തിരുവനന്തപുരം∙ ശബരിമല കര്‍മസമിതിയും ബിജെപിയും കൈകോര്‍ത്ത അയ്യപ്പജ്യോതിയില്‍നിന്ന് എന്‍ഡിഎയുടെ സുപ്രധാന ഘടകകക്ഷിയായ ബിഡിജെഎസ് നേതാക്കള്‍ വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഇന്നലത്തെ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തില്ല. എന്‍ഡിഎയില്‍ ഇതുംസംബന്ധിച്ചു ചര്‍ച്ച നടന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. നേതാക്കള്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനം വേണം. വനിതാമതിലില്‍ താന്‍ എന്തിന് പങ്കെടുക്കണമെന്നും തുഷാര്‍ ചോദിച്ചു.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന ജ്യോതി തെളിയിക്കലില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനസഞ്ചയം അണിനിരന്നു. മുൻ പിഎസ്‌സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ ജ്യോതിയുടെ ഭാഗമായി. സര്‍ക്കാരിന്റെ വനിത മതിലിനു ബദലായാണു ശബരിമല കര്‍മസമിതി അയ്യപ്പ ജ്യോതി പ്രഖ്യാപിച്ചത്. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ ഇടങ്ങളില്‍ ജ്യോതിയുടെ ഭാഗമായപ്പോഴാണ് ബിഡിജെഎസ് ഇടഞ്ഞുനിന്നത്.