‘കൊണ്ടയൂരിന്റെ മകനാണ്, കേരളത്തിന്റെ കേന്ദ്രമന്ത്രി’; രാജീവിനെപ്പറ്റി അമ്മ പറയുന്നു
തൃശൂരിന്റെ വടക്കേ അറ്റത്ത്, ഭാരതപ്പുഴയുടെ ഓരത്തു പച്ചപ്പാടങ്ങളുടെ നടുക്കുള്ള കൊണ്ടയൂർ എന്ന കൊച്ചുഗ്രാമം ഇന്നു കൂടുതൽ ആഹ്ലാദത്തിലാണ്. ദേശമംഗലം പഞ്ചായത്തിലെ ഉത്സവങ്ങളുടെ നാടായ കൊണ്ടയൂരിന്റെ ചോരത്തുടിപ്പുമായി ഒരാൾ... Rajeev Chandrasekhar | Anandavally Amma | Manorama News
തൃശൂരിന്റെ വടക്കേ അറ്റത്ത്, ഭാരതപ്പുഴയുടെ ഓരത്തു പച്ചപ്പാടങ്ങളുടെ നടുക്കുള്ള കൊണ്ടയൂർ എന്ന കൊച്ചുഗ്രാമം ഇന്നു കൂടുതൽ ആഹ്ലാദത്തിലാണ്. ദേശമംഗലം പഞ്ചായത്തിലെ ഉത്സവങ്ങളുടെ നാടായ കൊണ്ടയൂരിന്റെ ചോരത്തുടിപ്പുമായി ഒരാൾ... Rajeev Chandrasekhar | Anandavally Amma | Manorama News
തൃശൂരിന്റെ വടക്കേ അറ്റത്ത്, ഭാരതപ്പുഴയുടെ ഓരത്തു പച്ചപ്പാടങ്ങളുടെ നടുക്കുള്ള കൊണ്ടയൂർ എന്ന കൊച്ചുഗ്രാമം ഇന്നു കൂടുതൽ ആഹ്ലാദത്തിലാണ്. ദേശമംഗലം പഞ്ചായത്തിലെ ഉത്സവങ്ങളുടെ നാടായ കൊണ്ടയൂരിന്റെ ചോരത്തുടിപ്പുമായി ഒരാൾ... Rajeev Chandrasekhar | Anandavally Amma | Manorama News
തൃശൂരിന്റെ വടക്കേ അറ്റത്ത്, ഭാരതപ്പുഴയോരത്ത് പച്ചപ്പാടങ്ങളുടെ നടുക്കുള്ള കൊണ്ടയൂർ എന്ന കൊച്ചുഗ്രാമം ഇന്നു കൂടുതൽ ആഹ്ലാദത്തിലാണ്. ദേശമംഗലം പഞ്ചായത്തിലെ ഉത്സവങ്ങളുടെ നാടായ കൊണ്ടയൂരിന്റെ ചോരത്തുടിപ്പുമായി ഒരാൾ അങ്ങു ഡൽഹിയിൽ കേന്ദ്രമന്ത്രി വരെയായിരിക്കുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ പുതുതായി ഇടംനേടിയ രാജീവ് ചന്ദ്രശേഖറിന്റെ തറവാട് കൊണ്ടയൂരാണ്. മക്കളും ചെറുമക്കളുമായി കുടുംബം ലോകമാകെ പടർന്നിട്ടും, പതിറ്റാണ്ടുകളുടെ പ്രൗഢിയോടെ, കുടപ്പാറ ക്ഷേത്രത്തിനു സമീപത്തായി ഏക്കറുകണക്കിനു ഭൂമിയിൽ ‘ഉണ്ണിയാട്ടിൽ’ തറവാട് തലയുയർത്തി നിൽക്കുന്നു.
യുഎസിലെ സിലിക്കൺ വാലിയിൽ വരെ അനുഭവപരിചയമുള്ള രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലെ ‘ടെക്’ മുഖമാണ്. ഇന്റൽ കമ്പനിയിൽ സീനിയർ ഡിസൈൻ എൻജിനീയറായും സിപിയു ആർക്കിടെക്ടായും പ്രവർത്തിച്ച അദ്ദേഹം തിരിച്ചെത്തിയാണ് 1994ൽ ബിപിഎൽ മൊബൈലിനു തുടക്കമിട്ടത്. 2005ൽ ബിപിഎൽ കമ്യൂണിക്കേഷൻസിന്റെ 64% ഓഹരി എസ്സാർ ഗ്രൂപ്പിനു വിറ്റു. പിറ്റേവർഷം നിക്ഷേപ സ്ഥാപനമായ ജുപിറ്റർ ക്യാപിറ്റലിനു തുടക്കമിട്ടു, 2014 വരെ ചെയർമാനായി.
രാജ്യസഭയിൽ 2006 മുതൽ 2018 വരെ കർണാടകയിൽനിന്നുള്ള സ്വതന്ത്ര അംഗമായിരുന്നു. 2018ൽ മൂന്നാം ടേമിൽ ബിജെപി അംഗമായെത്തി. എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി. നിലവിൽ ബിജെപി ദേശീയ വക്താവാണ്. വ്യവസായിയെന്ന നിലയിലും പ്രവർത്തനം ബെംഗളൂരു കേന്ദ്രീകരിച്ചാണ്. വി.മുരളീധരനു പിന്നാലെ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി കൂടിയാണ് രാജീവ്. ഐടി, സംരംഭകത്വവും നൈപുണ്യവികസനവും എന്നീ വകുപ്പുകളുടെ സഹമന്ത്രി പദവിയാണു രാജീവിനു ലഭിച്ചത്.
മകൻ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ, ആനന്ദവല്ലി അമ്മയും വലിയ തിരക്കിലാണ്. വർഷങ്ങളായി ബെംഗളൂരുവിലുള്ള ആനന്ദവല്ലിയുടെ ഫോണിനു വിശ്രമമില്ല. ബന്ധുക്കളും നാട്ടുകാരും സ്നേഹിതരും ആശംസകളറിയിക്കാനായി ‘കേന്ദ്രമന്ത്രിയുടെ അമ്മയെ’ വിളിച്ചു കൊണ്ടിരിക്കുന്നു. എല്ലാവർക്കും സ്നേഹത്തോടെയാണു മറുപടി. ഭർത്താവ് വ്യോമസേന റിട്ട. എയർ കമഡോർ എം.കെ.ചന്ദ്രശേഖറും ആശംസകളുടെ നടുക്കാണ്. കൊണ്ടയൂരിനെക്കുറിച്ചും മകന്റെ വളർച്ചയെക്കുറിച്ചും ആനന്ദവല്ലി ‘മനോരമ ഓൺലൈനോട്’ മനസ്സു തുറന്നു.
∙ ‘ആ ഫിലോസഫിയാണു മക്കൾക്കും കിട്ടിയത്’
‘‘വ്യോമസേനാംഗമായ എം.കെ.ചന്ദ്രശേഖറെ കല്യാണം കഴിച്ചതിനു പിന്നാലെയാണു ഞാൻ കൊണ്ടയൂരിൽനിന്നു മാറുന്നത്. പിന്നീട് കുറെയേറെക്കാലം കേരളത്തിനു പുറത്തായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി സഞ്ചരിച്ചു, താമസിച്ചു. അപ്പോഴും കൊണ്ടയൂരുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. എവിടെയാണെങ്കിലും കൊണ്ടയൂർ കുടപ്പാറ പൂരത്തിന് എല്ലാ വർഷവും വരാറുണ്ട്. കോവിഡിനു മുൻപുവരെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇവിടെ വന്നു കുറച്ചു ദിവസം താമസിക്കുമായിരുന്നു. ഇവിടുത്തെ പച്ചപ്പും പാടങ്ങളും കാറ്റും പുഴയും വെള്ളവും മറക്കാനാവില്ലല്ലോ.
ഞങ്ങൾ ഗുജറാത്തിലെ അഹമ്മദാബാദിൽ താമസിക്കുമ്പോൾ 1964 മേയ് 31ന് ആണ് രാജീവ് ജനിച്ചത്. രാജീവിനു പിന്നീട് ഒരു അനിയത്തിയുമുണ്ടായി, ദയ മേനോൻ. ഡോക്ടറായ ദയ കുടുംബസമേതം ഇപ്പോൾ അമേരിക്കയിലാണ്. രാജീവും കുടുംബവും ഞങ്ങളും ബെംഗളൂരുവിലാണു താമസം. വ്യോമ താവളത്തിനു സമീപങ്ങളിലെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു രാജീവിന്റെയും ദയയുടെയും വിദ്യാഭ്യാസം.
രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയെന്നതാണ് ഒരു സേനാംഗത്തിന്റെ കടമ. വളരെ ആത്മാർഥതയോടെ സേവനം പാഷനാക്കിയ ആളാണ് എന്റെ ഭർത്താവ്. ഞങ്ങളുടെ ഈ ഫിലോസഫിയാണു മക്കൾക്കും പകർന്നു കൊടുത്തത്. മോൻ കേന്ദ്രമന്ത്രിയാകുന്നെന്ന വിവരമറിഞ്ഞപ്പോൾ അമ്മയെന്ന നിലയിൽ വലിയ അഭിമാനം തോന്നി. അയാം വെരി പ്രൗഡ്. ഈ വാക്കിനപ്പുറം എനിക്കു വിവരിക്കാനാവുന്നില്ല. എന്റെ അമ്മ, അച്ഛൻ, മുത്തച്ഛൻ, മുത്തശ്ശി എന്നിവരുടെയെല്ലാം അനുഗ്രഹമാണ് ഇതിനെല്ലാം വെളിച്ചമായത്.
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ബിരുദം നേടിയ ശേഷം ഷിക്കാഗോ ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണു രാജീവ് മാസ്റ്റേഴ്സ് എടുത്തത്. ഹാർവഡ് ബിസിനസ് സ്കൂൾ, സ്റ്റാൻഫഡ്, ഇന്റൽ എന്നിവിടങ്ങളിൽനിന്നു വിദഗ്ധ പരിശീലനവും നേടി. മകനും പാട്ടിനോടും യാത്രയോടും വാഹനങ്ങളോടും കമ്പമുണ്ട്. 2007ൽ തുടങ്ങിയ ‘നമ്മ ബെംഗളൂരു ഫൗണ്ടേഷൻ’ എന്ന ലാഭരഹിത സംഘടനയിലൂടെ നഗരത്തിന്റെ ഉന്നമനത്തിനുള്ള ശ്രമങ്ങളിലും സജീവമാണ്.
രാജീവും ദയയയും വിദ്യാർഥികളായിരിക്കുമ്പോൾ അവധിക്കാലത്തു ഞങ്ങൾ കൊണ്ടയൂരിൽ ആഴ്ചകളോളം വന്നു താമസിക്കാറുണ്ട്. സ്വച്ഛശാന്തമായ കൊണ്ടയൂരിന്റെ ഗ്രാമക്കാഴ്ചകൾ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. വീട്ടിൽ സഹായത്തിനു വരുന്നവരോടും നാട്ടുകാരോടും മക്കൾക്കു നല്ല അടുപ്പമായിരുന്നു. പാലക്കാട് കോട്ടായി മങ്ങാട്ട് കാരക്കാട്ട് കുടുംബാംഗമാണു ചന്ദ്രശേഖർ. അദ്ദേഹത്തിന്റെ വീട്ടിലും അവധിക്കാലം ചെലവിടാൻ മക്കൾ പോകാറുണ്ട്.
മണിപ്പാലിൽ പഠിക്കുമ്പോൾ അവധിക്കു ഞങ്ങളില്ലാതെയും മോൻ കൊണ്ടയൂരിലെ വീട്ടിൽ വന്നുനിന്നിരുന്നു. നല്ല തൊടിയും കാഴ്ചകളും ആളുകളുമുള്ള ഈ നാടിനോട് ഏറെ പ്രിയമാണ്. നാടൻ രുചികൾ മക്കൾ രണ്ടുപേരും മറന്നിട്ടില്ല. മക്കൾക്ക് ഇവിടെ വന്നു താമസിക്കുന്നത് ഇഷ്ടമാണെന്നതു ഞങ്ങൾക്കു സന്തോഷമുള്ള കാര്യമാണ്. ബിപിഎൽ ഗ്രൂപ്പ് സ്ഥാപകൻ ടി.പി.ജി. നമ്പ്യാരുടെ മകൾ അഞ്ജുവാണു ഞങ്ങളുടെ മരുമകൾ. രാജീവിന്റെയും അഞ്ജുവിന്റെയും മക്കളായ വേദ്, ദേവിക എന്നിവരും നാട്ടിൽ വന്നിട്ടുണ്ട്. ദയയുടെ കുടുംബത്തിനും നാടിനോടും തറവാടിനോടും വളരെ അടുപ്പമാണ്.
കാലപ്പഴക്കമുള്ള വീടായിരുന്നു കൊണ്ടയൂരിലേത്. അതു നശിപ്പിച്ചു കളയാതെ മോടികൂട്ടി സംരക്ഷിച്ചിട്ടുണ്ട്. നേർവഴിക്കുള്ള, സത്യസന്ധമായ ജീവിതമാണു ഞങ്ങളുടേത്. ഈ ഗുണം കേന്ദ്രമന്ത്രി പദത്തിൽ രാജീവിനു പ്രയോജനപ്പെടുമെന്നാണു കരുതുന്നത്. മകൻ വളരെ കഠിനാധ്വാനിയും ബുദ്ധിമാനുമാണ്. ഇതുവരെയുള്ള നേട്ടങ്ങളെല്ലാം മകൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയതാണ്. നല്ല ഫാമിലി മാനാണ് രാജീവ്. കുടുംബാംഗങ്ങളോടെല്ലാം അടുപ്പവും സ്നേഹവും സൂക്ഷിക്കുന്നു. നല്ല കുടുംബസ്ഥനാകാതെ ഈ വിജയങ്ങളൊന്നും സാധിക്കില്ലെന്നാണു ഞാൻ കരുതുന്നത്.
കൊണ്ടയൂരിലെ ‘തോപ്പിൽ’ എന്നറിയപ്പെടുന്ന വലിയ വീടും സ്ഥലവും നോക്കാന്‍ നാട്ടുകാരനായ സത്യനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇപ്പോഴാരും താമസിക്കുന്നില്ല. കഴിഞ്ഞ നവംബറിലാണു ഞാൻ നാട്ടില്‍ വന്നത്. കോവിഡ് കൂടിയതോടെ പിന്നീടുള്ള യാത്ര സാധ്യമായില്ല. കോവിഡ് അടങ്ങി യാത്ര ചെയ്യാവുന്ന സാഹചര്യമായാലുടൻ നാട്ടിലേക്കു വരും. തറവാട്ടു വീട്ടിലെ മച്ചിലും കുടപ്പാറ ക്ഷേത്രത്തിലും മുള്ളൂർക്കര തിരുവാണിക്കാവിലും മറ്റിടങ്ങളിലും മകനെയും കൂട്ടിയെത്തി പ്രാർഥിക്കണം, ദൈവാനുഗ്രഹം തേടണം’– ആനന്ദവല്ലി പറഞ്ഞു.
English Summary: New cabinet minister Rajeev Chandrasekhar's mother Anandavally Amma talks about the Kerala connection