765 കിലോമീറ്ററിൽ അയ്യപ്പജ്യോതി; വീഥികളിൽ സ്ത്രീകളുടെ വലിയ നിര

ചെങ്ങന്നൂരിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നവർ. ചിത്രം: ആർ.എസ്.ഗോപൻ

തിരുവനന്തപുരം∙ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിനു പേർ പങ്കെടുത്തു. 765 കിലോമീറ്ററിൽ ലക്ഷക്കണക്കിനു ഭക്തർ അണിനിരന്നതായി സംഘാടകർ അവകാശപ്പെട്ടു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ശബരിമലയിലെ യുവതീപ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ സമരം ചെയ്യുന്ന ശബരിമല കര്‍മസമിതിയായിരുന്നു സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്. ഇതിനു ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതോടെ സര്‍ക്കാര്‍ നിലപാടിനു ബദലാണെന്ന രാഷ്ട്രീയമുഖം കൈവന്നു. 

Read In English

കാസര്‍കോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്നാട്ടിലേക്കു കടക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെളിച്ചത്. പെരുന്നയിൽ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം മന്നം സമാധിയിൽ എത്തി. അതേ സമയം ആരും പുറത്തിറങ്ങിയില്ല. അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയിൽ വിളക്കു തെളിച്ചു. എല്ലാ ദിവസവും സുകുമാരൻ നായർ തന്നെയാണ് വൈകിട്ടു വിളക്കു തെളിക്കുന്നത്. 

കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അയ്യപ്പജ്യോതി സന്ദേശം നൽകി. മുൻ പിഎസ്‌സി ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ, മുന്‍ ഡിജിപി ടി.പി.സെന്‍കുമാർ തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളിയായി. തമിഴ്നാട്ടിലെ 69 കേന്ദ്രങ്ങളിലും ജ്യോതി െതളിച്ചു. അയ്യപ്പജ്യോതിയുടെ കൂടുതൽ ചിത്രങ്ങളും വിഡിയോയും ലൈവ് അപ്ഡേറ്റ്സിൽ.