അയ്യപ്പജ്യോതിക്കു നേരെ ആക്രമണം; ഇന്ന് പ്രതിഷേധ ദിനമെന്ന് കർമസമിതി

കൊച്ചി ∙ അയ്യപ്പജ്യോതിയിൽ പങ്കെടുത്ത ഭക്തർ‌ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ  ശബരിമല കർമ സമിതിയുടെ ആഹ്വാനം. കർമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നു ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ.കുമാർ അറിയിച്ചു.

ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമായി. 310 സ്ഥലങ്ങളിൽ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങളും നടന്നു. കേരളത്തിനു പുറത്ത് 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി തെളിച്ചു. അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാർക്സിസ്റ്റ് പാർട്ടി ഗുണ്ടകൾ പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഭക്തർക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്.

പയ്യന്നൂർ അടുത്ത് പെരുമ്പ, കണ്ണൂർ - കാസർകോട് അതിർത്തിയായ കാലിക്കടവ്, കരിവെള്ളൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂർ എന്നീ പ്രദേശങ്ങളിൽ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉൾപ്പടെ 31 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 60 പേർക്ക് പലതരത്തിലുളള പരുക്കേറ്റിട്ടുണ്ടെന്നും എസ്.ജെ.ആർ കുമാർ പറഞ്ഞു.