Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

7 മാസം മുമ്പ് കൊന്ന രണ്ടാം ഭാര്യയെ ‘ലൈവാക്കി ’; യുപിയെ ഞെട്ടിച്ച ഡോക്ടർ അറസ്റ്റിൽ

rakhi-srivastava-death കൊല്ലപ്പെട്ട രാഖി ശ്രീവാസ്തവ. ചിത്രം: സോഷ്യൽമീഡിയ

ഗോരഖ്പുർ ∙ രഹസ്യമായി രണ്ടാംവിവാഹം ചെയ്ത യുവതി മറ്റൊരാൾക്കൊപ്പം പോയപ്പോൾ ക്രൂരമായി വകവരുത്തിയ ഡോക്ടർ പിടിയിൽ. വെള്ളിയാഴ്ചയാണ് ഡോക്ടര്‍ അറസ്റ്റിലായത്. യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ട് മുടങ്ങാതെ അപ്‌ഡേറ്റ് ചെയ്ത് കൊലപാതക വിവരം ഒളിപ്പിച്ച ഡോക്ടര്‍ മാസങ്ങള്‍ക്കു ശേഷമാണ് പിടിയിലായത്. യുപിയിലാണു സംഭവം. കൊല കഴിഞ്ഞ് ഏഴു മാസത്തോളമാണ് യുവതി ജീവിച്ചിരിപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഡോക്ടറും സഹായികളും തെറ്റിദ്ധരിപ്പിച്ചത്.

ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ അറിയപ്പെടുന്ന ഡോക്ടറാണു ധർമേന്ദ്ര പ്രതാപ് സിങ്. രോഗിയായ പിതാവിനെ കാണിക്കാനാണു രാഖി   ധർമേന്ദ്രയുടെ ആശുപത്രിയിൽ എത്തിയത്. 2006ൽ തുടങ്ങിയ പരിചയം രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയും ഡോ. ധർമേന്ദ്രയും തമ്മിലുള്ള പ്രണയത്തിലേക്കു നയിച്ചു. ഇരുവരും ഗോണ്ടയിൽവച്ച് 2011ൽ വിവാഹിതരായി.

നേരത്തേ വിവാഹിതനായിരുന്ന ധർമേന്ദ്ര, രാഖിയുമായുള്ള കല്യാണം രഹസ്യമാക്കിവച്ചു. ഗോരഖ്പുരിലെ ഷാപുർ പ്രദേശത്തു വീടു വാങ്ങി അവിടെയാണു രാഖിയെ താമസിപ്പിച്ചത്. അധികനാൾ രഹസ്യബന്ധം മുന്നോട്ടുപോയില്ല. ധർമേന്ദ്രയുടെ ആദ്യഭാര്യ ഉഷ സിങ് വിവരമറിഞ്ഞു. രാഖിയെ ധർമേന്ദ്രയിൽനിന്നു വേർപെടുത്താനുള്ള നീക്കങ്ങളാരംഭിച്ചു. ഇതിനിടയിൽ രാഖി ബിഹാർ ഗയ സ്വദേശി മനീഷ് സിൻഹയുമായി അടുത്തു. 2016 ഫെബ്രുവരിയിൽ രാഖിയുടെ രണ്ടാംവിവാഹം നടന്നു.

തുടര്‍ന്നും ഡോ. ധർമേന്ദ്രയുമായി രാഖി ബന്ധം സൂക്ഷിച്ചു. ഷാപുരിലെ വീട് തന്റെ പേരിലാക്കിത്തരണമെന്നു ഡോക്ടറെ നിർബന്ധിപ്പിച്ചു. 2018 ജൂൺ 24ന് രാഖിയെ കാണാനില്ലെന്നു സഹോദരൻ അമർ പ്രകാശ് ശ്രീവാസ്തവ പൊലീസിൽ പരാതി നൽകിയതോടെയാണു കഥ മാറിയത്. ഭർത്താവ് മനീഷ് സിൻഹയെ ആയിരുന്നു പൊലീസിന് ആദ്യം സംശയം. മനീഷിനെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല.

rakhi രാഖി ശ്രീവാസ്തവ

കേസ് അന്വേഷണം യുപി പൊലീസിലെ പ്രത്യേക സംഘം (എസ്ടിഎഫ്) ഏറ്റെടുത്തു. രേഖയുടെ ആദ്യ ഭർത്താവ് ഡോ. ധർമേന്ദ്രയെയായിരുന്നു ഇവർക്കു സംശയം. ജൂൺ ഒന്നിന് മനീഷിനൊപ്പമാണു രാഖി നേപ്പാളിലേക്കു പോയതെന്നും അവിടെവച്ചാണു കാണാതായതെന്നും അന്വേഷണസംഘം കണ്ടെത്തി. മനീഷ് മടങ്ങിയപ്പോഴും രാഖി നേപ്പാളിൽ തുടർന്നു. പൊലീസ് ധർമേന്ദ്രയുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിച്ചു. ധർമേന്ദ്രയും ഈ സമയങ്ങളിൽ നേപ്പാളിൽ ഉണ്ടായിരുന്നെന്നു വ്യക്തമായി.

രാഖിയെ കാണാതായ ദിവസങ്ങളിൽ നേപ്പാളിലെ പൊഖ്റയിൽ ധർമേന്ദ്രയുടെ ഫോൺ പ്രവർത്തിച്ചിരുന്നു. തുടർന്നു പൊഖ്റയിലെത്തിയ എസ്ടിഎഫ്നു സുപ്രധാനമായ മറ്റൊരു വിവരം ലഭിച്ചു; ജൂൺ ആദ്യവാരം ഒരു സ്ത്രീയുടെ മൃതദേഹം പൊഖ്റയിൽനിന്നു കണ്ടെത്തിയിരുന്നു. ഇതു രാഖിയുടേതാണെന്നു എസ്ടിഎഫ് പിന്നീടു സ്ഥിരീകരിച്ചു. ഡോ. ധർമേന്ദ്രയിലേക്കു അന്വേഷണം കേന്ദ്രീകരിച്ചു. ധർമേന്ദ്രയുടെ സാന്നിധ്യം അറിഞ്ഞപ്പോൾ രാഖി ഭർത്താവിനെ നിർബന്ധിച്ചു മടക്കി അയച്ചതാണെന്നും വ്യക്തമായി.

മനീഷ് നാട്ടിലേക്കു മടങ്ങിയ അവസരത്തിൽ പ്രമോദ് കുമാർ സിങ്, ദേശ്ദീപക് നിഷാദ് എന്നീ സുഹൃത്തുക്കൾക്കൊപ്പം ധർമേന്ദ്ര രാഖിയെ കാണാനെത്തി. നാൽവർ സംഘം പുറത്തു കാഴ്ച കാണാനിറങ്ങി. ലഹരി കലർന്ന പാനീയം രാഖിക്കു കുടിക്കാൻ നൽകി. ബോധം നഷ്ടപ്പെട്ട രാഖിയെയും കൂട്ടി സംഘം കിഴുക്കാംതൂക്കായ പാറക്കെട്ടിനു സമീപമെത്തി. അവിടെനിന്നു രാഖിയെ താഴേക്കു തള്ളിയിട്ടു കൊന്നു– പൊലീസ് പറഞ്ഞു.

രാഖിയുടെ മൊബൈൽഫോൺ കൈക്കലാക്കിയ സംഘം ഇതിലൂടെ സ്ഥിരമായി അവരുടെ സോഷ്യൽമീഡിയ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്തു. ഇതിനാൽ രാഖി എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നു വീട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു. രാഖി അസമിലെ ഗുവാഹത്തിയിലാണുള്ളത് എന്നായിരുന്നു മൊബൈൽ രേഖകളുടെ പരിശോധനാഫലം. ബന്ധുക്കളും അന്വേഷണ സംഘവും രാഖി ഗുവാഹത്തിയിലുണ്ടെന്നു വിശ്വസിച്ചു. ധർമേന്ദ്ര കസ്റ്റഡിയിലായപ്പോഴാണു കഥയുടെ ചുരുളഴിഞ്ഞത്.

ജൂൺ മുതൽ 7 മാസത്തോളം സോഷ്യൽമീഡിയയിലൂടെ രാഖി ജീവിച്ചിരിക്കുന്നെന്നു തെറ്റിദ്ധരിപ്പിക്കാൻ കൊലപാതക സംഘത്തിനു സാധിച്ചു. കൊലയ്ക്കുശേഷം നാട്ടിലെത്തിയ ധർമേന്ദ്ര സഹായിയുടെ കൈവശം രാഖിയുടെ ഫോൺ ഗുവാഹത്തിയിൽ എത്തിക്കുകയായിരുന്നു. ധർമേന്ദ്രയുടെ നിർദേശപ്രകാരം ഗുവാഹത്തിയിലെ സുഹൃത്ത് രാഖിയുടെ സ്റ്റാറ്റസുകൾ മാറ്റിക്കൊണ്ടിരുന്നു. കസ്റ്റഡിയിലായ ധർമേന്ദ്ര കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു.

തന്റെ സ്വത്ത് തട്ടിയെടുക്കാനും ഭീഷണിപ്പെടുത്താനും രാഖി ശ്രമിച്ചിരുന്നതായി ധർമേന്ദ്ര ആരോപിച്ചു. ഇതിൽ പ്രകോപിതനായി പലതവണ രാഖിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നേപ്പാളിലേക്കു രാഖി പോകുന്നെന്ന വിവരം കിട്ടിയതോടെയാണു കൂട്ടുകാരുമായി ചേർന്നു വിശദമായ പദ്ധതിയൊരുക്കിയതും കൊലപാതകം നടപ്പാക്കിയതും. മൂവരേയും അറസ്റ്റു ചെയ്തു ജയിലിലടച്ചു.

രാഖിയുടെ സ്കോർപിയോ കാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, നേപ്പാളി മൊബൈൽ‌ റീച്ചാർജ് കാർഡ്, 2 പാൻ കാർഡ്, ഒരു എടിഎം കാർഡ്, 4 മൊബൈൽ ഫോൺ എന്നിവ പ്രതികളിൽനിന്നു കണ്ടെടുത്തതായി എസ്ടിഎഫ് ഐജി അമിതാഭ് യാഷ് പറഞ്ഞു. രാഖിയുടെ ജീവൻ മാസങ്ങൾക്കു മുമ്പേ ഇവിടംവിട്ടു പോയെന്നറിയാതെയാണു സോഷ്യൽമീഡിയയിൽ ഇവരെ ‘ലൈവായി’ കണ്ടതെന്നു കൂട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

related stories