വനിതാമതിലിനു തൊട്ടുമുന്‍പ് ദേവസ്വം മന്ത്രിയുടെ തുറന്നുപറച്ചില്‍‍; സിപിഎമ്മില്‍ ആശയക്കുഴപ്പം

കോട്ടയം ∙ സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന സിപിഎമ്മിനുള്ളില്‍ കടുത്ത ആശയക്കുഴപ്പത്തിനാണു വഴിതെളിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണു വനിതാമതിലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍, ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന ദേവസ്വം മന്ത്രിയുടെ തുറന്നു പറച്ചില്‍ ഇരട്ടത്താപ്പാണെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ഇൗ രീതിയിൽ സ്ത്രീകളുടെ അവകാശങ്ങളോടു മുഖംതിരിക്കുന്ന സാഹചര്യമുണ്ടാകുന്നതു ജനങ്ങളോടു വിശദീകരിക്കാന്‍ പ്രയാസമാണെന്ന തരത്തിലാണു പാര്‍ട്ടിലെ ചര്‍ച്ച. ശബരിമലയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. ‘രണ്ടു മൂന്നു ചട്ടമ്പിമാര്‍ ഇവിടെനിന്നു തടയുന്നതു കൊണ്ടാണ്, ശരണം വിളിക്കുന്നതുകൊണ്ടാണു യുവതികള്‍ കയറാത്തതെന്ന തെറ്റിദ്ധാരണ വേണ്ട. ഈ സര്‍ക്കാരിന് അതില്‍ യാതൊരു താല്‍പര്യവും ഇല്ലാത്തതുകൊണ്ടാണ്. അതു നിങ്ങളുടെ അഹങ്കാരത്തിന്റെ ഭാഗമാണെന്നു കരുതിക്കളയരുത്. സര്‍ക്കാരിനു താല്‍പര്യമില്ല. ഒരു താല്‍പര്യവുമില്ല. അത് ആവര്‍ത്തിച്ചു ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്’ -  ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നെന്ന തരത്തില്‍ മന്ത്രിയുടെ പ്രസ്താവനയെ വ്യാഖ്യാനിക്കാൻ ഇടയുണ്ടെന്നാണു പാര്‍ട്ടിയിലെ ചര്‍ച്ച. യുവതീപ്രവേശത്തിന് അനുകൂലമായി സുപ്രീംകോടതി നിലപാടെടുക്കുമ്പോഴാണു ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രി തന്നെ ഉത്തരവിനെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതായി കാണിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ സ്ത്രീകളെ മലകയറ്റുകയും പിന്നീടു തിരിച്ചിറക്കുകയും ചെയ്യുന്നതായാണു പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ശബരിമലയില്‍ ‘സര്‍ക്കാര്‍ സ്പോണ്‍സേഡ് നാടകം’ എന്ന ആരോപണങ്ങള്‍ക്കു മന്ത്രിയുടെ പ്രസ്താവന ശക്തി പകരും.

നിലയ്ക്കലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു ‘മനിതി’ സംഘടനയിലെ സ്ത്രീകള്‍ സ്വകാര്യ വാഹനത്തില്‍ എങ്ങനെ പമ്പ വരെ എത്തിയെന്ന ചോദ്യം ഇപ്പോള്‍തന്നെ പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. സ്ത്രീകളോടു വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ലെന്നും അതുകൊണ്ടാണു വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നുമാണു ഡിസംബര്‍ ആദ്യം ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന നിലപാട് സ്ത്രീകളോടുള്ള വിവേചനമല്ലേയെന്ന ചോദ്യവും ഉയരുന്നു.

പ്രസ്താവന വിവാദമായതോടെ സമൂഹമാധ്യമത്തില്‍ ദേവസ്വം മന്ത്രി വിശദീകരണവുമായെത്തി. ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതികളെ കയറ്റിയേ തീരൂ എന്ന വാശി സർക്കാരിനു സ്വീകരിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു. ‘ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകരുടെ സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുന്‍പു പല തവണ വ്യക്തമാക്കിയ ഈ കാര്യങ്ങള്‍ ഇന്നും ആവര്‍ത്തിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഈ  നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിൽ ഒരു ആശയക്കുഴപ്പവുമില്ല’ - മന്ത്രി പറഞ്ഞു.

‘ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത സര്‍ക്കാരാണിത്. വിധി അനുസരിക്കാന്‍ എല്ലാവിധ ഭരണഘടനാ ബാധ്യതയും സര്‍ക്കാരിനുണ്ട്. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി കലാപം അഴിച്ചുവിടാന്‍ കോപ്പു കൂട്ടി ബിജെപി - ആഎസ്എസ് നേതൃത്വം കാത്തിരിക്കുന്ന നില എല്ലാവർക്കും അറിയുന്നതാണ്. കുറച്ചുനാളുകളായി ഞാന്‍ പറയുന്ന കാര്യങ്ങളെ ദുർവ്യാഖ്യാനിച്ച് എനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമം ചിലർ നടത്തുന്നുണ്ട്’ - ദേവസ്വംമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.