വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇന്ത്യൻ പ്രധാനമന്ത്രി; എന്തേ മറന്നൂ 5 വൈമാനികരെ?
ജോർഹട്ടിന്റെ ആകാശത്തുനിന്ന് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം ‘പുഷ്പക്’ ടിയു124 അപ്രതീക്ഷിതമായി മൂക്കുകുത്തി ഭൂമിയിലേയ്ക്കു പതിച്ചു. വിമാനത്തിന്റെ നോസ് ലാൻഡിങ് സംഭവിച്ചതോ, അടിയന്തര സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനായി....Jorhat Air Crash, Wg Cdr Clarence J D’Lima, Wg Cdr Joginder Singh, Sqn Ldr VVSNM Sunkara
ജോർഹട്ടിന്റെ ആകാശത്തുനിന്ന് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം ‘പുഷ്പക്’ ടിയു124 അപ്രതീക്ഷിതമായി മൂക്കുകുത്തി ഭൂമിയിലേയ്ക്കു പതിച്ചു. വിമാനത്തിന്റെ നോസ് ലാൻഡിങ് സംഭവിച്ചതോ, അടിയന്തര സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനായി....Jorhat Air Crash, Wg Cdr Clarence J D’Lima, Wg Cdr Joginder Singh, Sqn Ldr VVSNM Sunkara
ജോർഹട്ടിന്റെ ആകാശത്തുനിന്ന് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം ‘പുഷ്പക്’ ടിയു124 അപ്രതീക്ഷിതമായി മൂക്കുകുത്തി ഭൂമിയിലേയ്ക്കു പതിച്ചു. വിമാനത്തിന്റെ നോസ് ലാൻഡിങ് സംഭവിച്ചതോ, അടിയന്തര സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനായി....Jorhat Air Crash, Wg Cdr Clarence J D’Lima, Wg Cdr Joginder Singh, Sqn Ldr VVSNM Sunkara
1977 നവംബർ 4. ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ട ദിവസം. അസമിലെ ജോർഹട്ടിലായിരുന്നു ആ അപകടം. വടക്കുകിഴക്കൻ പര്യടനത്തിനു പുറപ്പെട്ടതായിരുന്നു പ്രധാനമന്ത്രിയും സംഘവും. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പി.കെ.തുങ്കൽ, അന്നത്തെ ഐബി ഡയറക്ടർ ജോൺ ലോബോ, പ്രധാനമന്ത്രിയുടെ മകൻ കാന്തി ഭായ് ദേശായി, ആകാശവാണി ലേഖകനായിരുന്ന കെ. ഗോവിന്ദൻകുട്ടി ഉൾപ്പെടെ ഏതാനും മാധ്യമ പ്രവർത്തകരുമാണ് 24 അംഗ യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്.
ജോർഹട്ടിന്റെ ആകാശത്തുനിന്ന് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം ‘പുഷ്പക്’ ടിയു124 അപ്രതീക്ഷിതമായി മൂക്കുകുത്തി ഭൂമിയിലേയ്ക്കു പതിച്ചു. വിമാനത്തിന്റെ നോസ് ലാൻഡിങ് സംഭവിച്ചതോ, അടിയന്തര സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനായി കോക്ക്പിറ്റിലുണ്ടായിരുന്നവർ സ്വയം ജീവൻ ബലികഴിച്ചതോ? ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ഇത്തരം ഒരു വിമാന അപകടത്തിൽ യാത്രക്കാർക്കു ജീവൻ തിരിച്ചു കിട്ടാൻ വിരളമായ സാധ്യതയുള്ളപ്പോഴാണ് ചുണ്ടിലെ ചെറിയ പരുക്ക് ഒഴിച്ചുനിർത്തിയാൽ മറ്റ് പ്രശ്നങ്ങളില്ലാതെ പ്രധാനമന്ത്രി മൊറാർജി ജീവിതവഴിയിലേക്കു അത്ഭുതകരമായി മടങ്ങിയെത്തിയതും. “ഞാൻ രക്ഷപ്പെട്ടു. ദൈവത്തിലുള്ള എന്റെ വിശ്വാസം ദൃഢമായിരിക്കുന്നു.” - അപകടത്തിനു പിന്നാലെ മൊറാർജി പറഞ്ഞതിങ്ങനെ.
ഊട്ടി കുനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെട്ട സംഘം സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടതിനു സമാനമായ ദുരന്തമായിരുന്നു 44 വർഷം മുമ്പ് അസമിലെ ജോർഹട്ടിലുണ്ടായത്. വ്യോമസേനയുടെ ‘പുഷ്പക്’ ടിയു124 അപകടത്തിൽപെട്ടപ്പോൾ കോക്പിറ്റിലുണ്ടായിരുന്ന വ്യോമസേനയുടെ അഞ്ചു വിദഗ്ധരായ വൈമാനികരെയാണ് രാജ്യത്തിനു നഷ്ടമായത്. പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഇവർ അതിവൈദഗ്‌ധ്യം ആവശ്യമായ നോസ് ഡൈവിങ്ങിലൂടെ ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു എന്നാണ് ചില വ്യോമയാന വിദഗ്ധരുടെ വിലയിരുത്തൽ. എന്നിട്ടും ഇവരുടെ സർവീസ് രേഖകളിൽ മരിച്ചു എന്നു രേഖപ്പെടുത്തിയതിൽ കവിഞ്ഞ് യാതൊരു അംഗീകാരവും നൽകാൻ ഇനിയും രാജ്യം തയാറായില്ലെന്ന് ഓർക്കുകയാണ് അന്ന് അപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി സ്ക്വാഡ്രൺ ലീഡർ മാത്യു സിറിയക്കിന്റെ സഹോദരൻ റിട്ടയേഡ് എസ്‌പി ബാബു സിറിയക്.
∙ ആഘോഷ ദിവസത്തിലെ ദുരന്തം
തന്റെ ഒഴിവു ദിവസമായതിനാൽ സ്ക്വാഡ്രൺ ലീഡർ മാത്യു സിറിയക് മകളുടെ ജന്മദിനാഘോഷം നവംബർ നാലിനു നടത്താനാണു തീരുമാനിച്ചിരുന്നത്. നവംബർ ഏഴിനായിരുന്നു മകൾ രൂപ മാത്യുവിന്റെ ജന്മദിനം. ആഘോഷം ഒഴിവാക്കാൻ പറ്റില്ലെന്നു പറഞ്ഞിട്ടും മോശം കാലാവസ്ഥയിൽ വിഐപിയുമായി പോകാൻ മികച്ച വൈമാനികർ തന്നെ വേണമെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ കർശന നിർദേശം. ഇതോടെയാണ് വായുസേനാ മെഡൽ ജേതാവ് വിങ് കമാൻഡർ ക്ലാരൻസ് ജോസഫ് ഡിലിമയ്ക്കും സംഘത്തിനുമൊപ്പം സഹ പൈലറ്റായി മാത്യു കോക്പിറ്റിൽ കയറിയത്. നാവിഗേറ്റർ വിങ് കമാൻഡർ ജോഗീന്ദർ സിങ്ങും ഫ്ലൈറ്റ് എൻജിനിയർ എൻ.എം. സുങ്കൂറും ഫ്ലൈറ്റ് സിഗ്നലർ ഒ.പി. അറോറയുമായിരുന്നു ഒപ്പമുള്ള മറ്റ് വൈമാനികർ.
പ്രധാനമന്ത്രിയുടെ ആദ്യ വടക്കു കിഴക്കൻ പര്യടനം എന്ന പ്രത്യേകതയുണ്ടായിരുന്നു ആ യാത്രയ്ക്ക്. ഡൽഹിയിൽ നിന്നു ജോർഹട്ടിൽ പ്രധാനമന്ത്രിയേയും സംഘത്തെയും എത്തിച്ച് അന്നു തന്നെ മടങ്ങുന്നതിനാണ് വിമാനം ഷെഡ്യൂൾ ചെയ്തത്. മോശം കാലാവസ്ഥയിൽ പ്രധാനമന്ത്രിയുടെ നിർബന്ധത്തിനു വഴങ്ങിയുള്ള യാത്ര ദുരന്തമായി അവസാനിക്കുകയായിരുന്നു എന്നും മറ്റും വാർത്ത വന്നെങ്കിലും ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഒരിക്കലും വെളിച്ചം കണ്ടില്ല.
∙ രവീന്ദ്രന്റെ ഓർമയിലെ രണ്ടാം ജന്മം
വ്യോമസേന അണ്ടർ ട്രെയ്‌നി ഫ്ലൈറ്റ് എഞ്ചിനീയർ ആയിരുന്ന വടകര സ്വദേശി പി.കെ. രവീന്ദ്രൻ തലനാരിഴയ്ക്കാണ് അന്ന് മരണത്തിൽ നിന്നു രക്ഷപെട്ടത്. മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം കോക്പിറ്റിൽ കയറാൻ എത്തുമ്പോൾ യൂണിഫോം ധരിച്ചില്ലെന്ന പിഴവു വരുത്തിയതിനുള്ള ശിക്ഷയായി വിഐപി യാത്രക്കാർക്കും മറ്റു ജീവനക്കാർക്കുമൊപ്പം ഇരിക്കേണ്ടി വന്നു. നേരത്തെയും ഇതേ പിഴവിനു ശാസന ഏറ്റുവാങ്ങിയിട്ടും തെറ്റ് ആവർത്തിച്ചതാണ് ക്യാപ്റ്റൻ ഡിലിമയെ ചൊടിപ്പിച്ചത്. ഇതോടെ വിമാനത്തിന്റെ പിൻനിരയിലായി രവീന്ദ്രന്റെ സീറ്റ്. ജീവിതം ഉറപ്പിച്ച സീറ്റ് ബെൽറ്റ് കൂടിയാണ് അന്ന് രവീന്ദ്രൻ ധരിച്ചത്. സഹപ്രവർത്തകരുടെ വേർപാടിന്റെ ദുഃഖം ബാക്കിയാവുമ്പോഴും ആ ദിവസം തന്റെ രണ്ടാം ജന്മദിനമാണെന്നു രവീന്ദ്രൻ ഓർമിക്കുന്നു.
വിഐപി കമ്യൂണിക്കേഷൻ ഡ്യൂട്ടിക്കുള്ള എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്യൂണിക്കേഷൻ സ്ക്വാഡ്രന്റെ വിമാനമായിരുന്നു(കോം സ്ക്വാഡ്) അപകടത്തിൽ പെട്ട റഷ്യൻ നിർമിത ടിയു124. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശ വിഐപി സന്ദർശകർ തുടങ്ങിയവർക്കുള്ള യാത്രകൾ ഒരുക്കുകയായിരുന്നു ദൗത്യം. രൂപീകരിക്കപ്പെട്ട നാൾ മുതൽ അന്നു വരെ ഒരു ചെറുപിഴവു പോലും ഉണ്ടാക്കിയിട്ടില്ലാത്ത സംഘം. ഗുവാഹത്തിയിൽ നിയമനം ലഭിച്ച ഡപ്യൂട്ടേഷനിലാണ് രവീന്ദ്രൻ ഇതിന്റെ ഭാഗമായത്. മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിമാനത്തെക്കുറിച്ചുള്ള പാഠങ്ങൾ പഠിച്ചു വരുന്നതേ ഉള്ളൂ. വിഐപികൾ ഇല്ലാത്തപ്പോൾ വിമാനം പറത്താനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഓരോ യാത്രയിലും. പ്രധാനമന്ത്രിയെ ഡൽഹിയിൽ നിന്നു ജോർഹട്ടിൽ വിട്ടു തിരികെ മടങ്ങുമ്പോൾ അതിന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
ജോർഹട്ട് വിമാനത്താവളത്തോട് അടുത്തപ്പോൾ കാലാവസ്ഥ വളരെ മോശമായിരുന്നു. മേഘം മൂടിയതിനു പുറമേ മഴയും പെയ്യുന്നുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്യാനായിരുന്നു പൈലറ്റിന്റെ തീരുമാനം. താഴ്ന്നെത്തുമ്പോൾ റൺവേ കൃത്യമാകാതിരുന്നതോടെ വീണ്ടും ഉയർന്നു പൊങ്ങി. പക്ഷെ മരങ്ങൾക്കും മുകളിലേയ്ക്ക് ഉയർന്നിരുന്നില്ല. എൻജിൻ ശബ്ദം കൂടിയത് തിരിച്ചറിഞ്ഞതോടെ അപകടത്തിന്റെ സൂചനകൾ ലഭിച്ചു. ലാൻഡിങ് ലൈറ്റ് ഉണ്ടായിരുന്നതിനാൽ വിമാനത്തിന് ഉയരം നഷ്ടമായത് വിൻഡോയിലൂടെ കാണാമായിരുന്നു. മുളക്കൂട്ടങ്ങൾക്കു മുകളിലൂടെ ചതുപ്പു നിലത്തേയ്ക്കു വിമാനം ഉഗ്രശബ്ദത്തോടെ മൂക്കുകുത്തി പതിക്കുകയാണെന്നു തിരിച്ചറിയാൻ വൈകി. ഇടതു ചിറകു പൂർണമായും തെറിച്ചു പോയിരുന്നു. വലതു വശത്തെ എൻജിൻ പ്രവർത്തിക്കുന്നതു കേൾക്കാം. പിന്നീട് അതും നിശ്ചലമായി.
‘‘രക്ഷാ പ്രവർത്തനത്തിന്റേതായിരുന്നു തുടർന്നുള്ള മണിക്കൂറുകൾ. നാടൻ തീപ്പന്തങ്ങളുമായി ഓടിക്കൂടിയ തദ്ദേശീയരെ വിമാനത്തിൽ നിന്ന് അകറ്റി നിർത്തുക ശ്രമകരമായിരുന്നു. തീ പടരാനുള്ള സാധ്യത അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വിമാനത്തിൽ നിന്നു പുറത്തിറങ്ങിയ പ്രധാനമന്ത്രിയെയും സംഘത്തെയും മറ്റു ജീവനക്കാരുടെ സഹായത്തിൽ അടുത്തൊരു വീട്ടിൽ സുരക്ഷിതമായി ഇരുത്തി. കാലിനു ചെറിയ പരുക്കേറ്റെങ്കിലും ഗ്രാമത്തിൽ നിന്നു ലഭിച്ച സൈക്കിളുമായി റോഡിൽ കയറി. അതുവഴി വന്ന ഒരു വാഹനത്തിലെത്തിയവരുടെ സഹായത്തിൽ അടുത്തുള്ള സൈനിക കേന്ദ്രത്തിലേയ്ക്ക് എത്തി വിവരങ്ങൾ അറിയിക്കുകയായിരുന്നു.’’ – രവീന്ദൻ ആ ദിവസം ഓർമിക്കുന്നു.
∙ എന്തായിരുന്നു അപകടകാരണം?
പുറം ലോകം ഇന്നും അറിഞ്ഞിട്ടില്ലാത്ത ആ അപകട കാരണത്തെക്കുറിച്ച് നിരവധി കഥകൾ അക്കാലത്തു പ്രചരിച്ചിരുന്നതായി മാധ്യമ പ്രവർത്തകനായിരുന്നു കെ. ഗോവിന്ദൻകുട്ടി പറയുന്നു. വിമാനത്തിൽ ഉയരം കാണിക്കുന്ന യന്ത്രം പ്രവർത്തിച്ചില്ല എന്നതായിരുന്നു ഒരു പ്രചാരണം. യാത്ര ആരംഭിക്കുമ്പോൾ വിമാനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടായിരുന്നെങ്കിലും ജോർഹട്ടിൽ നിന്നു മറ്റൊരു വിമാനത്താവളത്തിൽ എത്താൻ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിനാൽ കാലാവസ്ഥ മോശമായിട്ടും അവിടെത്തന്നെ ഇറങ്ങാൻ നിർബന്ധിതരായി എന്നും പറയുന്നു.
സാങ്കേതിക തകരാറുകളൊന്നും ഇല്ലാതിരുന്ന വിമാനത്തിൽ മാനുഷികമായ അബദ്ധംകൊണ്ട് അപകടം സംഭവിച്ചു എന്നതായിരുന്നു വ്യോമസേന നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ എന്ന നിലയിൽ പ്രചരിച്ചത്. പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ അപകടത്തിന്റെ മുഴുവൻ ആഘാതവും കോക്പിറ്റിൽ വരുംവിധം വിമാനത്തെ മൂക്കുകുത്തി ഇടിച്ചിറക്കുകയായിരുന്നു ഡിലിമ ഉൾപ്പടെയുള്ള സംഘം ചെയ്തത് എന്ന വാദവും തള്ളിക്കളയുന്നില്ല.
∙ എന്തേ രാജ്യം മറന്നു ആ അഞ്ചു പേരെ...
രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ജീവൻ കാത്ത് വീരമൃത്യു വരിച്ച അഞ്ചു പേരെ രാജ്യം മറന്നു കളഞ്ഞത് മനഃപ്പൂർവമാണെന്നു വിശ്വസിക്കുകയാണ് അപകടത്തിൽ മരിച്ച മാത്യു സിറിയക്കിന്റെ സഹോദരൻ ബാബു സിറിയക്. അച്ചടക്കത്തിന്റെ കാര്യത്തിലും നടപടിക്രമങ്ങളിലും കൃത്യത പാലിക്കുന്ന വ്യോമസേനാ ഉന്നതർക്കു മുന്നിൽ രണ്ട് സാധ്യതകളുണ്ട്, കോർട്ട് ഓഫ് എൻക്വയറി നടത്തി കുറ്റക്കാരെ ശിക്ഷിക്കുക, അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ സ്വജീവൻ ബലി നൽകിയവരെ ആദരിക്കുക എന്നത്. മരണാനന്തരം യാതൊരു ബഹുമതിയും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തിനു വേണ്ടി വീരമൃത്യ വരിച്ചവരുടെ ചിത്രങ്ങൾക്കൊപ്പം വ്യോമസേനാ ആസ്ഥാനത്ത് ഇവരുടെ ഒരു ചിത്രം പോലും സൂക്ഷിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
അവർ നോസ് ലാൻഡ് ചെയ്തില്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിക്ക് എന്തു സംഭവിക്കുമായിരുന്നു എന്നു ചിന്തിക്കാനാകുമോ? ജീവിതം ബലികഴിച്ചവരെ രാജ്യം ഉപേക്ഷിച്ചു കളഞ്ഞു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത് ഒഴിച്ചാൽ അവർ ചിത്രത്തിലേ ഇല്ല. അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനത്തിന് എത്തിയവരെയും പ്രശസ്തി പത്രം നൽകി ആദരിച്ചു. അതേസമയം കൂടെയുള്ളവരുടെ ജീവനാണ് തന്റേതിനേക്കാൾ എന്ന പ്രാഥമിക സൈനിക പാഠം പ്രാവർത്തികമാക്കിയ സൈനികരെ മറന്നു കളഞ്ഞതായും ബാബു സിറിയക് പറയുന്നു.
ഒരു വിമാന അപകടത്തിൽപ്പെടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്. എന്നാൽ ഈ അപകടത്തിനു മുൻപ് ഒരു ഉപപ്രധാനമന്ത്രിക്ക് വിമാന അപകടം നേരിടേണ്ടതായി വന്നിട്ടുണ്ട്. 1949 ലായിരുന്നു അത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നും അറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ ജയ്പൂർ യാത്രയ്ക്കായി കയറിയ വിമാനം രാജസ്ഥാനിലെ മണലാരണ്യത്തിൽ ഇറക്കേണ്ടി വന്നതായിരുന്നു ആ അപകടസാഹചര്യം. ഒരു കുലുക്കവുമില്ലാതെയാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ ആ വിമാന അപകടത്തെ നേരിട്ടതും.
കുനൂരിലെ ഹെലികോപ്റ്റർ ദുരന്തവും ജോർഹട്ട് വിമാന അപകടവും തമ്മിൽ സമാനതകളുണ്ട്. പ്രതികൂല കാലാവസ്ഥയിലാണ് രണ്ട് ദുരന്തങ്ങളും. ജോർഹട്ട് സൈനിക അപകടത്തിന്റെ കോർട്ട് അന്വേഷണ വിവരങ്ങൾ കൃത്യമായി കൈമാറി സേനയിൽ നടപ്പാക്കിയിരുന്നെങ്കിൽ കുനൂരിലെ അപകടം ഒഴിവാക്കാമായിരുന്നു എന്ന ചിന്തയും ബാബു സിറിയക് പങ്കുവയ്ക്കുന്നു. ഒപ്പം ഇനിയായാലും തെറ്റു തിരുത്തി രാജ്യത്തിന്റെ ധീര പോരാളികളായ അഞ്ചു പേർക്ക് അർഹതപ്പെട്ട അംഗീകാരം നൽകാൻ സർക്കാരും വ്യോമസേനയും തയാറാകണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തുന്നു.
English Summary: Prime Minister Morarji Desai’s Tu 124K crash at Jorhat - A Flashback