ഗാർഗിന്റെ ‘1% കമ്മിഷൻ ഓപ്പറേഷൻ’; കളി പാളിയത് കൊച്ചിയിലെത്തിയപ്പോൾ
കൊച്ചി∙ മറുചോദ്യമില്ലാത്ത ചെലവുകളാണു സൈനിക ആവശ്യത്തിനായി രാജ്യം വിനിയോഗിക്കുന്നത്. അതിൽ നിന്ന് ‘ഒരു ശതമാനം’ കമ്മിഷൻ വാങ്ങിയാണു കൊച്ചി നേവൽ ബേസിലെ മിലിറ്ററി എൻജിനീയർ സർവീസ് (എംഇഎസ്) മുൻ ചീഫ് എൻജിനീയർ ന്യൂഡൽഹി സ്വദേശി | Rakesh Kumar Garg | Bribe | Enforcement Directorate | ED | kochi naval base | military engineer | Manorama Online
കൊച്ചി∙ മറുചോദ്യമില്ലാത്ത ചെലവുകളാണു സൈനിക ആവശ്യത്തിനായി രാജ്യം വിനിയോഗിക്കുന്നത്. അതിൽ നിന്ന് ‘ഒരു ശതമാനം’ കമ്മിഷൻ വാങ്ങിയാണു കൊച്ചി നേവൽ ബേസിലെ മിലിറ്ററി എൻജിനീയർ സർവീസ് (എംഇഎസ്) മുൻ ചീഫ് എൻജിനീയർ ന്യൂഡൽഹി സ്വദേശി | Rakesh Kumar Garg | Bribe | Enforcement Directorate | ED | kochi naval base | military engineer | Manorama Online
കൊച്ചി∙ മറുചോദ്യമില്ലാത്ത ചെലവുകളാണു സൈനിക ആവശ്യത്തിനായി രാജ്യം വിനിയോഗിക്കുന്നത്. അതിൽ നിന്ന് ‘ഒരു ശതമാനം’ കമ്മിഷൻ വാങ്ങിയാണു കൊച്ചി നേവൽ ബേസിലെ മിലിറ്ററി എൻജിനീയർ സർവീസ് (എംഇഎസ്) മുൻ ചീഫ് എൻജിനീയർ ന്യൂഡൽഹി സ്വദേശി | Rakesh Kumar Garg | Bribe | Enforcement Directorate | ED | kochi naval base | military engineer | Manorama Online
കൊച്ചി∙ മറുചോദ്യമില്ലാത്ത ചെലവുകളാണു സൈനിക ആവശ്യത്തിനായി രാജ്യം വിനിയോഗിക്കുന്നത്. അതിൽ നിന്ന് ‘ഒരു ശതമാനം’ കമ്മിഷൻ വാങ്ങിയാണു കൊച്ചി നേവൽ ബേസിലെ മിലിറ്ററി എൻജിനീയർ സർവീസ് (എംഇഎസ്) മുൻ ചീഫ് എൻജിനീയർ ന്യൂഡൽഹി സ്വദേശി രാകേഷ് കുമാർ ഗാർഗ് അകത്തായത്. സഹോദരൻ സഞ്ജീവ് കുമാർ അഗർവാളിനെ മറയാക്കി നിർത്തിയാണു ഗാർഗ് അഴിമതി നടത്തിയത്.
നിർമാണക്കരാറുകാരിൽനിന്നു കമ്മിഷനും കൈക്കൂലിയും പിരിച്ചെടുത്തു സഹോദരനെ ഏൽപിക്കാൻ രണ്ടു ചെറുകിട കരാറുകാരെയും ചട്ടംകെട്ടി. സഞ്ജീവ് ഖന്നയും മകൻ കനവ് ഖന്നയും. ഇവരാണു മറ്റു വൻകിട കരാറുകാരിൽ നിന്നു പണം പിരിച്ചെടുത്തു ഗാർഗിനു വേണ്ടി സഹോദരനെ ഏൽപിച്ചിരുന്നത്.
ഗാർഗിന്റെ ഇടനിലക്കാരെ നിയോഗിച്ചുള്ള ഈ കളി കൊച്ചിയിലെത്തിയപ്പോഴാണു പാളിയത്. ഗാർഗിന്റെ സിൽബന്ദികളായ ഉത്തരേന്ത്യൻ കരാറുകാരെപ്പോലെ അഴിമതിക്കു വഴങ്ങാൻ തയാറാവാതിരുന്ന കേരളത്തിലെ ചില ചെറുകിട കരാറുകാരാണു മിലിറ്ററി ഇന്റലിജൻസിനെ പോലും ഇരുട്ടിൽ നിർത്തി ഗാർഗ് നടത്തിയ അഴിമതികൾ സിബിഐയുടെ ശ്രദ്ധയിൽപെടുത്തി അറസ്റ്റിനു വഴിയൊരുക്കിയത്.
കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയിലെ നാവിക വിദ്യാർഥികളുടെ താമസസൗകര്യം ഒരുക്കാനുള്ള ചെറുകിട നിർമാണത്തിൽ പോലും 1.20 കോടി രൂപയുടെ കമ്മിഷനാണു രാകേഷ് കുമാർ ഗാർഗ് ചോദിച്ചു വാങ്ങിയത്. പട്ടാള ആവശ്യത്തിനുള്ള നിർമാണ കരാറുകളിലെ ഒരു ശതമാനം കമ്മിഷൻ പോലും അത്രയ്ക്കു വലുതാണ്. രാകേഷ് കുമാർ ഗാർഗ് കൊച്ചി വില്ലിങ്ഡൺ ഐലൻഡ് കടാരിബാഗിലെ എംഇഎസ് ഓഫിസിൽ ജോലി ചെയ്തിരുന്ന ഒരു വർഷം (2017–18) സിബിഐക്കു പരാതികളുടെ പ്രവാഹമായിരുന്നു. ഒടുവിൽ പരാതി റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോഴാണ് അഴിമതിയുടെ വ്യാപ്തി പുറത്തുവന്നത്.
കേരളത്തിനു പുറത്തു ഗാർഗ് ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം കരാറുകാരുടെ ഒരു ക്രിമിനൽ കൂട്ടായ്മ തന്നെ ഈ ഉദ്യോഗസ്ഥൻ സൃഷ്ടിച്ചിരുന്നു. ഓരോ നിർമാണ കാരാറിനും ഓരോ കരാറുകാരും എത്ര തുകയാണു ക്വട്ടേഷനിൽ എഴുതേണ്ടതെന്നു പോലും ഗാർഗ് നിശ്ചയിക്കും. ഓരോ നിർമാണ കരാറും ആർക്കു ലഭിക്കണമെന്നു നീക്കുപോക്കുകളുടെ ഭാഗമായി ഗാർഗ് വളരെ നേരത്തേ തന്നെ നിശ്ചയിക്കും. നിർമാണ പ്രവർത്തനങ്ങളിൽ കൃത്യമായ വീതം വയ്പു നടത്തിയിരുന്നതിനാൽ കരാറുകാരും ആരോടും പരാതിപ്പെട്ടിരുന്നില്ല.
2017 മേയിൽ കൊച്ചിയിൽ ചാർജെടുത്തപ്പോൾ തന്നെ അവിടത്ത കരാറുകാരെ മുഴുവൻ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അവരുടെ ചെലവിൽ വിളിച്ചുവരുത്തി ഗാർഗ് തന്റെ ‘1% കമ്മിഷൻ ഓപ്പറേഷൻ’ വിവരിച്ചിരുന്നു. അതിൽ പങ്കെടുത്ത കരാറുകാരിൽ ചിലർ അന്നു രാത്രി തന്നെ സമാന്തര യോഗം ചേർന്നു ഗാർഗിനെ പൂട്ടാനും തിരുമാനിച്ചു. കൃത്യം ഒരു വർഷം പിന്നിട്ടപ്പോൾ 2018 ജൂലൈയിൽ ഗാർഗ്, സഹോദരൻ സഞ്ജീവ് അഗർവാൾ, ഇടനിലക്കാരായ ഖന്നമാരുടെയും ന്യൂഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ വീടുകളിലും ഓഫിസിലും സിബിഐയുടെ റെയ്ഡ് നടന്നു.
നാലു കോടി രൂപയുടെ കറൻസി നോട്ടുകളും 3.45 കോടി രൂപ വിലമതിക്കുന്ന ആറ് സ്വർണക്കട്ടികളും (6.636 കിലോഗ്രാം) പിടിച്ചെടുത്തു. കൊച്ചി ദ്രോണാചാര്യയിലെ നാവികർക്കു താമസ സൗകര്യം ഒരുക്കാനുള്ള 102 കോടി രൂപയുടെ നിർമാണക്കരാറിനെ കുറിച്ചു മാത്രമാണു പരാതി നൽകാൻ ആരെങ്കിലും തയാറായത്. കേരളത്തിനു പുറത്ത് ഗാർഗിന്റെ നേതൃത്വത്തിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളിലൊന്നും പരാതി ഉയരാതെ നോക്കാൻ പ്രതികൾക്കു കഴിഞ്ഞു.
കമ്മിഷൻ നൽകാൻ കരാറുകാർ വൈകിയ ഘട്ടങ്ങളിൽ 60 ദിവസം വരെ നിർമാണ ഉത്തരവിറക്കാതെ സമ്മർദം ചെലുത്താനുള്ള ‘അധികാര ഗർവ്’ ഇയാൾ പ്രകടിപ്പിച്ചിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത ശേഷം ഇടനിലക്കാരെക്കൊണ്ടു പണത്തിന്റെ ഉടമസ്ഥത ഏറ്റെടുപ്പിച്ചു തലയൂരാനുള്ള ശ്രമം രാകേഷ്കുമാർ ഗാർഗ് നടത്തിയ ഘട്ടത്തിലാണു കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുണ്ടായത്. ഗാർഗിന്റെ അഴിമതിപ്പണം സ്വന്തം പണമാണെന്ന് അവകാശപ്പെട്ട സഞ്ജീവ് ഖന്നയ്ക്കും കനവ് ഖന്നയ്ക്കും അതിന്റെ ഉറവിടം ഇഡി മുൻപാകെ ബോധിപ്പിക്കാൻ കഴിഞ്ഞില്ല.
സ്വർണം വാങ്ങിയ ജ്വല്ലറികളുടെ പേരു പറഞ്ഞെങ്കിലും ആ പേരുകളിൽ ജ്വല്ലറികൾ പോലുമില്ലെന്നു ഇഡിയുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ ഏജൻസിയുടെ കൺവെട്ടത്തു വന്ന 7 കോടി രൂപ വിലമതിക്കുന്ന ഗാർഗിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. അന്വേഷണ സംഘങ്ങൾക്ക് ഒരുകാര്യം ഉറപ്പാണ്, എംഇഎസ് ചീഫ് എൻജിനീയർ എന്ന നിലയിൽ ഗാർഗ് അനുമതി നൽകിയ നിർമാണകരാറുകൾ പരിശോധിച്ചാൽ മാത്രം മതി ഈ പറയുന്ന 7 കോടി രൂപയല്ല ഗാർഗിന്റെ ‘ഒരു ശതമാനം’ കൈക്കൂലിയെന്നു ബോധ്യപ്പെടാൻ, അതിന്റെ വ്യാപ്തി ഏഴിന്റെ അനേക മടങ്ങുവരും.
Content Highlight: Former Kochi naval base chief engineer in money-laundering case