തങ്ക അങ്കി ചാർത്തി ദീപാരാധന ഇന്ന്; കനത്ത സുരക്ഷ, തീർഥാടകർക്ക് നിയന്ത്രണം

സന്നിധാനത്തുനിന്നുള്ള കാഴ്ച. ചിത്രം: രാഹുൽ ആർ. പട്ടം

ശബരിമല∙ നാവിലും മനസിലും ശരണമന്ത്രങ്ങളുമായി മലകയറി എത്തുന്ന ഭക്തലക്ഷങ്ങൾക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് നാളെ ഉച്ചയ്ക്ക് 12.30ന് മണ്ഡലപൂജ നടക്കും. തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചക്ക് പമ്പയിൽ എത്തും. മൂന്നുമണി വരെ പമ്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും. പിന്നീട് അയ്യപ്പ സേവാസംഘം പ്രവർത്തകർ സന്നിധാനത്തെത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്തെത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.

തങ്കഅങ്കി ചാർത്തിയ ദീപാരാധനയും മണ്ഡലപൂജയും കണ്ടു തൊഴാൻ സന്നിധാനത്തേക്കു ഭക്തരുടെ വൻപ്രവാഹമാണ്. മലകയറി ദർശനം കഴിഞ്ഞവർ മടങ്ങുന്നില്ല. കാത്തിരുപ്പിലാണവർ, ഒരേ ഒരു നിമിഷത്തിനായി. തങ്കഅങ്കി ചാർത്തിയ ഹരിഹരാത്മജന കണ്ടു തൊഴാനായി. നടപ്പന്തലുകളിൽ മാത്രമല്ല, തിരുമുറ്റം, വടക്കേനട‌, പാണ്ടിത്താവളം, മാളികപ്പുറം തുടങ്ങി എല്ലായിടത്തും വിരിവച്ച് വിശ്രമിക്കുകയാണവർ. അഭിഷേകത്തിനുള്ള തയാറെടുപ്പുകളുമായി. 

അതിനിടെ, ഘോഷയാത്രയുടെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ തീർഥാടകർക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഘോഷയാത്ര ശരംകുത്തിയില്‍നിന്നു ക്ഷേത്രത്തിലേക്ക് എത്തുന്നതു വരെ ശരംകുത്തിയില്‍നിന്ന് സന്നിധാനത്തേക്കും തീർഥാടകരെ പ്രവേശിപ്പിക്കില്ല. പമ്പയിലും നിലയ്ക്കലിലും ഈ സമയങ്ങളില്‍ തീർഥാടകരെ നിയന്ത്രിക്കും. മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് വീണ്ടും നടതുറക്കും.