അയ്യപ്പജ്യോതിയെ ചൊല്ലി എന്‍ഡിഎയില്‍ വിവാദം; ബിഡിജെഎസ് വിട്ടുനിന്നതില്‍ അമര്‍ഷം

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി

കോട്ടയം ∙ അയ്യപ്പജ്യോതിയെ ചൊല്ലി എന്‍ഡിഎയിലെ ഭിന്നത മറനീക്കുന്നു. എന്‍ഡിഎ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ നേതാക്കളാരും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് ബിജെപിക്കുളളിലും അയ്യപ്പ ജ്യോതിക്കു പിന്തുണ നല്‍കിയ സംഘപരിവാര്‍ സംഘടനകളിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെകുറിച്ച് അവരോടു തന്നെ ചോദിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. ജ്യോതി രാഷ്ട്രീയ പരിപാടിയായിരുന്നില്ല. ബിജെപി അങ്ങോട്ടു പിന്തുണ അറിയിക്കുകയായിരുന്നെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ ഇന്ന് ഒരു പടി കൂടി കടന്നു വനിതാ മതിലിനു പിന്തുണ പ്രഖ്യാപിക്കുന്ന തരത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയതു കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

സാഹചര്യം ഒത്തുവന്നാല്‍ വനിതാ മതിലിനു പിന്തുണയുമായി എത്തുമെന്നു തുഷാര്‍ വ്യക്തമാക്കി. വനിതാ മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണയ്ക്കുമെന്നും തുഷാര്‍ പറഞ്ഞു. ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് എന്‍ഡിഎ പരിപാടി അല്ലാതിരുന്നതിനാലാണെന്നും തുഷാര്‍ പറഞ്ഞു. അതേസമയം വനിതാ മതിലിന്റെ മുഖ്യ സംഘാടകനായ വെള്ളാപ്പള്ളി നടേശന്‍ ശബരിമല യുവതീ പ്രവേശത്തെ ശക്തമായി എതിര്‍ത്തു നിലപാട് ആവര്‍ത്തിച്ചു. വനിതാ മതിലിനെ ശബരിമലയുമായി കൂട്ടിക്കെട്ടരുതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിടണമെന്നു പലകുറി ആവര്‍ത്തിച്ചിരുന്ന വെള്ളാപ്പള്ളി ബിഡിജെഎസ്, എന്‍ഡിഎയില്‍ തുടരണമെന്നും നിലപാടു മാറ്റി.