Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ് ബിൽ പാസായി; കോൺഗ്രസും അണ്ണാ ഡിഎംകെയും എസ്പിയും ഇറങ്ങിപ്പോയി

ന്യൂഡൽഹി∙ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ മുത്തലാഖ് ബിൽ വോട്ടെടുപ്പിലൂടെ ലോക്സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 245 പേരും എതിർത്ത് 11 പേരും വോട്ടുചെയ്തു. ചർച്ചയ്ക്കിടെ കോൺഗ്രസും അണ്ണാ ഡിഎംകെയും എസ്പിയും സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ഓർഡിനൻസിനു പകരമായി ഇറക്കിയ ബില്ലാണു പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശം തള്ളി. ബിൽ സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. എൻ.കെ.പ്രേമചന്ദ്രന്‍ എംപിയുടെ പ്രമേയം സ്പീക്കർ‌ തള്ളി.

മുത്തലാഖ് വിഷയത്തിൽ ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കോൺഗ്രസ്, എഐഎംഐഎം, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികൾ ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. ബില്ലിന്മേല്‍ ചര്‍ച്ചയാകാമെന്നും മതപരമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടരുതെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. മുത്തലാഖ് ബിൽ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ല. സ്ത്രീകളുടെ അവകാശവും നീതിയുമാണു ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകളുടെ മാന്യത നിലനിർത്തുന്നതിനായിട്ടാണു പാർലമെന്റ് എന്നും നിലകൊള്ളുന്നത്. 22 ഇസ്‍ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തിന് എന്തുകൊണ്ടിതു സാധ്യമല്ല.

ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇപ്പോഴും മുത്തലാഖ് നടക്കുന്നുണ്ട്. ആരെയും വഞ്ചിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയല്ലാതെ വേണം ഇതുനോക്കിക്കാണാനെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. നിയമമന്ത്രി സംസാരിക്കുമ്പോൾ തുടർച്ചായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. കോൺഗ്രസ് ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിനാലാണ് ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്. ബിൽ രാഷ്ട്രീയപരമായി ഉയർന്നതാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആരോപിച്ചു.