കൊച്ചി∙ മുത്തലാഖ് ബിൽ ഇതേ രീതിയിൽ പാസാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യോജിക്കാവുന്ന കക്ഷികളുടെയൊക്കെ പിന്തുണയോടെ ബില്ലിനെ എതിർക്കും. അണ്ണാ ഡിഎംകെ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണ നേടാൻ കഴിഞ്ഞു. ലോക്സഭയിലെ വോട്ടെടുപ്പു ബഹിഷ്കരിക്കാനായിരുന്നു പൊതുധാരണ. വോട്ടെടുപ്പിൽ പങ്കെടുത്തതു കൊണ്ടു കാര്യമില്ല എന്നതു പരിഗണിച്ചായിരുന്നു ബഹിഷ്കരണം. രാജ്യസഭയിൽ തീർച്ചയായും ബില്ലിനെ എതിർത്തു വോട്ടു ചെയ്യാനാണു തീരുമാനം.
മുത്തലാഖ് ബിൽ ചർച്ച ചെയ്ത ദിവസം മുസ്‌ലിം ലീഗ് േദശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിൽ എത്താതിരുന്നതിനെക്കുറിച്ച് അദ്ദേഹം മറുപടി നൽകും. അതെക്കുറിച്ചു തനിക്ക് അഭിപ്രായം പറയാനാകില്ല. വിശദീകരണം ചോദിച്ചത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ആഭ്യന്തര കാര്യമാണ്. എന്താണു വിശദീകരണമെന്നു തനിക്കറിയില്ല. പക്ഷേ, കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയിൽ എത്താതിരുന്നത്. സിപിഎം എംപിമാർ എല്ലാവരും ഉണ്ടായിരുന്നോ? കേരളത്തിൽനിന്നുള്ള സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുത്തില്ലല്ലോ?, അദ്ദേഹം ചോദിച്ചു.