‘‘മിടുക്കിയായി പഠിച്ച് ഐഎഎസ് നേടണം’’; ‘‘പഠിക്കും, ഡോക്ടറാകും, ഐഎഎസ്സും’’
ആൽബങ്ങളിലെ ഓർമകൾക്കു മുന്നിൽ എല്ലാവരും 22 വർഷം പിന്നോട്ടു പോയി. അമ്മ ഭഗവതി അമ്മാളും ദിവ്യയുടെ മകൻ മൽഹാറും ഭർത്താവും മുൻഎംഎൽഎയുമായ കെ.എസ്.ശബരിനാഥനും സാക്ഷികളായി. collector divya s iyer, minister antony raju, ias memory
ആൽബങ്ങളിലെ ഓർമകൾക്കു മുന്നിൽ എല്ലാവരും 22 വർഷം പിന്നോട്ടു പോയി. അമ്മ ഭഗവതി അമ്മാളും ദിവ്യയുടെ മകൻ മൽഹാറും ഭർത്താവും മുൻഎംഎൽഎയുമായ കെ.എസ്.ശബരിനാഥനും സാക്ഷികളായി. collector divya s iyer, minister antony raju, ias memory
ആൽബങ്ങളിലെ ഓർമകൾക്കു മുന്നിൽ എല്ലാവരും 22 വർഷം പിന്നോട്ടു പോയി. അമ്മ ഭഗവതി അമ്മാളും ദിവ്യയുടെ മകൻ മൽഹാറും ഭർത്താവും മുൻഎംഎൽഎയുമായ കെ.എസ്.ശബരിനാഥനും സാക്ഷികളായി. collector divya s iyer, minister antony raju, ias memory
പത്തനംതിട്ട∙ ഈ കഥ തുടങ്ങുന്നത് ഭൂതകാലത്തിൽ നിന്നാണ്. 2000 എസ്എസ്എൽസി ബാച്ചിന്റെ ഫലപ്രഖ്യാപന ദിവസമാണ് കഥയുടെ തുടക്കം. പത്താം ക്ലാസിൽ രണ്ടാം റാങ്കു വാങ്ങിയ നാട്ടുകാരി കുട്ടിയോടു സ്ഥലം എംഎൽഎ ഒരു കാര്യം പ്രത്യേകം പറഞ്ഞു, ‘‘പഠിക്കണം, മിടുക്കിയായി പഠിച്ച് ഐഎഎസ്സുകാരിയാകണം.’’ ആ മിടുക്കി എംഎൽഎയ്ക്കു വാക്കു നൽകി, ‘‘പഠിക്കും, ഡോക്ടറാകും, പിന്നെ ഐഎഎസ്സുകാരിയുമാകും’’. ഒപ്പം മേശപ്പുറത്ത് നിന്നൊരു ലഡുവും.
ലഡു കഴിച്ച് പഴയ തിരുവനന്തപുരം വെസ്റ്റ് എംഎൽഎ ആന്റണി രാജുവും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫും പൊട്ടിച്ചിരിച്ചു. ഒപ്പം ദിവ്യ എന്ന ആ പെൺകുട്ടിയെ ചേർത്തു നിർത്തി പടമെടുത്തു. അന്നത്തെ ചാനൽ വാർത്തയിലും പിറ്റേന്നത്തെ പത്രത്തിലും അതായിരുന്നു പ്രധാന വാർത്ത.
കാലം പലതവണ കറങ്ങി. ദിവ്യ വാക്കു പാലിച്ചു, ഡോക്ടറുമായി കലക്ടറുമായി. എംഎൽഎ വളർന്നു മന്ത്രിയായി. പത്തനംതിട്ട ജില്ലയുടെ അമരത്ത് ഡോ. ദിവ്യ എസ്. അയ്യർ എന്ന പഴയ റാങ്കുകാരി തലയുയർത്തി നിൽക്കുന്നതു കാണാൻ, സ്ഥലം എംഎൽഎയുമായി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ടെത്തി, പത്തനംതിട്ട കലക്ടറുടെ ബംഗ്ലാവിൽ.
റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിക്കുമ്പോൾ തൊട്ടടുത്ത് വാക്കുപാലിക്കലിന്റെ അത്യപൂർവ സംഗമ വേദിയിൽ അഭിവാദ്യം സ്വീകരിച്ച് ആത്മാഭിമാനത്തോടെ ദിവ്യ എസ്. അയ്യരും നിന്നു. പഴയ റാങ്ക് കഥയും ഉപദേശവും മന്ത്രി തന്നെയാണ് ഓർമപ്പെടുത്തിയത്. കാര്യങ്ങൾ നല്ല ഓർമയുണ്ടെങ്കിലും പഴങ്കഥകളുടെ കെട്ട് ആദ്യം അഴിക്കാൻ കലക്ടർ ഒന്നു മടിച്ചു. പ്രോട്ടോക്കോൾ പാലിച്ചു സംയമനം കൈവിടാതെ നിന്നു. മന്ത്രി തുടക്കമിട്ടപ്പോൾ ദിവ്യ ഉഷാറായി. മുഖത്ത് പഴയ പത്താം ക്ലാസുകാരിയുടെ നാണം. ദിവ്യയുടെ അച്ഛൻ പി.എസ്. ശേഷ അയ്യർ അന്നത്തെ ഫോട്ടോ ആൽബം എടുത്തു കൊണ്ടു വന്നു മന്ത്രിക്കു കാണിച്ചു കൊടുത്തു.
പി.ജെ. ജോസഫിനോടു ചേർന്ന് ദിവ്യ, തൊട്ടടുത്ത് ആന്റണി രാജു. നിറം മങ്ങാതെ ലഡുവും. പഴയ ചിത്രങ്ങളൊന്നും മങ്ങിയില്ല. മകളുടെ രണ്ടാം ക്ലാസു മുതലുള്ള നേട്ടങ്ങൾ ഓരോന്നും ഡോക്യൂമെന്റ് ചെയ്തു വച്ചിട്ടുണ്ട്, അച്ഛൻ. ആൽബങ്ങളിലെ ഓർമകൾക്കു മുന്നിൽ എല്ലാവരും 22 വർഷം പിന്നോട്ടു പോയി. അമ്മ ഭഗവതി അമ്മാളും ദിവ്യയുടെ മകൻ മൽഹാറും ഭർത്താവും മുൻഎംഎൽഎയുമായ കെ.എസ്.ശബരിനാഥനും സാക്ഷികളായി.
കലക്ടറുടെ ബംഗ്ലാവിൽ പഴയ ഓർമകൾ ഓരോന്നായി എംഎൽഎയും നാട്ടുകാരിയും പങ്കുവച്ചു. നാട്ടുകാരി കലക്ടറായി ഒപ്പം നിന്ന് അഭിവാദ്യം സ്വീകരിക്കുന്നതിനേക്കാൾ വലിയ അഭിമാനം മറ്റെന്തുണ്ടെന്ന് മന്ത്രി ആന്റണി രാജു ചോദിച്ചു. വാക്കു പാലിക്കാനായതിന്റെ നിർവൃതിയിൽ ദിവ്യയും. അന്നത്തെ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പറഞ്ഞത് കലക്ടറാണ്. റാങ്ക് വിവരം അന്നു ഫോണിൽ വിളിച്ചു പറഞ്ഞത് അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ വി.പി. ജോയിയാണ്. വിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയായപ്പോൾ റാങ്കുകാരി കലക്ടർ ആയി എന്നത് മറ്റൊരു കൗതുകം.ശബരിമല അവലോകന യോഗത്തിലും കോന്നി കെഎസ്ആർടിസി ഉദ്ഘാടനത്തിനും മന്ത്രിക്കൊപ്പം കലക്ടർ വേദി പങ്കിട്ടിരുന്നു. വാക്കുപാലിച്ച നാട്ടുകാരിയെ കാണാൻ വീട്ടിലെത്തുമെന്നു മന്ത്രി അന്നേ പറഞ്ഞിരുന്നു.
വെല്ലൂർ സിഎംസിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ദിവ്യ ഒരു വർഷത്തെ പ്രാക്ടീസിനു ശേഷമാണ് സിവിൽ സർവീസ് എഴുതിയത്. ഡോക്ടറാവുക എന്നതും സിവിൽ സർവീസ് നേടുക എന്നതും ദിവ്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു.
English Summary: Collector Divya S Iyer, Minister Antony Raju and 'IAS flashback'