അയ്യപ്പപ്പണിക്കരും ആർവിജിയും വേണ്ടെന്നു വച്ച വിസി പദവി; ഇഎംഎസ് പറഞ്ഞ ആ സത്യം
ജോൺ മത്തായിയെപ്പോലെ യോഗ്യതയുള്ളവരാണ് കേരളത്തിൽ വിസി പദവിയിൽ ഇരുന്നിട്ടുള്ളത്. (ആദ്യ വിസി ആയി വരാൻ കഴിയുമോ എന്ന് ആൽബർട്ട് ഐൻസ്റ്റീനോടു തിരക്കിയ യൂണിവേഴ്സിറ്റിയാണ് കേരള!) പക്ഷേ അടുത്തിടെ ഒരു സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗമായ അസി. പ്രഫസർ കയറിവന്നപ്പോൾ വിസി എണീറ്റു നിന്നു, ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നോണം! മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസിനെപ്പോലുള്ളവർക്ക് കൃത്യമായി അറിയാമായിരുന്നു... University
ജോൺ മത്തായിയെപ്പോലെ യോഗ്യതയുള്ളവരാണ് കേരളത്തിൽ വിസി പദവിയിൽ ഇരുന്നിട്ടുള്ളത്. (ആദ്യ വിസി ആയി വരാൻ കഴിയുമോ എന്ന് ആൽബർട്ട് ഐൻസ്റ്റീനോടു തിരക്കിയ യൂണിവേഴ്സിറ്റിയാണ് കേരള!) പക്ഷേ അടുത്തിടെ ഒരു സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗമായ അസി. പ്രഫസർ കയറിവന്നപ്പോൾ വിസി എണീറ്റു നിന്നു, ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നോണം! മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസിനെപ്പോലുള്ളവർക്ക് കൃത്യമായി അറിയാമായിരുന്നു... University
ജോൺ മത്തായിയെപ്പോലെ യോഗ്യതയുള്ളവരാണ് കേരളത്തിൽ വിസി പദവിയിൽ ഇരുന്നിട്ടുള്ളത്. (ആദ്യ വിസി ആയി വരാൻ കഴിയുമോ എന്ന് ആൽബർട്ട് ഐൻസ്റ്റീനോടു തിരക്കിയ യൂണിവേഴ്സിറ്റിയാണ് കേരള!) പക്ഷേ അടുത്തിടെ ഒരു സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗമായ അസി. പ്രഫസർ കയറിവന്നപ്പോൾ വിസി എണീറ്റു നിന്നു, ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നോണം! മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസിനെപ്പോലുള്ളവർക്ക് കൃത്യമായി അറിയാമായിരുന്നു... University
‘നിങ്ങൾ മലയാളികൾക്ക് രാഷ്ട്രീയമില്ല, കക്ഷി രാഷ്ട്രീയമേയുള്ളൂ’ (You have only party politics, not politics) എന്ന് പറഞ്ഞിട്ടാണ് ഡോ. അനന്തമൂർത്തി എംജി സർവകലാശാലയുടെ വൈസ് ചാൻസലർ പദവി ഒഴിഞ്ഞത്. കേരളം വിട്ടതിനു ശേഷവും അനന്തമൂർത്തിയിൽ ആ അനിഷ്ടം ബാക്കി നിന്നിരുന്നു. എന്തുകൊണ്ടാണ് കേരളത്തിൽ ജനാധിപത്യ, സോഷ്യലിസ്റ്റ് രാഷ്ട്രീയം പച്ചപിടിക്കാത്തത് എന്ന് അനന്തമൂർത്തി അടുപ്പക്കാരായ പലരോടും ആരാഞ്ഞിരുന്നു. പാർട്ടി ഇടപെടലുകളെ തുടർന്ന് പലവട്ടം പദവി ഒഴിയാൻ ഒരുമ്പെട്ട അദ്ദേഹം വളരെ ബുദ്ധിമുട്ടിയാണ് വിസി പദവിയിൽ കാലാവധി തികച്ചത്.
അനന്തമൂർത്തി കേരളം വിട്ട് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ കക്ഷിരാഷ്ട്രീയം അതിന്റെ സീമകൾ പിന്നിട്ടിരിക്കുന്നു. അനന്തമൂർത്തിയെപ്പോലെ സോഷ്യലിസ്റ്റ് പശ്ചാത്തലത്തിൽ നിന്നു വന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അക്കാര്യം മറയില്ലാതെ തന്നെ വിളിച്ചു പറഞ്ഞു. അനന്തമൂർത്തിയിൽ നിന്ന് ആരിഫ് ഖാനിലേക്കുള്ള കാലത്ത് ഉന്നത വിദ്യാഭ്യാസമേഖലയെയും കലാലയങ്ങളെയും കക്ഷി രാഷ്ട്രീയം പിന്നെയും ജീർണിപ്പിച്ചു. രണ്ടു വർഷം മുൻപാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ എംജി സർവകലാശാലയിൽ അദാലത്ത് നടത്തിയത്.
സ്വയംഭരണം എന്ന അധികാരത്തിനു മേൽ നടന്ന കടന്നുകയറ്റം അന്ന് വലിയ വിവാദം സൃഷ്ടിച്ചു. പിന്നെ തേഞ്ഞുമാഞ്ഞുപോയി. അടുത്തിടെ സർവകലാശാലയിലെ ശ്രീനാരായണ ചെയറിന് പുതിയ അധ്യക്ഷ വന്ന സമയത്ത് ഒരു സിൻഡിക്കറ്റ് അംഗം ചടങ്ങിൽ വിശദമായ പ്രസംഗം നടത്തി. അക്കാദമിക് യോഗത്തിൽ വിഷയവുമായി ബന്ധമില്ലാത്ത ആൾ പ്രസംഗിച്ചപ്പോൾ വിസി അടക്കമുള്ളവർ കാഴ്ചക്കാരായി ഇരുന്നു. അങ്ങനെ കീഴുദ്യോഗസ്ഥനെ പോലെ ഇരിക്കേണ്ടയാളാണോ ഒരു വിസി?
ഇഎംഎസ് പറഞ്ഞ സത്യം
മുഖ്യമന്ത്രി ആയിരിക്കെ അന്നത്തെ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ജോൺ മത്തായിയുടെ (1957–59) സന്ദേശം ഇഎംഎസിന് കിട്ടി. മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ വിസി വന്നു കാണുകയല്ല, വിസിയെ മുഖ്യമന്ത്രി ചെന്നു കാണുകയാണ് വേണ്ടതെന്നായിരുന്നു ഇഎംഎസ് പ്രതികരിച്ചത്. വിദേശത്ത് സാമ്പത്തികശാസ്ത്രം പഠിച്ച്, കേന്ദ്രത്തിൽ ധനകാര്യമന്ത്രിയായിരുന്ന ജോൺ മത്തായി ബോംബെ സർവകലാശാല വിസി ആയിരുന്ന ശേഷമാണ് കേരളയിൽ എത്തിയത്.
വിസി പദവിയുടെ വലിപ്പവും ജോൺ മത്തായിയുടെ പ്രാഗത്ഭ്യവും ഉന്നതനായ ഇഎംഎസിന് നന്നായി അറിയാമായിരുന്നു. ജോൺ മത്തായിയെപ്പോലെ യോഗ്യതയുള്ളവരാണ് കേരളത്തിൽ വിസി പദവിയിൽ ഇരുന്നിട്ടുള്ളത്. (ആദ്യ വിസി ആയി വരാൻ കഴിയുമോ എന്ന് ആൽബർട്ട് ഐൻസ്റ്റീനോടു തിരക്കിയ യൂണിവേഴ്സിറ്റിയാണ് കേരള!) അടുത്തിടെ ഒരു സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗമായ അസി. പ്രഫസർ കയറിവന്നപ്പോൾ വിസി എണീറ്റു നിന്നു, ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നോണം.
ഫ്രാക്‌ഷൻ മാഫിയ?
കേരളത്തിലെ സർവകലാശാലകളിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടി ഓഫിസ് കേന്ദ്രമാക്കി മുതിർന്ന നേതാവിന്റെ ചുമതലയിലുള്ള ഫ്രാക്‌ഷൻ ആണെന്നാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ഉന്നയിക്കുന്ന ആരോപണം. എൺപതുകൾക്കു ശേഷമാണ് ഇത്തരമൊരു പ്രവണത വ്യാപകമായത്. സർവകലാശാലയിൽ എവിടെയൊക്കെ ഒഴിവുകൾ ഉണ്ടെന്നു കണ്ടെത്തുകയും അവിടെ പാർട്ടി അനുഭാവികളെ മാത്രം നിയമിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. അധികാരമോഹികൾ ഇതിനായി ബയോഡേറ്റ തയാറാക്കി പാർട്ടി ഓഫിസുകൾ കയറിയിറങ്ങാൻ തയാറായതോടെ സർവകലാശാലകളുടെ അന്തസ്സ് കുത്തനെ ഇടിഞ്ഞു. ഒപ്പം ഫ്രാക്‌ഷൻ മാഫിയ രൂപപ്പെടുകയും ചെയ്തു.
തങ്ങൾ ഉദ്ദേശിക്കുന്നവരെ നിയമിക്കാൻ ദീർഘകാലത്തെ ആസൂത്രണമാണ് ഫ്രാക്‌ഷനും ബന്ധപ്പെട്ട അധ്യാപക സംഘടനകളും ചേർന്ന് നടത്തുന്നത്. ഉദാഹരണം നോക്കാം. നിയമനത്തിൽ വകുപ്പു മേധാവിക്ക് സുപ്രധാന റോൾ ഉണ്ടാവും. അതിനാൽ വകുപ്പു മേധാവിയെ മെരുക്കിയെടുക്കുക പ്രധാനമാണ്. ഇതിനായി ചെയ്യുന്ന കാര്യം നോക്കിയാൽ എത്ര സൂക്ഷ്മമായാണ് ഇക്കാര്യം ഓപ്പറേറ്റ് ചെയ്യുന്നതെന്ന് മനസ്സിലാവും.
വകുപ്പ് മേധാവി ഉൾപ്പെടെയുള്ള അധ്യാപകരുടെ പ്രമോഷന് കരിയർ അഡ്വാൻസ്മെന്റ് സ്കീം (സിഎഎസ്) അഭിമുഖവും നടത്തേണ്ടതുണ്ട്. അധ്യാപകരെ തിരഞ്ഞെടുക്കാൻ ഇന്റർവ്യൂ നടക്കുന്ന അതേദിവസം രാവിലെ തന്നെ സിഎഎസ് അഭിമുഖവും നടത്തും. എന്നിട്ട് അതിന്റെ ഫലം പുറത്തുവിടാതിരിക്കും. സമ്മർദത്തിലാവുന്ന വകുപ്പു മേധാവി അധ്യാപക ഇന്റർവ്യൂവിനു ശേഷം ബന്ധപ്പെട്ടവർ പറയുന്ന ആളെ പിന്തുണയ്ക്കാൻ തയാറാവും.
കേരളത്തിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി സയൻസിലേക്ക് നടന്ന ഇന്റർവ്യൂവിൽ മാത്രം ഈ സമ്മർദം ഫലിച്ചില്ല. ഇതു മുൻകൂട്ടി കണ്ട വകുപ്പു മേധാവി സിഎഎസിന് അപേക്ഷിച്ചില്ല. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ യോഗ്യരായ ഉദ്യോഗാർഥികളെ വകുപ്പുമേധാവി നിർദേശിച്ചു. തീരുമാനം എടുക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ ബന്ധപ്പെട്ടവർ ശ്രമിച്ചു. രാത്രി 8 മണിയായതോടെ ഗവർണറുടെ നോമിനിക്ക് ക്ഷമ കെട്ടു. അദ്ദേഹം പോകാനൊരുങ്ങി. അതോടെ വകുപ്പു മേധാവി നിർദേശിച്ച, യോഗ്യരായ ഉദ്യോഗാർഥിക്ക് ജോലി ലഭിച്ചു. അതേസമയം കേരളയിൽ നാൽപതിലേറെ അധ്യാപകർ യുജിസി നിർദേശിച്ച മിനിമം യോഗ്യതയായ ‘നെറ്റ്’ പാസ്സാവാത്തവർ ആണെന്നാണ് പരാതി. ഇതുസംബന്ധിച്ച് നിരവധി കേസുകൾ ആണ് കോടതിയിൽ നടന്നുവരുന്നത്.
അയ്യപ്പപ്പണിക്കർ പദവി നിരസിച്ച കഥ
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അടക്കമുള്ള ഉയർന്ന പദവികൾ വഹിച്ചയാളാണ് ടി.എൻ. ജയചന്ദ്രൻ. ഒരു ദിവസം അദ്ദേഹം സെക്രട്ടേറിയറ്റിൽ ലിഫ്റ്റിൽ കയറാനെത്തിയപ്പോൾ ഡോ. അയ്യപ്പപ്പണിക്കർ ആരെയോ കണ്ടുമടങ്ങുന്നു. എങ്ങോട്ടു പോയി എന്ന് തന്റെ അധ്യാപകനായ പണിക്കർ സാറിനോട് ജയചന്ദ്രൻ തിരക്കി. പതിവ് ചിരിയോടെ ഒരാളെ കണ്ടുമടങ്ങുകയാണെന്ന് പണിക്കർ സാർ പറഞ്ഞു. പിന്നീടാണ് ജയചന്ദ്രന് അതേപ്പറ്റി മനസ്സിലാക്കിയത്. വൈസ് ചാൻസലർ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാനായി വിദ്യാഭ്യാസമന്ത്രി വിളിപ്പിച്ചതായിരുന്നു അദ്ദേഹത്തെ. പദവി നിരസിച്ചിട്ട് മടങ്ങുന്ന അയ്യപ്പപ്പണിക്കരെയാണ് ജയചന്ദ്രൻ കണ്ടത്.
പിൽക്കാലത്ത് അയ്യപ്പപ്പണിക്കരുടെ ഒരു യാത്രയയപ്പ് യോഗത്തിൽ ഇക്കഥ ടി.എൻ. ജയചന്ദ്രൻ പറഞ്ഞു. ഒപ്പം തന്റേതായി ശൈലിയിൽ ഇത്രയും കൂടി കൂട്ടിച്ചേർത്തു- വിസി പദവി നിരസിച്ച ധീരനാണ് എന്റെ ഗുരുനാഥനായ അയ്യപ്പപ്പണിക്കർ സാർ. വിസി പദവിയിൽ, അതും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ, 5 വർഷം തുടർന്ന ധീരനാണ് അദ്ദേഹത്തിന്റെ ശിഷ്യനായ ഞാൻ. കേരളത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ. ആർ.വി.ജി മേനോൻ. അദ്ദേഹവും വിസി പദവി നിരസിച്ച വ്യക്തിയാണ്.
കണ്ണൂരിൽ നടന്നത്
കണ്ണൂർ സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താനായി മൂന്നംഗ പാനലിന് സർക്കാർ രൂപം നൽകിയിരുന്നു. അതനുസരിച്ചുള്ള പ്രവർത്തനവും തുടങ്ങിയിരുന്നു. കണ്ണൂർ വിസി ഒഴിയുന്നതിന്റെ തലേന്നാണ് കമ്മിറ്റി അംഗങ്ങൾക്ക് ഗവർണറുടെ ഓഫിസിൽ നിന്ന് കമ്മിറ്റി പിരിച്ചുവിട്ടതായി സന്ദേശം ലഭിച്ചത്. തുടർന്ന് നിലവിലുള്ള വിസിയുടെ കാലാവധി നീട്ടുകയും ചെയ്തു. രായ്ക്കുരാമാനമാണ് ഇതെല്ലാം നടന്നത്.
സേർച്ച് കമ്മിറ്റി ചേർന്ന് യോഗ്യരായ 3 പേരെ ഗവർണർക്ക് ശുപാർശ ചെയ്യുകയാണ് വേണ്ടിയിരുന്നത്. കമ്മിറ്റിയിൽ യുജിസി പ്രതിനിധിയും അംഗമാണ്. കമ്മിറ്റി നൽകുന്ന മൂന്നംഗ പാനലിൽ സർക്കാർ ‘പറഞ്ഞാൽ കേൾക്കാത്ത’ അംഗവും ഉൾപ്പെട്ടേക്കാം. മുൻപ് ആരോഗ്യസർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചതിൽ സർക്കാരിന് അതൃപ്തിയുണ്ടായിരുന്നു. 3 അംഗ പാനലിൽ നിന്ന് മറ്റൊരാളെ നിയമിക്കാനാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗവർണർ അതിനു വഴങ്ങിയില്ല.
കണ്ണൂരിലും 3 പേരുടെ പട്ടിക നൽകിയാൽ തങ്ങൾ പറയുന്നയാളിനെ ഗവർണർ നിയമിക്കും എന്ന് ഉറപ്പില്ല. അങ്ങനെ വന്നാൽ യൂണിവേഴ്സിറ്റി ഭരണം തങ്ങളുടെ പിടിയിൽ നിന്നേക്കില്ല എന്ന ഭയമാണ് സർക്കാരിനുണ്ടായത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന ചില അധ്യാപക നിയമനങ്ങൾ വിവാദമായ അവസ്ഥയിൽ പ്രത്യേകിച്ചും. ഇതാണ് തിടുക്കപ്പെട്ട് നിലവിലുള്ള വിസിയെ തന്നെ പുനർനിയമിച്ചത് എന്നാണ് ആരോപണം. അതേസമയം കാലാവധി നീട്ടുകയല്ല, പുനർ നിയമിക്കുകയാണ് ചെയ്തത് എന്നതിലാണ് ഗവർണർ തെറ്റുകണ്ടത്. താൻ ആ തെറ്റിനു കൂട്ടുനിന്നു എന്നാണ് ഗവർണർക്ക് പിന്നീട് ബോധ്യപ്പെട്ടത്.
പുനർനിയമനം ആണെങ്കിലും പുതിയ വിസിയെ നിയമിക്കുന്ന അതേ പ്രക്രിയ വേണ്ടിയിരുന്നു. ഇവിടെ അതുണ്ടായില്ല. കണ്ണൂരിൽ ഈ വിഷയത്തിൽ നാണംകെട്ടത് മികച്ച അധ്യാപകനും സ്കോളറുമായ വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ്. മികച്ച അക്കാദമിക പാരമ്പര്യമുള്ളയാളാണ് ഡോ. ഗോപിനാഥ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപകരുടെ സമ്മർദം ഉണ്ടായിട്ടും കരിയർ അഡ്വാൻസ്മെന്റ് സ്കീമിൽ വെള്ളം ചേർക്കാൻ അനുവദിക്കാതിരുന്ന വിസിയാണ് അദ്ദേഹം.
നല്ലയാളുകൾ ഇല്ലേ?
എം.എൻ. കാരശ്ശേരി ഒരിക്കൽ എഴുതി-2000 ഉദ്യോഗസ്ഥർക്കു ശമ്പളം കൊടുക്കാൻ വേണ്ടിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തുന്നത്. സിൻഡിക്കറ്റ്, സെനറ്റ് എന്നിങ്ങനെ രാഷ്ട്രീയക്കാരെ കുടിയിരുത്തുന്നതിനു വേണ്ടിയും എന്ന് കൂട്ടിച്ചേർക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയല്ല ആരും ലക്ഷ്യമാക്കുന്നത്. നിലവിലെ യൂണിവേഴ്സിറ്റി നിയമം മാറ്റാത്തിടത്തോളം ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം വരില്ല. വിസി പദവി ലക്ഷ്യമിട്ട് ചില നിക്ഷിപ്ത താൽപര്യക്കാർ ഇടിച്ചുകയറുന്നതാണ് ഉന്നത കലാലയങ്ങളെ തകർക്കുന്നത്.
നല്ല വ്യക്തികൾ ഈ മത്സരത്തിൽനിന്ന് സ്വാഭാവികമായും മാറിനിൽക്കും. ഭൈമീ കാമുകൻമാരെ നിയമിച്ചാൽ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നടക്കും എന്നതിനാൽ പാർട്ടികൾ അതൊരു സൗകര്യമായും കണ്ടതോടെ വിസി പദവിയുടെ അന്തസ്സ് ഇടിഞ്ഞു. വിസിമാർ പദവിയുടെ മഹത്വം തിരിച്ചറിയാതെ പോകുന്നു. മന്ത്രി അദാലത്ത് നടത്തുന്നതുപോലുള്ള നിയമം അട്ടിമറിക്കുന്ന കാര്യങ്ങൾ നടക്കുമ്പോൾ മിണ്ടാതിരിക്കുന്നതിനു കാരണം ഇതാണ്. ഇതിനു പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ നിയന്ത്രണത്തിൽ കൊണ്ടുവരണം എന്നാണ് പല രാഷ്ട്രീയപാർട്ടികളുടെയും മനസ്സിലിരിപ്പ്.
അക്കാദമിക് ബ്രില്യൻസ് എന്ന സങ്കൽപത്തെപ്പറ്റി ധാരണയൊന്നും ഇല്ലാത്ത രാഷ്ട്രീയക്കാരെ ഈ മേഖലയിലേക്ക് കടത്തിവിടുന്നതോടെയാണ് മിടുക്കന്മാർ പിന്തിരിയുന്നത്. ഡോ. താണു പത്മനാഭനെപ്പോലെ ലോകപ്രശസ്തനായ ശാസ്ത്രജ്ഞനും കേരളത്തിനു പുറത്താണ് തന്റെ ഗവേഷണം തുടർന്നത് എന്ന് ഓർക്കാം. കക്ഷിരാഷ്ട്രീയം മേധാവിത്വം നേടുമ്പോൾ സർവകലാശാലകളുടെ നിലവാരം ഇടിയുന്നതിനെപ്പറ്റി അനന്തമൂർത്തിയെപ്പോലുള്ളവർ വ്യാകുലപ്പെടുന്നത് ഇതുകൊണ്ടാണ്.
അൽ ഗോറിന്റെ കഥ
ബിൽ ക്ലിന്റൻ പ്രസിഡന്റ് ആയ കാലത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു അൽ ഗോർ (1993-2001). കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസർ ആയിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം അദ്ദേഹം യൂണിവേഴ്സിറ്റിയിൽ മടങ്ങിച്ചെന്നപ്പോൾ റിസർച്ച് ഗൈഡ് ആകാൻ അദ്ദേഹത്തെ അനുവദിച്ചില്ല. പഠിപ്പിക്കാം, ഗൈഡ് ആകേണ്ട എന്നായിരുന്നു യൂണിവേഴ്സിറ്റി അറിയിച്ചത്. രാഷ്ട്രീയ രംഗത്തുനിന്ന് അക്കാദമിക് രംഗത്തേക്ക് കടക്കാൻ അത്രത്തോളം ബുദ്ധിമുട്ടുണ്ട് അമേരിക്കയിൽ. രാഷ്ട്രീയത്തിലൂടെ അക്കാദമിക് ലോകത്തേക്ക് കടന്നുവരികയാണ് ഇവിടെ.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന സർവകലാശാലയും അതിനെ നയിക്കാൻ നിർഭയനായ വിസിയും ഇല്ലെങ്കിൽ വിജ്ഞാന ഉൽപാദനം എന്ന ലക്ഷ്യം അട്ടിമറിക്കപ്പെടും. അങ്ങനെ നിർഭയമായി പ്രവർത്തിക്കുന്ന വിസിമാരുടെ രക്ഷകനാകേണ്ട വ്യക്തിയാണ് ചാൻസലർ. അതിനു പകരം സിൻഡിക്കറ്റ് അംഗങ്ങളുടെയും യൂണിവേഴ്സിറ്റിയിലെ ഭരണകക്ഷി യൂണിയനുകളുടെയും കീഴാളൻ പദവിയാണ് പല വിസിമാരും കൈയാളുന്നത്. പലപ്പോഴും യൂണിയൻ നേതാവിന്റെ സാന്നിധ്യത്തിലല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാൻ തയാറാവാത്ത വിസിമാരുമുണ്ട്.
ഒരു യോഗത്തിൽ ഇത്തരത്തിൽ പാർട്ടി അടിമത്തം വിളമ്പിയ ഒരു വൈസ് ചാൻസലറോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ 'Go out of room' എന്ന് പറയേണ്ട അവസ്ഥയുണ്ടായി. കലാമണ്ഡലം പോലെയുള്ള സർവകലാശാലകളിൽ കലയും സാഹിത്യവുമായി ബന്ധമില്ലാത്തവരെ വിസിമാരായി നിയമിക്കാൻ നമ്മുടെ രാഷ്ട്രീയമേലാളൻമാർക്ക് ഒരിക്കലും അറപ്പുതോന്നിയിട്ടില്ല. പണം വാങ്ങി വിസിമാരെ നിയമിക്കുന്നു എന്ന തലത്തിലേക്കു വരെ ആരോപണങ്ങൾ എത്തിയിട്ടുണ്ട്.
കുട്ടികൾ പുറത്തേക്ക്
കേരളത്തിലെ ഒരു സർവകലാശാലയിൽ ജീവനക്കാരുടെ സഹകരണ സംഘം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. 50 ലക്ഷം രൂപ വരെ അംഗങ്ങൾക്ക് വായ്പ നൽകും. അടുത്തിടെ വായ്പയുടെ കണക്ക് പരിശോധിച്ചപ്പോഴാണ് ബന്ധപ്പെട്ടവർ ഒരു കാര്യം മനസ്സിലാക്കിയത്. ഏറ്റവും കൂടുതൽ പേർ വായ്പയെടുത്തത് മക്കളെ വിദേശത്ത് പഠിപ്പിക്കാൻ വേണ്ടിയാണ്. സർവകലാശാലകളിൽ ജോലി ചെയ്യുന്നവർക്ക് അവിടെ എന്താണ് നടക്കുന്നതെന്നും അവിടത്തെ നിലവാരം എന്തെന്നും അറിയാം എന്ന് ചുരുക്കം.
കേരളത്തിൽനിന്ന് വൻതോതിലാണ് കുട്ടികൾ വിദേശ യൂണിവേഴ്സിറ്റികളിലേക്ക് ഒഴുകുന്നത്. മുൻപ് പ്രഫഷണൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടിയായിരുന്നു എങ്കിൽ ഇപ്പോൾ ഡിഗ്രി പഠനത്തിനും വിദേശ യൂണിവേഴ്സിറ്റികളെ ആശ്രയിക്കുന്നു. ഇവിടത്തെ അധ്യാപന നിലവാരത്തിന്റെ തകർച്ചയാണ് ഇതിനു കാരണം. പണം വായ്പയെടുത്താണ് കുട്ടികൾ വിദേശ രാജ്യത്തേക്ക് പോകുന്നത്. അങ്ങനെ നമ്മുടെ സമ്പത്തിന്റെ ഒഴുക്ക് പുറത്തേക്കാകുന്നത് ഗുരുതരമായ കാര്യമാണ്. എന്നാൽ അധ്യാപക സംഘടനകളുടെ പണക്കൊഴുപ്പിൽ കണ്ണുനട്ടിരിക്കുന്ന രാഷ്ട്രീയക്കാർക്ക് ഇക്കാര്യം ശ്രദ്ധിക്കാൻ നേരമില്ല എന്നതാണ് സത്യം.
English Summary: Political Interference in Kerala Universities; An Analysis