Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ: മുഖ്യമന്ത്രിയോടു രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ

ramesh-chennithala-and--pinarayi-vijayan രമേശ് ചെന്നിത്തല, പിണറായി വിജയൻ.

തിരുവനന്തപുരം∙ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്തു ചോദ്യങ്ങള്‍. വനിതാ മതിലിന്റെ ലക്ഷ്യം എന്താണ്, ശബരിമല യുവതീപ്രവേശവുമായി വനിതാ മതിലിനു ബന്ധമുണ്ടോ, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനു ഹൈന്ദവ സംഘടനകളെ മാത്രം സംഘടിപ്പിക്കുന്നത് എന്തിനാണു തുടങ്ങിയ ചോദ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉയർത്തുന്നത്.

രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍:

1. വനിതാ മതില്‍ എന്തു ലക്ഷ്യത്തിലാണു സംഘടിപ്പിക്കുന്നത്?

2. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്?

3. ശബരിമലയിലെ യുവതീപ്രവേശവുമായി വനിതാ മതിലിനു ബന്ധമുണ്ടോ?

4. ശബരിമലയിലെ യുവതീപ്രവേശ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണു വനിതകളുടെ മതിലെന്ന ആശയം ഉരുത്തിരിഞ്ഞു വന്നതെങ്കിലും സിപിഎമ്മും സര്‍ക്കാരും അതു തുറന്നു പറയാന്‍ മടിക്കുന്നത് എന്തുകൊണ്ട്?

5. ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു കൂട്ടി നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനു വനിതകളുടെ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിലെ സാംഗത്യം എന്താണ്?

6. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യങ്ങളായ സംഭാവന നല്‍കിയ ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ ഒഴിവാക്കി ഒരു വിഭാഗക്കാരെ മാത്രം ഉള്‍പ്പെടുത്തി  നടത്തുന്ന ഈ മതില്‍ നിര്‍മാണം സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിനു വഴി വയ്ക്കുകയില്ലേ?

7. ജനങ്ങളെ സാമുദായികമായി വേര്‍തിരിക്കുന്നതു കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയായ വര്‍ഗ്ഗസമരത്തിന് എതിരായ സ്വത്വരാഷ്ട്രീയ സിദ്ധാന്തത്തിന്റെ അംഗീകാരമല്ലേ?  

8. വനിതാ മതിലിനു സര്‍ക്കാരിന്റെ ഒരു പൈസ ചെലവാക്കില്ലെന്നു പുറത്തു പറയുകയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന പരിപാടി തന്നെയാണെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തു കൊണ്ട്? ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍നിന്നു നിര്‍ബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കാമോ?

9. ഔദ്യോഗിക മെഷീനറി ദുരുപയോഗപ്പെടുത്തുകയില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ തന്നെ വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു വകുപ്പ് മേധാവികള്‍ കീഴ്ഉദ്യോഗസ്ഥകള്‍ക്കു സര്‍ക്കുലര്‍ നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും കള്ളക്കളിയല്ലേ?

10. രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുവേണ്ടി, കേരളത്തിന്റെ സാമൂഹികഘടനയെ തകര്‍ത്ത് സമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച മുഖ്യമന്ത്രിയെന്ന് താങ്കളെക്കുറിച്ചു ചരിത്രം രേഖപ്പെടുത്തുമെന്നു താങ്കള്‍ എന്തുകൊണ്ടു മനസിലാക്കുന്നില്ല?

related stories