യുഎസിന് കിട്ടിയത് വിവേചനവും വെറുപ്പും നിഘണ്ടുവിലില്ലാത്ത നേതാവിനെ
സ്വന്തം മകളുടെ പ്രതീകാത്മക ശവമഞ്ചവും പേറി ആക്രോശങ്ങളും വധഭീഷണിയുമായി ഇരമ്പിയാർത്ത ജനക്കൂട്ടത്തിനു നടുവിലൂടെയാണു ലൂസിയ ബ്രിഡ്ജസ് മകളുടെ കൈപിടിച്ച് ആ ക്ലാസ്മുറിയിലെത്തിയത് | Kamala Harris | Vice President | United States | kamala harris india | Manorama Online
സ്വന്തം മകളുടെ പ്രതീകാത്മക ശവമഞ്ചവും പേറി ആക്രോശങ്ങളും വധഭീഷണിയുമായി ഇരമ്പിയാർത്ത ജനക്കൂട്ടത്തിനു നടുവിലൂടെയാണു ലൂസിയ ബ്രിഡ്ജസ് മകളുടെ കൈപിടിച്ച് ആ ക്ലാസ്മുറിയിലെത്തിയത് | Kamala Harris | Vice President | United States | kamala harris india | Manorama Online
സ്വന്തം മകളുടെ പ്രതീകാത്മക ശവമഞ്ചവും പേറി ആക്രോശങ്ങളും വധഭീഷണിയുമായി ഇരമ്പിയാർത്ത ജനക്കൂട്ടത്തിനു നടുവിലൂടെയാണു ലൂസിയ ബ്രിഡ്ജസ് മകളുടെ കൈപിടിച്ച് ആ ക്ലാസ്മുറിയിലെത്തിയത് | Kamala Harris | Vice President | United States | kamala harris india | Manorama Online
സ്വന്തം മകളുടെ പ്രതീകാത്മക ശവമഞ്ചവും പേറി ആക്രോശങ്ങളും വധഭീഷണിയുമായി ഇരമ്പിയാർത്ത ജനക്കൂട്ടത്തിനു നടുവിലൂടെയാണു ലൂസിയ ബ്രിഡ്ജസ് മകളുടെ കൈപിടിച്ച് ആ ക്ലാസ്മുറിയിലെത്തിയത്. അന്ന് അവർ നടന്നുകയറിയത് വില്യം ഫ്രാന്റ്സ് എലമെന്ററി സ്കൂളിന്റെ പടിക്കെട്ടു മാത്രമായിരുന്നില്ല; വർണവെറിയുടെ ഇരുളിലായിരുന്ന അമേരിക്കയിൽ സമത്വത്തിന്റെ ആദ്യ വെളിച്ചമെത്തിച്ച ചരിത്രത്തിലേക്കു കൂടിയായിരുന്നു.
വെള്ളക്കാരുടെ മക്കൾക്കു മാത്രം പ്രവേശനമനുവദിച്ചിരുന്ന സ്കൂളിലേക്ക് വംശീയതയുടെ കട്ടിവര കടന്നു റൂബി ബ്രിഡ്ജസ് പ്രവേശിച്ചതിന്റെ അറുപതാം വാർഷികത്തിലാണ്, ആ ചരിത്രത്തിലേക്കു സ്വന്തം നിശ്ചയദാർഢ്യം കൊണ്ടു വാതിൽ തുറന്ന ലൂസിയ ബ്രിഡ്ജസ് വിടവാങ്ങിയ അതേ മാസത്തിലാണ് യുഎസ് ജനത കമല ഹാരിസിനെ രാജ്യത്തെ അധികാരത്തിന്റെ രണ്ടാം കസേരയിൽ അവരോധിച്ചത്. തിരിച്ചറിവുകളിലൂടെയും തിരുത്തലുകളിലൂടെയും ഒരു രാജ്യം അറുപതാണ്ടിൽ ആർജിച്ചെടുത്ത മാറ്റം!
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അമേരിക്കയിൽ ചൂടുപിടിച്ച ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ റാലികളിൽ തെളിഞ്ഞു കണ്ടിരുന്നു ന്യൂനപക്ഷങ്ങൾക്കും ന്യൂനപക്ഷ അനുകൂലികൾക്കുമിടയിൽ കമലയ്ക്കുള്ള സ്വീകാര്യത. ‘ഷി ഈസ് ഫോർ അസ്’ എന്നുറക്കെപ്പറഞ്ഞുകൊണ്ടിരുന്ന രണ്ടു യുവാക്കളുടെ ആത്മവിശ്വാസം മതി കമലയുടെ നിലപാടുകളറിയാൻ. ആ യുവാക്കൾ കറുത്ത വർഗക്കാരായിരുന്നു, സ്വവർഗ അനുരാഗികളും. വിവേചനമെന്നും വെറുപ്പെന്നും രണ്ടു വാക്കുകൾ നിഘണ്ടുവിലില്ലാത്ത നേതാവിനെയാണ് യുഎസിന് കിട്ടിയിരിക്കുന്നത്. എല്ലാവരുടെയും കമല!
നിറത്തിന്റെയും പാരമ്പര്യത്തിന്റെയും മുതൽ മധ്യവയസ്സിലെ പ്രണയത്തിന്റെയും അൻപതാം വയസ്സിലെ വിവാഹത്തിന്റെയും പേരിൽ വരെ അവഹേളിക്കാൻ ശ്രമിച്ചവരെയെല്ലാം തന്റെ കരുത്തുറ്റ ചിരികൊണ്ടു തളർത്തിക്കളഞ്ഞിട്ടുണ്ട് കമല. വിവാഹത്തിലൂടെ സത്യപ്രതിജ്ഞ ചെയ്ത് അടുക്കളയിൽ അധികാരമേറ്റെടുക്കേണ്ടവളാണു സ്ത്രീയെന്ന ‘ആഗോള പൊതുബോധ’ത്തിനും ആ ചിരി മറുപടിയാണ്. എത്രയെത്ര പെണ്ണുങ്ങൾക്കു വിലക്കുകളുടെ ചങ്ങലക്കെട്ടിനു പുറത്തുവരാൻ പുത്തൻ ഊർജമാകുന്ന ചിരി!
നവംബർ ഏഴിന് അർധരാത്രി, ജോ ബൈഡനൊപ്പം രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ കമല അമ്മയെ അനുസ്മരിച്ചിരുന്നു. ഈ വിജയ നിമിഷത്തിലേക്കു തന്നെ എത്തിച്ച അമ്മയുടെ ത്യാഗത്തെപ്പറ്റി. ശ്യാമള ഗോപാലൻ എന്ന തമിഴ്നാട്ടുകാരിയിലൂടെ ഇന്ത്യയിലേക്കു വന്നാൽ, ലോകത്തെ ഏറ്റവും കരുത്തുറ്റ അധികാരക്കസേരകളിലൊന്നിൽ ഒരിന്ത്യക്കാരി അവരോധിക്കപ്പെടുന്നതിലെ സന്തോഷത്തിലാണ് ഈ രാജ്യം. ലിംഗ സമത്വത്തിന്റെ കാര്യത്തിൽ ലോകത്തു 112–ാം റാങ്കിലുള്ള രാജ്യം. ദശലക്ഷക്കണക്കിനു പെൺകുഞ്ഞുങ്ങൾ ജനിച്ചുവീഴുമ്പോഴേ കൊലചെയ്യപ്പെടുന്ന രാജ്യം. ദിവസം നൂറിനടുത്തു പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന, കൗമാരത്തിലേ നിർബന്ധിത വിവാഹത്തിന്റെയും തുടർന്നു ജീവിതാന്ത്യത്തോളം ഗാർഹിക പീഡനത്തിന്റെയും ഇരയാകേണ്ടി വരുന്ന എണ്ണിയാലൊടുങ്ങാത്ത പെണ്ണുങ്ങളുടെ രാജ്യം. അപ്പോഴും, ഇതിനെയൊക്കെ അതിജീവിച്ച് ഭാവിയിലേക്കു പ്രതീക്ഷ പകരുന്ന സ്ത്രീമുന്നേറ്റങ്ങളുടെയും രാജ്യം.
റൂബി ബ്രിഡ്ജസിൽനിന്നു കമല ഹാരിസിലേക്ക് അമേരിക്കൻ ജനതയുടെ വളർച്ചപോലെ, പതിയെയെങ്കിലും നമ്മുടെ രാജ്യവും ഒപ്പം ലോകം മുഴുവനും മുന്നേറട്ടെയെന്ന് ആശിക്കാം. ലോകത്തോരോ കോണിലും വളർന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയം തുടച്ചുനീക്കാൻ ഒരു സ്ത്രീ, ഒരിന്ത്യക്കാരി, ഒരു രണ്ടാനമ്മ നിമിത്തമാകണമെന്നതു കാലത്തിന്റെ നിയോഗമാകാം; ഗ്യാസ് സിലിണ്ടർ ഉയർത്താനുള്ള കരുത്തല്ല, ലോകത്തെ നയിക്കാനും മാറ്റിയെടുക്കാനുമുള്ള പെൺകരുത്താണു ചർച്ചയാകേണ്ടതെന്നും.
തിരഞ്ഞെടുപ്പ് വിധി വന്ന ദിവസവും പിന്നീടു പലപ്പോഴും കമല ഹാരിസ് പറഞ്ഞ വാക്കുകളുണ്ട്; ‘‘പലയിടത്തും ഞാൻ ആദ്യത്തെയാളായിരിക്കാം. ഒരിക്കലും അവസാനത്തേതാവില്ല’’. ആഗോള ശക്തിയായ ഒരു രാജ്യത്തിന്റെ പരമോന്നത നേതാവായി, ലോകത്തെ ഏറ്റവും ശക്തയായ വനിതയായി കമല ഹാരിസ് അധികാരക്കസേരയിൽ അമർന്നിരുന്നു തുടങ്ങുന്ന ഈ പുലരി മാറ്റങ്ങളുടേതുമാകട്ടെ. ലോകമെങ്ങും കമലമാർ ഇനിയുമുണ്ടാകട്ടെ.
English Summary: About US Vice President Kamala Harris