീറ്റിലും മൽസരിക്കും. സംസ്ഥാനത്ത് ആകെ 40 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഞായറാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സീറ്റു വിഭജനം സംബന്ധിച്ച തർക്കത്തെ തുടർന്ന് ഉപേന്ദ്ര ഖുശ്‌വാഹയുടെ ആർഎൽഎസ്പി സഖ്യം വിട്ടതിനു പിന്നാലെയാണു പ്രഖ്യാപനം. സീറ്റുകളുടെ എണ്ണത്തിൽ അതൃപ്തിയുണ്ടായിരുന്ന എൽജെപിക്കു ഖുശ്‌വാഹയുടെ പടിയിറക്കത്തോടെ രണ്ടു സീറ്റുകൾ അധികം ലഭിച്ചു.
സീറ്റുകൾ സംബന്ധിച്ച അന്തിമതീരുമാനം എടുത്തില്ലെങ്കിൽ ‘പ്രത്യാഘാതങ്ങൾ’ നേരിടേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അമിത് ഷായും റാം വിലാസ് പാസ്വാനും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനമായത്. സഖ്യത്തിൽ യാതൊരു പ്രശ്നവും ഇല്ലെന്നും തിരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്നും റാം വിലാസ് പാസ്വാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ബിഹാറിൽ നിലവിൽ 22 എംപിമാരുള്ള ബിജെപി 17 സീറ്റുകളിൽ മാത്രം മൽസരിക്കുന്നതിലൂടെ എൻഡിഎയിലെ യഥാർഥ അവസ്ഥ എന്താണെന്ന് ആർക്കും മനസ്സിലാക്കാനാകുമെന്ന് ആർജെഡി നേതാവ് തേജ്വസി യാദവ് ട്വീറ്റ് ചെയ്തു. നോട്ടുനിരോധനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദിച്ചതിന്റെ ഗുണം ജെഡിയുവിനും എൽജെപിക്കും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.