Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി സ്റ്റാലിനിസ്റ്റ്; വനിതാമതിലിൽ സർക്കാരിന്റെ അധികാര ദുര്‍വിനിയോഗം: മുല്ലപ്പള്ളി

Mullappally Ramachandran മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം∙ കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയിലാണ് വനിതാ മതിലിനായി അധികാര ദുര്‍വിനിയോഗം നടത്തുന്നതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാഷിസ്റ്റ് സര്‍ക്കാരുകളാണ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുകയെന്നു അദ്ദേഹം പറഞ്ഞു.

ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് ‌ജീവനക്കാര്‍, സാക്ഷരത പ്രേരക്മാര്‍, എസ്‌സി, എസ്ടി പ്രമോട്ടര്‍മാര്‍ എന്നിവരെ മുഴുവന്‍ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയാണ് വനിതാ മതിലില്‍ അണിനിരത്താന്‍ ശ്രമിക്കുന്നത്. 

ജനാധിപത്യ സര്‍ക്കാരിന്റെ നായകനാണെന്ന് തികഞ്ഞ സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിക്കുന്നു. അധികാരം ഏറ്റെടുത്തത് മുതല്‍ അദ്ദേഹത്തിന്റെ ഭാഷ, സമീപനം, നിലപാട് എല്ലാം സ്റ്റാലിനിസ്റ്റ് സ്വഭാവത്തോട് കൂടിയതാണ്. ജനങ്ങളോട് അല്‍പ്പംപോലും ആദരവ് മുഖ്യമന്ത്രിക്കില്ല.

വനിതാ മതിലുമായി ബന്ധപ്പെട്ടു കോടതിയില്‍ നല്‍കിയ സത്യാവങ്മൂലവും സര്‍ക്കാരിന്റെ പ്രവൃത്തിയും തമ്മില്‍ വിദൂരബന്ധം പോലുമില്ല. അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി പ്രവര്‍ത്തിച്ച സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്നു മുഖ്യമന്ത്രി തിരിച്ചറിയണം.

കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ മുഖ്യമന്ത്രി തുടരെ വെല്ലുവിളിക്കുകയാണ്. വരുന്ന തിരഞ്ഞടുപ്പില്‍ ജനങ്ങള്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പാഠം പഠിപ്പിക്കും. ബംഗാളിലും ത്രിപുരയിലും നേരിട്ട ദയനീയ പരാജയം തന്നെയാണ് കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നത്– മുല്ലപ്പള്ളി പറഞ്ഞു.

related stories