‘നേതാവ് തോറ്റതു നന്നായി’: അൽപായുസ്സായ ആശ്വാസം; നിലപാടില് വലഞ്ഞ് ജനതാദൾ
കഴിഞ്ഞ ദിവസം കേരളത്തിലെ എൽജെഡിയെ പ്രതിസന്ധിയിലാക്കി ശരദ് യാദവ് എൽജെഡിയെ ആർജെഡിയിൽ ലയിപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ ഇത്തരം നിലപാടുകൾ കേരളത്തിലെ ജനതാദളിനെ പ്രതിസന്ധിയിലാക്കുന്നത് ഇതാദ്യമല്ല. ..LJD, Sharad Yadav, Sharad Yadav News, MV Shreyams Kumar, MV Shreyams Kumar News
കഴിഞ്ഞ ദിവസം കേരളത്തിലെ എൽജെഡിയെ പ്രതിസന്ധിയിലാക്കി ശരദ് യാദവ് എൽജെഡിയെ ആർജെഡിയിൽ ലയിപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ ഇത്തരം നിലപാടുകൾ കേരളത്തിലെ ജനതാദളിനെ പ്രതിസന്ധിയിലാക്കുന്നത് ഇതാദ്യമല്ല. ..LJD, Sharad Yadav, Sharad Yadav News, MV Shreyams Kumar, MV Shreyams Kumar News
കഴിഞ്ഞ ദിവസം കേരളത്തിലെ എൽജെഡിയെ പ്രതിസന്ധിയിലാക്കി ശരദ് യാദവ് എൽജെഡിയെ ആർജെഡിയിൽ ലയിപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ ഇത്തരം നിലപാടുകൾ കേരളത്തിലെ ജനതാദളിനെ പ്രതിസന്ധിയിലാക്കുന്നത് ഇതാദ്യമല്ല. ..LJD, Sharad Yadav, Sharad Yadav News, MV Shreyams Kumar, MV Shreyams Kumar News
സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപക നേതാവ് തിരഞ്ഞെടുപ്പിൽ തോറ്റതു നന്നായി എന്ന് ഏതെങ്കിലും പാർട്ടിക്കാർ കരുതുമോ? ദേശീയ നേതാവ് തോറ്റ വാർത്തയറിഞ്ഞ് ഒരു പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഒന്നാകെ ആശ്വസിച്ചിട്ടുണ്ട് ഒരിക്കൽ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ മധേപുര മണ്ഡലത്തിൽ മത്സരിച്ച ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ദേശീയ രക്ഷാധികാരി ശരദ് യാദവിന്റെ പരാജയമാണു എൽജെഡി സംസ്ഥാന നേതൃത്വത്തെ ആശ്വസിപ്പിച്ചത്. കാരണം ലാലുപ്രസാദ് യാദവിന്റെ പാർട്ടിയായ ആർജെഡി നൽകിയ സീറ്റിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ശരദ് യാദവ് മത്സരിച്ചത്.
ജയിച്ചാൽ ആർജെഡിയിൽ അന്നു ലയിക്കുമെന്ന ഉറപ്പിൽ ആർജെഡി ചിഹ്നത്തിലായിരുന്നു മത്സരം. ആ ലയനം ഒഴിവായതിന്റെ ആശ്വാസത്തിന് പക്ഷേ രണ്ടര വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ദിവസം കേരളത്തിലെ എൽജെഡിയെ പ്രതിസന്ധിയിലാക്കി ശരദ് യാദവ് എൽജെഡിയെ ആർജെഡിയിൽ ലയിപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ ഇത്തരം നിലപാടുകൾ കേരളത്തിലെ ജനതാദളിനെ പ്രതിസന്ധിയിലാക്കുന്നത് ഇതാദ്യമല്ല. 2006ൽ മുൻ പ്രധാന മന്ത്രി ദേവഗൗഡയും 2017ൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും സ്വീകരിച്ച നിലപാടുകളും കേരളത്തിലെ പാർട്ടിയെ വട്ടം ചുറ്റിച്ചിട്ടുണ്ട്.
ബിജെപിയെ വരിച്ച ഗൗഡ; ഗൗഡയെ ‘പുറത്താക്കിയ’ വീരൻ
ജനതാദൾ(എസ്) ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമിയുടെ ബിജെപി ബന്ധമാണു 2006ൽ കേരളത്തിലെ ജനതാദളിനെ പ്രതിസന്ധിയിലാക്കിയത്. കർണാടകയിൽ കോൺഗ്രസ് നേതാവ് എൻ.ധരംസിങ് മുഖ്യമന്ത്രിയായുള്ള ജനതാദൾ (എസ്)–കോൺഗ്രസ് മുന്നണി സർക്കാരിനുള്ള പിന്തുണ 2006ൽ ജനതാദൾ (എസ്) പിൻവലിച്ചു. എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ 46 എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ നിലംപൊത്തി. പിന്നാലെ 79 എംഎൽഎമാരുള്ള ബിജെപി കുമാരസ്വാമിയെ പിന്തുണച്ചു. കുമാരസ്വാമി മുഖ്യമന്ത്രിയായി. തുടക്കത്തിൽ കുമാരസ്വാമിയുടെ നീക്കത്തെ തള്ളിപ്പറഞ്ഞ ദേവഗൗഡ ദിവസങ്ങൾക്കുള്ളിൽ മകനെ അനുകൂലിച്ചു രംഗത്തെത്തി.
പാർട്ടിയുടെ കർണാടക ഘടകത്തിന്റെ ബിജെപി ബന്ധം പ്രതിസന്ധിയിലാക്കിയത് ഇടതുമുന്നണിയുടെ ഭാഗമായ കേരളത്തിലെ പാർട്ടിയെയാണ്. തുടക്കത്തിൽ ദേവഗൗഡയുടെ നിലപാട് ചൂണ്ടിക്കാട്ടി പിടിച്ചുനിന്നെങ്കിലും ദേവഗൗഡയും കളം മാറ്റിയതോടെ എം.പി.വീരേന്ദ്രകുമാർ സംസ്ഥാന പ്രസിഡന്റായ ജനതാദൾ(എസ്) കേരള ഘടകം രാഷ്ട്രീയ പ്രതിസന്ധിയിലായി. ദേവഗൗഡയുടെ നിലപാടിനെതിരെ കേരള ഘടകം പരസ്യ പ്രതിഷേധമുയർത്തി. കർണാടകയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിച്ച ഗൗഡയുടെ സ്ഥാനാർഥിക്കെതിരെ എം.പി.വീരേന്ദ്രകുമാർ അവിടെ പോയി പ്രസംഗിച്ചു. പിന്നാലെ ഗൗഡയുടെ ബിജെപി ബന്ധത്തെ എതിർക്കുന്ന വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗം ചേർന്നു ഗൗഡയെ പാർട്ടിയിൽനിന്നു പുറത്താക്കി. പകരം ജനതാദൾ(എസ്) ദേശീയ പ്രസിഡന്റായി മുതിർന്ന സോഷ്യലിസ്‌റ്റ് നേതാവ് സുരേന്ദ്ര മോഹനെ തിരഞ്ഞെടുത്തു. പാർട്ടി രണ്ടായി പിളർന്നു.
രണ്ടു വർഷത്തോളം രണ്ടു പാർട്ടികളും ജനതാദൾ (എസ്) എന്ന പേരിൽ തന്നെ പ്രവർത്തിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കറ്റയേന്തിയ കർഷക സ്ത്രീ’ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേവഗൗഡയുടെ പാർട്ടിക്ക് അനുവദിച്ചതു കേരളത്തിലെ പാർട്ടിക്കു തിരിച്ചടിയായി. ഒടുവിൽ 2008ൽ ദേവഗൗഡ ബിജെപി ബന്ധം ഉപേക്ഷിച്ചതോടെ വീരേന്ദ്രകുമാർ വീണ്ടും ഗൗഡയുമായി ഒന്നിച്ചു. കേരളത്തിലെ ജനതാദൾ(എസ്) വീണ്ടും ഗൗഡയുടെയും വീരന്റെയും പാർട്ടിയായി.
രാഷ്ട്രപതി തിരഞ്ഞെടുപ്പും നിതീഷ്കുമാറും
2009ൽ എൽഡിഎഫ് വിട്ടു യുഡിഎഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം ജനതാദൾ സോഷ്യലിസ്റ്റ് ജനത (ഡി) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. 2014ൽ ദേശീയ പാർട്ടിയാകാനുള്ള മോഹവുമായി എസ്ജെഡി നിതീഷ്കുമാറിന്റെ ജനതാദൾ (യു)വിൽ ലയിച്ചു. വീരേന്ദ്രകുമാർ ജെഡിയുവിന്റെ സംസ്ഥാന പ്രസിഡന്റായി. 2016ൽ യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റിൽ വീരേന്ദ്രകുമാർ ജെഡിയു സ്ഥാനാർഥിയായാണ് മത്സരിച്ചത്. എന്നാൽ 2017ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി റാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ ജനതാദൾ(യു) കേന്ദ്രനേതൃത്വം തീരുമാനിച്ചതോടെ യുഡിഎഫിലുള്ള കേരളഘടകം വെട്ടിലായി. ബിഹാറിൽ ആർജെഡി–ജെഡിയു–കോൺഗ്രസ് മഹാസഖ്യത്തിൽ നിന്ന് അകലുന്ന ജെഡിയു ബിജെപിയിലേക്ക് അടുക്കുകയാണെന്നു സൂചനകൾ കൂടി പുറത്തുവന്നതോടെ കേരളത്തിലെ പാർട്ടി വീണ്ടും പ്രതിസന്ധിക്കു നടുവിലായി.
കോൺഗ്രസ് പിന്തുണയോടെ രാജ്യസഭാംഗമായ വീരേന്ദ്രകുമാർ കേന്ദ്രതീരുമാനപ്രകാരം ബിജെപി സ്ഥാനാർഥിക്കു വോട്ടു ചെയ്യേണ്ടിയിരുന്നു. എന്നാൽ അതിൽ ധാർമിക പ്രശ്നങ്ങളുണ്ട്. ഇതോടൊപ്പം, പാർട്ടി നിർദേശം അനുസരിച്ചില്ലെങ്കിലുള്ള അയോഗ്യതാ പ്രശ്നവും കേരള നേതൃത്വത്തെ ആശങ്കയിലാഴ്ത്തി. നേരത്തേ കർണാടകയിലെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി ദേശീയ ബന്ധം വിച്ഛേദിച്ച‌് 11 വർഷങ്ങൾക്കു ശേഷം എത്തിപ്പെട്ടത് സമാന പ്രതിസന്ധിയിൽ തന്നെ. വൈകാതെ, നിതീഷ്കുമാർ മഹാസംഖ്യം ഉപേക്ഷിച്ച് എൻഡിഎയുടെ ഭാഗമായതോടെ ദേശീയ നേതൃത്വുവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി കേരളത്തിലെ പാർട്ടി പ്രഖ്യാപിച്ചു.
പിളർപ്പിന്റെ വക്കിലെത്തിച്ച രാഷ്ട്രീയ പ്രതിസന്ധി
ദേശീയ തലത്തിൽ ജനതാദൾ(യു)വുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും ഭാവി നിലപാട് എന്താകണം എന്നതിനെച്ചൊല്ലി കേരളത്തിലെ പാർട്ടി രണ്ടു തട്ടിലായി. നിതീഷ്കുമാറിന്റെ ബിജെപി അനുകൂല നിലപാടിനെതിരെ രംഗത്തെത്തിയ ദേശീയ അധ്യക്ഷൻ ശരദ് യാദവിനൊപ്പം നിൽക്കാനായിരുന്നു കേരളത്തിലെ പാർട്ടിയിലെ ഭൂരിപക്ഷത്തിനും താൽപര്യം. എന്നാൽ സ്വന്തം പാർട്ടി രൂപീകരിക്കണമെന്ന അഭിപ്രായമായിരുന്നു വീരേന്ദ്രകുമാറിന്. എം.പി വീരേന്ദ്രകുമാർ ഒരു വശത്തും അദ്ദേഹത്തിന്റെ വലംകൈയും ഇടങ്കൈയുമെന്നു പറയാമായിരുന്ന വർഗീസ് ജോർജും ഷേയ്ക്ക് പി. ഹാരീസും മറുവശത്തുമെന്ന ചിത്രം കണ്ട് പാർട്ടിക്കാർ തന്നെ ഞെട്ടി.
നിതീഷിനെതിരെ ശരദ് യാദവ് തീർക്കുന്ന പ്രതിരോധവ്യൂഹത്തിന്റെ ഭാഗമാകുന്നത് ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് വളക്കൂറുള്ള കേരളത്തിലും ഗുണകരമാകുമെന്നായിരുന്നു ഒരു വാദം. എന്നാൽ ശരദ് യാദവിനൊപ്പം നിന്നാൽ വീരേന്ദ്രകുമാറിന്റെ രാജ്യസഭാ എംപി സ്ഥാനം നഷ്ടപ്പെടുത്തുമെന്ന ഭീഷണി മറുവശത്ത് തടസ്സമായി. ജനതാദൾ (യു) പ്രതിനിധിയായാണ് വീരേന്ദ്രകുമാർ രാജ്യസഭാംഗമായത്. പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എംഎൽഎമാരും നിതീഷ്കുമാറിനൊപ്പം ആയതിനാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം പരാതി ഉന്നയിച്ചാൽ വീരേന്ദ്രകുമാറിന് എംപി സ്ഥാനം നഷ്ടപ്പെടാം. ഈ സാഹചര്യം മറികടക്കാനാണ് സ്വന്തം പാർട്ടിയെന്ന ആശയം വീരൻ മുന്നോട്ടുവച്ചത്.
സ്വന്തം നിലയിൽ സംസ്ഥാന പാർട്ടിയുണ്ടാക്കിയാൽ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന ഉറപ്പ് നിതീഷ്കുമാർ വീരേന്ദ്രകുമാറിനു നൽകിയെന്ന സൂചനയും പുറത്തു വന്നു. സോഷ്യലിസ്റ്റ് ജനത എന്ന പഴയ പാർട്ടി പുനരുജ്ജീവിപ്പിച്ച് സംസ്ഥാനരാഷ്ട്രീയത്തിൽ നിൽക്കാമെന്ന നിർദ്ദേശമായിരുന്നു വീരേന്ദ്രകുമാറിന്റേത്. പക്ഷേ, സംസ്ഥാന ഭാരവാഹിയോഗത്തിൽ അതിനു കാര്യമായ പിന്തുണ ലഭിച്ചില്ല. നിതീഷ് ബിജെപി പാളയത്തിലേക്കു പോയതിനെതിരെ രാഷ്ട്രീയമായ പോരാട്ടമാണ് ശരദ് യാദവ് തുടങ്ങിവച്ചിരിക്കുന്നതെന്നും അതിനു പിന്തുണ നൽകണമെന്നു ഭൂരിപക്ഷവും വാദിച്ചു. ആ തർക്കം ദിവസങ്ങൾ നീണ്ടു. പാർട്ടി രണ്ടാകുമെന്ന ഘട്ടം വരെയെത്തി. ഇതിനിടെ ഒരു രാഷ്ട്രീയ നീക്കം കൂടി വീരേന്ദ്രകുമാർ നടത്തി. കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗെസ്റ്റ് ഹൗസിലെത്തി കണ്ടു. എൽഡിഎഫിലേക്കു വരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുവെന്ന സൂചനയാണ് പിറ്റേന്നു പാർട്ടി പത്രം തന്നെ വാർത്ത നൽകിയത്.
രാജ്യസഭ വിട്ടു വീരൻ, യുഡിഎഫ് വിട്ട് പാർട്ടി
ഒടുവിൽ സ്വന്തം പാർട്ടിയെന്ന ആശയം ഉപേക്ഷിച്ചു ശരദ് യാദവ് രൂപീകരിക്കുന്ന പുതിയ പാർട്ടിക്കൊപ്പം നിൽക്കാൻ എം.പി. വീരേന്ദ്രകുമാർ തീരുമാനിച്ചു. സംസ്ഥാന ജെഡിയുവിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കാൻ രൂപീകരിച്ച ഉപസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയായായിരുന്നു തീരുമാനം. ശരദ് യാദവിനെ നേരിൽ കണ്ടു വീരേന്ദ്രകുമാർ പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ രാജ്യസഭാംഗത്വം വീരേന്ദ്രകുമാർ രാജിവച്ചു. രണ്ടാഴ്ചയ്ക്കു ശേഷം ആ നിർണായക തീരുമാനം വീരേന്ദ്രകുമാർ പ്രഖ്യാപിച്ചു. ഒൻപതു വർഷത്തെ ബന്ധം അവസാനിപ്പിച്ച് പാർട്ടി യുഡിഎഫ് വിടുന്നു. വീണ്ടും എൽഡിഎഫുമായി സഹകരിക്കാനാണ് ഉദ്ദേശ്യമെന്നും വീരേന്ദ്രകുമാർ അറിയിച്ചു.
യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് രാജിവച്ച് വീണ്ടും രാജ്യസഭാ തിരഞ്ഞെടുപ്പിനു കളമൊരുക്കുക കൂടി ചെയ്ത ശേഷമായിരുന്നു എൽഡിഎഫിലേക്കുള്ള മടക്കയാത്ര. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീരേന്ദ്രകുമാറിന് സീറ്റ് നൽകി. അങ്ങനെ ഒരേ സീറ്റിൽ ആദ്യം യുഡിഎഫ് പിന്തുണയോടെയും രണ്ടു വർഷത്തിനു ശേഷം എൽഡിഎഫ് പിന്തുണയോടെയും വീരൻ രാജ്യസഭയിലെത്തി. ശരദ് യാദവിന്റെ നേതൃത്വത്തിന്റെ ലോക്താന്ത്രിക് ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. സ്വതന്ത്ര രാജ്യസഭാ എംപിയായതിനാൽ വീരേന്ദ്രകുമാർ ഔദ്യോഗികമായി പാർട്ടിയിൽ അംഗമായില്ല. എം.വി.ശ്രേയാംസ്കുമാർ സംസ്ഥാന പ്രസിഡന്റായി. രണ്ടു വർഷത്തിനു ശേഷം എം.പി.വീരേന്ദ്രകുമാറിന്റെ മരണത്തെത്തുടർന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിൽ ശ്രേയാംസ്കുമാർ മത്സരിച്ചു വിജയിച്ചു.
തോറ്റതിന്റെ ആശ്വാസത്തിന് ആയുസ്സ് രണ്ടര വർഷം
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ആർജെഡി–കോൺഗ്രസ് മുന്നണിയിലായിരുന്നു എൽജെഡി. ലാലുപ്രസാദ് യാദവിന്റെ പാർട്ടിയായ ആർജെഡിയുടെ സീറ്റാണു ശരദ് യാദവിന് നൽകിയത്. സീറ്റ് എൽജെഡിക്കാണെങ്കിലും മത്സരിക്കുന്നത് ആർജെഡിയുടെ ചിഹ്നമായ റാന്തലിൽ വേണമെന്നു ലാലു ശഠിച്ചു. തീർന്നില്ല, തിരഞ്ഞെടുപ്പിനു ശേഷം എൽജെഡി ആർജെഡിയിൽ ലയിക്കുകയും വേണം. കോൺഗ്രസ് മുന്നണിയുടെ ഭാഗമായ ആർജെഡിയിൽ ലയിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇടതുമുന്നണിയിൽ അംഗമായ എൽജെഡിയുടെ കേരളഘടകത്തെ പല തട്ടിലാക്കി.
ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാതെ പ്രത്യേക പാർട്ടിയായി നിൽക്കണമെന്നായി ഒരു വിഭാഗം. ജനതാദൾ എസിലേക്കു മടങ്ങിപ്പോകണമെന്ന് ആഗ്രഹമുള്ള ചില നേതാക്കൾ ചർച്ച വരെ തുടങ്ങി. ലയിക്കാനാണെങ്കിൽ ആർജെഡിയേക്കാൾ നല്ലതു സമാജ് വാദി പാർട്ടിയാണെന്നു ചിലർ. ഏതായാലും ആർജെഡിയിലേക്കു പോകേണ്ടെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ശരദ് യാദവ് തോറ്റതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം ഒറ്റയടിക്കു പരിഹാരമായി. ദേശീയ നേതാവ് തോറ്റതു കൊണ്ടു എൽജെഡി ആയിത്തന്നെ തുടരാനായിരുന്നു തീരുമാനം. ആ ആശ്വാസമാണ് കഴിഞ്ഞ ദിവസം ശരദ് യാദവ് ആർജെഡിയിൽ ലയിച്ചതോടെ അവസാനിച്ചത്.
2018ൽ ജനതാദൾ(യു) വിട്ടപ്പോൾ ശരദ് യാദവിന് നഷ്ടമായത് രാജ്യസഭാംഗത്വമായിരുന്നു. എന്നാൽ ശരദ് യാദവിനൊപ്പം പാർട്ടി വിട്ട വീരേന്ദ്രകുമാർ തന്ത്രപരമായ മുന്നണിമാറ്റത്തിലൂടെ എംപി സ്ഥാനം നിലനിർത്തി. ഈ വർഷം ബിഹാറിൽനിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ ആർജെഡി സ്ഥാനാർഥിയാകാം എന്ന പ്രതീക്ഷയിലാണ് ശരദ് യാദവ് ആർജെഡിയിൽ ലയിക്കുന്നത്. അതേ സമയം കേരളത്തിലെ എൽജെഡി അന്നു നിലനിർത്തിയ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ്. ഒപ്പം ദേശീയ നേതൃത്വം ആർജെഡിയിൽ ലയിച്ചതോടെ സംസ്ഥാനത്ത് എന്തു നിലപാട് സ്വീകരിക്കണമെന്ന ആശയക്കുഴപ്പവും നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു.
English Summary: How stands and decisions taken by Lok Janata Dal Affected Janata Dal Political Policies in Kerala