‘ജോജു തീർത്തത് ഫ്രസ്ട്രേഷൻ, കളിക്കുന്നത് സിപിഎം; ‘കള്ള്’ പരാമർശം പൊലീസിന്റേത്’
ജോജുവിന്റെ വരവു കണ്ട് സത്യത്തിൽ എല്ലാവരും ഭയന്നു പോയി. ആക്രോശിച്ചുകൊണ്ട് ചീത്തയും പറഞ്ഞാണു വന്നത്. അവിടെ നിന്ന ഒരു പൊലീസുകാരനാണ് പറഞ്ഞത് ‘ഇതെന്താണ് ഇയാൾ കള്ളുകുടിച്ചിട്ടാണോ വരുന്നത്’ എന്ന്. പിന്നീട് പരിശോധനയിൽ, മദ്യപിച്ചിട്ടില്ല എന്ന് പറഞ്ഞു. പിന്നീട് മദ്യമല്ല മറ്റൊന്തോ ആണെന്ന ആരോപണവും വന്നിരുന്നു. അതൊന്നും തെളിവില്ലാതെ എനിക്ക് പറയാനാകില്ല... Deepthi Mary Varghese
ജോജുവിന്റെ വരവു കണ്ട് സത്യത്തിൽ എല്ലാവരും ഭയന്നു പോയി. ആക്രോശിച്ചുകൊണ്ട് ചീത്തയും പറഞ്ഞാണു വന്നത്. അവിടെ നിന്ന ഒരു പൊലീസുകാരനാണ് പറഞ്ഞത് ‘ഇതെന്താണ് ഇയാൾ കള്ളുകുടിച്ചിട്ടാണോ വരുന്നത്’ എന്ന്. പിന്നീട് പരിശോധനയിൽ, മദ്യപിച്ചിട്ടില്ല എന്ന് പറഞ്ഞു. പിന്നീട് മദ്യമല്ല മറ്റൊന്തോ ആണെന്ന ആരോപണവും വന്നിരുന്നു. അതൊന്നും തെളിവില്ലാതെ എനിക്ക് പറയാനാകില്ല... Deepthi Mary Varghese
ജോജുവിന്റെ വരവു കണ്ട് സത്യത്തിൽ എല്ലാവരും ഭയന്നു പോയി. ആക്രോശിച്ചുകൊണ്ട് ചീത്തയും പറഞ്ഞാണു വന്നത്. അവിടെ നിന്ന ഒരു പൊലീസുകാരനാണ് പറഞ്ഞത് ‘ഇതെന്താണ് ഇയാൾ കള്ളുകുടിച്ചിട്ടാണോ വരുന്നത്’ എന്ന്. പിന്നീട് പരിശോധനയിൽ, മദ്യപിച്ചിട്ടില്ല എന്ന് പറഞ്ഞു. പിന്നീട് മദ്യമല്ല മറ്റൊന്തോ ആണെന്ന ആരോപണവും വന്നിരുന്നു. അതൊന്നും തെളിവില്ലാതെ എനിക്ക് പറയാനാകില്ല... Deepthi Mary Varghese
ഇന്ധന വിലവർധനയ്‌ക്കെതിരെ കൊച്ചി നഗരത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം നടൻ ജോജു ജോർജിലേക്കു വഴിമാറിയതു നിമിഷനേരം കൊണ്ടായിരുന്നു. വിലവർധനയ്ക്കെതിരെയുണ്ടായ പ്രതിഷേധം കഴിഞ്ഞ് വാഹനങ്ങൾ നിരത്തിലോടിത്തുടങ്ങിയെങ്കിലും ജോജുവും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
ജോജുവിന്റെ കാറിന്റെ ചില്ല് തകർത്തതിന്റെ പേരിലുള്ള കേസ് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് വരെ എത്തിച്ചു. എന്നാൽ ജോജു മഹിളാ കോൺഗ്രസ് പ്രവർത്തകരോട് മോശമായി പെരുമാറിയെന്നു പറഞ്ഞ് കൊടുത്ത പരാതിയിൽ യാതൊരു പുരോഗതിയും ഇല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ജോജുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.
ഇന്ധനവില വർധനയ്ക്കെതിരെയുള്ള കോൺഗ്രസ് സമരം ‘ജോജുവിന്റെ വണ്ടിയുടെ ഗ്ലാസ് പൊട്ടിക്കുന്ന സമരമായി വ്യാഖ്യാനിക്കേണ്ടെ’ന്ന് രൂക്ഷ ഭാഷയിൽ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ വനിതാ പ്രവർത്തകരുടെ പരാതിയിൽ നടപടിയെടുക്കാത്തതിനെയും അവർ വിമർശിച്ചു.
ജോജുവുമായി ബന്ധപ്പെട്ട കേസിൽ തെരുവിലും നിയമസഭയിലും പോരാട്ടം കടുക്കുമ്പോൾ ജോജുവിനെതിരെ എന്തുകൊണ്ടാണ് നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നതെന്നു പറയുകയാണ് ദീപ്തി മേരി വർഗീസ്. ‘ജോജുവിന്റെ കുടുംബത്തിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്’ എന്ന് നിയമസഭയിൽ മുകേഷ് എംഎൽഎ പറഞ്ഞതിനുള്ള വിശദീകരണവും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു ദീപ്തി...
ഇന്ധന വിലവർധനയ്ക്കെതിരെയുള്ള സമരം ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കാൻ നടത്തിയ സമരമായി വ്യാഖ്യാനിച്ചു കൊണ്ടുവരരുതെന്ന ദീപ്തിയുടെ പരാമർശം ഏറെ ചർച്ചയായിരുന്നു. ആരാണ് അത്തരമൊരു വ്യാഖ്യാനത്തിനു ശ്രമിച്ചത്?
തികച്ചും ‘ജെനുവിൻ’ ആയ ഒരു ആവശ്യത്തിനു വേണ്ടിയായിരുന്നു കോൺഗ്രസ് സമരം. എല്ലാ തട്ടിലുമുള്ള ജനം ഇന്ധന വിലവർധനയ്ക്കെതിരെ സമരം ആഗ്രഹിച്ചിരുന്നു. അങ്ങനെയുള്ള ഒരു വിഷയത്തിൽ സമരം നടക്കുമ്പോൾ സാധാരണ നിലയിൽ സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരൻ എന്ന നിലയ്ക്ക് ജോജു അതിന് പിന്തുണ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. സമരസ്ഥലത്ത് യാതൊരു കാഷ്വാലിറ്റീസും ഉണ്ടായിരുന്നില്ല.
ജോജു പറഞ്ഞു പ്രചരിപ്പിക്കുന്നതു പോലെ ആശുപത്രിയിൽ പോകേണ്ടവരോ ഒന്നും ഉണ്ടായിരുന്നില്ല. നാലുവരിപ്പാതയിലെ ഒറ്റവരിയിൽ മുൻകൂട്ടി അറിയിച്ചാണ് സമരം നടത്തിയത്. പൊലീസിനെയും അറിയിച്ചിരുന്നു. ഒരു ജനാധിപത്യ സമരം നടക്കുന്നതിനിടിയിൽ വന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നാണ് ഇവിടെയുള്ള പ്രശ്നം. അത് ശരിയായില്ല എന്നാണ് ഞങ്ങൾ പറഞ്ഞത്. അത്രയും പ്രധാനപ്പെട്ട ഒരു ആവശ്യത്തിനായി നടത്തിയ സമരം ജോജുവിലേക്ക് മാത്രം ചുരുക്കുന്നതും ശരിയല്ല.
എന്തുകൊണ്ടാണ് ജോജുവിനെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നു പറയുന്നത്? അത്രയ്ക്ക് ഉറപ്പുള്ള തെളിവുകൾ കോൺഗ്രസിന്റെ കയ്യിലുണ്ടോ? എന്താണ് അന്ന് യഥാർഥത്തിൽ സംഭവിച്ചത്?
ടോണി ചമ്മണി ഉൾപ്പെടെയുള്ളവർ ജോജുവിന്റെ കാർ തല്ലിതകർത്തെന്നാണ് പറയുന്നത്. അവിടെ നടന്ന സംഭവങ്ങളുടെ ദൃശ്യം പരിശോധിച്ചാൽ അറിയാം, ടോണി ചമ്മണി സമരത്തിന്റെ മുൻഭാഗത്താണ് ഉണ്ടായിരുന്നത്. കാറിന്റെ പിൻഭാഗത്തുള്ള ചില്ല് മുന്നിൽനിന്ന ടോണി അടിച്ചു പൊട്ടിച്ചുവെന്ന് പറഞ്ഞാൽ ഇതൊക്കെ കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണെന്നുതന്നെ വ്യക്തമല്ലേ?
സ്ത്രീകൾ നിറഞ്ഞുനിന്ന ഒരു സമരമായിരുന്നു അത്. സ്ത്രീകൾ നിൽക്കുന്ന സ്ഥലത്തെത്തി ചില മോശം വാക്കുകൾ ഉപയോഗിച്ച് ആക്രോശിക്കുകയും ചീത്തവിളിക്കുകയുമാണ് ജോജു ചെയ്തത്. അതിനെതിരെയാണ് ഞങ്ങൾ പ്രതികരിച്ചതും കേസു കൊടുത്തതും. അല്ലാതെ വ്യക്തിപരമായി അവിടെനിന്ന ആർക്കും ജോജുവിനോടോ സിനിമാ രംഗത്തുളള ആരോടുമോ പ്രശ്നമില്ല. ഒരു സമരത്തെ തകർക്കാനായി വന്ന് , അദ്ദേഹത്തിന്റെ ഫ്രസ്ട്രേഷൻ തീർത്ത് അവിടെ ഒരു സീനുണ്ടാക്കുകയാണ് ചെയ്തത്. അല്ലെങ്കിൽ ഒരു സാധാരണ സമരം പോലെ അതും പോകുമായിരുന്നു.
ജോജു മദ്യപിച്ചെന്നാണ് ആദ്യം കോൺഗ്രസ് പറഞ്ഞത്. അത് തെറ്റാണെന്നു തെളിഞ്ഞപ്പോൾ ലഹരി ഉപയോഗിച്ചെന്നും പറഞ്ഞു. തെറ്റായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ഇതു കാരണമായില്ലേ?
ജോജുവിന്റെ വരവു കണ്ട് സത്യത്തിൽ എല്ലാവരും ഭയന്നു പോയി. ഇയാൾ ആക്രോശിച്ചുകൊണ്ട് ചീത്തയും പറഞ്ഞാണു വന്നത്. അവിടെ നിന്ന ഒരു പൊലീസുകാരനാണ് പറഞ്ഞത് ‘ഇതെന്താണ് ഇയാൾ കള്ളുകുടിച്ചിട്ടാണോ വരുന്നത്’ എന്ന്. അപ്പോൾ ഷിയാസ് അവിടെനിന്ന് പ്രസംഗം നടക്കുന്നതിനിടെ വിളിച്ചു പറയുന്നുണ്ട് മദ്യപിച്ചിട്ടാണെങ്കിൽ ബ്രെത്ത് അനലൈസർ കൊണ്ട് നോക്കിയിട്ടേ അയാളെ വിടാവൂ എന്ന്.
അങ്ങനെയൊരു സംസാരം അവിടെ പരക്കെ ഉണ്ടായിരുന്നു. ജോജു അത്തരത്തിൽ അബ്നോർമൽ ആയാണു പെരുമാറിയത്. അതുകൊണ്ടാണ് മദ്യപിച്ചിരുന്നു എന്ന് എല്ലാവരും ധരിച്ചത്. പിന്നീട് പരിശോധനയിൽ, മദ്യപിച്ചിട്ടില്ല എന്നു പറഞ്ഞു. പിന്നീട് മദ്യമല്ല മറ്റൊന്തോ ആണെന്ന ആരോപണവും വന്നിരുന്നു. അതൊന്നും തെളിവില്ലാതെ എനിക്കു പറയാനാകില്ല.
അവിടെ ആരും ആശുപത്രിയില്‍ പോകാനുള്ള ആവശ്യത്തിനായി നിന്നിരുന്നില്ല. കാരണം സമരക്കാരെക്കാൾ അവിടെ പൊലീസുകാരാണ് ഉണ്ടായിരുന്നത്. സാധാരണ ഗതിയിൽ സമരം ഉണ്ടാകുമ്പോൾ വഴി മാറ്റി വിടാനുള്ള ക്രമീകരണങ്ങൾ പൊലീസ് ചെയ്യുമല്ലോ. മാത്രമല്ല അങ്ങനൊരു കാൻസർ രോഗി ഉള്ളതായി ഞങ്ങളോട് ആരും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്ന പൊലീസുകാരോട് പറയാമായിരുന്നല്ലോ.
ആദ്യം പറഞ്ഞു പ്രചരിപ്പിച്ചത് ആംബുലൻസ് എന്നാണ്. പിന്നീട് ഓട്ടോറിക്ഷയായി. പിന്നീട് പറഞ്ഞു കാൻസർ രോഗിയല്ല രോഗിയെ കാണാൻ പോകുന്ന ആളാണെന്ന്. ഇതിലൊന്നും ഒരു യാഥാർഥ്യവുമില്ല. ജോജുവിന് വാഹനത്തിനകത്തു കുറച്ചുനേരം ഇരുന്നപ്പോൾ തോന്നിയ ഒരു അസ്വസ്ഥത അദ്ദേഹം പുറത്തിറങ്ങിനിന്നു കാണിച്ചു. പിന്നെ, എന്തുകൊണ്ടാണ് സാധാരണ മനുഷ്യർ പെരുമാറുന്നതിൽനിന്ന് വ്യത്യസ്തമായി ഇത്തരത്തിൽ ഒരു കോലാഹലമുണ്ടാക്കിയതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം.
ഇത്രയൊക്കെ ആരോപണങ്ങളുണ്ടായിട്ടും പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് പരാതി പൊലീസ് അന്വേഷിക്കാത്തത്? എന്താണ് അടുത്ത നടപടി?
മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റും അന്നവിടെ സമരത്തിനുണ്ടായിരുന്ന, ജോജു പറഞ്ഞതു കേട്ട ചില സ്ത്രീകളുമാണ് പരാതി നൽകിയത്. എന്നാൽ പരാതി റജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. അതിനു പകരം കമ്മിഷണർ പറഞ്ഞത്, ഞങ്ങൾ അന്വേഷിച്ചിട്ട് തെളിവുണ്ടെന്നു തോന്നിയാൽ അപ്പോൾ പരാതി എടുക്കാമെന്നാണ്. ഇതെന്തു നിയമമാണ്. ഒരു സ്ത്രീ പരാതി നൽകിയാൽ ആദ്യം അത് റജിസ്റ്റർ ചെയ്യുകയല്ലേ വേണ്ടത്? അതിനു ശേഷമല്ലേ അന്വേഷണം നടത്തേണ്ടത്?
അതു കള്ളമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ അപ്പോൾ പറയട്ടെ, അല്ലാതെ ഒരാൾ പരാതി കൊടുക്കുമ്പോൾത്തന്നെ അതൊന്നും സത്യമല്ല എന്നുപറഞ്ഞ് കേസെടുക്കാതിരിക്കുന്നത് ശരിയായ രീതിയാണോ? അതിനോട് ഞങ്ങൾക്ക് എതിർപ്പുണ്ട്. കേസുമായി മുന്നോട്ടു പോകുമെന്നു തന്നെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
ജോജുവിനെ സിപിഎം ഒരു ‘പൊളിറ്റിക്കൽ ടൂളായി’ ഉപയോഗപ്പെടുത്തുകയായിരുന്നെന്നാണോ പറഞ്ഞു വരുന്നത്?
ജോജുവിന്റെ സുഹൃത്തുക്കൾ തന്നെയാണ് പ്രശ്നം ഒത്തുതീർപ്പാക്കാനായി ഷിയാസിനോടും എംപിയുയോടും എംഎൽഎയോടുമെല്ലാം സംസാരിച്ചത്. എന്നോടും സംസാരിച്ചിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തോടു പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ല. അതുകൊണ്ടുതന്നെ ഒരു ഒത്തുതീർപ്പ് ചർച്ച വന്നപ്പോൾ ഞങ്ങളും സമ്മതിച്ചു. ഇവരുടെ വാക്കു കേട്ടിട്ടാണ് ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് ഷിയാസ് മാധ്യമപ്രവർത്തകരോടും പറഞ്ഞത്.
എന്നാൽ ജോജു പിറ്റേദിവസം സർക്കാർ നടത്തുന്ന കേസിൽ പോയി മറ്റൊരു വക്കീലിനെ വച്ച് കക്ഷി ചേരാൻ ശ്രമിച്ചു. അതിനെപ്പറ്റി അന്വേഷിച്ചാൽ മനസ്സിലാകും ആരാണ് ഇതിനു പിന്നിലെന്ന്. വിഷയം ഒത്തുതീർപ്പാക്കാൻ വന്നയാൾ എന്തുകൊണ്ട് ഇതിൽനിന്നു പിന്മാറിയെന്നു ചിന്തിച്ചാൽത്തന്നെ ഇതിനു പിന്നിൽ വേറെ ആളുകളുണ്ടെന്ന് മനസ്സിലാകും. ബി. ഉണ്ണികൃഷ്ണനെപ്പോലെയുള്ള സിപിഎം അനുകൂലികൾ ഇതിനു പിന്നിലുണ്ടെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ചില ആളുകൾക്ക് ഇതൊരു രാഷ്ട്രീയ വിഷയമാക്കി മാറ്റണമായിരുന്നു.
സിപിഎമ്മുമായി ബന്ധപ്പെട്ട ഒരു മന്ത്രിയും സിനിമാ മേഖലയിലുള്ള ബി. ഉണ്ണികൃഷ്ണൻ, ഗണേശ്, മുകേഷ് ഉൾപ്പെടെയുള്ള ‘ചില’ ആളുകളുമാണ് ജോജുവിനെ പിന്തുണച്ച് രംഗത്തുവന്നത്. വേറെ ആരെങ്കിലും സിനിമാ മേഖലയിൽനിന്ന് ജോജുവിന് പിന്തുണയുമായി വന്നോ? കാര്യങ്ങളോട് പ്രതികരിക്കുന്ന എത്രയോ ആളുകളുണ്ട് സിനിമയിൽ, അവർ ആരും വന്നില്ലല്ലോ. സിപിഎം ചായ്‌വുള്ള കുറച്ചുപേരല്ലാതെ വേറാരാണ് ജോജുവിനെ പിന്താങ്ങി വന്നത്, ആരുമില്ല.
സിപിഎം പോലെ സമരം ചെയ്തു മാത്രം മുന്നോട്ടു വന്ന ഒരു സംഘടന ഒരു സമരത്തിനെതിരെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കുക? സമരം നടത്താത്ത സംഘടന ഒന്നുമല്ലല്ലോ സിപിഎം. എന്നിട്ട് കോണ്‍ഗ്രസ് ഇന്ധന വിലവർധനയ്ക്കെതിരെ സമരം നടത്തിയപ്പോൾ അത് പ്രശ്നമായി. എന്നിട്ട് ജോജുവിനെ പിന്താങ്ങുന്നുവെന്ന് പിണറായി വിജയൻ പറയുന്നു. എന്തിനാണ് അവർ ജോജുവിനെ പിന്താങ്ങുന്നത്, ഞങ്ങളെ വന്ന് ചീത്ത വിളിച്ചതിനോ? അതോ സമരം മുടക്കാനായി പ്രശ്നം ഉണ്ടാക്കിയതിനോ? അപ്പോൾ അതൊക്കെ രാഷ്ട്രീയം തന്നെയാണ്. ജോജുവിനെ വച്ച് സിപിഎം രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ജോജുവിന്റെ വീട്ടുകാർക്കും കുട്ടികൾക്കു പോലും പുറത്തിറങ്ങാനാകുന്നില്ലെന്നാണ് നടൻ മുകേഷ് നിയമസഭയിൽ പറഞ്ഞത്. അത്തരത്തിലൊരു സമരനീക്കം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായോ?
ജോജുവിന്റെ വീട്ടുകാരെ ആരും ഒന്നും ചെയ്തിട്ടില്ല. അതൊക്കെ വെറുതെ കെട്ടിച്ചമച്ച കാര്യങ്ങളാണ്. മുകേഷ് അങ്ങനെ നിയമസഭയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള ഉത്തരം മുകേഷ്തന്നെ പറയട്ടെ. ഞങ്ങളാരും അങ്ങനെ ഒരു ആഹ്വാനവും നടത്തിയിട്ടില്ല. അങ്ങനെ ജോജുവിന്റെ കുടുംബത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞോളൂ, ഞങ്ങൾ സ്ത്രീകൾ ചെന്ന് ജോജുവിന്റെ കുടുംബത്തിനു പിന്തുണ നൽകാം. ഈ കേസ് കാരണം ജോജുവിന്റെ കുടുംബത്തിൽ ഒരാൾക്കും ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ ഞങ്ങൾ ശക്തമായി നേരിടും.
അത്തരത്തിൽ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ഒരു പാർട്ടിയല്ല കോൺഗ്രസ്. അങ്ങനെ ഒരിക്കലും ചെയ്തിട്ടുമില്ല. അങ്ങനെ ചെയ്തിട്ടുള്ളവരാണ് ഇപ്പോൾ ഇത്തരത്തിൽ പറഞ്ഞു പരത്തുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ സിനിമാ മേഖലയെ ബുദ്ധിമുട്ടിപ്പിക്കില്ലെന്ന തീരുമാനമെടുത്തിരുന്നു. സിനിമാ മേഖലയിൽ എത്രയോ കോണ്‍ഗ്രസുകാരുണ്ട്, എത്രയോ പേരുമായി അടുത്ത് ബന്ധമുണ്ട്. ഇത് സിനിമാ മേഖലയും കോൺഗ്രസുമായുള്ള ഒരുപ്രശ്നമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അത് സിപിഎം മനപ്പൂർവം കെട്ടിച്ചമയ്ക്കുന്നതാണ്. മുകേഷും ഗണേശ് കുമാറും എല്ലാംകൂടി മനപ്പൂർവം ഉണ്ടാക്കുന്ന പ്രശ്നമാണ്.
സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നടത്തിയ പ്രതിഷേധ പ്രകടനങ്ങളും വിവാദമായിരുന്നു. ഇത് കോൺഗ്രസിന്റെ മൊത്തം പ്രതിച്ഛായയെ ബാധിക്കില്ലേ?
സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്യുന്നതാണ് യൂത്ത് കോൺഗ്രസ് കാണുന്നത്. അതിൽ സ്വാഭാവികമായ പ്രതികരണമാണ് യൂത്ത് കോൺഗ്രസ് ആദ്യം നടത്തിയത്. പക്ഷേ സിനിമാ സെറ്റുകളിലേക്കും മറ്റും മാർച്ച് നടത്തി ഷൂട്ടിങ് തടസ്സപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ അത് വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ സിനിമാ മേഖലയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് നിശിതമായ തീരുമാനം എടുക്കുകയും ചെയ്തു. സിനിമാ ഷൂട്ടിങ് തടസ്സപ്പെടുത്തുന്ന തരത്തിൽ ഒരു നിലപാടും കോൺഗ്രസിനില്ല. കോൺഗ്രസ് അതിന് എതിരാണ്. കോൺഗ്രസിനെ സിനിമാ മേഖലയ്ക്ക് എതിരാക്കാനുള്ള സിപിഎമ്മിന്റെ അജൻഡയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളൊക്കെ.
ലതിക സുഭാഷ് ഒഴിഞ്ഞതിനു ശേഷം മഹിളാ കോൺഗ്രസിന് ഒരു അധ്യക്ഷയെ തിരഞ്ഞെടുക്കാനായിട്ടില്ല. ഇപ്പോൾ 8 മാസമായി. അത് ഇത്തരം സമരങ്ങളിൽ ഒരു തടസ്സമാകുന്നില്ലേ?
മഹിളാ കോൺഗ്രസിന്റെ 14 ജില്ലാ കമ്മിറ്റികളും പ്രവർത്തന സജ്ജമാണ്. പുതിയ അധ്യക്ഷയെ വയ്ക്കാനുള്ള ആലോചനകളും മറ്റും നടത്തുന്നുണ്ട്. ദേശീയ കമ്മറ്റി അതിൽ തീരുമാനമെടുക്കും.
കേരളത്തിൽ കുട്ടികൾക്കും വനിതകള്‍ക്കുമെതിരെ അതിക്രമങ്ങളേറുമ്പോഴും ജോജു ജോർജിനെതിരെയുള്ള സമരത്തിലാണ് മഹിളാ കോൺഗ്രസിന്റെ ശ്രദ്ധ എന്നൊരു വിമർശനം ഉയരുന്നുണ്ട്. അതിനോട് എന്താണു പറയാനുള്ളത്?
ഇത് ജോജുവിന്റെ പ്രശ്നമല്ല, മഹിളാ കോൺഗ്രസിന്റെ പ്രശ്നമാണ്. മഹിളാ കോൺഗ്രസ് പ്രവർത്തകർക്കു നേരെ അസഭ്യം പറഞ്ഞിട്ട് പൊലീസ് കേസെടുത്തില്ല. അത് ആരുടെ പ്രേരണയാലാണ്? ഇത് നിസ്സാരമായി കാണുന്നത് ശരിയാണോ? മഹിളാ കോൺഗ്രസ് കൊടുത്ത കേസ് സത്യമോ കള്ളമോ ആകട്ടെ... കേസ് റജിസ്റ്റർ ചെയ്യാതെ ഞങ്ങൾ ആലോചിച്ചിട്ട് തെളിവു കിട്ടിയിട്ട് കേസെടുക്കാമെന്നാണോ പറയേണ്ടത്? സ്ത്രീകൾ നൽകുന്ന പരാതികൾ ഇങ്ങനെയാണോ പരിഗണിക്കേണ്ടത്? ഇതെന്തു സിസ്റ്റമാണ്?
ജോജുവല്ല വിഷയം, ഈ സിസ്റ്റമാണ് പ്രശ്നം. ആ സിസ്റ്റത്തിനെതിരെയാണ് മഹിളാ കോൺഗ്രസ് സമരം ചെയ്യുന്നത്. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും അവിടെ നടന്നതിന്റെ ദൃക്സാക്ഷി എന്ന നിലയിലും ഞാൻ അതിന് പൂർണ പിന്തുണ തന്നെ നൽകും. ജോജു പറഞ്ഞതിൽ ഞങ്ങൾക്ക് പ്രതിഷേധമുണ്ട്. അത്രയും സ്ത്രീകൾ നിൽക്കുന്നതിനിടയിലേക്ക് വന്ന് ഒരാൾ മോശം വാക്കുകൾ പ്രയോഗിക്കുമ്പോൾ ഞങ്ങൾ ഒന്നും ചെയ്യാതിരിക്കണോ?
അവിടെ ഉണ്ടായിരുന്ന പുതിയ പ്രവർത്തകരിൽ പലരും ഇപ്പോൾ പുറത്തിറങ്ങുന്നതു പോലുമില്ല. ആ സംഭവത്തോടെ അവരൊക്കെ വല്ലാതെ ഭയന്നു പോയി. പലരും ദിവസങ്ങളായി ഫോൺ പോലും എടുക്കുന്നില്ല. ഒന്ന് ആലോചിച്ചു നോക്കൂ എന്തു സ്ത്രീശാക്തീകരണമാണ് നമ്മൾ പറയുന്നത്? ഇത്തരത്തിൽ കേസു കൊടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് അവർക്കൊക്കെ ഒരു ആത്മവിശ്വാസമാണ്. ഞങ്ങൾ മിണ്ടാതിരിക്കുകയും പ്രതികരിക്കുകയും ചെയ്യാതിരുന്നാൽ എങ്ങനെയാണ് പുതുതലമുറയിലെ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരിക?
English Summary: Interview with KPCC General Secretary Deepthi Mary Varghese