‘കോൺഗ്രസിൽ നേതാക്കൾ തമ്മിൽ അകന്നു; ഞാൻ മധ്യസ്ഥനാവാം, പ്രതിസന്ധി തീർക്കാം’
'നിലവിൽ നേതാക്കന്മാർ തമ്മിൽ താൽക്കാലികമായെങ്കിലും അൽപം അകൽച്ച ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ്‌തന്നെ ഈ വിഷയത്തിൽ കക്ഷിയായ അവസ്ഥയാണിപ്പോൾ. പണ്ടൊക്കെ കെ.കരുണാകരനും എ.കെ.ആന്റണിയും തമ്മിൽ തർക്കമുണ്ടാകുമ്പോഴും അവർതന്നെ പറഞ്ഞു തീർക്കുന്ന സമീപനവും മറക്കാനാകില്ല...'
'നിലവിൽ നേതാക്കന്മാർ തമ്മിൽ താൽക്കാലികമായെങ്കിലും അൽപം അകൽച്ച ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ്‌തന്നെ ഈ വിഷയത്തിൽ കക്ഷിയായ അവസ്ഥയാണിപ്പോൾ. പണ്ടൊക്കെ കെ.കരുണാകരനും എ.കെ.ആന്റണിയും തമ്മിൽ തർക്കമുണ്ടാകുമ്പോഴും അവർതന്നെ പറഞ്ഞു തീർക്കുന്ന സമീപനവും മറക്കാനാകില്ല...'
'നിലവിൽ നേതാക്കന്മാർ തമ്മിൽ താൽക്കാലികമായെങ്കിലും അൽപം അകൽച്ച ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ്‌തന്നെ ഈ വിഷയത്തിൽ കക്ഷിയായ അവസ്ഥയാണിപ്പോൾ. പണ്ടൊക്കെ കെ.കരുണാകരനും എ.കെ.ആന്റണിയും തമ്മിൽ തർക്കമുണ്ടാകുമ്പോഴും അവർതന്നെ പറഞ്ഞു തീർക്കുന്ന സമീപനവും മറക്കാനാകില്ല...'
ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷം കേരളത്തിലെ കോൺഗ്രസിൽ ഉണ്ടായ പാരസ്പര്യക്കുറവ് യുഡിഎഫിലെ ഇതര കക്ഷികളുടെ എതിർപ്പിനു കൂടി കാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, പ്രശ്നം പറഞ്ഞു തീർക്കാൻ പറ്റിയ മധ്യസ്ഥന്മാരില്ലാതെ പോകുന്ന ദുരവസ്ഥ പാർട്ടിയും പാർട്ടിയെ സ്നേഹിക്കുന്നവരും തിരിച്ചറിയുന്നത്. പണ്ട് കെ.ശങ്കരനാരായണനും വക്കം പുരുഷോത്തമനും കെ.വി.തോമസുമൊക്കെ സമന്വയത്തിന്റെ പ്രതീക്ഷാവാഹകരായി ഇടയ്ക്കു നിന്ന സാഹചര്യമല്ല ഇന്നുള്ളത്.
കെ.ശങ്കരനാരായണനും വക്കം പുരുഷോത്തമനുമെല്ലാം ഇന്ന് സജീവ രാഷ്ട്രീയത്തിൽ ഇല്ല. മധ്യസ്ഥഭാവം സ്വീകരിക്കാവുന്നവരിൽ കെ.വി.തോമസാണു അൽപമെങ്കിലും കോൺഗ്രസ് പാർട്ടിയിൽ സജീവമായുള്ളത്. പാർട്ടിയിലെ പ്രതിസന്ധിയെക്കുറിച്ച്, അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു...
കോൺഗ്രസിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഒരു മധ്യസ്ഥന്റെ റോളിൽ താങ്കൾക്ക് എന്തു ചെയ്യാനാവും?
ഈ പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതുണ്ട്. അടിയന്തരമായി അതുണ്ടാകണം. അതിനുള്ള നേതൃത്വം കേരളത്തിലെ കോൺഗ്രസിൽ ഇപ്പോഴുമുണ്ട്. പരിഹരിക്കപ്പെടുന്നതിന് എനിക്ക് കഴിയാവുന്ന ഇടപെടലിനു തയാറാണ്. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടായി പോകുന്നതിനുള്ള ഏത് ഇടപെടലിനും ഞാനുണ്ടാകും. അത് ഒരു കോൺഗ്രസുകാരനെന്ന നിലയിൽ എന്റെ കടമയാണ്.
താങ്കളുടെ അഭിപ്രായത്തിൽ പാർട്ടിയിലെ യഥാർഥ പ്രശ്നം എന്താണ്?
കേരളത്തിലെ കോൺഗ്രസിൽ നിലവിൽ വലിയ പ്രശ്നമൊന്നും ഇല്ല. കേരളത്തിൽ സംഭവിച്ചതെന്താണ്? ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് ആലോചിച്ചു തുടങ്ങിയപ്പോൾ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമൊക്കെ ഓരോ പാനൽ കൊടുത്തു. ആ പാനലിൽനിന്ന് ഒരു പേര് അന്തിമമാക്കുന്ന ഘട്ടത്തിൽ തുടർ ചർച്ചകൾ നടന്നിട്ടില്ലായിരിക്കാം. ഇതാവാം നേതാക്കളുടെ ഇഷ്ടക്കേടിനു കാരണം.
പുതിയ ഗ്രൂപ്പ് സമവാക്യം കേരളത്തിൽ ഉരുത്തിരിയുന്നതായി തോന്നുന്നുണ്ടോ?
ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത് ഗ്രൂപ്പ് സമവാക്യത്തെ അടിസ്ഥാനമാക്കിയല്ല എന്നാണു മനസ്സിലാക്കുന്നത്. പക്ഷേ, കേരളത്തിലെ പ്രമുഖ ഗ്രൂപ്പുകളെയൊക്കെ ഉൾക്കൊണ്ടുള്ള തീരുമാനമാണുണ്ടായത് എന്നാണു വിശ്വാസവും. ഇനി കെ. സുധാകരനോ വി.ഡി.സതീശനോ കെ.സി.വേണുഗോപാലിനോ ഗ്രൂപ്പുണ്ടാക്കേണ്ട സാഹചര്യമില്ല. അവർ അതിനു തുനിയുമെന്നു കരുതുന്നുമില്ല. കേരളത്തിൽ ഇനി ഗ്രൂപ്പിനു പ്രസക്തിയുമില്ല.
കരുണാകരന്റെയും ആന്റണിയുടെയും കാലത്തു ഗ്രൂപ്പ് ശക്തമായിരുന്നുവെങ്കിലും പാർട്ടിക്കായിരുന്നു പ്രാധാന്യം. ഇന്നിപ്പോൾ ഗ്രൂപ്പില്ലാത്തവർ ഒറ്റപ്പെട്ട അവസ്ഥ കേരളത്തിലുണ്ട്. ഇതിനൊരു മാറ്റത്തിന്റെ തുടക്കമാണ് ഈ കണ്ടതെന്നാണ് എന്റെ പക്ഷം. പുതിയ സാഹചര്യത്തിൽ ഗ്രൂപ്പിനതീതമായ സംവിധാനമുണ്ടാകണം. അവിടെ സുധാകരനും സതീശനുമൊന്നും ഗ്രൂപ്പിന്റെ നേതാക്കന്മാരാകേണ്ട കാര്യമില്ല. അവരൊന്നും ഗ്രൂപ്പ് നേതാക്കന്മാരുമല്ല. ഗ്രൂപ്പിനതീതമായ പുതിയ മാറ്റം കേരളത്തിൽ ഗുണകരമായ മാറ്റം ഉണ്ടാക്കുമെന്നാണു പ്രതീക്ഷ.
ഒരു അകൽച്ച കോൺഗ്രസ് പാർട്ടിയിൽ സംഭവിച്ചുവെന്നതു സത്യമല്ലേ?
അതെ. സത്യമാണ്. നിലവിൽ നേതാക്കന്മാർ തമ്മിൽ താൽക്കാലികമായെങ്കിലും അൽപം അകൽച്ച ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ്‌തന്നെ ഈ വിഷയത്തിൽ കക്ഷിയായ അവസ്ഥയാണിപ്പോൾ. പണ്ടൊക്കെ ഹൈക്കമാൻഡ് നേരിട്ടു കേരളത്തിലെ പ്രശ്നങ്ങളിൽ കക്ഷിയാകാറില്ലായിരുന്നു. ജി.കെ.മൂപ്പനാരോ കെ.സി.പന്തോ അഹമ്മദ് പട്ടേലോ ഒക്കെ ഇടപെട്ടു പ്രശ്നങ്ങൾക്കു പെട്ടെന്നു പരിഹാരം കാണുമായിരുന്നു.
രാജീവ് ഗാന്ധിയുടെ കാലത്തു രണ്ടു പൊളിറ്റിക്കൽ സെക്രട്ടറിമാരായിരുന്നു കോൺഗ്രസിന്. അഹമ്മദ് പട്ടേലും ഓസ്കർ ഫെർണാണ്ടസും. അവർ വഴിയോ അവർക്കൊപ്പമോ നേരിട്ട് പാർട്ടി ഹൈക്കമാൻഡിനെ അറിയിക്കാനും വിവരങ്ങൾ അറിയാനും അന്നു സാധ്യത കൂടുതലായിരുന്നു. മാത്രമല്ല, അന്നൊക്കെ കെ.കരുണാകരനും എ.കെ.ആന്റണിയും തമ്മിൽ തർക്കമുണ്ടാകുമ്പോഴും അവർതന്നെ പറഞ്ഞു തീർക്കുന്ന സമീപനവും മറക്കാനാകില്ല.
ഇനിയെന്താണു പാർട്ടിയുടെ മുന്നിലുള്ള വഴി?
കേരളത്തിനു പുറത്തേക്കു നോക്കൂ. ബിജെപിക്കെതിരെ പടനയിക്കാൻ കോൺഗ്രസ് വരണമെന്നു ചിന്തിക്കുന്നവരാണെല്ലായിടത്തും. അവിടെ സിപിഎം അടക്കം കോൺഗ്രസിനു കരുത്തുണ്ടാകാൻ ആഗ്രഹിക്കുന്നവരാണ്. യച്ചൂരിയും ഡി.രാജയും പവാറുമെല്ലാം പറയുന്നതു കോൺഗ്രസ് നേതൃത്വം നൽകണമെന്നാണ്. ഈ ഘട്ടത്തിൽ പാർട്ടി ദുർബലപ്പെടുകയല്ല, കൂടുതൽ ഊർജസ്വലത കൈവരിക്കുകയാണു വേണ്ടതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാഹുൽഗാന്ധി മുഴുവൻ സമയ പ്രസിഡന്റായി പാർട്ടിയെ ഏറ്റെടുക്കണം. ബിജെപിയെ ആക്രമിക്കുന്നതിൽ ലോപമില്ലാതെ കരുത്തും ധൈര്യവും കാണിക്കുന്ന രാഹുൽ പാർട്ടിയെ നയിക്കുന്നതോടെ കേരളത്തിലടക്കം മുന്നണി തലത്തിലും കോൺഗ്രസ് പാർട്ടിയിൽതന്നെയും കൂടുതൽ ചടുലത കൈവരും എന്നാണെന്റെ തോന്നൽ.
English Summary: Exclusive Interview with Senior Congress Leader KV Thomas over DCC president issue