ആരോഗ്യ പ്രവർത്തകർക്കും പറയാനുണ്ട്; ഈ നെഞ്ചിനകത്തെ കരച്ചിൽ ആര് കേൾക്കാൻ
ന്യൂഡൽഹി ∙ പ്രതിദിന മരണങ്ങൾ 400നു മുകളിൽ. ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നുള്ള എസ്ഒഎസ് സന്ദേശങ്ങൾ തുടർക്കഥ. ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെയും ഓക്സിജൻ ലഭിക്കാതെയും പലരും മരിക്കുന്നു. Delhi Covid Updates, Covid News, Covid Delhi, India Covid, India Covid Death, Covid challenge, Manorama News, Manorama Online.
ന്യൂഡൽഹി ∙ പ്രതിദിന മരണങ്ങൾ 400നു മുകളിൽ. ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നുള്ള എസ്ഒഎസ് സന്ദേശങ്ങൾ തുടർക്കഥ. ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെയും ഓക്സിജൻ ലഭിക്കാതെയും പലരും മരിക്കുന്നു. Delhi Covid Updates, Covid News, Covid Delhi, India Covid, India Covid Death, Covid challenge, Manorama News, Manorama Online.
ന്യൂഡൽഹി ∙ പ്രതിദിന മരണങ്ങൾ 400നു മുകളിൽ. ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നുള്ള എസ്ഒഎസ് സന്ദേശങ്ങൾ തുടർക്കഥ. ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെയും ഓക്സിജൻ ലഭിക്കാതെയും പലരും മരിക്കുന്നു. Delhi Covid Updates, Covid News, Covid Delhi, India Covid, India Covid Death, Covid challenge, Manorama News, Manorama Online.
ന്യൂഡൽഹി ∙ പ്രതിദിന മരണങ്ങൾ 400നു മുകളിൽ. ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നുള്ള എസ്ഒഎസ് സന്ദേശങ്ങൾ തുടർക്കഥ. ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെയും ഓക്സിജൻ ലഭിക്കാതെയും പലരും മരിക്കുന്നു. ഡൽഹിയിലെ ആരോഗ്യനില കടുത്ത പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധികളിൽ തീക്ഷ്ണമായി പോരാടുകയാണ് ആരോഗ്യപ്രവർത്തകർ.
ഡോക്ടർമാരും നഴ്സുമാരും ലാബ് ജീവനക്കാരും ഉൾപ്പെടുന്ന വിഭാഗം. കൺമുന്നിൽ പലരും മരിക്കുമ്പോഴും ആശങ്കപ്പെടാതെ ഇവർ ജോലികൾ തുടരുന്നു. രോഗം പിടിപെടുമെന്ന ആശങ്കയില്ലാതെ, സഹപ്രവർത്തകർ ഗുരുതരാവസ്ഥയിൽ കഴിയുന്നതിന്റെ വേദന പുറത്തുകാട്ടാതെ സേവനം തുടരുകയാണ്. ഇവരുടെ അനുഭവങ്ങളിലേക്ക്.
കൺമുന്നിൽ മരണം... മരവിച്ച് മനസ്സ്
കഴിഞ്ഞ ദിവസം രാത്രിയിൽ എമർജൻസി വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ളപ്പോഴാണ് 20 വയസു തോന്നിക്കുന്ന ചെറുപ്പക്കാരൻ എത്തിയത്. ആംബുലൻസിൽ പിതാവുണ്ടെന്നു പറഞ്ഞു. ചെന്നു നോക്കിയപ്പോൾ ഓക്സിജൻ സാച്ചുറേഷൻ നില 40നു താഴെ. ഞങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഒരു നിർവാഹവുമില്ല. മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. അപ്പോൾ ചെറുപ്പക്കാരൻ കരഞ്ഞു കൊണ്ടു ചോദിച്ചതിങ്ങനെയാണ് ‘കോവിഡ് ബാധിച്ചു മരിച്ച അമ്മ പിന്നിൽ മറ്റൊരു വാഹനത്തിലുണ്ട്. അമ്മയെ സംസ്കരിച്ച ശേഷം പിതാവിനെ ആശുപത്രിയിൽ എത്തിച്ചാൽ മതിയാകുമോ’. എന്തു മറുപടി പറയാനാണ്.
പിതാവിന് എത്രയും വേഗം അഡ്മിറ്റ് ചെയ്ത് ഓക്സിജൻ നൽകിയില്ലെങ്കിൽ അദ്ദേഹവും മരണപ്പെടും. പിതാവിനെ ഉടൻ ആശുപത്രിയിലാക്കാൻ പറഞ്ഞ് അവരെ അവിടെ നിന്നയച്ചു. ആശുപത്രികളും ആതുരസേവകരുമെല്ലാം നിസ്സഹായരാകുന്ന അവസ്ഥ.
ഇത് ഒരു ദിവസത്തെ അനുഭവമല്ല. കഴിഞ്ഞ ഏതാനും ദിവസമായി ഇതു തന്നെയാണു കൺമുന്നിൽ. ഞങ്ങളുടേത് കോവിഡ് ആശുപത്രിയായിരുന്നില്ല. ഡൽഹിയിലെ നില മോശമായപ്പോഴാണു കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്. ഇപ്പോൾ രണ്ടു നില മുഴുവൻ(ഏകദേശം 150 കിടക്ക) കോവിഡ് രോഗികൾ മാത്രം. ആദ്യം വാർത്തകളിൽ മാത്രമായിരുന്നു ഡൽഹിയിലെ അവസ്ഥ കണ്ടിരുന്നത്. എന്നാൽ എമർജൻസി ക്യാഷ്വൽറ്റിയിലേക്കു ഡ്യൂട്ടി മാറിയപ്പോഴാണു വാർത്തകളിൽ കാണുന്നതിനേക്കാൾ എത്രയോ ഭീകരമാണ് അവസ്ഥയെന്നു മനസ്സിലാകുന്നത്.
എമർജൻസി വാർഡിൽ ഡ്യൂട്ടി ആരംഭിച്ചു 5–10 മിനിറ്റിനുള്ളിൽ തന്നെ 3 പേരുടെ മരണം കൺമുന്നിൽ സംഭവിച്ചു. പെട്ടെന്ന് ഒന്നും മനസ്സിലായില്ല. കിടക്കയെല്ലാം നിറഞ്ഞിരിക്കുന്നു. ഓക്സിജൻ ആവശ്യത്തിനില്ല. രോഗികളുമായി ആംബുലൻസുകളെത്തുന്നു. ഓക്സിജൻ നില പരിശോധിക്കുമ്പോൾ 50നും 40നും താഴെ. ഇവിടെ കിടക്കിയില്ലെന്നും മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോകാനും പറയുമ്പോൾ 3–4 ആശുപത്രികളിൽ പോയിരുന്നുവെന്നും ഒരിടത്തും കിടക്ക ലഭിച്ചില്ലെന്നുമുള്ള മറുപടികൾ.
ഞങ്ങൾക്കറിയാം ഈ രോഗികൾക്ക് ആദ്യം നൽകേണ്ട മരുന്ന് ഓക്സിജനാണെന്ന്. വെന്റിലേറ്ററിലേക്ക് അടിയന്തരമായി മാറ്റണമെന്ന്. പക്ഷേ, എന്തു ചെയ്യാനാണ്. ആശുപത്രികളും ആതുരസേവകരും നിസ്സഹായരായി മാറുന്നു. ചില രോഗികൾ ഓക്സിജനുമായാണ് എത്തുന്നത്. എന്നാൽ പോലും അവരെ പ്രവേശിപ്പിക്കാനാവുന്നില്ല. എമർജൻസി ക്യാഷ്വൽറ്റിയിലെ ആദ്യ ഡ്യൂട്ടി ദിവസം 10 മണിക്കൂറിനിടെ 12 പേരുടെ മരണമാണു കൺമുന്നിൽ സംഭവിച്ചത്. ഡോക്ടറായി പരിശീലനം ആരംഭിച്ചു 10 മാസത്തിനിടെ ഇത്തരമൊരു അവസ്ഥ നേരിടുന്നത് ആദ്യം.
ചിലർ ആംബുലൻസിൽ തന്നെ മരിച്ചാകും എത്തുക. ചിലർ ക്യാഷ്വൽറ്റിയിൽ മരിക്കുന്നു... മറ്റു രോഗികളുടെ അവസ്ഥയും സങ്കടകരമാണ്. ആസ്മയും മറ്റു രോഗവും ബാധിച്ചെത്തുന്നവരുണ്ട്. ഇവർക്കു കോവിഡൊന്നും ഉണ്ടാകില്ല. പക്ഷേ, അവരെപ്പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ല. ചെറുപ്പക്കാർ നിസ്സഹായരായി നമ്മുടെ മുന്നിൽ കൈകൂപ്പുകയാണ്.
ഇവർക്കു പണമുണ്ട്, ശമ്പളമുണ്ട്. പക്ഷേ, ആശുപത്രിയിൽ ഒരു കിടക്ക പോലും ലഭിക്കുന്നില്ല. എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഒരു കിടക്ക തയാറാക്കും. നിലത്തു കിടത്തിയാണെങ്കിലും അടിയന്തര ചികിത്സ നൽകും. പക്ഷേ, ഇതിനെല്ലാം പരിധിയുണ്ട്.
ഇന്നലെ രാത്രി ഓക്സിജൻ നില 50നു താഴെയുള്ള ഒരാളെത്തി. വാഹനത്തിലാണ്. ഉടൻ ഓക്സിജൻ നൽകണം. ആശുപത്രിയിൽ കിടക്കയില്ല. രോഗിയുടെ വീട്ടിൽ കുട്ടികളും മറ്റും ഉള്ളതിനാൽ അവിടേക്കു പോകാൻ പറ്റില്ല. മറ്റ് ആശുപത്രികളിൽ വിളിച്ചു നോക്കിയെങ്കിലും ഒരിടത്തും കിടക്കയില്ല. 2 മണിക്കൂർ കഴിഞ്ഞും അവർ ആശുപത്രിക്കു മുന്നിൽ കാത്തുനിൽക്കുകയാണ്.
നാട്ടിൽ എല്ലാവർക്കും പേടിയുണ്ട്. നമുക്കു രോഗം വരുമോ എന്ന ആശങ്ക. ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് വിഭാഗത്തിലാണ് ഇന്റേൺഷിപ്പ് ചെയ്യുന്നത്. അതിനാൽ ശമ്പളമോ പ്രതിഫലമോ ഒന്നുമില്ല. രോഗം പിടിപെട്ടാൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോലും ഒരു കിടക്ക ലഭിക്കുമെന്ന ഉറപ്പുമില്ല. എങ്കിലും ഇതു നമ്മുടെ കടമയാണ്. അതു ചെയ്തേ പറ്റൂ. ഞങ്ങളാലാവും വിധം.
ഡോ. വിപിൻ സൂസനായഗം (റസിഡന്റ് ഡോക്ടർ, ഇഎസ്ഐ ആശുപത്രി ബസായ് ധാരാപുർ)
ഹോംനഴ്സുമാർക്ക് എന്ത് സുരക്ഷ?
കഴിഞ്ഞ നവംബർ മുതൽ കോവിഡ് ബാധിതരെ പരിചരിക്കാനാണു വീടുകളിലേക്കു വിളിക്കുന്നത്. ഓരോ തവണയും രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നോർക്കണം. ആശുപത്രികളിൽ കൃത്യമായ സാനിറ്റേഷനുണ്ട്. വീടുകളിലോ?
രോഗികൾ എവിടെയൊക്കെ സ്പർശിച്ചു. അവിടെ നിന്നു നമുക്കു രോഗം പിടിപെടുമോ ഇങ്ങനെ പല ആശങ്കയുണ്ടെങ്കിലും രോഗികളുടെ കാര്യത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. സൗത്ത് എക്സ്റ്റൻഷനിലെ വയോധികരായ ദമ്പതികൾക്കൊപ്പമായിരുന്നു കഴിഞ്ഞ 10 ദിവസത്തോളം. ഭർത്താവിനു രോഗം മൂർച്ഛിച്ചതോടെ ആദ്യം ആശുപത്രിയിലേക്കു മാറ്റി. പിന്നീട് ഭാര്യയെയും. ഇവരുടെ ജോലിക്കാരിക്കും രോഗം ബാധിച്ചിരുന്നു. മക്കളെല്ലാം മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നവർ. ആർക്കും വീട്ടിലേക്കു വരാനാവില്ല. ഭക്ഷണം പോലും പുറത്തു നിന്നു വരുത്തേണ്ടി വന്നു. മരുന്നും മറ്റ് ആവശ്യമുള്ളതുമെല്ലാം കൃത്യ സമയത്ത് തന്നെ വീട്ടിൽ ലഭിച്ചിരുന്നു.
ഏജൻസി വഴിയാണു ജോലിക്കു വിളിക്കുന്നത്. ചിലർ പറ്റിക്കാറുണ്ട്. ഒപ്പമുള്ള മറ്റു പല നഴ്സുമാരും അത്തരം അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. പ്രതിഫലം 2–3 ദിവസം കഴിഞ്ഞു നൽകാമെന്നു പറയും. അതു പലപ്പോഴും കിട്ടില്ല. ഏജൻസി വഴിയാണെങ്കിൽ പറ്റിക്കാനുള്ള സാധ്യത കുറവാണ്. നമ്മുടെ ആരോഗ്യം പോലും വകവയ്ക്കാതെ ജോലി ചെയ്യുമ്പോഴാണ് ഇത്തരം അനുഭവമെന്ന് ഓർമിക്കണം.
പ്രായമായവരെ പരിചരിക്കാനാണു കൂടുതലും ഇപ്പോൾ ക്ഷണിക്കുന്നത്. അവർക്കാണു രോഗം പെട്ടെന്നു പിടിപെടുക. ചെറുപ്പക്കാർക്ക് അൽപം കൂടി ആരോഗ്യമുണ്ടാകാം. വീടുകളിലാണെങ്കിലും 24 മണിക്കൂറും അവരുടെ നില പരിശോധിക്കണം. ഓക്സിജൻ നില നോക്കണം, ഭക്ഷണം നൽകണം. വിളിപ്പുറത്തുണ്ടാകണം. ഒരു കുടുംബത്തെപ്പോലെയാണ് നമ്മൾ പലപ്പോഴും. അതുകൊണ്ടു തന്നെ ഇവരെ ആശുപത്രിയിലേക്കു മാറ്റിയാലും കാര്യങ്ങൾ വിളിച്ചന്വേഷിക്കും.
പല കോവിഡ് ബാധിതരുടെയും നില മോശമാകാൻ കാരണങ്ങളിലൊന്നു പേടികൂടിയാണ്. അത്തരം വാർത്തകളാണ് ചുറ്റുപാടു നിന്നു കേൾക്കുന്നത്. ആശങ്കപ്പെടേണ്ട, വേഗം സുഖമാകുമെന്നൊക്ക പറഞ്ഞാലും അവർക്ക് റിലാക്സ് ചെയ്യാൻ സാധിക്കില്ല. അതു ഓക്സിജൻ നില താഴാൻ കാരണമാകും. വേഗം സുഖമാകുമെന്നു കരുതിയ പലരും നില മോശമായി ആശുപത്രിയിലാക്കുന്നതു കാണ്ടേണ്ടി വന്നിട്ടുണ്ട്.
ജാക്വലിൻ ജോസഫ് (ഹോം നഴ്സ്, സരിത വിഹാർ)
വിശ്രമമില്ലാതെ ജോലി; തളരുന്നു
1500 കിടക്കയുള്ള ആശുപത്രി. ദിവസങ്ങളായി ഇതിൽ ഒരു കിടക്ക പോലും ഒഴിവില്ല. മെഡിക്കൽ ബ്ലോക്കിലും ഐസിയുവിലും കിടക്ക ഒഴിയുമ്പോൾ പുതിയ രോഗികളെത്തുന്നു. വിശ്രമമില്ലാത്ത ജോലിയുടെ ദിവസങ്ങൾ. നമ്മളാലാവുംവിധം പരിചരണം നൽകുന്നുണ്ടെങ്കിലും മരണം കൺമുന്നിൽ സംഭവിക്കുകയാണ്.
മെഡിക്കൽ വാർഡിൽ 40 കിടക്കയുള്ള കോവിഡ് വാർഡിലാണ് ആഴ്ചകളായി ഡ്യൂട്ടി. രാവിലെ 8നു ഡ്യൂട്ടിക്കു കയറിയാൽ ഉച്ചയ്ക്കു 2 വരെയുള്ള സമയത്ത് വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. 40 കിടക്കയുള്ള വാർഡിൽ 30 എണ്ണത്തിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനമുണ്ട്. 10 എണ്ണത്തിൽ ഓക്സിജൻ സിലിണ്ടറിലും. 2 നഴ്സുമാർക്കാണ് ഒരു വാർഡിലെ ഡ്യൂട്ടി. രോഗികൾക്ക് ഇൻജക്‌ഷൻ എടുത്തു തീരുമ്പോൾ തന്നെ 1.30–2 മണിക്കൂർ കഴിയും. സിലിണ്ടർ ഓക്സിജനുള്ള കിടക്കയിൽ അതിന്റെ പ്രവർത്തനം നോക്കണം. പലർക്കും മരുന്നുകൾ നൽകണം. രോഗികളുടെ പ്രാഥമിക കൃത്യങ്ങൾക്കു സഹായിക്കണം. ചില രോഗികൾ അബോധാവസ്ഥയിലാകും. ഇവർ ഓക്സിജൻ മാസ്കൊക്കെ തട്ടിക്കളയും. ഇതു ക്രമീകരിക്കണം. രോഗികളെ ഭക്ഷണം കഴിക്കാൻ സഹായിക്കണം. ഇതിനെല്ലാം രണ്ടു പേർ. ഓർക്കണം ഡൽഹിയിലെ കനത്ത ചൂടിൽ പിപിഇ കിറ്റും ഇട്ടാണ് ഈ ജോലികളെല്ലാം ചെയ്യുന്നത്.
ഓരോ ഷിഫ്റ്റിലും ഒന്നോ രണ്ടോ രോഗികളുടെ മരണം സംഭവിക്കുന്നു. ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞാൽ അതിന്റെ ഡോക്യുമെന്റേഷൻ നമ്മുടെ ജോലിയാണ്. ബന്ധുക്കളെയും പൊലീസിനെയും അറിയിക്കണം. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് അയയ്ക്കാൻ വേണ്ട ക്രമീകരണം ഒരുക്കണം. ഇങ്ങനെ പല ജോലികളുമുണ്ട്. ഇപ്പോൾ വരുന്ന പല കോവിഡ് രോഗികളെയും ന്യുമോണിയ ബാധിക്കുന്നതാണു മരണകാരണമാകുന്നത്.
ഏറെ വേദനിപ്പിക്കുന്ന ചില അനുഭവങ്ങളുണ്ട്. രാവിലെ റൗണ്ട്സിനു പോകുമ്പോൾ മികച്ച പുരോഗതി കാട്ടുന്ന പല രോഗികളും ഉച്ചകഴിയുമ്പോൾ ഗുരുതരാവസ്ഥയിലെത്തി മരണം സംഭവിക്കുന്നു. ഇന്നു രാവിലെ രോഗം കുറഞ്ഞു നമ്മളോടു സംസാരിച്ച പല രോഗികളും മരിച്ചുവെന്ന വാർത്ത പിറ്റേന്നു രാവിലെ ഷിഫ്റ്റിനെത്തുമ്പോൾ കേൾക്കേണ്ടി വരുന്നു. ഇന്നലെയും അത്തരമൊരു അനുഭവമുണ്ടായി. രാവിലെ ഒരു രോഗിയെ കണ്ടു സംസാരിച്ചു. അൽപം മെച്ചപ്പെട്ട നിലയിലുള്ള അദ്ദേഹത്തെ ശുചിമുറിയിൽ പോകാൻ സഹായിച്ചു. വെള്ളം കൊടുത്തു. രാവിലെത്തെ മരുന്നു നൽകി. കുറച്ചു സമയത്തിനുശേഷം ഇൻജക്‌ഷൻ നൽകാനെത്തിയപ്പോൾ മരിച്ചുവെന്ന വാർത്തയാണ് കേട്ടത്. തകർന്നുപോകും ഇത്തരം സന്ദർഭങ്ങളിൽ.
ആശുപത്രിയിലെ നഴ്സുമാരുടെയും ഡോക്ടർമാരുടെയും പരിചയക്കാരോ ബന്ധുക്കളോ രോഗികളായി വാർഡിലുണ്ടാകും. ഇവരുടെ ബന്ധുക്കൾ പലപ്പോഴും നമ്മളെയാണു ഫോണിൽ വിവരമറിയാൻ ബന്ധപ്പെടുക. ഇവരെ ആശ്വസിപ്പിക്കേണ്ട കടമയുണ്ട്. ഇതിനിടെ മലയാളികൾ ഉൾപ്പെടെ പലരും കിടക്ക തേടി വിളിക്കാറുണ്ട്. പക്ഷേ കൈമലർത്തേണ്ടി വരുന്നു. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. റമസാൻ മാസമായതിനാൽ ആദ്യ ദിവസങ്ങളിൽ നോമ്പ് എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ 2–3 മണിക്കൂർ പിപിഇ കിറ്റിട്ട് ഡൽഹിയിലെ കാലാവസ്ഥയിൽ ജോലി ചെയ്തു കഴിയുമ്പോൾ ശരീരത്തിലെ വെള്ളമെല്ലാം നഷ്ടപ്പെട്ട അവസ്ഥയാകും. ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് ഇപ്പോൾ നോമ്പ് എടുക്കുന്നത് നിർത്തി.
ഭാര്യ ഗർഭിണിയാണ്. ഈ മാസമാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. മേയിൽ നാട്ടിൽ പോകാമെന്ന് ആലോചിച്ചിരുന്നതാണ്. അപ്പോഴാണു വീണ്ടും കോവിഡ് പിടിമുറുക്കിയത്.
മുസമ്മിൽ ഗഫൂർ (നഴ്സിങ് ഓഫിസർ, എൽഎൻജെപി ആശുപത്രി)
എന്തു പറഞ്ഞ് ആശ്വസിപ്പിക്കാൻ?
പ്രസവ വാർഡിലാണു കുറച്ചുനാളായി സേവനം ചെയ്യുന്നത്. ഇവിടെ പ്രവേശിപ്പിക്കുന്നവർ പലർക്കും പിന്നീട് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഓപ്പറേഷൻ കഴിഞ്ഞ ഒരു രോഗിക്കു പനിയുണ്ടായി. പിറ്റേന്നു ഡോക്ടർ റൗണ്ട്സിനു വന്ന ശേഷമാണു ടെസ്റ്റ് നടത്തിയത്. അപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്പെഷൽ അല്ലാത്ത വാർഡിൽ ബന്ധുക്കളും മറ്റും വരാറുണ്ട്. അങ്ങനെ പടർന്നതാകാമെന്നാണു കരുതുന്നത്.
ഇത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ചാൽ സൂപ്പർ സ്പെഷൽറ്റി വാർഡിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ പല സംഭവങ്ങൾ.
ആശുപത്രിയിലാണു ജോലി ചെയ്യുന്നത് എന്നതിനാൽ പലരും ആവശ്യങ്ങളുമായി ബന്ധപ്പെടാറുണ്ട്. ഓക്സിജൻ ആവശ്യമുണ്ട്, വെന്റിലേറ്റർ ഒഴിവുണ്ടോ തുടങ്ങിയ ആവശ്യങ്ങൾ. വെന്റിലേറ്ററിലും ഐസിയുവിലും ആളൊഴിവില്ലെന്നതാണു വാസ്തവം. ഓക്സിജൻ പ്രതിസന്ധി നേരിടുന്നവർക്കു ചില വ്യായാമങ്ങൾ പറഞ്ഞു നൽകും. കിടന്നു ചെയ്യാവുന്ന ചിലത്. മാനസികമായി പിന്തുണ നൽകാൻ മാത്രമാണു നമുക്കു സാധിക്കുക. പേടിക്കേണ്ട കാര്യമില്ല, വേഗം സുഖപ്പെടുമെന്നൊക്കെ പറഞ്ഞ് ചില മരുന്നുകൾ ഉപദേശിക്കും. നമ്മുടെ മുന്നിൽ മറ്റു മാർഗമില്ല.
ഗൈനക് വാർഡിൽ ഒപ്പം ജോലി ചെയ്യുന്ന പലർക്കും രോഗം ബാധിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ എനിക്കു കോവിഡ് വന്നിരുന്നു. 47 കിടക്കയുള്ള വാർഡാണ്. കഴിഞ്ഞ ദിവസം ഒപ്പം ജോലി ചെയ്യുന്ന ഒരു അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ടിന്റെ സഹോദരിയും സഹോദരനും കോവിഡ് ബാധിച്ചു മരിച്ചു. എങ്ങനെ ആശ്വസിപ്പിക്കാനാണ് ഇവരെയൊക്കെ.
വാർഡിൽ രോഗികൾ കുറവായതിനാൽ ജോലി മാനേജ് ചെയ്യാൻ സാധിക്കുന്നുണ്ട്. കൂടെയുള്ള കുട്ടികൾക്ക് അതനുസരിച്ചാണ് ജോലി നൽകുന്നതും. ഡോക്ടർമാരും ആശുപത്രി അധികൃതരുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ടെന്നതാണ് ആശ്വാസം.
കത്രീനാമ്മ സജി (സീനിയർ നഴ്സിങ് ഓഫിസർ, സഫ്ദർജങ് ആശുപത്രി)
ഇത് നമ്മുടെ അശ്രദ്ധയുടെ ഫലം; ഇനിയെങ്കിലും ജാഗ്രത പാലിച്ചേ മതിയാകൂ
ആതുരസേവന മേഖലയിൽ 25 വർഷമായി. പല പകർച്ചവ്യാധികൾ കണ്ടു. പല അനുഭവങ്ങളുമുണ്ടായി. എന്നാൽ ഏതാനും ദിവസങ്ങളായി നേരിടുന്ന അനുഭവങ്ങൾ, ഒരു മഹാമാരി വരുത്തിവച്ച ആഘാതം മുൻപൊരിക്കലുമുണ്ടായിട്ടില്ല.
കോവിഡിന്റെ രണ്ടാം വരവ് കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. എങ്കിലും ചെറുപ്പക്കാർ ഉൾപ്പെടെ ഒട്ടേറെരോഗികൾ ദിനംപ്രതി ഓരോ ഷിഫ്റ്റിലും പ്രാണൻ വെടിയുന്നു. ഹൃദയം നുറുക്കുന്ന കാഴ്ചയാണെങ്കിലും മരവിച്ച മനസ്സോടെ ഞങ്ങൾ ജോലികൾ ചെയ്യുകയാണ്.
രണ്ടാം വരവിന്റെ ആദ്യദിവസങ്ങളിൽ കുറച്ചു സമയം ഓക്സിജൻ ക്ഷാമം നേരിട്ടെങ്കിലും ബാക്കിയെല്ലാ ചികിത്സയും സുരക്ഷാ ഉപകരണങ്ങളും ജീവൻ നിലനിർത്താനുള്ള സകല മാർഗവും ഞാൻ ജോലി ചെയ്യുന്ന ഇഎസ്ഐസി ആശുപത്രി ഉറപ്പാക്കുന്നുണ്ട്. സപ്ലൈ ഇല്ലാത്ത മരുന്നുകളും മറ്റു സാധനങ്ങളും പുറത്തു നിന്നു വാങ്ങി രോഗികളുടെ ജീവൻ നിലനിർത്താൻ അധികൃതർ പൂർണ പിന്തുണ നൽകുന്നുവെന്നതാണ് ആശ്വാസം. പിപിഇ കിറ്റ് ഇട്ട് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാനാവില്ല. വിയർത്ത് ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെട്ടുന്നു. മൃദുലമായി സംസാരിച്ചിരുന്നവർ ശബ്ദമുയർത്തുന്നു. മാനസിക പിരിമുറുക്കം കൂടി. ജനങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ചയാണു രണ്ടാം വരവ് ഇത്ര ശക്തമാകാൻ കാരണം. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു. സമ്പർക്കത്തിലൂടെ രോഗം വേഗം പടരുമെന്നറിഞ്ഞിട്ടും ഇപ്പോഴും നിർദേശങ്ങൾ ലംഘിക്കുന്നു.
അശ്വതി ജോസ് (സീനിയർ നഴ്സങ് ഓഫിസർ, രോഹിണി ഇഎസ്ഐസി ആശുപത്രി)
English Summary: The biggest Covid challenge now for India: delhi health workers shares Their experience