കൊച്ചി∙ ശബരിമലയിൽ സ്ത്രീപ്രവേശത്തിനെതരെ നടക്കുന്ന പ്രതിഷേധം വനിതാ മതിലിന്റെ പ്രസക്തി വർധിപ്പിച്ചതായി ജനാധിപത്യ മഹിളാ അസോസിയേഷൻ. അസോസിയേഷന്റെ 51 ലക്ഷത്തിൽ പരം അംഗങ്ങളിൽ വനിതാമതിലിന്റെ സന്ദേശം എത്തിക്കും. പരമാവധി പേരെ പങ്കെടുപ്പിക്കുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
പ്രചാരണ പരിപാടികൾ തുടരുകയാണ്. ഇതര വനിതാ സംഘടനകളെയും വനിതാ മതിലിൽ സഹകരിപ്പിക്കും. ഇതിനു വേണ്ടിവരുന്ന ചെലവു സംഘടന തന്നെയാണു വഹിക്കുന്നത്. മന്ത്രി കെ.കെ.ശൈലജ കാസർകോട്ടും പി.കെ.ശ്രീമതി കണ്ണൂരിലും സുഭാഷണി അലി കൊച്ചിയിലും വൃന്ദാകാരാട്ട് തിരുവനന്തപുരത്തും പങ്കെടുക്കും.
പ്രമുഖ കായിക താരങ്ങളും എഴുത്തുകാരികളും സാംസ്കാരിക പ്രവർത്തകരും മതിലിൽ അണി ചേരുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി പി.സതീദേവി, ട്രഷറർ സി.എസ്.സുജാത എന്നിവർ പറഞ്ഞു.
ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. കലാപാന്തരീക്ഷത്തിലല്ല ശബരിമലയിൽ ദർശനം നടത്തേണ്ടത്. അവിടെ പ്രശ്നമുണ്ടാക്കാൻ വർഗീയശക്തികൾ ക്രിമിനലുകളെയാണു നിയോഗിച്ചിരിക്കുന്നത്. അവരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.