‘കൊടി പൊക്കിയാൽ വിവേകം വരില്ല; തിരുത്തൽ രാഷ്ട്രീയ പ്രമേയത്തിൽ വരുത്തൂ..’
ഇന്ദിരാഗാന്ധി മരിച്ചപ്പോൾ എസ്എഫ്ഐ കമ്മിറ്റിക്കായി ഞാൻ യാദൃശ്ചികമായി ഡൽഹിയിൽ ഉണ്ടായി. ഇന്ന് സിപിഎം സെക്രട്ടറിയായ എ.വിജയരാഘവൻ എന്റെ കൂടെയും. ‘എന്റെ അസിസ്റ്റന്റ് പോലെ’ എന്നു പറയുന്നതിൽ അവന് ക്ഷീണമൊന്നും ഉണ്ടാകില്ല. എകെജി ഭവനിലെ കൊടി അന്നു താഴ്ത്തിക്കെട്ടി. ഞങ്ങൾ പിള്ളേർ വലിയ വിപ്ലവകാരികളാണല്ലോ... CP John Interview . CMP
ഇന്ദിരാഗാന്ധി മരിച്ചപ്പോൾ എസ്എഫ്ഐ കമ്മിറ്റിക്കായി ഞാൻ യാദൃശ്ചികമായി ഡൽഹിയിൽ ഉണ്ടായി. ഇന്ന് സിപിഎം സെക്രട്ടറിയായ എ.വിജയരാഘവൻ എന്റെ കൂടെയും. ‘എന്റെ അസിസ്റ്റന്റ് പോലെ’ എന്നു പറയുന്നതിൽ അവന് ക്ഷീണമൊന്നും ഉണ്ടാകില്ല. എകെജി ഭവനിലെ കൊടി അന്നു താഴ്ത്തിക്കെട്ടി. ഞങ്ങൾ പിള്ളേർ വലിയ വിപ്ലവകാരികളാണല്ലോ... CP John Interview . CMP
ഇന്ദിരാഗാന്ധി മരിച്ചപ്പോൾ എസ്എഫ്ഐ കമ്മിറ്റിക്കായി ഞാൻ യാദൃശ്ചികമായി ഡൽഹിയിൽ ഉണ്ടായി. ഇന്ന് സിപിഎം സെക്രട്ടറിയായ എ.വിജയരാഘവൻ എന്റെ കൂടെയും. ‘എന്റെ അസിസ്റ്റന്റ് പോലെ’ എന്നു പറയുന്നതിൽ അവന് ക്ഷീണമൊന്നും ഉണ്ടാകില്ല. എകെജി ഭവനിലെ കൊടി അന്നു താഴ്ത്തിക്കെട്ടി. ഞങ്ങൾ പിള്ളേർ വലിയ വിപ്ലവകാരികളാണല്ലോ... CP John Interview . CMP
എസ്എഫ്ഐയിലും സിപിഎമ്മിലും ഒരിക്കൽ ഇന്നത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് സമശീർഷൻ ആയിരുന്നു സി.പി.ജോൺ. എം.വി.രാഘവനൊപ്പം 35 വർഷം മുൻപ് സിപിഎം വിട്ടെങ്കിലും ഇടതുപക്ഷത്തെക്കുറിച്ച് ജോൺ എന്തു പറയുന്നു എന്ന് രാഷ്ട്രീയകേന്ദ്രങ്ങളും സിപിഎം തന്നെയും പ്രത്യേകം ശ്രദ്ധിക്കും. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷം ഒടുവിൽ സ്വാതന്ത്യദിനം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ച പശ്ചാത്തലത്തിൽ തന്റെ പഴയ പാർട്ടിയെയും നിലവിലെ മുന്നണി യുഡിഎഫിനെയും കുറിച്ച് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറി’ ൽ ജോൺ സംസാരിച്ചു.
ഒരിക്കൽ താങ്കളുടെ പാർട്ടി ആയിരുന്ന സിപിഎം ആദ്യമായി ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണല്ലോ? അവരുടെ ഈ വൈകിയ തീരുമാനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എന്തിനാണ് അതു സിപിഎം ഒരു വിഷയമാക്കി ഇപ്പോൾ അവതരിപ്പിച്ചതെന്ന് അറിഞ്ഞുകൂടാ. നിങ്ങൾ പറഞ്ഞതു പോലെ ഞാനും സിപിഎം ആയിരുന്നല്ലോ. അതുകൊണ്ടുതന്നെ അവരുടെ എല്ലാ മാറാപ്പുകളും ഞങ്ങൾക്കും ഉണ്ടായി. പക്ഷേ ഞങ്ങളെ മാറ്റിത്തീർത്തത് മൊഹിത് സെന്നിനെയും എം.വി. രാഘവനെയും പോലുള്ള മഹാന്മാരായ കമ്യൂണിസ്റ്റുകാരാണ്. ‘ന്യൂ തിങ്കിങ് കമ്യൂണിസ്റ്റ് പാർട്ടി എന്നാണ് ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത്. ഇത് ഒരു പുതിയ ചിന്തയുടെ തുടക്കമാകട്ടെ എന്നാണ് എനിക്കു സിപിഎമ്മിനോട് പറയാനുള്ളത്. ഞാൻ അവരെ പരിഹസിക്കാനില്ല. ഞങ്ങളും ഇക്കാര്യം ഒരിക്കൽ ചർച്ചയ്ക്കു വിധേയമാക്കിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഒരു വിപ്ലവം ആണെന്നാണ് അന്ന് മൊഹിത് സെൻ തീർപ്പ് പറഞ്ഞത്. അമേരിക്കൻ വിപ്ലവം എന്നു നിങ്ങൾക്ക് പറയാമെങ്കിൽ ഇത് ഇന്ത്യൻ വിപ്ലവമാണ്. ആദ്യം അത് അംഗീകരിക്കൂ. അല്ലാതെ കൊടി പൊക്കിയിട്ടു കാര്യമില്ല.
താങ്കൾ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിലെ നിലപാട് എന്തായിരുന്നു?
ഭയങ്കര സെക്ടേറിയൻ സമീപനമായിരുന്നു. ഇന്ദിരാഗാന്ധി മരിച്ചപ്പോൾ എസ്എഫ്ഐ കമ്മിറ്റിക്കായി ഞാൻ യാദൃശ്ചികമായി ഡൽഹിയിൽ ഉണ്ടായി. ഇന്ന് സിപിഎം സെക്രട്ടറിയായ എ.വിജയരാഘവൻ എന്റെ കൂടെയും. ‘എന്റെ അസിസ്റ്റന്റ് പോലെ’ എന്നു പറയുന്നതിൽ അവന് ക്ഷീണമൊന്നും ഉണ്ടാകില്ല. എകെജി ഭവനിലെ കൊടി അന്നു താഴ്ത്തിക്കെട്ടി. ഞങ്ങൾ പിള്ളേർ വലിയ വിപ്ലവകാരികളാണല്ലോ. ഇംഎംഎസ്, ബസവ പുന്നയ്യ, ബിടിആർ എന്നിവരെല്ലാം അന്നു മുറിയിലുണ്ട്. ‘എന്തിന് കൊടി താഴ്ത്തി? കറുത്ത കൊടി കെട്ടിയാൽ പോരേ?’ചോദിക്കാനുള്ള ചങ്കൂറ്റം ഞങ്ങൾ കാട്ടി.
‘മരിച്ചത് ഇന്ദിരാഗാന്ധിയാണ്. കൊന്നതിനു പിറകിൽ സാമ്രാജ്വത്വത്തിന്റെ കയ്യുണ്ട്. പാർട്ടി കൊടി താഴ്ത്തണം’: ഇംഎംഎസ് പറഞ്ഞു. അന്ന് ആ തീരുമാനം പാർട്ടിയിൽ വലിയ ചർച്ച ആയിരുന്നു. പിരപ്പൻകോട് മുരളി പാട്ട് ഉണ്ടാക്കി. ‘ഇന്ദിരാഗാന്ധിയെ രക്ഷിക്കാത്തവർ എങ്ങനെ ഇന്ത്യയെ രക്ഷിക്കും’. ചോദ്യത്തിന്റെ റിസൽട്ട് എന്തായി? അതേ വർഷം നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സുരേഷ് കുറുപ്പിനെ മാത്രം എങ്ങനെയോ ഞങ്ങൾ ജയിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരം, സാമ്ര്യാജ്വത്വവിരുദ്ധത, കോൺഗ്രസിനോടുള്ള സമീപനം ഇതെല്ലാം സംബന്ധിച്ച് എക്കാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഗൗരവമേറിയ സംവാദങ്ങൾ നടന്നിട്ടുണ്ട്.
സിപിഎമ്മിന്റെ പതിവ് തെറ്റു തിരുത്തൽ നടപടിയായി ഇതിനെയും കാണാമോ?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒരു വിമോചന വിപ്ലവമായി നിങ്ങൾ അംഗീകരിക്കുമോ എന്നതാണ് യഥാർഥ ചോദ്യം. പക്ഷേ അന്ന് അവർ കൽക്കട്ട തീസിസിലേക്കു പോയി. ഇന്ത്യയ്ക്കു പുറത്തോ? ബാലഗംഗാധര തിലകനെക്കുറിച്ചുതന്നെ മഹാനായ ലെനിൻ എഴുതിയി. തിലകനെ അറസ്റ്റു ചെയ്തപ്പോൾ ‘ഇന്ത്യൻ തൊഴിലാളി വർഗം അതിന്റെ വയസ്സ് അറിയിച്ചിരിക്കുകയാണ്’ എന്നു ലെനിൻ എഴുതി. ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ അവിടെ ഉള്ളവരോടും ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേരാൻ ഇവിടെ ഉള്ളവരോടും ലെനിൻ പറഞ്ഞു. ഇതൊന്നും പുതിയ കാര്യമല്ല. വഞ്ചനാദിനാചരണവും കരിങ്കൊടി കെട്ടലുമെല്ലാം ആദ്യകാലത്ത് ഇവർ ചെയ്തു. 1957ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ പക്ഷേ കോൺഗ്രസ് ഒരു തെറ്റ് ചെയ്തു. വലതുപക്ഷക്കാരെ ചേർത്ത് ആ സർക്കാരിനെതിരെ കോൺഗ്രസ് വിമോചന സമരം നടത്താൻ പാടില്ലായിരുന്നു. ചോദ്യങ്ങളും തിരുത്തലും ഒരു ഭാഗത്തു മാത്രം വേണ്ടതല്ലല്ലോ.
ദേശീയ തലത്തിലെ വലിയ തിരിച്ചടികളാണോ ഈ വിവേകത്തിനു സിപിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുക?
ഇതൊരു വിവേകം ഉദിക്കൽ ആയി ഞാൻ കാണുന്നില്ല. വിവേകം കൊടി പൊക്കിയാൽ വരില്ല, പ്രമേയത്തിലൂടെയാണ് വരേണ്ടത് കമ്യൂണിസ്റ്റ് പാർട്ടി അവരുടെ നിലപാട് അങ്ങനെയാണ് വ്യക്തമാക്കേണ്ടത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോടുള്ള മൗലികമായ കാഴ്ച്ചപ്പാട് എന്താണെന്ന് അവർ പറയണം. സ്വാതന്ത്യദിനത്തിൽ സംഘടനാ പതാക ഉയർത്തിയിരുന്ന ഡിവൈഎഫ്ഐ ഇനി ദേശീയ പതാക കൂടി വയ്ക്കും. അതെല്ലാം ‘എക്സിബിഷനിസ്റ്റ്’ രീതികളാണ്.
ഇന്ദിരാഗാന്ധി മരിച്ചപ്പോൾ പാർട്ടി പതാക താഴ്ത്തി, ഇപ്പോൾ മറ്റൊരു പതാക ഉയർത്തി. ഓരോ ഇന പരിപാടികൾ... എൻജിഒ രീതി... പക്ഷേ സിഎംപി ഈ മാറ്റത്തെ പരിഹസിക്കില്ല. ലോകം കണ്ട ജനകീയ മുന്നേറ്റങ്ങളിൽ നിർണായകമായ ഒന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നു ഞങ്ങൾ പ്രമേയത്തിൽ പറഞ്ഞു. അങ്ങനെ നിങ്ങൾ പറയാൻ തയാറുണ്ടോ? കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയപ്രമേയം വരുന്നുണ്ടല്ലോ. അതിൽ എഴുതി വയ്ക്കാതെ ഇതു ചെയ്തിട്ട് എന്തു കാര്യം? കുറേക്കാലമായി ഇവർ സ്മഗ്ലിങാണ്. സ്വർണം മാത്രമല്ല കടത്തുന്നത്. ഐഡിയോളജിക്കൽ സ്മഗ്ലിങ്... അതുമുണ്ട്. എന്നാൽ പിന്നെ ഒരു കടയിട്ട് നടത്തൂ, അന്തസ്സായി.
കേരളത്തിലെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടത്താൻ തീരുമാനിക്കുന്നു. കണ്ണൂരിൽനിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് സിപിഎം ചുരുങ്ങുകയാണോ?
കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടത്തുന്നതിനു പ്രാധാന്യമുണ്ട്. പിണറായിയിലാണല്ലോ പാർട്ടി ഉണ്ടായത്. അതൊരു ചെറിയ പട്ടണം ആണ്. അങ്ങനെ ഒരിടത്ത് സാധാരണ പാർട്ടി കോൺഗ്രസുകൾ നടത്താറില്ല. വലിയ നഗരങ്ങളിലാണ് ചെയ്യുന്നത്. അപ്പോൾ ഈ തീരുമാനത്തിൽ പിണറായി ഒരു ഘടകമാണ്. അദ്ദേഹത്തിന്റെ തുടർഭരണം ഒരു ഘടകമാണ്.
പ്രതിപക്ഷ ഏകോപനത്തിലൂടെ പ്രധാനമന്ത്രി സ്ഥാനാർഥി വരെ ആകാവുന്ന ജ്യോതി ബസുവിനെ പോലെ ഉള്ള നേതാക്കൾ ഒരിക്കൽ സിപിഎമ്മിന് ഉണ്ടായി. ആ പ്രാധാന്യം അവർക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സാധ്യമാണോ?
സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും ഒന്നും കുറഞ്ഞ ആളുകൾ അല്ല. കാലഘട്ടം ആവശ്യപ്പെടുന്ന കഴിവുകൾ അവർക്കുണ്ട്. പക്ഷേ രാഷ്ട്രീയമില്ല. അല്ലെങ്കിൽ എന്തിന് 2009ലെ യുപിഎ സർക്കാരിനെ അവർ തകർത്തു? അവിടെനിന്നാണ് വൻ തകർച്ചയുടെ തുടക്കം. കുട്ടികളുടെ പ്ലേഗ്രൗണ്ടിലെ സീസോ രാഷ്ട്രീയത്തിലുമുണ്ട്. ഒരാൾ ഇരിക്കുമ്പോൾ മറ്റൊരാൾ ഉയരും. മുകളിൽ ഇരുന്നാൽ താഴേയ്ക്ക് വീഴുന്ന സ്ലൈഡ് കൂടി ആ കളിക്കളത്തിൽ ഉണ്ട്. അതു രാഷ്ട്രീയത്തിനു തീരെ ചേരുന്നതല്ല. 43 എംപിമാരുള്ള സിപിഎം എന്തിനാണ് ആ സ്ലൈഡിൽ അന്നു കയറിയത്? ഒറ്റ വീഴ്ച ആയിരുന്നു. പിന്നെ കയറിയിട്ടില്ല.
എംഎൻ ഗോവിന്ദൻ നായർ തിരുവിതാംകൂറിലും എകെജി മലബാറിലും നടത്തിയ ജാതിവിരുദ്ധ പോരാട്ടങ്ങൾ ഓർത്തുപോവുകയാണ്. അവർ താത്വികാചാര്യന്മാരല്ല. പക്ഷേ അവർക്ക് കാര്യം അറിയാമായിരുന്നു. ആ സോഷ്യൽ എൻജിനീയറിങ്ങും രാഷ്ട്രീയബുദ്ധിയുമാണ് അന്യമാകുന്നത്. ദലിതരുടെ കാര്യം ഓർക്കൂ. താങ്കൾ എല്ലാ ദിവസവും തിരുവനന്തപുരത്തെ എംജി റോഡിലൂടെ പോകുന്ന ആളല്ലേ. ഒരു ജൂവലറി, ഒരു ബാർ, ഒരു തുണിക്കട...ദലിത് നടത്തുന്നുണ്ടോ? റോഡിന്റെ പേര് മഹാത്മാ ഗാന്ധിയുടേതാണ്. അവർക്ക് ഒരു ടിവി, റേഡിയോ, ഒരു ന്യൂസ് പേപ്പർ ഉണ്ടോ? സ്വത്തിന്റെ പുനർവിഭജനത്തിൽ ജാതിയുടെ പങ്ക് കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കൽ മനസ്സിലാക്കി കൈകാര്യം ചെയ്തു. അതിനെല്ലാം പകരമായി ചില അഭിനയങ്ങൾ നടത്തിയിട്ടു പക്ഷേ കാര്യമില്ല.
രാഷ്ട്രീയ ഭാവനാസമ്പത്തും ദീർഘവീക്ഷണവും കമ്യൂണിസ്റ്റ് നേതൃത്വത്തിന് നഷ്ടപ്പെട്ടെന്നാണോ?
സുർജിത്തും ബസവും വരെ ഇതെല്ലാം ഉണ്ടായിരുന്നു. രാഷ്ട്രീയമായ വ്യക്തത അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് സോണിയാ ഗാന്ധിക്കെതിരെയുള്ള ക്യാംപെയ്ൻ ആരംഭിച്ചപ്പോൾ ‘ഇന്ത്യയിൽ മരുമകൾ, മകളാണ്’ എന്ന് സുർജിത് ലണ്ടനിൽ പോയി പറഞ്ഞത്. ഇന്ത്യാക്കാരിയാണ് സോണിയ എന്ന് ഉറപ്പിച്ചത് ആ രണ്ടു വയസ്സന്മാരാണ്. സുർജിത് സോണിയയെ വിളിച്ചിരുന്നത് ‘ബേട്ടി’ എന്നാണ്. ‘ബേട്ടി സുനിയേ..’ എന്നു പറയും. അടുത്ത തലമുറയുടെ മികവിനെ ഞാൻ ചോദ്യം ചെയ്യില്ല. പക്ഷേ രാഷ്ട്രീയ സഖ്യം അവർ പൊളിച്ചു, സോഷ്യൽ എൻജിനീയറിങ്ങും പൊളിച്ചു.
വിഎസ് യുഗത്തിന്റ അസ്തമയത്തോടെ ഉൾപ്പാർട്ടി ജനാധിപത്യവും തുറന്ന ആഭ്യന്തര ചർച്ചകളും കേരളത്തിലെ സിപിഎമ്മിൽ ഇല്ലാതായോ?
കേരള സിപിഎമ്മിൽ വളരെ വേഗം ആഭ്യന്തര ജനാധിപത്യം ചോർന്നു പോകുന്നു.‘പൊളിറ്റിക്സ് ഓഫ് കൺവീനിയൻസ്’, സൗകര്യവാദം എന്നു പറയാം, അതാണ് ഇപ്പോഴത്തെ വാദമുദ്ര. നിലപാട് എടുത്തവരെല്ലാം പുറത്തായി. ഒന്നുകിൽ നിലപാട് എടുക്കാതിരിക്കുക, അല്ലെങ്കിൽ എടുത്ത നിലപാട് ബലി കഴിക്കുക... അങ്ങനെ കിട്ടിയ സ്ഥാനങ്ങളുമായി തുടരുക എന്നതായി. ‘പൊളിറ്റിക്കൽ കരിയർ’ എന്ന വാക്കുതന്നെ വന്നു. ഞങ്ങളുടെ കാലത്ത് അത് ഉണ്ടായിരുന്നില്ല. ഇന്നു ഭാഗ്യന്വേഷികളാണ് കൂടുതലും. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു പോലെ അവർ സിപിഎമ്മിൽ ജോലി ചെയ്യുകയാണ്.
സി.പി. ജോൺ സിപിഎമ്മിൽ തുടർന്നിരുന്നുവെങ്കിൽ ഒരു പക്ഷേ പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും മറ്റും എത്തുമായിരുന്നുവെന്നു കരുതുന്നവരുണ്ട്. നഷ്ടബോധമില്ലേ?
ദിവസവും ഒരാൾ എങ്കിലും ഇതു ചോദിക്കും. ഇന്ന് ഇപ്പോൾ താങ്കളുടെ ഊഴമാണ്. അതിൽ ഒരു ശരിയുണ്ട്. കരിയർ ഗ്രാഫ് എടുത്താൽ ഞാൻ എത്തേണ്ട പാർലമെന്ററി പദവിയിൽ ഒന്നും എത്തിയില്ല എന്നു പറയുന്നത് ശരിയാണ്. പക്ഷേ ഒരു പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ താങ്കളോട് എനിക്ക് സംസാരിക്കാൻ കഴിയുന്നില്ലേ? ഒരാൾ പ്രവർത്തിക്കുന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി ആകുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും വലിയ കാര്യം. അതൊരു ചെറിയ പാർട്ടി ആയിക്കോട്ടെ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വ്യത്യസ്തമായ സരണിയിലൂടെ നീങ്ങുന്ന സിഎംപിയെ നയിക്കാൻ ചുമതലപ്പെട്ട ആളായി ഞാൻ സ്വയം കാണുന്നു.
ഞങ്ങൾ എന്ന പൂച്ചയ്ക്ക് പാലു കൊടുത്താൽ പുലി ആകില്ല. പക്ഷേ ഒരു കാറ്റലിസ്റ്റിന്റെ റോൾ ഞങ്ങൾക്കുണ്ട്. ഇപ്പോൾ കോവിഡ് നഷ്ടപരിഹാരം എടുക്കൂ. രാജ്യത്ത് ഞങ്ങൾ അല്ലേ അത് ആദ്യം ഉന്നയിച്ചത്? ഒടുവിൽ സുപ്രീംകോടതി അതേ നിർദേശം നൽകിയില്ലേ? കോവിഡ് തൊഴിലാളി വർഗത്തിന്റെ നടുവൊടിച്ചതിനു പരിഹാരം വേണമെന്നാണ് പറഞ്ഞത്. അല്ലാതെ അതൊരു ഔദാര്യമല്ല. അതു കോവിഡ്‌കാലത്തെ വർഗസമരമാണ്. പക്ഷേ മുഖ്യ കമ്യൂണിസ്റ്റ് പാർട്ടികൾ അതിനെ ഒരു വർഗസമരമായി കാണാൻ തയാറല്ല. അവർക്ക് അതൊരു ആരോഗ്യപ്രശ്നം മാത്രമാണ്.
എന്നെങ്കിലും ഇടതു പാളയത്തിലേക്ക് താങ്കളെ തിരിച്ചു പ്രതീക്ഷിക്കാമോ?
സിപിഎമ്മിലേക്ക് പ്രതീക്ഷിക്കേണ്ട. കാരണം സിഎംപിക്ക് ഒരു വ്യക്തിത്വമുണ്ട്. സിപിഎം നേതാക്കന്മാർക്കെല്ലാം എന്നോട് വലിയ സ്നേഹമാണ്. ‘സഖാവ് തിരികെ വരണം’ എന്നു പറയാത്തവർ കുറവാണ്. പഴയ അകൽച്ചയൊന്നും ഇപ്പോഴില്ല. പക്ഷേ ഞങ്ങൾ രണ്ടും രണ്ടു സമീപനങ്ങളിലാണ്. അവർ ഇപ്പോഴും സ്റ്റാലിനെയും കൊണ്ടു നടക്കുകയാണ്. ഞങ്ങൾ ബഹുദൂരം മുന്നിലേക്കു പോയി. സ്റ്റാലിനിസത്തിൽ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല എംവിആർ പറഞ്ഞത്.
സ്റ്റാലിനിസം ‘റിയാക്‌ഷനറി’ ആണ് എന്നു കൂടിയാണ്. അതുകൊണ്ട് ഞങ്ങൾ റോസാ ലംക്സംബർഗിനെ എടുത്തു. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പോലും ജനാധിപത്യം വേണം എന്ന് ലംക്സംബർഗ് പറഞ്ഞു. ഇല്ലെങ്കിൽ നിലനിൽക്കില്ല എന്നുതന്നെ അവർ പറഞ്ഞു. ഒറ്റവാക്കിൽ സ്വയം വിശേഷിപ്പിക്കാൻ ഒരാൾ എന്നോട് ആവശ്യപ്പെട്ടു. ‘അണ്ടർ യൂട്ടിലേസ്ഡ്’ (മതിയായി ഉപയോഗിക്കപ്പെടാത്തവൻ) എന്നു ഞാൻ മറുപടി നൽകി. എനിക്ക് കുറച്ചു കൂടി ഒക്കെ ചെയ്യാമായിരുന്നു. നിങ്ങളുടെ കരിയർ ഗ്രാഫ് സ്വയം ഉയരാം. പക്ഷേ അതു മാത്രമാകരുത് ലക്ഷ്യം
ഇതൊക്കെ എങ്കിലും അർഹമായ പരിഗണന താങ്കൾക്കും പാർട്ടിക്കും മുന്നണിയായ യുഡിഎഫ് നൽകുന്നുണ്ടോ?
അതൊരു വലിയ ചോദ്യമാണ്. കേരളത്തിലെ നേതൃകക്ഷികൾ രണ്ടും ചെറുതാണ്. തമിഴ്നാട്ടിൽ ഡിഎംകെയെ നോക്കൂ, 37% വോട്ട്. തോറ്റ എഐഎഡിഎംകെയ്ക്ക് 34% വോട്ട്. ഇവിടെ രണ്ടു പേർക്കും കൂടിയുള്ളത് 50% വോട്ടാണ്. പകുതി ഉണ്ട്, പകുതി ഇല്ല. 1957ൽ വെറും നാലു പാർട്ടി ഉണ്ടായിരുന്നത് 2016ൽ 44 ആയി വികസിച്ചന്ന് സുജിത് തന്നെ പണ്ട് എഴുതിയിട്ടുണ്ട്. ‘നാലിൽനിന്നു 44ലേയ്ക്ക്’ എന്നായിരുന്നു തലക്കെട്ട്. കേരളം ഒരു ഫ്രാഗ്മെന്റഡ് പോളിറ്റി ആണ്. ഒരു കാലത്ത് ദളിനെ, ആർഎസ്പിയെ എല്ലാം ഒഴിവാക്കിയും സിപിഐയുമായി ശണ്ഠ കൂടിയും സിപിഎം ആ രീതി തെറ്റിച്ചു. പിണറായി വിജയന്റെ മാത്രം നേതൃത്വം വന്നശേഷം അവർ മാറി ചിന്തിച്ചു.
ഇന്ന് ആരെ എങ്കിലും അവർ കളയുന്നുണ്ടോ? അര മന്ത്രിമാരെ പോലും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 35 ശതമാനത്തിലേക്ക് എൽഡിഎഫ് പതിച്ച 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ് അവരെ നല്ല പാഠം പഠിപ്പിച്ചത്. യുഡിഎഫ് ഇപ്പോൾ പഴയ എൽഡിഎഫ് കളി കളിക്കുകയാണ്. എങ്ങനെ ആളെ ഒഴിവാക്കാം എന്നാണ് അവർ നോക്കുന്നത്. ഗൗരിയമ്മ, ബാലകൃഷ്ണപിള്ള, ദൾ എല്ലാം പോയി. സിഎംപിയിലെതന്നെ ഒരു വിഭാഗം പോയി. എന്തിനാണ് 2005ൽ ജേക്കബിനെയും പിള്ളയെയും വിട്ടത്? അവിടെ മുതൽ ദോഷം ചെയ്തു. സാക്ഷാൽ കെ.കരുണാകരൻതന്നെ ഇടയ്ക്കു പോയി. പക്ഷേ പാർട്ടി സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയിട്ടും വിഎസിനെ സിപിഎം ഉപേക്ഷിച്ചില്ല. അവരാണല്ലോ രണ്ടു ശക്തി ദുർഗങ്ങൾ.
കേരള കോൺഗ്രസിനെ യുഡിഎഫ് ഉപേക്ഷിച്ചതിലേക്കാണല്ലോ താങ്കൾ വരുന്നത്?
‘ലീഡർ ’ പോയപ്പോൾ അദ്ദേഹത്തെ തിരിച്ചുകൊണ്ടു വരണമെന്ന് എ.കെ.ആന്റണിതന്നെ ഒരു സംഭാഷണത്തിൽ എന്നോട് പറഞ്ഞിരുന്നു.1964ൽ കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ടതിന്റെ പരുക്ക്തന്നെ കോൺഗ്രസിന് മാറിയിട്ടില്ലെന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. അപ്പോഴാണ് എനിക്ക് കേരള കോൺഗ്രസിന്റെ പ്രാധാന്യം ഒന്നു കൂടി മനസ്സിലായത്. എന്നിട്ടാണ് ഇവർ ഉള്ള കേരള കോൺഗ്രസിനെ കയ്യിൽനിന്നു കളഞ്ഞത്. അതൊരു ഹിമാലയൻ അബദ്ധമായിരുന്നു. ഒരു ന്യായവും പറഞ്ഞിട്ടു കാര്യമില്ല. തിരുവിതാംകൂറിലെ തിരഞ്ഞെടുപ്പ് തന്ത്രം പിഴച്ചു. ഒരു ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് നല്ല കുട്ടികളല്ല എന്നു പറഞ്ഞു രണ്ട് എംപിമാരുള്ള ആ പാർട്ടിയെ കൈവിട്ടു. മുന്നണിയിലെ കക്ഷി എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം എനിക്കുമുണ്ട്. പക്ഷേ കോൺഗ്രസാണ് തീരുമാനം എടുത്തത്. യുഡിഎഫിന്റെ നഷ്ടപ്പെട്ട ശക്തി തിരിച്ചുകൊണ്ടുവരണം. കക്ഷി ബന്ധങ്ങളിൽ മാറ്റം വരണം എന്നാണ് ഇഎംഎസ് എപ്പോഴും പറയാറുള്ളത്. അതാണ് രാഷ്ട്രീയശക്തി നിർണയിക്കുന്നത്.
കോൺഗ്രസിനു നേതൃചാതുര്യവും കാഴ്ചപ്പാടും നഷ്ടപ്പെട്ടുവന്നാണോ?
അവർ പാഠം പഠിക്കണം. ചെറിയ കക്ഷികൾ എന്തിന് എന്ന് അവർ തീരുമാനിക്കണം. വലിയ കക്ഷികൾ ഇല്ലാതെ ജയിക്കാൻ കഴിയില്ലെന്ന് ചെറിയ കക്ഷികൾക്ക് നന്നായി അറിയാം. പക്ഷേ ചെറിയ കക്ഷി ഇല്ലാതെ ജയിക്കാൻ കഴിയില്ലെന്നു വലിയ കക്ഷി കൂടി മനസ്സിലാക്കണം. 19 സീറ്റും തോറ്റു കിടക്കുന്ന എൽഡിഎഫ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ ജയിക്കാൻ കഴിയുമെന്നാണ് നോക്കുന്നത്. അതുകൊണ്ടാണ് അവർ എല്ലാവരെയും ചേർത്തു പിടിക്കുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽ കാതലിക് ഇതര വിഭാഗങ്ങളിലേക്ക് നേരത്തേതന്നെ അവർ ഇടിച്ചുകയറി. പോരായ്മ, കാതലിക് വിഭാഗത്തിലായിരുന്നു. അതു ജോസ് കെ. മാണിയെ പിടിച്ച് തീർത്തു.
യുഡിഎഫ് വിചാരിച്ചുകൊണ്ടിരുന്നത് ജോസ് കെ.മാണിയെ എടുക്കാൻ സിപിഐക്കാർ സമ്മതിക്കില്ലെന്നാണ്. അഞ്ചു കൊല്ലം കൂടി ഭരണത്തിലിരിക്കണോ പ്രതിപക്ഷത്തിരിക്കണോ എന്ന് സിപിഐക്കാരോട് സിപിഎം ചോദിച്ചു. 1957 മുതൽ 2021 വരെ നോക്കിയാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിന്റെ ഭാഗമായിരുന്ന പാർട്ടി സിപിഐ ആണ്. ഇപ്പുറത്ത് പിന്നോക്ക ഹൈന്ദവ ജനവിഭാഗം ഇന്ന് യുഡിഎഫിന്റെ കൂടെ ഉണ്ടോ? ആകെ കെ.ബാബു മാത്രമാണ് നിയമസഭയിൽ. മറുഭാഗത്ത് നിറയെ അവരാണ്. ഹിന്ദു –ഒബിസി–ന്യൂനപക്ഷ മുന്നണി വന്നാൽ പിന്നെ അവരെ തോൽപിക്കാൻ കഴിയില്ല.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ താങ്കൾ തിരുവമ്പാടിയിൽ മത്സരിച്ചേക്കുമെന്നു കേട്ടെങ്കിലും സീറ്റ് ലഭിച്ചില്ല. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?
സിഎംപിക്ക് മൂന്നു സീറ്റ് വേണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അല്ലാതെ സിപി ജോണിന് ഒരു സീറ്റ് നൽകി സിഎംപിയെ പരിഗണിച്ചു എന്ന രീതി വേണ്ടെന്ന് ആദ്യമേ വ്യക്തമാക്കി. ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ പാർട്ടിക്കു വേണ്ടി നിന്നു. ഞങ്ങൾ ചോദിച്ച നെന്മാറ അവർ തന്നു. താരതമ്യേന ജയിക്കാവുന്ന ഒരു സീറ്റ് എനിക്കായി പരിഗണിക്കണമെന്ന് ഒപ്പം അഭ്യർഥിച്ചു തിരുവമ്പാടിതന്നെയാണ് ചോദിച്ചത്. അവിടെ മത്സരിച്ചിരുന്നെങ്കിൽ ജയിക്കാമായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ നൽകാനുള്ള വാശി യുഡിഎഫ് കാട്ടിയില്ല. എന്നിട്ടെന്തായി? 70 സീറ്റിൽ കോൺഗ്രസ് തോറ്റു.
സി.എ. അജീറിനായി പിന്നീട് ഞങ്ങൾ ധർമടം ചോദിച്ചിട്ടും തന്നില്ല. ഒടുവിൽ ഞാൻ പ്രചാരണത്തിന് അവിടെ പോയി. മത്സരിച്ച രഘുനാഥ് പറഞ്ഞത് ധർമടത്തു പ്രചാരണത്തിനു വന്ന രണ്ടേ രണ്ടു സംസ്ഥാന നേതാക്കൾ ഞാനും എം.എം.ഹസനും ആയിരുന്നു എന്നാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിക്കാൻ യുഡിഎഫിൽ ആളില്ലേ? ഇതൊരു രാഷ്ട്രീയ മത്സരമല്ലേ! 2019ൽ കിട്ടിയ 47 ശതമാനം ഉണ്ടെന്നു വിചാരിച്ച് യുഡിഎഫ് ഇരുന്നു. വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴാണ് ഇടുക്കി ഡാമെല്ലാം നിറയുന്നത്. 47 ശതമാനത്തിന്റെ ആ വെള്ളപ്പൊക്കം ഒലിച്ചു പോയത് യുഡിഎഫ് അറിഞ്ഞില്ല.
താങ്കളുടെ പാർട്ടിക്ക് നെന്മാറ സീറ്റ് നൽകിയശേഷം വീണ്ടും അവിടെ കോൺഗ്രസ് ദ്രോഹിച്ചെന്ന് കേട്ടത് ശരിയാണോ?
സീറ്റ് തരുന്നതിനു മുൻപ് ചില പ്രശ്നങ്ങൾ ഉണ്ടായി. പിന്നീട് അവരുടെ സ്ഥാനാർഥി എന്നതു പോലെ സഹകരിച്ചു. തോറ്റത് ട്രെൻഡിന്റെ ഭാഗമായിരുന്നു.
ഘടകകക്ഷികളോടുള്ള കോൺഗ്രസിന്റെ സമീപനം മാറേണ്ട സമയമായില്ലേ?
ചെറിയ കക്ഷിയാണ് എന്നത് ഉൾക്കൊള്ളാൻ ഞങ്ങൾ തയാറാണ്. പക്ഷേ ഒരു ഘടകകക്ഷിക്ക് രണ്ടു മൂന്നു സീറ്റ് മാറ്റി വയ്ക്കേണ്ടേ? ഭാരതീയ ജനതാദളിനും ഫോർവേർഡ് ബ്ലോക്കിനും സീറ്റേ കൊടുത്തില്ല. എന്തിനാണ് അവരെ മുന്നണിയുടെ ഭാഗമാക്കിയത്? നേതാജിയെ പോലെ ഒരാൾ ഉണ്ടാക്കിയ പാർട്ടിയാണ് ഫോർവേർഡ് ബ്ലോക്. ഒരു അഖിലേന്ത്യാ നിലവാരം അവർക്കുണ്ട്. പുറത്തെ രാഷ്ട്രീയം മാറ്റിവച്ച് അവർ യുഡിഎഫിനൊപ്പം കേരളത്തിൽ നിൽക്കുകയാണ്. ആ മാന്യത കാട്ടേണ്ടേ?
കേരളത്തിന്റ രാഷ്ട്രീയ പാറ്റേൺ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വരുമെന്ന താങ്കളുടെ പ്രവചനം എവിടെയാണ് പാളിയത്?
കിറ്റും പെൻഷനും ഈ കോവിഡ് കാലത്ത് ഒരു ‘ലൈഫ് ലൈൻ’ ആയിരുന്നു. 20 ലക്ഷത്തോളം പേർക്ക് അത് ഏക വരുമാനമായി. കോവിഡ് ഇല്ലെങ്കിൽ അവർക്ക് വേറെ വരുമാനം ഉണ്ടാകുമായിരുന്നു. നേരത്തേ ഉമ്മൻചാണ്ടി കൊടുത്തതു പോലെ പിണറായി പോലും കൊടുത്തിട്ടില്ല. അരി വിതരണത്തിന്റെ ഉസ്താദ് ആയിരുന്നു ഉമ്മൻചാണ്ടി. പക്ഷേ ഇതര വരുമാനങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഉമ്മൻചാണ്ടിയുടെ ഫ്രീ ഏറ്റില്ല. ജനങ്ങൾ ദാരിദ്ര്യത്തിലായപ്പോൾ പിണറായിയുടെ കിറ്റ് ഏറ്റു.
നിങ്ങളുടെ റേഷൻ കട കൊണ്ടാണോ ഞാൻ കഴിയേണ്ടത് എന്ന് അന്നു ജനം ഉമ്മൻചാണ്ടിയോട് ചോദിച്ചു. ഇന്ന് അങ്ങനെ തിരിച്ചു ചോദിക്കാവുന്ന സാഹചര്യം ഇല്ലായിരുന്നു. പിണറായിയുടെ കിറ്റിനും പെൻഷനും മൂല്യം കൂടാൻ കാരണം പിണറായിയുടെ ഭരണകാലത്തെ ദുരിതമാണ്. ഒരു ദുരന്ത മുഖത്ത് ഇടപെടാൻ കഴിഞ്ഞാൽ ആ സർക്കാരിന് തുടരാൻ കഴിയുമെന്നു തുടർഭരണം ഉറപ്പിച്ചു. പിണറായിയുടെ പത്തു പൈസ കോവിഡ് കാലത്ത് ഉമ്മൻചാണ്ടിയുടെ ഒരു രൂപയേക്കാൾ വലുതായിരുന്നു.
സഹകരണം താങ്കളുടെ പാർട്ടിയുടെ മേഖല ആണല്ലോ? കരുവന്നൂരിൽ നടന്നതിനെക്കുറിച്ച്...
സിപിഎം എന്ന പാർട്ടി അവിടെ ഉണ്ടായിരുന്നോ എന്നാണ് ആലോചിച്ചു പോകുന്നത്. ഞങ്ങളുടെ കാലത്ത് ബിൽ ബുക് പാർട്ടി ഓഫിസിൽ കൊണ്ടുവരുന്നതുതന്നെ റിസർവ് ബാങ്കിൽനിന്ന് രേഖ കൊണ്ടു വരുന്നതുപോലെയാണ്. എന്റെ വിഷയം അതല്ല. ഇപ്പോൾ കെ.ടി.ജലീലിനെ വച്ച് സഹരണ ബാങ്ക് പൊളിക്കാനല്ലേ സിപിഎം നടക്കുന്നത്? ഇതു സർ സിപി ചെയ്ത പണിയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. അയാൾക്ക് ഡിപ്പോസിറ്റ്, ഇയാൾക്ക് ഡിപ്പോസിറ്റ് എന്നെല്ലാം ഒരു മുൻ മന്ത്രി വിളിച്ചു പറയുകയാണ്. ബാങ്ക് പൊളിയില്ലേ? ഒരു ഭാഗത്ത് മോഷ്ടിച്ചു പൊളിക്കുക, മറുഭാഗത്ത് ആക്ഷേപിച്ച് പൊളിക്കുക. ജലീൽ എന്നു പറയുന്ന പുതിയ സിപിയെ വച്ചു ബാങ്ക് പൊളിക്കരുത്. ഇയാളുടെ പിറകേ ഇഡി നടന്നതല്ലേ. ജലീൽ ഒരു ഡബിൾ ഏജന്റാണ്. അയാൾ ആർഎസ്എസിന്റെ ഏജന്റാണ്. സിപിഎമ്മിന്റെ പ്രതിനിധിയുമാണ്.
അവഗണന തുടർന്നാൽ സിഎംപി മറ്റൊരു നിലപാടിനെക്കുറിച്ച് ആലോചിക്കുമോ?
ഇപ്പോൾ ആ ചർച്ചയുടെ ആവശ്യമില്ല. മേശപ്പുറത്ത് അങ്ങനെ ഒരു വിഷയമില്ല. ഞങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളോട് ചേർന്നു നിൽക്കുന്ന മുന്നണി യുഡിഎഫ് ആയതിനാൽ അവരുടെ ഭാഗമായി നിൽക്കാനാണ് ആഗ്രഹിക്കുന്നത് പക്ഷേ... അതെ, ഒരു പക്ഷേ, ഉണ്ട്. ഞങ്ങളെ ഇതിൽ നിർത്തേണ്ടത് ഞങ്ങൾ അല്ലല്ലോ. ഒറ്റ സീറ്റ് കൊടുത്തു സിഎംപിയെ കൂടെ നിർത്താമെന്ന് ഇനി കരുതരുത്. അതു ശരിയല്ല. തോൽക്കുന്ന ഒരു സീറ്റ് നൽകി പോയി വീരചരമം അടയൂ എന്ന ഏർപ്പാട് ശരിയല്ല. അങ്ങനെ കോൺഗ്രസ് കരുതരുത്. ഞങ്ങളോട് എന്നല്ല ആരോടും. അത് അവർക്കും ഗുണമല്ല, ഞങ്ങൾക്ക് ഇനി സാധ്യവുമല്ല.
English Summary: CrossFire Exclusive Interview with CMP General Secretary CP John