ഹൈദരാബാദ് ∙ ബിജെപിക്കും കോൺഗ്രസിനും എതിരായ ഫെഡറല്‍ മുന്നണി രൂപീകരണത്തിനു വേഗം കൂട്ടി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും നേതാക്കളുമായുള്ള ചർച്ചകൾക്കായി ഒരാഴ്ചത്തെ പര്യടനത്തിനാണു തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) അധ്യക്ഷനായ റാവു തുടക്കമിട്ടിരിക്കുന്നത്.
തെലങ്കാന നിയമസഭയിലേക്കുള്ള മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണു കെ.ചന്ദ്രശേഖർ റാവു (കെസിആർ). തെലങ്കാനയിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ത്താണ് 119 അംഗ സഭയില്‍ 88 സീറ്റിലും കെസിആറിന്റെ ടിആർഎസ് വിജയം നേടിയത്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി ഞായറാഴ്ച ചർച്ച നടന്നു. ഇനി കൊല്‍ക്കത്തയിലെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച. അടുത്ത ദിവസങ്ങളിൽ എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരെയും കാണും.
രണ്ടു പതിറ്റാണ്ടോളമായി ബിജെഡി നേതാവ് നവീൻ പട്നായിക്കാണ് ഒഡിഷ ഭരിക്കുന്നത്. കോൺഗ്രസിനെയും ബിജെപിയെയും കയ്യകലത്തിൽ നിർത്തുന്ന നേതാവാണ് പട്നായിക്. റാവുവിന്റെ നീക്കത്തിനു പട്നായിക് കൈ കൊടുക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നിയമസഭാ വിജയത്തിൽ കെസിആറിനെ അഭിനനന്ദിച്ച പട്നായിക്, തെലങ്കാനയിലെ കർഷകക്ഷേമ പദ്ധതികളെക്കുറിച്ചും പരാമർശിച്ചു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചു ചർച്ച ചെയ്തെങ്കിലും ഫെഡറൽ മുന്നണിക്കൊപ്പം ചേരുന്നതിൽ തീരുമാനമായില്ലെന്നു പട്നായിക് വ്യക്തമാക്കി.
കോൺഗ്രസിനോടു വലിയ താൽപര്യമില്ലാത്ത തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി റാവുവിനോട് അനുകൂലമായി പ്രതികരിക്കുമെന്നാണു സൂചന. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസിനോടു വിലപേശാൻ മുന്നണി സഹായിക്കുമെന്നും മമത കണക്കൂകൂട്ടുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിൽ മമത ബാനര്‍ജി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരുടെ അസംതൃപ്തിയും കെസിആറിന് അനുകൂലമാണ്.