കാസർകോട്∙ കത്തി വീശി മാതാവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി 13 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരൻ. ഉപ്പള പഞ്ചത്തോട്ടി പച്ചംപള്ളം സ്വദേശി അബ്ദുൽ കരീം (34) കുറ്റക്കാരനാണെന്നു കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ആണ് വിധിച്ചത്. ശിക്ഷ ശനിയാഴ്ച വിധിക്കും.
കഴിഞ്ഞ ഏപ്രിൽ 2നു പുലർച്ചെ 4 മണിക്കു സ്വന്തം വീട്ടിൽ തന്നെയാണു കേസിനു കാരണമായ സംഭവം നടന്നത്. മാതാവിന്റെ സാന്നിധ്യത്തിലാണ് 9ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചത്. കത്തി വീശിയപ്പോൾ കുട്ടിയുടെ ഇടതു കൈയ്ക്കു പരുക്കേറ്റിരുന്നു. നേരത്തേയും പീഡിപ്പിച്ചുവെന്നു പെൺകുട്ടി മൊഴി നൽകിയിരുന്നു. 376 (എഫ്), 506 (2), 324 വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്തതായാണു കോടതി കണ്ടെത്തിയിട്ടുള്ളത്.
പ്രായപൂർത്തിയാകാത്തവർ പീഡനത്തിനു ഇരയായ കേസുകളിൽ ഒരു വർഷത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി നിർദേശം പാലിച്ചാണ് കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ഈ കേസില്‍ പ്രതിയെ കുറ്റക്കാരനെന്നു വിധിച്ചത്. 8 മാസത്തിനകമാണ് കേസില്‍ വിധി പറഞ്ഞത്. സുപ്രീംകോടതി നിർദേശം ഇറങ്ങിയശേഷം കേരളത്തിൽ ഇത്രയും നേരത്തേ വിധി പറഞ്ഞ കേസ് ഇതാദ്യമാണെന്നു നിയമവൃത്തങ്ങൾ പറയുന്നു.