‘സന്നദ്ധ മറവിൽ ക്വട്ടേഷൻ ഇല്ല; എന്നെ പുകഴ്ത്തി പാർട്ടിക്കു നേരെ അക്രമം വേണ്ട’
അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് തകർച്ചയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് കേരളത്തിലും കോൺഗ്രസിന് ഉണ്ടായത്. ഈ സാഹചര്യത്തിൽ സുധാകരൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണ്. സിപിഎമ്മാണ് മുഖ്യശത്രു എന്ന് സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസും ബിജെപിയും ആയുള്ള...P Jayarajan CPM, CPM, CPM Kerala leaders, Kannur CPM leaders
അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് തകർച്ചയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് കേരളത്തിലും കോൺഗ്രസിന് ഉണ്ടായത്. ഈ സാഹചര്യത്തിൽ സുധാകരൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണ്. സിപിഎമ്മാണ് മുഖ്യശത്രു എന്ന് സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസും ബിജെപിയും ആയുള്ള...P Jayarajan CPM, CPM, CPM Kerala leaders, Kannur CPM leaders
അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് തകർച്ചയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് കേരളത്തിലും കോൺഗ്രസിന് ഉണ്ടായത്. ഈ സാഹചര്യത്തിൽ സുധാകരൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണ്. സിപിഎമ്മാണ് മുഖ്യശത്രു എന്ന് സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസും ബിജെപിയും ആയുള്ള...P Jayarajan CPM, CPM, CPM Kerala leaders, Kannur CPM leaders
ക്വട്ടേഷൻ സംഘാംഗങ്ങളും സിപിഎമ്മും തമ്മിലുള്ള ബന്ധം എങ്ങും ചർച്ച ചെയ്യപ്പെടുമ്പോൾ പി.ജയരാജന് എന്താണ് പറയാനുള്ളത് എന്നതു രാഷ്ട്രീയകേരളം കാതോർക്കുന്ന കാര്യമാണ്. കണ്ണൂർ രാഷ്ട്രീയത്തിലെ ഈ ശക്തനായ നേതാവിനെതിരെ ഇതിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉന്നയിക്കുന്നവരുണ്ട്. ‘പി.ജെ.ആർമി’യുടെ പേര് ‘റെഡ് ആർമി’ എന്ന് പാർട്ടി ഇടപെട്ട് തിരുത്തിയത് ജയരാജനുള്ള തിരുത്തൽ കൂടിയാണെന്ന് വാദിക്കുന്നവരുമുണ്ട്.
വ്യക്തിപൂജയെ പ്രോത്സാഹിച്ചുവെന്ന പേരിലും അദ്ദേഹം സിപിഎമ്മിന്റെ പരിശോധനകൾക്കു വിധേയനാണ്. ഇതൊക്കെയെങ്കിലും കണ്ണൂരിൽ പി.ജയരാജൻ എന്നാൽ പാർട്ടി പ്രവർത്തകർക്ക് വികാരവുമാണ്. ഉയരുന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും പി.ജയരാജന് എന്താണ് മറുപടി പറയാനുള്ളത്? ക്രോസ് ഫയറിൽ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ദീർഘമായി സംസാരിക്കാൻ ജയരാജൻ തയാറായി.
കണ്ണൂർ ജില്ലാ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നു താങ്കൾ. വടകര ലോക്സഭാ സീറ്റിലെ തോൽവിക്കുശേഷം പക്ഷേ അൽപം ‘ലോ പ്രൈഫൈലിലും’ നേതൃത്വവുമായി അകൽച്ചയിലുമാണ് എന്നെല്ലാം വിചാരിക്കുന്നവരുണ്ട്, അത്തരം സൂചനകളുള്ള വാർത്തകളും വരുന്നുണ്ട്. എന്താണ് പറയാനുള്ളത്?
അതു തെറ്റായ പ്രചാരണമാണ്. പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബോധപൂർവം നടത്തുന്ന ശ്രമമാണ് അതിനു പിന്നിൽ. സിപിഎമ്മിനെതിരെ ഇത്തരം അപവാദപ്രചാരണം എക്കാലത്തുമുണ്ട്. ഇഎംഎസും എകെജിയും പ്രത്യേക ഗ്രൂപ്പിന്റെ ആളുകളാണ് എന്ന് വലതുപക്ഷ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. അത്തരം പ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് എനിക്കെതിരെ നടക്കുന്നത്.
വടകരയിൽ ഞാൻ പരാജയപ്പെട്ടു എന്നതു ശരിയാണ്. സ്ഥാനാർഥി ആയപ്പോൾ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഞാൻ ഒഴിവാകണമെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. അതനുസരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും ഉള്ള ചുമതലകൾ ഞാൻ നിർവഹിക്കുന്നുണ്ട്. താങ്കൾ ചോദിച്ചതു പോലെ അതിൽ ഒരു ‘ലോ പ്രോഫൈൽ’ ഒന്നുമില്ല. എന്താണോ പാർട്ടി ഏൽപ്പിക്കുന്ന ചുമതല അതു ഭംഗിയായി നിർവഹിക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ താങ്കൾ മത്സരിക്കുമെന്നു കരുതിയവരുണ്ട്. സമൂഹമാധ്യമങ്ങളിൽ കൂടി അങ്ങനെ ഒരു പ്രചാരണം നടക്കുകയും സീറ്റ് കിട്ടാതെ വന്നപ്പോൾ പ്രതിഷേധ സൂചനകൾ അവിടെ ഉയരുകയും ചെയ്തു. വ്യക്തിപരമായി മത്സര സാധ്യത കരുതിയിരുന്നോ?
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സംബന്ധിച്ച ഞങ്ങളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതു പാർട്ടി സംസ്ഥാന കമ്മിറ്റിയാണ്. ആ മാനദണ്ഡങ്ങൾ അംഗീകരിച്ച പാർട്ടി പ്രവർത്തകനാണ് ഞാൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടെന്നായിരുന്നു സംസ്ഥാന കമ്മിറ്റി തീരുമാനം. ആ മാനദണ്ഡം ശരിയാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് സ്ഥാനാർഥി ആക്കാത്തതിൽ ഒരു പരാതിയും എനിക്കില്ല.
ഒരു പാർട്ടി പ്രവർത്തകൻ എതു ചുമതല നിർവഹിക്കണം എന്നു ബന്ധപ്പെട്ട ഘടകമാണ് തീരുമാനിക്കുന്നത്. നിയമസഭാ പ്രവർത്തനം വേണോ സംഘടനാ പ്രവർത്തനം വേണോ എന്നെല്ലാം പാർട്ടിയാണ് തീരുമാനിക്കുന്നത്. ഞാനും അതനുസരിച്ചാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നത്.
മാനദണ്ഡത്തിന്റെ പേരിൽ താങ്കളെ ഒഴിവാക്കിയപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എം.ബി. രാജേഷും വി.എൻ. വാസവനും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയല്ലോ. താങ്കളോട് മറ്റൊരു നീതി എന്ന സമീപനമല്ലേ അതിൽ ഉള്ളത്?
അവരുടെ കാര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി നൽകിയ ഇളവ് ആണല്ലോ. സ്വഭാവികമായും അതിനിടയാക്കിയ സാഹചര്യങ്ങൾ പാർട്ടിക്ക് അകത്ത് പരിശോധിച്ചു തീരുമാനിച്ചു കഴിഞ്ഞാൽ ആ തീരുമാനം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥമാണ്.
കണ്ണൂരിൽനിന്നുതന്നെ ഉള്ള കെ. സുധാകരൻ കെപിസിസി പ്രസിഡന്റായി. വളരെ അടുത്തുനിന്നു വീക്ഷിച്ചിട്ടുള്ള രാഷ്ട്രീയ എതിരാളി എന്ന നിലയിൽ സുധാകരനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
കോൺഗ്രസിന്റെ അണികൾക്കിടയിൽ തെറ്റായ ഒരു പ്രതീതി ഉണ്ടാക്കി നേതൃസ്ഥാനത്തേക്കു വന്ന ഒരു കോൺഗ്രസ് പ്രവർത്തകനാണ് കെ. സുധാകരൻ. കെപിസിസി പ്രസിഡന്റായതോടെ ആദ്യം അദ്ദേഹം അവകാശപ്പെട്ടത് 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യം തനിക്കുണ്ടെന്നാണ്. അത് ഒന്നാം നമ്പർ ബഡായിയാണ്. കാരണം അദ്ദേഹം 18 വർഷക്കാലം കോൺഗ്രസിനു വെളിയിലായിരുന്നു.
ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് അദ്ദേഹം പ്രസംഗിച്ചത് നല്ല ഓർമയുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഞാൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ആ അവസരത്തിൽ അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ സംരക്ഷണത്തിനായി ഒരു വിദ്യാർഥി സമിതി പ്രവർത്തിച്ചിരുന്നു. അതിന്റെ ഭാഗമായ എൻഎസ്ഒയുടെ നേതാവായിരുന്നു സുധാകരൻ. ആ നിലയിൽ കണ്ണൂരിൽ പാർട്ടിയുടെ അഴീക്കോടൻ മന്ദിരത്തിലെ യോഗത്തിൽ അടക്കം അദ്ദേഹം ഞങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്.
സിപിഎമ്മിനെതിരെ എല്ലാ കാലത്തും പോരാടിയിട്ടുണ്ട് എന്നാണ് അദ്ദേഹം ആവർത്തിച്ച് അവകാശപ്പെടുന്നത്. സിപിഎമ്മിന്റെ പാർട്ടി ഓഫിസിൽ ഞങ്ങൾക്കൊപ്പം ഇരുന്ന കാര്യമാണ് ഞാൻ ഓർമിപ്പിച്ചത്. കോൺഗ്രസിനെതിരെ ഒട്ടേറെ പ്രസംഗങ്ങൾ നടത്തുകയും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് സുധാകരൻ. പക്ഷേ അണികൾക്കിടയിൽ തെറ്റായ അവബോധം സൃഷ്ടിക്കാനായി ഒട്ടേറെ നുണകൾ അദ്ദേഹം പറയുന്നു.
തലശ്ശേരി ബ്രണ്ണൻ കോളജിൽ പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തി എന്ന് ഇതിനു മുൻപും പല കോൺഗ്രസ് നേതാക്കന്മാരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്കു വന്നവർ പറഞ്ഞ് അദ്ദേഹത്തിന്റെ ഈ വീരവാദങ്ങൾ ഞങ്ങളും കേട്ടിട്ടുണ്ട് എന്നായിരുന്നു. ഒറ്റ വാചകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറഞ്ഞാൽ ‘ബഡായി രാമൻ’ എന്നാകും ഞാൻ പറയുക.
കണ്ണൂരിൽ സിപിഎമ്മിനെ ചെറുത്തു നിന്ന നേതാവ് എന്ന പരിവേഷവുമായി സുധാകരൻ കോൺഗ്രസിന്റെ അമരത്തേക്കു വരുമ്പോൾ അത് ആ പാർട്ടിക്ക് ഉണർവു നൽകിയെന്ന വിലയിരുത്തലുണ്ടല്ലോ?
അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് തകർച്ചയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് കേരളത്തിലും കോൺഗ്രസിന് ഉണ്ടായത്. ഈ സാഹചര്യത്തിൽ സുധാകരൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണ്. സിപിഎമ്മാണ് മുഖ്യശത്രു എന്ന് സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസും ബിജെപിയും ആയുള്ള അദ്ദേഹത്തിന്റെ മുൻകാല ബന്ധം ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണ്. കോൺഗ്രസിൽ നെഹ്‌റുവിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർ അത് അംഗീകരിക്കില്ല. സുധാകരന്റെ ഏകാധിപത്യശൈലിയും ക്രിമിനൽ സ്വഭാവവും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലേക്കേ നയിക്കൂ.
രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് ഉണ്ടായശേഷം വന്ന വാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്കെതിരെ താങ്കൾ പ്രതിഷേധം പ്രകടിപ്പിച്ചു. അതിൽ പാർട്ടി ബന്ധമുള്ളവർക്കെതിരെ സിപിഎം നടപടി എടുത്തിരുന്നുവെന്ന് വ്യക്തമാക്കി. തട്ടിപ്പുകാരായ ഇത്തരം കേഡർമാരെ മുൻകൂട്ടി മനസ്സിലാക്കുന്നതിലും തിരുത്തുന്നതിലും പാർട്ടി ഘടകങ്ങൾക്ക് വീഴ്ച സംഭവിക്കുന്നില്ലേ?
ഒരാൾ ജനിച്ചു വളരുന്ന ഒരു ഘട്ടത്തിൽ അയാൾക്ക് വഴിതെറ്റി. അതിന്റെ പേരിൽ രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്നത് പ്രാകൃതശൈലിയാണ്. അതാണ് വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും സിപിഎമ്മിനെതിരെ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. സ്വർണക്കടത്തിൽ ഏർപ്പെട്ടവർക്കു മുൻപ് സിപിഎമ്മുമായി ബന്ധം ഉണ്ടായിരുന്നെങ്കിൽ അക്കാര്യത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? അവർ ഏതോ സാഹചര്യത്തിൽ സിപിഎമ്മിന്റെ ഭാഗമായിരുന്നു. അങ്ങനെ ഉണ്ടായ ഘട്ടത്തിൽ അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പറയാം. ഇപ്പോൾ ഉയരുന്ന പല പേരുകളും വർഷങ്ങൾക്കു മുൻപ് പാർട്ടി ബന്ധം അവസാനിപ്പിച്ചതാണ്. അവർ തെറ്റു ചെയ്തപ്പോൾ ആ തെറ്റിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഎം. അങ്ങനെ ഉള്ളവരെ പൊറുപ്പിക്കാത്ത പാർട്ടിയാണ് സിപിഎം എന്ന് നിങ്ങളെ പോലെയുള്ള മാധ്യമങ്ങൾ പറയുന്നില്ല.
മറുവശത്ത് കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയാണ്. 2013ൽ മെട്രോ മനോരമ ‘ഖദറിട്ട പ്രമുഖന്റെ ഗുണ്ടാരാജ്’ എന്ന തലക്കെട്ടിൽ കോൺഗ്രസ് – ആർഎസ്എസ് ബന്ധമുള്ളവരുടെ ക്രൂരമായ ഗുണ്ടാ പ്രവർത്തനശൈലി അനാവരണം ചെയ്തിരുന്നു. കോൺഗ്രസോ ആർഎസ്എസോ ആ ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറയാൻ പോലും തയാറായില്ല. അന്നും സിപിഎമ്മാണ് അതിനെതിരെ രംഗത്തു വന്നത്. ഇപ്പോൾ ആക്ഷേപങ്ങൾക്ക് ഇരയായവരെ നേരത്തെ നടപടി എടുത്ത് പുറത്താക്കിയ പാർട്ടിയും സിപിഎം തന്നെയാണ്.
നടപടി എടുത്തു പുറത്താക്കി എന്ന് അവകാശവാദം അംഗീകരിക്കുമ്പോൾതന്നെ അതിനു ശേഷവും ഇവരെല്ലാം സൈബർ രംഗത്തും തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനു വേണ്ടി സജീവമായിരുന്നല്ലോ?
പാർട്ടി നടത്തുന്ന വലിയ റാലികളിലും യോഗങ്ങളിലും എല്ലാം പങ്കെടുക്കുന്നവരായിരിക്കാം ഇക്കൂട്ടർ. ഒരു റാലിയുടെ ഭാഗമായി എന്നതുകൊണ്ട് പാർട്ടിയുടെ വക്താവ് ആകുന്നില്ലല്ലോ. സിപിഎമ്മിന്റെ കൂടെ ലക്ഷക്കണക്കിനു ജനങ്ങളുണ്ട്. അവരിൽ ആരെങ്കിലും നിയമവിരുദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഞങ്ങൾക്ക് തടയാൻ കഴിയുമോ? അതേസമയം, സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ ഇത്തരം പ്രചാരണം നടത്തുന്നത് നേരത്തേതന്നെ പാർട്ടി പരിശോധിച്ചതാണ്. ഇവരൊക്കെ പാർട്ടിയുടെ വക്താക്കളായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ ജാഗ്രത വേണമെന്നു തീരുമാനിച്ചതാണ്. അതു പരസ്യമായി പറഞ്ഞില്ലെന്നു മാത്രം.
ഇത്തരം വിപത്തുകൾ ഉയരുമ്പോൾ പൊതു ജനങ്ങളെക്കൂടി അത് ആ ഘട്ടത്തിൽ പാർട്ടി അറിയിക്കേണ്ടതല്ലേ? പാർട്ടിക്ക് അകത്ത് റിപ്പോർട്ട് ചെയ്തു എന്നതുകൊണ്ട് ഈ കുഴപ്പങ്ങൾ അവസാനിക്കില്ല എന്നാണല്ലോ ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്?
കൃത്യമായ ചില വിവരങ്ങൾ പുറത്തു വന്നതോടെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി അങ്ങനെയുള്ളവരുടെ പേരു വിവരങ്ങൾ ഇപ്പോൾ പരസ്യമാക്കിയില്ലേ. പേരുകൾ പറഞ്ഞു തള്ളിപ്പറയുന്ന ഒരു നിലപാടുതന്നെ സ്വീകരിച്ചല്ലോ. അത് ഏതെങ്കിലും മാധ്യമം ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ജനങ്ങളോട് അത് പറയേണ്ടതാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആ തുറന്നു പറച്ചിൽ ഉണ്ടായത്, ആ നിലപാട് പാർട്ടി സ്വീകരിച്ചത്. ക്വട്ടേഷനിൽ മൂന്നിലൊരു പങ്ക് പാർട്ടിക്ക് എന്ന നിലയിൽ ഒരു ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രചാരണമെല്ലാം പൂർണമായും അടിസ്ഥാനമില്ലാത്തതാണ്.
അടുത്തയിടെ റെഡ് ആർമി ആയി പേരുമാറിയ, താങ്കളെ ആരാധിക്കുന്നവരുടെ സംഘമായ ‘പിജെ ആർമി’യിൽ അടക്കം ഇവർ സജീവമായിരുന്നു. അതുകൊണ്ടുതന്നെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങളുടെ ടാർഗറ്റ് പി. ജയരാജനാണെന്ന് കരുതുന്നുണ്ടോ?
ഒരിക്കലുമില്ല. കാരണം സോഷ്യൽ മീഡിയയിൽ എന്റെ പേര് ഉപയോഗിച്ച് പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തിയ ഘട്ടത്തിൽതന്നെ പിജെ ആർമിയെ സംബന്ധിച്ച നിലപാട് ഞാൻ വ്യക്തമാക്കിയതാണ്. ഞാനുമായി അവർക്ക് ഒരു ബന്ധവുമില്ല. ഇതുമായി മുന്നോട്ടുപോയാൽ നിയമനടപടി എടുക്കും എന്നും പരസ്യപ്പെടുത്തിയിരുന്നു. ‘പിജെ ആർമിയെ തള്ളി ജയരാജൻ’ എന്നാണ് ‘മനോരമ’ തലക്കെട്ട് നൽകിയത്. അതിനുശേഷവും അവർ അതു തുടർന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന അവസരത്തിൽ ഇപ്പോൾ പിജെ ആർമിയുടെ പേരുതന്നെ മാറ്റി എന്നു കണ്ടു. വ്യക്തിപരമായി ആളുകളെ പുകഴ്ത്തുക, ചില നേതാക്കന്മാരെ ഇകഴ്ത്തുക, നേതാക്കളെ രണ്ടു തട്ടിലാക്കുക തുടങ്ങിയ രീതികളെല്ലാം കണ്ടു വരുന്നുണ്ട്. ഇത് ‘എന്നെ പുകഴ്ത്തൽ അല്ല, മറിച്ച് പാർട്ടിയെ ആക്രമിക്കലാണ്’ എന്ന നിലപാടുതന്നെ സ്വീകരിച്ച് സോഷ്യൽ മീഡിയയിൽ എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
പിജെ ആർമിയെ താങ്കൾ തള്ളിപ്പറഞ്ഞത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് എന്നാണ് വിശ്വാസം. അതു കുറച്ചു കൂടി നേരത്തെ വേണ്ടിയിരുന്നുവെന്ന് തോന്നുന്നോ? ഒരു സൈബർ സേനയെ ജയരാജൻ വളർത്തുന്നു എന്ന ആക്ഷേപം ഉയരുക പോലും ചെയ്യാതെ നോക്കേണ്ട കടമ താങ്കൾക്ക് ഉണ്ടായിരുന്നില്ലേ?
പലരും സോഷ്യൽ മീഡിയയിൽ ഇടപെടുന്നുണ്ടല്ലോ. പാർട്ടിയെ പ്രതിനിധീകരിച്ച് പല ഗ്രൂപ്പുകളും രംഗത്തു വരുന്നുണ്ട്. അതിൽ ഞാൻതന്നെ പ്രതികരിക്കേണ്ടതുണ്ട് എന്നു വന്ന ഘട്ടത്തിലാണ് അങ്ങനെ ചെയ്തത്. അതു നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസരത്തിൽ മാത്രമായിരുന്നില്ല. അതിനും മുൻപ് ആന്തൂർ വിഷയം ഉണ്ടായപ്പോഴാണ് ഞാൻ ആദ്യം പ്രതികരിച്ചത്.
കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ പാർട്ടിയെ വളർത്താനും അടിത്തറ ശക്തമാക്കാനും ആർഎസ്എസുകാരെ അടക്കം ആരെയും സ്വാഗതം ചെയ്യുന്ന സമീപനമാണ് താങ്കൾ സ്വീകരിച്ചത്. അങ്ങനെ ചേർന്ന അമ്പാടി മുക്ക് സഖാക്കളെല്ലാം പിന്നീട് പാർട്ടിക്ക് തലവേദന ആയതോടെ അന്നത്തെ ആ സ്വാഗതമോതലിന്റെ കാര്യത്തിൽ വീണ്ടുവിചാരമുണ്ടോ?
അത്തരത്തിലുള്ള എല്ലാ നടപടികളും ഞാൻ ഒറ്റയ്ക്ക് എടുത്തതല്ല, പാർട്ടി കൂട്ടായി എടുത്തതാണ്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ഒ.കെ.വാസുവും മറ്റും സിപിഎമ്മിലേക്കു വന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അന്നു സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. മറ്റു പാർട്ടികളിൽനിന്ന് അവരുടെ നയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി സിപിഎമ്മിന്റെ നയമാണ് ശരി എന്നു പ്രഖ്യാപിച്ചു വരുന്നവരെ മുൻപും സ്വീകരിച്ചിട്ടുണ്ട്, ഇപ്പോഴും സ്വീകരിക്കുന്നുണ്ട്, നാളെയും അതു ചെയ്യും. അതേസമയം അമ്പാടി മുക്കിലെ എല്ലാവരും പാർട്ടിക്ക് ബാധ്യതയാണ് എന്ന വാദത്തോട് യോജിപ്പുമില്ല. അന്നു വന്ന അമ്പാടി മുക്കിലെ കുറേപ്പേർ ഇപ്പോഴും പാർട്ടി സഖാക്കളായി തുടരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലും അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
അർജുൻ ആയങ്കിമാരെയും ആകാശ് തില്ലങ്കേരിമാരെയും പോലെയുള്ളവർ ഇനി സിപിഎമ്മിന്റെ പേര് ചീത്ത ആക്കാതിരിക്കാൻ എന്തു ജാഗ്രതയാണ് പാർട്ടിക്കു വേണ്ടത്?
പാർട്ടിയുടെ മുന്നിൽ വരുന്ന കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ പാർട്ടി തീരുമാനങ്ങൾ എടുക്കുന്നത്. ഈ പറയുന്ന അഴീക്കോട് സ്വദേശി ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി അംഗമായിരുന്നു. വഴി തെറ്റുന്നു എന്ന തോന്നൽ ഉയർന്നപ്പോൾതന്നെ ഡിവൈഎഫ്ഐ ഒഴിവാക്കി. ഷുഹൈബ് കേസിൽ പ്രതിയായതോടെ ഞാൻ ജില്ലാ സെക്രട്ടറി ആയിരുന്ന വേളയിൽ തില്ലങ്കേരി സ്വദേശിയെ പാർട്ടി പുറത്താക്കി. ഇത്തരം പ്രശ്നങ്ങൾ ഉയരുമ്പോൾ പരിശോധിച്ച് തീരുമാനമെടുക്കുന്ന പാർട്ടിയാണ് സിപിഎം. കോൺഗ്രസിനും ബിജെപിക്കും ഇതേ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് ഓർമിക്കണം.
ഇത്തരം തട്ടിപ്പുകാർക്ക് സിപിഎം എന്ന പാർട്ടി തണൽ വിരിക്കുന്നില്ലെന്ന വാദം മുഖവിലക്കെടുക്കാം. എന്നാൽ ചില നേതാക്കളുടെ ആശിർവാദവും പിന്തുണയും ഇവർക്കു ലഭിക്കുന്നില്ലേ?
ചില വ്യക്തികൾ പാർട്ടിയുടെ പേര്, നേതാക്കന്മാരുടെ പേര് ദുരുപയോഗിക്കുന്ന രീതിയുണ്ട്. മന്ത്രിമാരുടെയും മറ്റും അടുത്ത ആളാണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്നവരെക്കുറിച്ച് വാർത്തകൾ വരാറില്ലേ? അങ്ങനെ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കും.
താങ്കളുടെ നേതൃത്വത്തിലുള്ള ഐആർപിസിയുടെ പ്രവർത്തനം കേരളത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പക്ഷേ അവർ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളെ ക്വട്ടേഷൻ ടീമുകൾ മറയാക്കി എന്ന ആക്ഷേപം ഉണ്ടല്ലോ?
ഐആർപിസിയുടെ പ്രവർത്തനം മറയാക്കി ക്വട്ടേഷൻ സംഘം പ്രവർത്തിച്ചതായി ഞാൻ കരുതുന്നില്ല. സിപിഎമ്മിന്റെ അംഗങ്ങൾതന്നെ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അതുമായി പാർട്ടിക്ക് രഞ്ജിപ്പുണ്ടാകില്ലെന്ന് ഞാൻ പറഞ്ഞല്ലോ. അതേപോലെ ഐആർപിസിയുടെ ഭാഗമായി ആരെങ്കിലും ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും. അങ്ങനെ ഉണ്ടായതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
പി.ജയരാജൻ അഴിമതിക്കാരനാണെന്നു കരുതുന്നില്ലെങ്കിലും ഐആർപിസിയുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടല്ലോ?
അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് ഇതിൽ വെളിപ്പെടുന്നത്. ഐആർപിസിക്ക് രൂപം നൽകിയത് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ്. സാന്ത്വന പരിചരണ മേഖലയിൽ ഇടപെടണമെന്ന സിപിഎം സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതു തുടങ്ങിയതും. അവർക്ക് ആദായ നികുതി ഇളവുണ്ട്. ഓഡിറ്റ് റിപ്പോർട്ട് കൃത്യമായി സമർപ്പിച്ച് സുതാര്യമായി പ്രവർത്തിക്കുന്ന സംഘടനയാണ്.
10,000 രൂപയുടെ മുകളിലുള്ള ഒരു തുകയും കാഷ് ആയി വാങ്ങാൻ കഴിയില്ല, ബാങ്ക് മുഖേനയെ സാധിക്കൂ. ഐആർപിസിക്ക് സഹായം നൽകുക എന്നത് ഒരു നല്ല സംസ്കാരംതന്നെ ആയി കണ്ണൂർ ജില്ലയിൽ മാറി. സംഘടനയുടെ നല്ല പ്രവർത്തനംകൊണ്ടാണ് അതു സാധിച്ചത്. ആ പൊതു അംഗീകാരം മാർക്സിസ്റ്റ് വിരുദ്ധരെ ബേജാറാക്കുന്നുവെന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നത്. അവർക്കു പറ്റാത്തത് ഐആർപിസി ചെയ്യുന്നതു കൊണ്ടാണ് അതിനെ കരിവാരിതേയ്ക്കാൻ നോക്കുന്നത്.
വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിവാദത്തിൽ സിപിഎം താങ്കൾക്ക് ക്ലീൻ ചിറ്റ് നൽകിയോ? അന്വേഷണ കമ്മിഷൻ അതു ചെയ്തു എന്നാണ് വാർത്തകൾ വന്നത്.
പാർട്ടിക്ക് അകത്ത് അങ്ങനെ ചർച്ച ചെയ്തു, ഇങ്ങനെ ചർച്ച ചെയ്തു എന്നെല്ലാം വാർത്ത വരുന്നുണ്ട്. സിപിഎമ്മിനെതിരെ ഒരു തെറ്റായ പ്രതീതി ഉണ്ടാക്കാൻ വേണ്ടിയാണ് അതെല്ലാം. സംഘടനയ്ക്ക് അകത്തു നടക്കുന്ന ചർച്ചകളെ സംബന്ധിച്ച് എനിക്ക് മാധ്യമങ്ങളോടു പറയാൻ കഴിയില്ല.
സിപിഎം സംസ്ഥാന കമ്മിറ്റി തന്നെയാണ് അങ്ങനെ താങ്കളെ കുറ്റപ്പെടുത്തിയത്. അതു സംബന്ധിച്ച വാർത്തകൾ നേരത്തെ വന്നതാണ്. വ്യക്തിപൂജയെ പ്രോത്സാഹിപ്പിച്ചുവെന്ന ആ കുറ്റപത്രം സംസ്ഥാന കമ്മിറ്റിയിൽ ഇരുന്നു കേൾക്കേണ്ടി വന്നയാളാണ് താങ്കൾ. അത് ഉണ്ടാക്കിയ വികാര വിചാരങ്ങൾ പങ്കു വയ്ക്കാവുന്നതാണോ?
ഞാൻ നേരത്തെ പറഞ്ഞ മറുപടി തന്നെയാണ് ആവർത്തിക്കാനുള്ളത്. പാർട്ടിക്ക് അകത്ത് എന്തെല്ലാം ചർച്ച ചെയ്തു എന്ന് താങ്കളുമായി പങ്കുവയ്ക്കാൻ കഴിയില്ല. അതേസമയം പൊതുവിൽ സമൂഹത്തോട് പറയേണ്ട കാര്യങ്ങൾ ഞാൻ ഇവിടെ പറയുന്നുണ്ട്. ഞാൻ ഉൾപ്പെടെ ഏതു പ്രവർത്തകനെതിരെയും, അത് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വരെ ആയിക്കോട്ടെ, പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉന്നയിക്കേണ്ടി വരും.
തെറ്റുകളിൽനിന്നു മോചിതനാകാൻ ഏറ്റവും പറ്റിയ മാർഗം വിമർശനങ്ങൾ ഉൾക്കൊള്ളുകയാണ്. അതു കോൺഗ്രസിനോ ബിജെപിക്കോ സ്വപ്നം കാണാൻ കഴിയില്ല. വ്യക്തികൾക്കു വരുന്ന തെറ്റുകളെ സംബന്ധിച്ച വിമർശനങ്ങൾ പാർട്ടിയിൽ തുടർന്നും നടക്കും. അതു പാർട്ടിയെ നവീകരിക്കാനും തെറ്റ് തിരുത്താനും വേണ്ടിയാണ്. വ്യക്തിപരമായി എനിക്കെതിരെ എന്തെല്ലാം വിമർശനം വന്നു, അതിൽ ക്ലീൻ ചിറ്റ് നൽകിയോ എന്നതെല്ലാം മാധ്യമങ്ങളോടു പറയേണ്ടതല്ല.
പാർട്ടിതല ചർച്ച മാറ്റിവയ്ക്കാം. പി.ജയരാജൻ എന്ന സിപിഎം നേതാവ് വ്യക്തി ആരാധനയെ പ്രോത്സാഹിപ്പിക്കുന്ന ആളാണോ?
ആരുടെ കാര്യത്തിൽ ആയാലും വ്യക്തിപൂജ പാടില്ല എന്നതാണ് പാർട്ടി നയം. അത് എനിക്കും ബാധകമാണ്.
അക്കാര്യത്തിൽ താങ്കൾക്ക് വീഴ്ച സംഭവിച്ചോ എന്ന ചോദ്യമാണ് പുറത്ത് ഉയരുന്നത്?
അതു ഞാൻ നേരത്തെ പറഞ്ഞല്ലോ, പാർട്ടിക്ക് അകത്ത് ചില ചർച്ചകൾ നടന്നു, അതിന്റെ ഭാഗമായി വ്യക്തിപൂജാ വിവാദത്തിൽ എനിക്ക് പങ്കില്ല എന്നെല്ലാം വാർത്തകൾ വരുന്നുണ്ട്. ആ വാർത്തകളോട് പ്രതികരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
കണ്ണൂരിലെ ജീവിക്കുന്ന രക്തസാക്ഷി എന്നു വരെ വിശേഷിപ്പിക്കുന്ന പി.ജയരാജന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഇനിയുള്ള ദിവസങ്ങളിൽ സിപിഎം ഉപയോഗിക്കുമെന്ന് കരുതാമോ?
(ചിരിക്കുന്നു) അതും പറഞ്ഞല്ലോ, ഞാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. പാർട്ടി കമ്മിറ്റികൾ നിശ്ചയിച്ച് ഏൽപ്പിക്കുന്ന ചുമതലകൾ ഭംഗിയായി ചെയ്യുക എന്നതാണ് ഒരു പാർട്ടി പ്രവർത്തകൻ ചെയ്യേണ്ടത്. അതു കൃത്യമായി ചെയ്തുവരുന്നുണ്ട്.
English Summary: Cross Fire Exclusive Interview with CPM Leader P Jayarajan