ന്യൂഡൽഹി∙ അധികാരത്തിലെത്തി 24 മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളിയെന്ന സൽപ്പേരുമായാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പിനു മുൻപു നൽകിയ വാഗ്ദാനം പാലിക്കുന്നുവെന്നു പ്രഖ്യാപിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കാർഷിക കടങ്ങൾ എഴുതിത്തള്ളിയത്.
എന്നാൽ പുറത്തുവരുന്ന പുതിയ കണക്കുകൾ അനുസരിച്ചു മറ്റു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ കോൺഗ്രസ് കുറച്ചു വിയർക്കേണ്ടി വരുമെന്നാണ് സൂചന. ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ പണത്തിന്റെ 70 ശതമാനവും പടിയിറങ്ങിയ ബിജെപി സർക്കാരുകൾ ഉപയോഗിച്ചു കഴിഞ്ഞെന്നതാണ് കാരണം.
കർഷകരുടെ ഹ്രസ്വകാല വായ്പകളാണ് മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സർക്കാർ എഴുതിത്തള്ളിയത്. ഛത്തീസ്ഗഡിൽ ആകട്ടെ ഗ്രാമീണ ബാങ്കുകളിൽ നിന്നെടുത്ത കാർഷിക കടങ്ങളും. ഇതിനെത്തുടർന്ന് മധ്യപ്രദേശിൽ 35,000– 38,000 കോടിയും രാജസ്ഥാനിൽ 18,000 കോടിയും ഛത്തീസ്ഗഡിൽ 6,100 കോടി രൂപയും സർക്കാരുകൾക്കു അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും മൂന്നു മാസം മാത്രം ശേഷിക്കെ ഇതു വരുത്തുന്ന ഭാരം ചില്ലറയായിരിക്കില്ലെന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. മുൻ സർക്കാരുകൾ ബജറ്റ് തുകയുടെ മുക്കാൽ ശതമാനത്തോളം ചെലവഴിച്ചതും പുതിയ സർക്കാരിന് വിനയാകും.
ഓരോ കുടുംബത്തിലെയും തൊഴിലില്ലാത്ത ഒരാൾക്ക് 3,500 മുതൽ 10,000 രൂപ വരെ അലവൻസ് നൽകുമെന്നത് മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. തൊഴില്‍രഹിത വേതനം നൽകുമെന്നു ഛത്തീസ്ഗഡ് പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഇതുകൂടാതെ വൈദ്യുതി നിരക്കിലെ ഇളവ്, സൗജന്യ വിദ്യാഭ്യാസം, മരുന്നു തുടങ്ങിയവും മൂന്നു സംസ്ഥാനങ്ങളിലെയും കോൺഗ്രസ് വാഗ്ദാനങ്ങളായിരുന്നു. ഛത്തീസ്ഗഡിൽ മദ്യനിരോധനവും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ 2018–2019 സാമ്പത്തിക വർഷത്തിൽ ഇതിനെല്ലാമുള്ള വരുമാനം എങ്ങനെ കണ്ടെത്തുമെന്നതാണ് പാർട്ടിയെ കുഴയ്ക്കുന്നത്.
2018–2019 സാമ്പത്തിക വർഷത്തിൽ 1,86,683 കോടി രൂപയാണ് മധ്യപ്രദേശ് ബജറ്റിൽ വകയിരുത്തിയത്. ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഇതിൽ 1,25,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവാക്കി. കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിന്റെ അധികബാധ്യത കൂടിയാകുമ്പോൾ ഖജനാവ് കാലിയാകുമെന്നതാണ് സംസ്ഥാനത്തെ അവസ്ഥ. കടമെടുക്കാവുന്നതിന്റെ 90 ശതമാനവും തിരഞ്ഞെടുപ്പിനു മുന്നോടിയായി എടുത്തു കഴിഞ്ഞതായും ധനവകുപ്പ് വ്യക്തമാക്കുന്നു.
രാജസ്ഥാനിൽ ബജറ്റ് തുകയുടെ ആറിൽ ഒന്നാണ് എഴുതിത്തള്ളിയ കടങ്ങൾ. ഈ സാമ്പത്തിക വർഷത്തിൽ 1,07,865 കോടിയാണ് സംസ്ഥാനത്തെ ബജറ്റ് വകയിരിപ്പ്. ഇതിൽ 77,000 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ ബജറ്റ് തുകയുടെ 25 ശതമാനമെങ്കിലും നീക്കിയിരിപ്പ് ആവശ്യമാണ്. അധികമായി വരുന്ന ബാധ്യത ധനക്കമ്മി ഉയരുന്നതിനു കാരണമാകുമെന്നു രാജസ്ഥാൻ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ പ്രഫസർ വി.വി.സിങ് പറയുന്നു. 36,000 കോടി കടമെടുക്കാവുന്നതിൽ 25,000 കോടി രൂപയും എടുത്തു കഴിഞ്ഞതായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സമ്മതിക്കുന്നു.
ഛത്തീസ്ഗഡിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുകയും നെല്ലിന്റെയും ചോളത്തിന്റെയും താങ്ങുവില വർധിപ്പിക്കുകയും ചെയ്തതിലൂടെ ആകെ ബജറ്റ് തുകയുടെ പത്തിൽ ഒരു ശതമാനം സർക്കാരിന് അധികബാധ്യതയാണെന്നാണ് കണക്കുകൂട്ടൽ. 83,179 കോടി രൂപയാണ് 2018–2019 സാമ്പത്തിക വർഷത്തിൽ ഛത്തിസ്ഗഡിലെ ബജറ്റ് നീക്കിയിരിപ്പ്.
രാഷ്ട്രീയ പാർട്ടികൾ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ്, പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ എന്നിവരാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെതിരെ പ്രതികരിച്ച പ്രമുഖർ. രാഷ്ട്രീയ നേട്ടത്തിനായി കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന രീതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇരുവരുടെയും വാദം.