മീറത്ത്∙ ഉത്തർപ്രദേശിലെ മീററ്റിനു സമീപം സോൻദത്ത് എന്ന ഗ്രാമം മുസ്‍ലിം ഭൂരിപക്ഷ മേഖലയാണ്. ശുദ്ധമായ പാലിനു വേണ്ടി ഇവിടെ മിക്ക വീടുകളിലും പശുവിനെ വളർത്തുന്നതും പതിവായിരുന്നു. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ ഗ്രാമവാസികൾ ആകെ ഭീതിയിലാണ്. പശുസംരക്ഷകർ എന്നവകാശപ്പെടുന്നവരും പൊലീസും നിരന്തരം വേട്ടയാടുന്നതിനാൽ പശുക്കളെ പുറത്തു കൊണ്ടുപോകാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഗ്രാമവാസികൾ പരാതിപ്പെടുന്നു.
ഒട്ടേറെ പേരാണ് ഈ ഭയം മൂലം തങ്ങളുടെ പശുക്കളെ ഇതിനോടകം വിറ്റഴിച്ചു സ്വയം സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. നല്ല പാൽ ലഭിക്കുമെന്നതിനാൽ തങ്ങളുടെ കുടുംബം പതിവായി പശു വളർത്തിയിരുന്നുവെന്നു ഗ്രാമ മുഖ്യനായ കല്‍വ പറഞ്ഞു. എന്നാൽ സംസ്ഥാനത്തു ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ രണ്ടു പശുക്കളെ വിറ്റു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏകദേശം ഇരുനൂറിലേറെ പശുക്കളെയും കാളകളെയുമാണു ഗ്രാമവാസികൾ ഭയം മൂലം വിറ്റൊഴിച്ചതെന്നും കൽവ ദേശീയമാധ്യമത്തോടു വെളിപ്പെടുത്തി.
‘നിലവിൽ പശു വളർത്തുന്നവരാരുംതന്നെ അവയെ മേയാനായി പുറത്തു കൊണ്ടുപോകാറില്ല. പശു സംരക്ഷകരെന്ന് അവകാശപ്പെടുന്നവരെയും പൊലീസിനെയും ഭയക്കുന്നതാണ് ഇതിനുള്ള കാരണം’ - കൽവ കൂട്ടിച്ചേർത്തു. പശുവിനു അസുഖം വന്നാൽ മൃഗസോക്ടറെ വീട്ടിലേക്കു ക്ഷണിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് മറ്റൊരു ഗ്രാമവാസിയായ ഷംസാദ് ചൂണ്ടിക്കാട്ടി. ‘പശുവിനെയും കൊണ്ടു പുറത്തു പോകാൻ ഭയമാണ്. ജീവനോടെ തിരിച്ചെത്തുമോ എന്ന് ഉറപ്പിക്കാനാകില്ല. മൃഗഡോക്ടറെ വീട്ടിലെത്തിക്കുകയാണ് താരതമ്യേന സുരക്ഷിതമായ മാർഗം’ – ഷംസാദ് പറഞ്ഞു. പശുക്കളെ പുറത്തുകണ്ടാൽ പശുസംരക്ഷകരും പൊലീസും തട്ടിയെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നു പേരു വെളിപ്പെടുത്താനാകാത്ത മറ്റൊരു ഗ്രാമീണൻ കുറ്റപ്പെടുത്തി.
പശു സംരക്ഷകർ എന്നവകാശപ്പെടുന്നവർക്കൊപ്പമാണ് പൊലീസ് നിലകൊള്ളുന്നതെന്നാണ് ഗ്രാമീണരുടെ മറ്റൊരു പരാതി. അഹമ്മദ്പുരി ഗ്രാമത്തിൽ നിന്നും ഒരു പശുവിനെ വാങ്ങി നാട്ടിലെത്തിച്ചപ്പോൾ തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി സലീം എന്ന ഗ്രാമവാസി പൊലീസിന്‍റെ പക്ഷപാതപരമായ നിലപാടു വിശദീകരിക്കുന്നു.
‘20,000 രൂപ കൊടുത്താണു പശുവിനെ വീട്ടിലെത്തിച്ചത്. ഞാൻ വീട്ടിലില്ലാത്ത സമയം സ്ഥലതെത്തിയ പൊലീസ് പശുവിനെയും കൊണ്ടുപോയി. ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ പശുഹത്യയ്ക്ക് കേസെടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഒടുവിൽ കോടതിയെ സമീപിച്ച് 103 ദിവസം നീണ്ട നിയമ നടപടികൾക്കു ശേഷമാണ് പശുവിനെ തിരിച്ചു കിട്ടിയത്’. വീട്ടിലുണ്ടായിരുന്ന പശുക്കളെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിരിക്കുകയാണെന്നും സ്വന്തം കുടുംബത്തിന്‍റെ ജീവിതം പണയപ്പെടുത്തി എങ്ങനെയാണു പശുക്കളെ വളർത്താനാകുകയെന്നും സലീം ചോദിക്കുന്നു.
സോൻദത്തിലെ ആകെ ജനസംഖ്യ ഏഴായിരത്തിൽ അധികമാണ്. ഇതിൽ 200 പേർ മാത്രമാണ് ഹിന്ദുക്കൾ. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു വോട്ടു രേഖപ്പെടുത്തിയ ഒട്ടേറെ പേര്‍ ഗ്രാമത്തിലുണ്ടെന്നു ബിജെപി മീററ്റ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുൽസാർ ഹസൻ പറഞ്ഞു. വിഭജനത്തിന്‍റെയും ശത്രുതയുടെയും രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും അതിനാൽ തന്നെ ഈ പിന്തുണ തുടർന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണു ഗ്രാമവാസികളിൽ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മതപരമായ വിവേചനം ഗ്രാമവാസികൾ തമ്മിലില്ലെന്നും ഗ്രാമത്തിലെ ഏക ഹിന്ദു ക്ഷേത്രത്തിലെ മതില്‍ നിർമാണത്തിൽ ഏവരും സഹകരിച്ചിരുന്നുവെന്നും ഒരു ഗ്രാമവാസി ചൂണ്ടിക്കാട്ടി.
സോൻദത്തിലെ സമാന അവസ്ഥ തന്നെയാണ് ബുലന്ദ്ഷഹറിലെ സയാന മേഖലയിലും. 2004ൽ മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെതിരെ മത്സരിച്ച് 8000 വോട്ടുകൾക്കു പരാജയപ്പെട്ട ബദർ – ഉൾ – ഇസ്‍ലാം തന്‍റെ രണ്ടു പശുക്കളെയാണ് യോഗി സർക്കാർ അധികാരത്തിലെത്തിയ ശേഷം വിറ്റത്. ‘സ്വയം അപായപ്പെടുത്തുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ്, മാറുന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് പശുക്കളെ വിൽക്കാൻ ഞാൻ തീരുമാനിച്ചത്. പശുക്കളോട് വല്ലാത്ത ഒരു ആത്മബന്ധമാണ് എനിക്കും കുടുംബത്തിനുമുള്ളത്.നൂറ്റാണ്ടുകളായി പശുവിനെ വളർത്തുന്ന കുടുംബമാണ് ഞങ്ങളുടേത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യകരമാണ് പശുവിന്‍റെ പാൽ എന്നതിനാലാണു കുടുംബം പശുപരിപാലനത്തിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ ഇന്നതു സുരക്ഷിതമായ ഒരു കാര്യമല്ല’ – മേഖലയിലെ അറിയപ്പെടുന്ന വ്യക്തികളിൽ ഒരാൾ കൂടിയായ ബദർ – ഉൾ – ഇസ്‍ലാം പറഞ്ഞു.
പശുക്കളെ വളർത്തി ഭീതിയോടെ കഴിയാനില്ലെന്നും പശുസംരക്ഷകരെന്നു അവകാശപ്പെടുന്നവർക്കു സന്തോഷം ലഭിക്കുന്നെങ്കിൽ അതെങ്കിലും ഉണ്ടാകട്ടെയെന്നുമാണ് സോൻദത്തിലെ പൊതുവികാരം.