അന്ന് ബാൽ താക്കറെയുടെ നിഴൽ, പിൻഗാമി...; ‘രാജ് താക്കറെ ബിജെപിയുടെ ഉച്ചഭാഷിണി’
‘ഞാൻ രാജ് താക്കറെയെ ഗൗരവമായി എടുക്കാറില്ല. 6 മാസമോ ഒരു വര്‍ഷമോ ഒക്കെ കൂടുമ്പോഴാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മാധ്യമങ്ങൾ നിരന്തരമായി അന്വേഷിക്കുന്നതു കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. എംഎൻഎസ് തലവൻ വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമൊക്കെ സംസാരിക്കുമെന്നാണ് കരുതിയത്. രാജ് താക്കറെ എന്തുെകാണ്ടാണ് ബിജെപിക്കെതിരെ ഒന്നും പറയാത്തത് എന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് ബുദ്ധിയും ബോധവുമുണ്ട്’
‘ഞാൻ രാജ് താക്കറെയെ ഗൗരവമായി എടുക്കാറില്ല. 6 മാസമോ ഒരു വര്‍ഷമോ ഒക്കെ കൂടുമ്പോഴാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മാധ്യമങ്ങൾ നിരന്തരമായി അന്വേഷിക്കുന്നതു കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. എംഎൻഎസ് തലവൻ വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമൊക്കെ സംസാരിക്കുമെന്നാണ് കരുതിയത്. രാജ് താക്കറെ എന്തുെകാണ്ടാണ് ബിജെപിക്കെതിരെ ഒന്നും പറയാത്തത് എന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് ബുദ്ധിയും ബോധവുമുണ്ട്’
‘ഞാൻ രാജ് താക്കറെയെ ഗൗരവമായി എടുക്കാറില്ല. 6 മാസമോ ഒരു വര്‍ഷമോ ഒക്കെ കൂടുമ്പോഴാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മാധ്യമങ്ങൾ നിരന്തരമായി അന്വേഷിക്കുന്നതു കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. എംഎൻഎസ് തലവൻ വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമൊക്കെ സംസാരിക്കുമെന്നാണ് കരുതിയത്. രാജ് താക്കറെ എന്തുെകാണ്ടാണ് ബിജെപിക്കെതിരെ ഒന്നും പറയാത്തത് എന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് ബുദ്ധിയും ബോധവുമുണ്ട്’
2019 ജൂലൈയിലാണ് ഡൽഹി രാഷ്ട്രീയവൃത്തങ്ങളെയാകെ അമ്പരപ്പിച്ചു കൊണ്ടുള്ള ആ കൂടിക്കാഴ്ച നടന്നത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ മഹാരാഷ്ട്ര നവനിർമാണ്‍ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ രാജ്യതലസ്ഥാനത്തെത്തി കണ്ടത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുപാർട്ടികളിലെയും രണ്ടാം നിര നേതാക്കൾക്കൊന്നും അറിവില്ലാതിരുന്ന ഈ കൂടിക്കാഴ്ച ഒരുക്കിയത് എൻസിപി അധ്യക്ഷൻ ശരദ് പവാറോ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലോ ആയിരിക്കണം എന്നതു മാത്രമാണ് പുറത്തു വന്നത്. ബിജെപി വിജയിക്കുന്നത് വോട്ടിങ് മെഷീനിൽ തട്ടിപ്പു നടത്തിയാണെന്നും അതിനാൽ ആ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ വഴിയാകണമെന്നും ആവശ്യപ്പെട്ട് രാജ് താക്കറെ തിരഞ്ഞെടുപ്പു കമ്മിഷനെ കണ്ടതിനു പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ഈ വിഷയമാണ് യുപിഎ അധ്യക്ഷയുമായി ചർച്ച െചയ്തത് എന്നാണ് പിന്നീട് എംഎൻഎസ് നേതാക്കൾ പറഞ്ഞതും. മഹാരാഷ്ട്രയിൽ ശിവസേന–ബിജെപി സഖ്യത്തിനെതിരെയുള്ള കോൺഗ്രസ്–എൻസിപി സഖ്യത്തിൽ എംഎൻഎസും ചേരുമോ എന്നതായിരുന്നു അന്നത്തെ പ്രധാന ചർച്ചകളിലൊന്ന്. എന്നാൽ യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ മുംബൈയിൽ എംഎൻഎസ് നടത്തിയിട്ടുള്ള ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഉത്തരേന്ത്യയിൽ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് സഖ്യസാധ്യതകൾ അവസാനിപ്പിച്ചു. അത്തവണ സ്ഥാനാർഥികളെ നിർത്താതിരുന്ന രാജ് താക്കറെ, ബിജെപി–ശിവസേന സഖ്യത്തിനെതിരെ പല കോണ്‍ഗ്രസ്–എൻസിപി വേദികളിലും ആഞ്ഞടിച്ചു. നരേന്ദ്ര മോദി–അമിത് ഷാ സഖ്യമായിരുന്നു രാജ് താക്കറെയുടെ പ്രധാന ഉന്നം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എംഎൻഎസ് നേതാവ് പ്രസംഗിച്ച എല്ലാ മണ്ഡലങ്ങളിലും ബിജെപി, ശിവസേന സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. അതിനു ശേഷം ഇക്കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പരിമിതമായ പൊതുപരിപാടികൾ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ, ഒടുവിൽ പാർട്ടി അജൻഡ ‘ഹിന്ദുത്വ’യായി പരിവർത്തപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം, ഇപ്പോൾ മോസ്കുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്രയെ മുൾമുനയിലാക്കൽ... രാജ് താക്കറെ എന്ന അൻപത്തിമൂന്നുകാരൻ രാഷ്ട്രീയനേതാവിന്റെ പൊതുജീവിതം ഇങ്ങനെയാണ്. മഹാരാഷ്ട്രയിലെ ഭരണത്തിനു വേണ്ടി കോൺഗ്രസിനും എൻസിപിക്കുമൊപ്പം ചേർന്ന് ശിവസേന ‘നഷ്ടപ്പെടുത്തിയ ഹിന്ദുത്വം’ വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോൾ പറയുന്നതും.
ഏറെക്കാലം ബാൽ താക്കറെയുടെ നിഴൽ, പിൻഗാമി, പക്ഷേ...
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഇളയ സഹോദൻ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. ബാൽ താക്കറെയുടെ രാഷ്ട്രീയ പിൻഗാമിയായി പലരും കരുതിയിരുന്നത് രാജ് താക്കറെയെയായിരുന്നു. അച്ഛൻ വഴിയും അമ്മ വഴിയും ഉദ്ധവ് താക്കറെയും രാജ് താക്കറെയും ‘കസിൻസ്’ (സഹോദര മക്കൾ) ആണ്. 1960–ലാണ് ബാൽ താക്കറെയും പിന്നീട് മീന തായ് എന്ന് സേനാ പ്രവർത്തകർ വിളിച്ച സർള വൈദ്യയും വിവാഹിതരാകുന്നത്. ഇവരുടെ മൂന്നാമത്തെ മകനാണ് ഉദ്ധവ് താക്കറെ. 1964–ൽ ശ്രീകാന്ത് താക്കറെ മീന തായ്‍യുടെ ഇളയ സഹോദരി മധുവന്തി എന്ന കുന്ദയെ വിവാഹം ചെയ്തു. രാജ് താക്കറെയ്ക്ക് സംഗീതജ്ഞനായ പിതാവ് നൽകിയ പേര് ‘സ്വരരാജ്’ എന്നായിരുന്നു. ബാൽ താക്കറെയുടെ നിർദേശ പ്രകാരം പിന്നീടിത് രാജ് എന്നാക്കി ചുരുക്കുകയായിരുന്നുവെന്ന് ഇവരെക്കുറിച്ചുള്ള പുസ്തകം ‘ദ് കസിൻസ് താക്കറെ’യിൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ധാവൽ കുൽക്കർണി പറയുന്നു.
ബാൽ താക്കറെയുടെ മാതൃകയിൽ കാർട്ടൂണിസ്റ്റായിരുന്നു ചെറുപ്പത്തിൽ രാജ് താക്കറെയും. മുംബൈയിലെ സർ ജെജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ടിൽ നിന്നുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇതിനു ശേഷമായിരുന്നു ബാൽ താക്കറെ സ്ഥാപിച്ച ‘മാർമിക്’ എന്ന ആഴ്ചപ്പതിപ്പിൽ രാജ് താക്കറെ കാർട്ടൂണിസ്റ്റായി ചേർന്നതും. തുടർന്ന് ശിവസേനയുടെ വിദ്യാർഥി വിഭാഗമായ ഭാരതീയ വിദ്യാര്‍ഥി സേനയുടെ തലപ്പത്തെത്തി രാഷ്ട്രീയ ജീവിതമാരംഭിച്ചു. 1990–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിങ്ങിയതോടെ പൊതുവേദിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. രൂപത്തിലും സംസാരത്തിലും പ്രസംഗത്തിലുമെല്ലാം താക്കറെയെ അനുകരിച്ചിരുന്ന രാജിനെ അന്നു മുതൽ താക്കറെയുടെ പിൻഗാമി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സ്വതവേ അന്തര്‍മുഖനായിരുന്ന, ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെ എല്ലായ്പ്പോഴും തിരശീലയ്ക്ക് പിന്നിലുമായിരുന്നു. എന്നാൽ തന്റെ പിൻഗാമി ആരായിരിക്കണമെന്ന വീതംവയ്പിൽ മരുമകനേക്കാൾ കൂടുതലായി മകനെയാണ് ബാൽ താക്കറെ കണ്ടത്. അതോടെ ശിവസേന എന്ന പാര്‍ട്ടിയുടെയും മഹാരാഷ്ട്രയിൽ താക്കറെ കുടുംബം പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെയും കടിഞ്ഞാൺ ഉദ്ധവ് താക്കറെയുടെ കൈയിലായി.
പൊട്ടിത്തെറി, പിതൃസഹോദരന്റെ അതേ വഴിയിൽ തുടക്കം
പാർട്ടിയിൽ താൻ ഉദ്ധവിനും താഴെ രണ്ടാമനായെന്ന് മനസ്സിലായതോടെ പൊട്ടിത്തെറിച്ച രാജ് താക്കറെ 2005–നവംബറിൽ ശിവസേനയിൽനിന്നു രാജി വച്ചു, പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. 2006 മാർച്ചിൽ തന്റെ മഹാരാഷ്ട്ര നവനിർമാൺ സേന എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചുകൊണ്ടാണ് രാജ് താക്കറെ അടുത്ത ഇന്നിങ്സ് ആരംഭിക്കുന്നത്. 1966–ൽ ശിവസേന രൂപീകരിച്ചപ്പോൾ ബാൽ താക്കറെ ഉയർത്തിയ ‘മണ്ണിന്റെ മക്കൾ’ മുദ്രാവാക്യം തന്നെയായിരുന്നു രാജ് താക്കറെയുടെയും പിടിവള്ളി. അന്ന് ദക്ഷിണേന്ത്യക്കാരായിരുന്നു ആക്രമിക്കപ്പെട്ടതെങ്കിൽ ഇത്തവണ അത് യുപിയിലേയും ബിഹാറിലേയും കുടിയേറ്റ തൊഴിലാളികളായിരുന്നു. മറാത്തി ഭാഷയും ‘മറാത്തി മാനൂസും’ (മറാത്തി മനുഷ്യർ) ആണ് പ്രഥമം എന്നതായിരുന്നു രാജ് താക്കറെയുടെ രാഷ്ട്രീയം.
അങ്ങനെ 2008–ൽ വടക്കേ ഇന്ത്യക്കാർക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളും ആക്രമണങ്ങളും തുടർച്ചയായി നടന്നു. ഉത്തരേന്ത്യക്കാർ അഹങ്കാരം കുറയ്ക്കണമെന്നും മറാത്തികളുടെ അഭിമാനം മാനിക്കണമെന്നും തുടങ്ങി നിരവധി തീട്ടൂരങ്ങളുണ്ടായി. മുംബൈ നഗരത്തിലേക്ക് പുതുതായി ഒരു ഉത്തരേന്ത്യൻ തൊഴിലാളിയേയും പ്രവേശിപ്പിക്കരുതെന്നും നേരത്തേ എത്തിയവർ, മഹാരാഷ്ട്രക്കാരാണ് ഈ സ്ഥലത്തിന്റെ പ്രഥമ അവകാശികളെന്നു മനസ്സിലാക്കി പെരുമാറണം തുടങ്ങിയ മുന്നറിയിപ്പുകളും മുന്നോട്ടു വച്ചു. തുടക്കത്തിൽ ഈ വാദത്തിനു പിന്തുണക്കാരുണ്ടായെങ്കിലും കാര്യമായി മുന്നേറിയില്ല, രാജ് അറസ്റ്റിലുമായി. പിന്നീട് അതേ വർഷം തന്നെ മുംബൈയിലെ കടകൾക്ക് ഇംഗ്ലിഷ് ബോർഡുകൾക്കൊപ്പം മറാത്തി ഭാഷയിലുള്ള ബോർഡുകളും വേണമെന്ന തീട്ടൂരവും പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ ബൃഹദ് മുംബൈ മുനിസിപ്പൽ കോർപറേഷൻ നിയമം പാസാക്കിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. തുടർന്ന് എംഎൻഎസ് പ്രവർത്തകർ മറാത്തി ഭാഷയിലല്ലാത്ത ബോർഡുകളിൽ കരിഓയിൽ പൂശി. തുടർന്ന് മിക്ക കടകളും ഈ നിയമം പാലിച്ചു.
ജയാ ബച്ചന്റെ സിനിമകൾ പ്രദർശിപ്പിച്ച തിയേറ്ററുകൾ അടിച്ചു തകർത്തതായിരുന്നു എംഎൻഎസിന്റെ മറ്റൊരു വിവാദ സംഭവം. താൻ യുപിക്കാരിയാണെന്നും അതിനാൽ ഹിന്ദിയിലേ സംസാരിക്കൂ എന്നും അവർ പറഞ്ഞതായിരുന്നു പ്രകോപനം. ജയാ ബച്ചൻ മഹാരാഷ്ട്രക്കാരെ അപമാനിച്ചെന്നും പൊതുവേദിയിൽ മാപ്പു പറയണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. തുടർന്ന് അമിതാഭ് ബച്ചൻ മാപ്പു പറഞ്ഞതോടെയാണ് വിവാദം അവസാനിച്ചത്. ജെറ്റ് എയർവേയ്സിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കില്‍ ഒരു വിമാനം പോലും മഹാരാഷ്ട്രയിലെ വിമാനത്താവളത്തിലിറങ്ങില്ലെന്ന അന്ത്യശാസനത്തെ തുടർന്ന് തീരുമാനം മാറ്റാൻ ജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയൽ നിർബന്ധിതനായ സംഭവം, ‘വെയ്ക്ക് അപ് സിദ്’ എന്ന സിനിമയിൽ മുംബൈ എന്നതിനു പകരം ചിലയിടത്ത് ബോംബെ എന്നുപയോഗിച്ചതിനെതിരെ രാജ് താക്കറെ രംഗത്തു വരികയും ഒടുവിൽ സിനിമയുടെ നിർമാതാവും സംവിധായകൻ കരൺ ജോഹറും എംഎൻഎസ് തലവന്റെ വീട്ടിലെത്തി മാപ്പു പറയുകയും സിനിമയിലെ 700 ഫ്രെയിമുകളിലും മാപ്പപേക്ഷ എഴുതിക്കാണിക്കുകയും ചെയ്ത സംഭവം, ടെലികോം കമ്പനികൾ കസ്റ്റമർ സർവീസിൽ നിർബന്ധിതമായി മറാത്തി ഉൾപ്പെടുത്തേണ്ടി വന്ന സംഭവം തുടങ്ങി നിരവധി ‘പ്രവൃത്തികൾ’ രാജ് താക്കറെയും കൂട്ടരും നടത്തി.
കുറഞ്ഞു വരുന്ന സീറ്റുകളും വോട്ടുവിഹിതവും
ഇത്തരം പ്രവർത്തനങ്ങളിലൂടെ മുംബൈയിൽ ചെറിയ തോതിൽ സാന്നിധ്യമുറപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് പോരായിരുന്നു. 2009–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും കിട്ടിയില്ലെങ്കിലും ശിവസേന–ബിജെപി സഖ്യത്തിനു പ്രശ്നമുണ്ടാക്കാൻ രാജ് താക്കറെയ്ക്ക് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, 288 സീറ്റുകളിൽ 11 എണ്ണം മാത്രമേ വിജയിച്ചുള്ളൂവെങ്കിലും നഗര മേഖലകളിലും ബിജെപി–ശിവസേന സഖ്യത്തിന്റെ വോട്ടുകൾ ചോർത്തി. 2014–ൽ, ലോക്സഭാ സീറ്റുകളിലൊന്നും വിജയിച്ചതുമില്ല, നിയമസഭയിൽ ഇത് ഒരു സീറ്റായി കുറയുകയും ചെയ്തു.
2019–ൽ എംഎൻഎസ് ലോക്സഭാ തിരഞ്ഞടുപ്പിൽ മത്സരിച്ചില്ല. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചുവിട്ടുകൊണ്ട് കോൺഗ്രസ്–എൻസിപി യോഗങ്ങളിൽ പ്രസംഗിച്ചു. എൻസിപിയോടും കോൺഗ്രസിനോടും അടുക്കുകയായിരുന്നു എംഎൻഎസ് പതിയെ. ഇതിനിടെയായിരുന്നു സോണിയാ ഗാന്ധിയേയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയേയുമൊക്കെ കാണുന്നതും. എന്നാൽ എംഎൻഎസ് തലവൻ പ്രസംഗിച്ച മുഴുവൻ മണ്ഡലങ്ങളിലും ശിവസേന–ബിജെപി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ 100 സീറ്റിൽ മത്സരിച്ചെങ്കിലും വീണ്ടും ഒരു സീറ്റിൽ മാത്രമായി വിജയം ഒതുങ്ങി. ഈ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് രംഗം അടിമുടി മാറുന്നതും ശിവസേന–ബിജെപി സഖ്യം വേർപിരിഞ്ഞ് സേന– എൻസിപി– കോണ്‍ഗ്രസ് പാർട്ടികൾ ചേർന്ന് മഹാ വികാസ് അഘാഡിക്ക് രൂപം നൽകി അധികാരത്തിലേറുന്നതും.
മോദിയുടെ ഗുജറാത്ത് കാണുന്നു
2011–ൽ രാജ് താക്കറെ ഗുജറാത്തിൽ ഒൻപതു ദിവസത്തെ സന്ദർശനം നടത്തുകയും അവിടെ നടന്ന വികസന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ 2014–നു ശേഷം മോദിയുടെ വലിയ വിമർശകനായി മാറി രാജ് താക്കറെ. 2014–ൽ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദി വരുന്നതിനെയും പുകഴ്ത്തിയ ശേഷമായിരുന്നു പതിയെ വിമർശന വഴിയിലേക്ക് മാറുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസും ഇഡിയുടെ കുരുക്കും
2019 ഓഗസ്റ്റിൽ രാജ് താക്കറെയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ടു മണിക്കൂറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സോണിയാ ഗാന്ധി, മമത ബാനർജി തുടങ്ങിയവരടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വൈകാതെയാണ് ഇഡിയുെട നോട്ടിസ് രാജ് താക്കറെയ്ക്ക് ലഭിക്കുന്നത്. മുംബൈയിലെ ദാദറിൽ കോഹിനൂർ സ്ക്വയർ ടവർ നിർമിക്കുന്ന കോഹിനൂർ സിടിഎൻഎൽ ഇന്‍ഫ്രാസ്ട്രക്ചർ കമ്പനിയിൽ ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (IL&FS) വായ്പയായും ഓഹരി നിക്ഷേപമായും 820 കോടിയോളം രൂപ നിക്ഷേപിച്ചതായിരുന്നു ഇഡി അന്വേഷിച്ചിരുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന ശിവസേനാ നേതാവുമായിരുന്ന മനോഹർ ജോഷിയുടെ മകന്‍ ഉന്മേഷ് ജോഷിയേയും ഈ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഉന്മേഷ് ജോഷി, രാജ് താക്കറെ, കെട്ടിട നിർമാതാവായ രഞ്ജൻ ശിരോദ്ക്കർ എന്നിവർ ചേർന്ന് 2005–ൽ രൂപീകരിച്ചതാണ് ഐഎൽഎഫ്എസ്. ഈ കമ്പനി കോഹിനൂരിൽ നിക്ഷേപിച്ച പണം ഏതാവശ്യത്തിനാണ് ചെലവഴിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇഡി പരിശോധിച്ചത്. ഈ കേസിനോട് അന്ന് എതിരാളികളായിരുന്ന ശിവസേനയും കൂടെയുണ്ടായിരുന്ന എന്‍സിപിയും പ്രതികരിച്ചത് ഇങ്ങനെ:
∙ സഞ്ജയ് റാവുത്ത് (ശിവസേന വക്താവ്)– ‘‘രാജ് താക്കറെയ്ക്കെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടില്ലെന്ന് ഉദ്ധവ് താക്കറെ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ധവ് തന്റെ സഹോദരന് പിന്തുണ പ്രഖ്യാപിച്ചതു പോലെ തന്നെ മുഴുവൻ താക്കറെ കുടുംബവും രാജിനൊപ്പമുണ്ട്. അന്വേഷണം പുരോഗമിക്കട്ടെ. പി. ചിദംബരത്തെപ്പോലെയല്ല, രാജ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.’’
∙ നവാബ് മാലിക് (എൻസിപി വക്താവും നിലവിലെ മന്ത്രിയും. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ)– ‘‘രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് ഇവിടെ. തങ്ങളെ എതിർക്കുന്നവരെ ബുദ്ധിമുട്ടിക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് മോദി സർക്കാർ’’.
∙ ധനഞ്ജയ് മുണ്ടെ (എൻസിപി നേതാവ്)– ‘‘അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്. അത് കൂടുതൽ തെളിഞ്ഞു വരികയാണ്’’.
രാജ് താക്കറെ ‘ഹിന്ദുത്വ’യുടെ തണലിലേക്ക്?
തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തിരിച്ചടി നേരിടുന്നതും ഇഡി കേസ് വരികയും 2019–ൽ മോദി സർക്കാർ അധികാരം നിലനിർത്തുകയും ചെയ്തതോടെ കളം മാറിയത് മനസ്സിലാക്കിയ രാജ് താക്കറെ അടുത്ത ചുവടു വയ്ക്കുകയായിരുന്നു. രാഷ്ട്രീയ രംഗത്തേക്ക് മകൻ അമിതിനെ അവതരിപ്പിക്കുക എന്നതും ഹിന്ദുത്വ അജൻഡ പാർട്ടിയുടെ മുഖ്യപരിപാടിയാക്കി മാറ്റുന്നതും അപ്പോഴാണ്. 2020 ജനുവരി 23–ന് ബാൽ താക്കറെയുടെ ജന്മവാർഷികത്തിൽ എംഎൻഎസ് പാർട്ടിയുടെ കൊടിയുടെ നിറം കാവിയാക്കി മാറ്റുകയും ഛത്രപതി ശിവാജിയുടെ ‘രാജമുദ്ര’ അതിൽ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് പാർട്ടിയെ ‘പുതുക്കി’. അതിനോടൊപ്പം തന്നെ, മോദി–അമിത് ഷാമാരെ യാതൊരു തരത്തിലും വിമർശിക്കാതിരിക്കാനും രാജ് താക്കറെ ശ്രദ്ധിച്ചു.
പിന്നാലെ കോവിഡ് മഹാമാരിയും ലോക്ഡൗണുമൊക്കെയായി രാജ്യം അടച്ചിടപ്പെട്ടു. കോവിഡ് ഒന്നൊതുങ്ങിയപ്പോൾ– ഇക്കഴിഞ്ഞ ഏപ്രിൽ 2–ന് മഹാരാഷ്ട്രയിലെ പുതുവർഷമായ ഗുഡി പട്‍വയ്ക്ക് ശിവാജി പാർക്കിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് രാജ് താക്കറെ തന്റെ അടുത്ത ഇന്നിങ്സ് ആരംഭിക്കുകയായിരുന്നു. അതാണിപ്പോൾ മഹാരാഷ്ട്രയെ രാഷ്്ട്രീയമായും സാമൂഹികമായും മുൾമുനയില്‍ നിർത്തിയിരിക്കുന്നതും.
ഉച്ചഭാഷിണി രാഷ്ട്രീയം
ശിവാജി പാര്‍ക്കിലെ റാലിയിലാണ് രാജ് താക്കറെ ഉച്ചഭാഷിണി വിഷയം ആദ്യമായി ഉയർത്തുന്നത്. അതിനു പിന്നാലെ താനെയിൽ നടന്ന റാലിയിലും ഈ വിഷയം ആവർത്തിച്ചു. മേയ് മൂന്നിനു ശേഷം, മുസ്‌ലിം പള്ളികളിൽ ഉച്ചഭാഷിണികൾ നിരോധിക്കണം എന്നതായിരുന്നു ആവശ്യം. മേയ് നാല് മുതൽ മോസ്കുകളിൽ നിന്ന് ‘ആസാൻ’ (പ്രാർഥനയ്ക്കുള്ള അറിയിപ്പ്) ഉയർന്നാൽ അതിനു മുന്നിൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ ചാലിസ കേൾപ്പിക്കുമെന്നും എന്തൊക്കെ സംഭവിച്ചാലും താൻ ഉത്തരവാദിയായിരിക്കില്ല എന്നുമായിരുന്നു എംഎൻഎസ് തലവന്റെ വാക്കുകൾ. ഇതാണ് ഔറംഗാബാദ് റാലിയിലും ആവർത്തിച്ചത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ തുടങ്ങിയവർ രാജ് താക്കറെയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു,
അതിനിടെ, ഉച്ചഭാഷിണി വിഷയം മതവുമായി ബന്ധപ്പെട്ടതല്ലെന്ന് സൂചിപ്പിക്കാൻ മുസ്‌ലിം സമുദായം ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന മേയ് മൂന്നിന്, ‘അക്ഷയ തൃതീയ’യുടെ ഭാഗമായി ‘മഹാ ആരതി’ പരിപാടി നടത്തരുതെന്നും ഒരു മതത്തിന്റെയും ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും രാജ് താക്കറെ വ്യക്തമാക്കി. ലൗഡ് സ്പീക്കറുകൾ എന്നത് മതവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് ‘അസൗകര്യ’മുണ്ടാക്കുന്നതിനാൽ സാമൂഹിക പ്രശ്നമാണെന്നും പറഞ്ഞ, രാജ് താക്കറെ തന്റെ ആഹ്വാനം ഉൾക്കൊള്ളാനും ‘മഹാരാഷ്ട്ര സൈനിക’രോട് അഭ്യർഥിച്ചിരുന്നു.
തൊട്ടാൽ പൊള്ളുന്ന ബിഎംസിയും തിരഞ്ഞെടുപ്പും
ഏതാനും മാസങ്ങൾക്കുള്ളില്‍ നടക്കാൻ പോകുന്ന മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പാണ് രാജ് താക്കറെയുടെയും കൂട്ടരുടെയും അടിയന്തര ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. 15 മുനിസിപ്പൽ കോർപറേഷനിലേക്കും 27 ജില്ലാ കൗൺസിലുകളിലേക്കുമുള്ള തിരഞ്ഞടുപ്പാണ് നടക്കാനിരിക്കുന്നത്. ഇതിൽ തന്നെ ബൃഹദ് മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പാണ് ഏറ്റവും ശ്രദ്ധേയം. സമ്പന്നമായ ഈ കോർപറേഷൻ ഭരണം എല്ലാ പാർട്ടികളുടെയും ലക്ഷ്യമാണ്. ഈ മേഖലയിലെ പാർട്ടിയുടെ സാന്നിധ്യവും സ്വാധീനവുമാണ് ശിവസേനയുടെ അടിത്തറ ഉറപ്പിക്കുന്നതും. രണ്ടു ദശകത്തിലേറെയായി സേനയാണ് ഇവിടം ഭരിക്കുന്നത്. 227 അംഗ ബിഎംസിയിൽ 97 കോർപറേറ്റർമാർ സേനയ്ക്കുണ്ട്. ബിജെപിക്ക് 80–ഉം കോൺഗ്രസിന് 29–ഉം എൻസിപിക്ക് എട്ടും സമാജ്‌വാദി പാർട്ടിക്ക് ആറും അംഗങ്ങളാണ് ഉള്ളത്.
എന്നാൽ ബിഎംസി തിരഞ്ഞെടുപ്പിൽ എംഎൻഎസ് ഇപ്പോഴത്തെ രീതിയിൽ ഇറങ്ങിയാൽ അത് തങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ശിവസേന നേതാക്കൾ കരുതുന്നത്. രാജ് താക്കറെയുടെ പാർട്ടിക്ക് കാര്യമായ സീറ്റുകളൊന്നും കിട്ടിയില്ലെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർത്താനാകുമെന്ന് സേന ഭയപ്പെടുന്നു. ഇവിടെ ഓരോ വോട്ടും പ്രധാനമാണ്. ഒരു സ്ഥാനാർഥി അഞ്ഞൂറോ ആയിരമോ വോട്ടുകൾ പിടിച്ചാൽ പോലും ഓരോ സീറ്റിന്റെയും ഭാവിയെ അത് ബാധിക്കും.
എംഎൻഎസ് 2012–ലെ ബിഎംസി തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയിരുന്നു. നാസിക് മുനിസിപ്പല്‍ കോർപറേഷനിലെ 122 അംഗങ്ങളിൽ 40 എണ്ണവും, ബിജെപി പിന്തുണയോടെ മേയർ പദവിയും നേടിയെങ്കിലും 2014–നു ശേഷം പടിപടിയായി പാർട്ടി തകരുകയായിരുന്നു. 2014–ലേയും 2019–ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കിട്ടിയത് ഓരോ സീറ്റ് വീതം. 2017–ലെ ബിഎംസി തിരഞ്ഞെടുപ്പിൽ എംഎൻഎസ് ഏഴു സീറ്റ് നേടിയെങ്കിലും ഇതിലെ ആറു കോർപറേറ്റുകളും വൈകാതെ ശിവസേനയിൽ ചേർന്നു. 2017–ൽ നാസിക്കിലെ ഭരണവും നഷ്ടപ്പെട്ടു. ഇപ്പോഴുണ്ടാക്കിയിട്ടുള്ള സാന്നിധ്യത്തിലൂടെ ബിഎംസിയിൽ ഒരു തിരിച്ചു വരവാണ് എംഎൻഎസിന്റെ അടിയന്തര ലക്ഷ്യം. ഒപ്പം ശിവസേനയെ തളർത്തുകയും അതുവഴി ബിജെപിയെ സഹായിക്കുകയും.
ശിവസേന, ഉദ്ധവ് എന്നീ പ്രഖ്യാപിത ശത്രുക്കൾ
എംഎൻഎസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ദാദറിലെ ശിവസേന ഓഫിസിനു മുന്നിൽ ബാൽ താക്കറെയെ അഭിസംബോധന ചെയ്തുകൊണ്ട് പതിപ്പിച്ച ബാനർ ഇങ്ങനെയായിരുന്നു. ‘കണ്ടില്ലേ, താങ്കളുടെ മകൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒരു ഹിന്ദു ആയിട്ടു പോലും, ഹിന്ദുക്കൾ സ്ഥാപിച്ച ലൗഡ് സ്പീക്കറുകൾ എടുത്തു മാറ്റാൻ നിർദേശിച്ചിരിക്കുന്നു. ഹനുമാൻ ചാലിസ ചൊല്ലുന്നതിൽനിന്ന് അദ്ദേഹം ഞങ്ങളെ വിലക്കിയിരിക്കുകയാണ്. ആരെങ്കിലും അങ്ങയുടെ പൈതൃകം പിന്തുടരുന്നുണ്ടെങ്കിൽ, അങ്ങയുടെ യഥാർഥ പിൻഗാമി, അത് രാജ് താക്കറെയാണ്’.
എല്ലാ അർഥത്തിലും ബാൽ താക്കറെയെ അനുകരിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ രാജ് താക്കറെ. ‘എന്റെ എല്ലാ ഹിന്ദു അമ്മമാർക്കും സഹോദരിമാർക്കും സഹോദരങ്ങൾക്കും ആശംസകൾ’ എന്ന് മറാത്തിയിൽ പറഞ്ഞുകൊണ്ടാണ് ജൂനിയർ താക്കറെ തന്റെ പ്രസംഗം ആരംഭിക്കുന്നത്. ബാൽ താക്കറെ പ്രസംഗം തുടങ്ങിയിരുന്നത് എങ്ങനെയാണോ അങ്ങനെത്തന്നെ. അതുപോലെ, ഔറംഗബാദിൽ റാലി നടത്താനുള്ള രാജ് താക്കറെയുടെ തീരുമാനവും പ്രധാനമാണ്. ആദ്യം മുംബൈയിലും പിന്നാലെ താനെയിലും നടത്തിയ റാലികൾക്ക് ശേഷമായിരുന്നു ഇത്. ശിവസേനയ്ക്ക് വലിയ സ്വാധീനമുള്ള സ്ഥലങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ പേരിൽ നിന്നുള്ള ഒൗറംഗാബാദ് എന്ന പേര് മാറ്റി സംഭാജിനഗർ എന്നാക്കണമെന്ന് 1980–കളിൽ തന്നെ ശിവസേനയും ബാൽ താക്കറെയും ആവശ്യപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ മൂത്ത മകനായിരുന്ന ഛത്രപതി സംഭാജിയെ ഔറംഗസേബ് കൊലപ്പെടുത്തുകയായിരുന്നു. മഹാ അഘാഡി സഖ്യം രൂപീകരിച്ചതിനു ശേഷം ശിവസേന ഇക്കാര്യവും മറന്നു എന്നാണ് ബിജെപി ഉന്നയിക്കുന്ന വിമര്‍ശനം.
ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയേയും അദ്ദേഹത്തിന്റെ മകനേയും ബാൽ താക്കറെയെ ഉപയോഗിച്ചു തന്നെ നേരിടുക എന്ന തന്ത്രമാണ് രാജ് താക്കറെ ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെത്തന്നെ തന്റെ വാദങ്ങൾ സമർഥിക്കാനായി ബാൽ താക്കറെയുടെ പഴയ പ്രസംഗം ഇന്ന് ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് രാജ്. തന്റെ സർക്കാർ അധികാരത്തിൽ വന്നാൽ റോഡിലെ നിസ്കാരം അവസാനിപ്പിക്കുമെന്നും മതം ഒന്നിനും തടസ്സമാകാൻ പാടില്ല എന്നുമാണ് ബാൽ താക്കറെ ഈ വിഡിയോയിൽ പ്രസംഗിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുന്ന ഏതെങ്കിലും ഹിന്ദുമത ചടങ്ങുകളുണ്ടോ എന്നു തങ്ങൾ പരിശോധിക്കുമെന്നും മോസ്കുകളിലെ ഉച്ചഭാഷിണികൾ താഴെയിറക്കുമെന്നും ബാൽ താക്കറെ ഈ പ്രസംഗത്തിൽ പറയുന്നുണ്ട്. ഇതാണ് രാജ് താക്കറെ പങ്കുവച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസും എൻസിപിയുമായി ഭരണം പങ്കിടാൻ തുടങ്ങിയതോടെ ശിവസേന ബാൽ താക്കറെയുടെ ‘ഹിന്ദുത്വ’ ഉപേക്ഷിച്ചു എന്ന് ബിജെപിയും ആരോപിക്കുന്നു.
രൂക്ഷമായ ആക്രമണമാണ് പലപ്പോഴും ശിവസേന നേതാക്കൾക്കു നേരെ എംഎൻഎസ് നടത്തുന്നത്. ഉദ്ധവ് താക്കറെയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, സഞ്ജയ് റാവുത്തിനെതിരെ ശിവസേന മുഖപത്രമായ സാമ്നയ്ക്ക് മുന്നിൽ ഭീഷണി പോസ്റ്റർ ഉയർത്തിക്കൊണ്ടാണ് എംഎൻഎസ് പ്രതികരിച്ചത്. ‘നിങ്ങൾ ആരെയാണ് ഒവൈസി എന്നു വിളിച്ചത്? സഞ്ജയ് റാവുത്ത്, നിങ്ങളുടെ വായ അടച്ചുവച്ചോളൂ. മഹാരാഷ്ട്ര മുഴുവൻ ഇതുമൂലം പ്രശ്നത്തിലാണ്. അല്ലെങ്കിൽ എംഎൻഎസ് രീതിയിൽ നിങ്ങളുടെ ഉച്ചഭാഷിണി ഞങ്ങൾ അടയ്ക്കും’ എന്നായിരുന്നു പോസ്റ്ററിലെ വരികൾ. ഉത്തർ പ്രദേശിൽ തങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയായിരുന്നു ഒവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇതേ രീതിയിൽ ബിജെപിയുടെ മഹാരാഷ്ട്രയിലെ ഒവൈസിയാണ് രാജ് താക്കറെ എന്ന റാവുത്തിന്റെ വിമർശനമായിരുന്നു എംഎൻഎസ് ഭീഷണിക്കു പിന്നിൽ. അതേസമയം, ഔറംഗാബാദ് വർഗീയ കലാപങ്ങളുടെ ചരിത്രമുള്ള സ്ഥലമായതിനാൽ പ്രശ്നങ്ങളുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രാജ് താക്കറെ ഇവിടം റാലി നടത്താനായി തിരഞ്ഞെടുത്തത് എന്നാണ് സ്ഥലം എംപിയും അസദുദ്ദീൻ ഒവൈസി നേതൃത്വം കൊടുക്കുന്ന എഐഎംഐഎയുടെ നേതാവുമായ ഇംതിയാസ് ജലീൽ ആരോപിക്കുന്നത്.
പവാറിൽ കണ്ടെത്തിയ അപ്രതീക്ഷിത ശത്രു
ഒരുകാലത്ത് രാജ് താക്കറെയ്ക്ക് താങ്ങും തണലുമായി നിന്ന എൻസിപിക്കും അതിന്റെ അധ്യക്ഷൻ ശരദ് പവാറിനുമെതിരെ ഉയർത്തിയ വിമർശനങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊന്ന്. ‘‘പവാർ നിരീശ്വരവാദിയാണ്, ക്ഷേത്രങ്ങളിൽ പോകാറില്ല, ഛത്രപതി ശിവാജിയെക്കുറിച്ച് സംസാരിക്കില്ല, മഹാരാഷ്ട്രയിൽ ജാതി രാഷ്ട്രീയം കൊണ്ടുവന്ന് രാഷ്ട്രീയം കളിക്കുകയും സമൂഹത്തെ നശിപ്പിക്കുകയുമാണ്’’ – രാജ് താക്കറെ ഉന്നയിച്ച വിമര്‍ശനങ്ങൾ ഇങ്ങനെയായിരുന്നു. രാജ് ശരിക്കും ഉന്നം വയ്ക്കുന്നത് പവാറിനെയും അതുവഴി ഉദ്ധത് താക്കറെ സർക്കാരിനെയുമാണ് എന്നാണ് ശിവസേന വൃത്തങ്ങൾ പറയുന്നത്. ഇതിന്റെ സ്ക്രിപ്റ്റും സ്പോൺസറും ബിജെപിയാണെന്ന് സഞ്ജയ് റാവുത്തും ആരോപിക്കുന്നു.
‘‘ഞാൻ രാജ് താക്കറെയെ ഗൗരവമായി എടുക്കാറില്ല. ആറു മാസമോ ഒരു വര്‍ഷമോ ഒക്കെ കൂടുമ്പോഴാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മാധ്യമങ്ങൾ നിരന്തരമായി അന്വേഷിക്കുന്നതു കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. എംഎൻഎസ് തലവൻ ഊർജ പ്രതിസന്ധിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമൊക്കെ സംസാരിക്കുമെന്നാണ് കരുതിയത്, എന്നാൽ അതിനെക്കുറിച്ചൊന്നും മിണ്ടിയതേ ഇല്ല. രാജ് താക്കറെ എന്തുെകാണ്ടാണ് ബിജെപിക്കെതിരെ ഒന്നും പറയാത്തത് എന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് ബുദ്ധിയും ബോധവുമുണ്ട്’’– എംഎൻഎസ് തലവന്റെ വിമർശനങ്ങളെക്കുറിച്ച് പവാർ പ്രതികരിച്ചത് ഇങ്ങനെ. ‘‘ബിജെപി ഏൽപ്പിച്ചിരിക്കുന്ന പണി എന്താണോ അത് നടത്തിയെടുക്കാൻ ശ്രമിക്കുകയാണ് രാജ് താക്കറെ എന്ന് വ്യക്തമാണ്. ഏതു വഴിക്കാണ് ബിജെപി അദ്ദേഹത്തെ നയിക്കുന്നതെന്നത് ആ വാക്കുകളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കു’’മെന്ന് റാവുത്തും പറയുന്നു. പവാറിനെതിരെയുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായിരുന്നു രാജ് താക്കറെയുടെ ഔറംഗാബാദ് റാലിയും അതിൽ എൻസിപി അധ്യക്ഷനെതിരെ ആരോപിച്ച ‘ജാതി’ ആരോപണവും എന്നാണ് മുതിർന്ന എൻസിപി നേതാവും സംസ്ഥാന ഭക്ഷ്യമന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറയുന്നത്.
സമ്മർദ്ദത്തിലായ പവാർ
എന്നാൽ പവാറിനെക്കൊണ്ട് വിവിധ വിഷയങ്ങളിൽ മറുപടി പറയിക്കാൻ രാജ് താക്കറെയുടെ ആരോപണങ്ങൾക്ക് കഴിയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. പവാർ കോൺഗ്രസിൽനിന്ന് രാജി വച്ചത് സോണിയാ ഗാന്ധിയുെട വിദേശജന്മ പ്രശ്നം ഉയര്‍ത്തിയാണെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസുമായി കൂട്ടുകൂടുന്നത് അവസരവാദമാണെന്നും രാജ് താക്കറെ ആരോപിച്ചിരുന്നു. എന്നാൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെയാണ് താൻ എതിർത്തതെന്നും താൻ ആ പദവിയിലേക്കില്ലെന്ന് അവർ വ്യക്തമാക്കിയതോടെ ആ വിഷയം അവസാനിച്ചുവെന്നും പവാർ പ്രതികരിച്ചു.
മരുമകനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയപ്പോൾ എന്തുകൊണ്ടാണ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെയുടെ വീട്ടിൽ പരിശോധനയൊന്നും ഉണ്ടാവാതിരുന്നതെന്ന് രാജ് താക്കറെ ചോദിച്ചിരുന്നു. എംഎൻഎസ് തലവന്റേത് ഗൗരവമായി എടുക്കേണ്ട പ്രസ്താവന അല്ലെന്നാണ് ആദ്യം പറഞ്ഞതെങ്കിലും താനും അജിത് പവാറുമൊക്കെ ഒരേ കുടുംബമാണെന്നും മരുമകനെ ബാധിക്കുന്നത് തന്നെ ബാധിക്കുന്നതു പോലെത്തന്നെയാണെന്നും പവാറിന് പ്രതികരിക്കേണ്ടി വന്നു.
‘‘ശിവസേന സ്ഥാപകന്‍ ബാൽ താക്കറെയും മോസ്കുകളിലെ ഉച്ചഭാഷിണിയുടെ കാര്യത്തിൽ നിലപാടെടുത്തിരുന്നു. എന്നാൽ ഇത് ബിജെപിയുടെ ഉച്ചഭാഷിണിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികളിൽ ബിജെപി ചില ഇളവുകൾ നൽകിയിട്ടുണ്ട്. അതാണ് ഇപ്പോൾ ഉച്ചഭാഷിണി എന്ന രൂപത്തിൽ പുറത്തു വരുന്നത്. ഒന്നര വർഷമായി ഈ ഉച്ചഭാഷിണി പ്രവർത്തിക്കുന്നില്ലായിരുന്നു. ബിജെപിയും ഞങ്ങൾക്കെതിരെ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നുണ്ട്, പക്ഷേ കാര്യമൊന്നുമില്ല’’, സഞ്ജയ് റാവുത്ത് പറയുന്നു. ഈയടുത്തു വരെ പവാറിന്റെ കാൽച്ചുവട്ടിലിരുന്ന് അദ്ദേഹത്തിൽനിന്ന് രാഷ്ട്രീയ മാർഗനിർദേശങ്ങൾ തേടിയിട്ടുള്ള ആളാണ് രാജ് താക്കറെ– റാവുത്ത് കൂട്ടിച്ചേർക്കുന്നു.
ഒഴിവാക്കാൻ പറ്റാത്ത രാജ് താക്കറെ
കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി കഴിഞ്ഞ മാസം രാജ് താക്കറെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ നവംബർ മാസത്തിൽ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും ഭാര്യ അമൃത ഫഡ്നാവിസും എംഎൻഎസ് തലവനെ കാണാനെത്തി. രാജ് താക്കറെ ഉയർത്തിയിരിക്കുന്ന വിഷയത്തിന്റെ വ്യാപ്തി മനസ്സിലായതുകൊണ്ടു തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരണനേതൃത്വവും പ്രതികരണവുമായി രംഗത്തു വരികയും ചെയ്തു. രാജ് താക്കറെയുടെ പ്രസംഗം പരിശോധിച്ചു വരികയാണെന്നും നടപടിയുണ്ടാവുമെന്നും ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ വ്യക്തമാക്കിയിരുന്നു. ഉച്ചഭാഷിണി കാര്യത്തിൽ താക്കറെ തീരുമാനമെടുക്കേണ്ടെന്നും സുപ്രീം കോടതിക്കും മുകളിലല്ല എംഎൻഎസ് അധ്യക്ഷനെന്നും പാട്ടീൽ പറഞ്ഞു.
‘‘ഇത്തരമൊരു വിഷയം ഉന്നയിച്ചാൽ അത് മുസ്‌ലിംങ്ങളെ മാത്രമേ ബാധിക്കൂ എന്നാണ് രാജ് താക്കറെ കരുതുന്നത്. എന്നാൽ അങ്ങനെയല്ല, ക്ഷേത്രങ്ങളടക്കം എല്ലാ ആരാധനാലയങ്ങളെയും ഇത് ബാധിക്കും’’– അദ്ദേഹം പറഞ്ഞു. രാജ് താക്കറെയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെയും ആവശ്യപ്പെട്ടു. ‘‘സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം തകർക്കാനും നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും ഇല്ലാതാക്കാനും മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ’’, പട്ടോളെ വ്യക്തമാക്കി. ബിജെപിയാണ് രാജ് താക്കറെയ്ക്ക് പുറകിലെന്നും മോദി സർക്കാരിന്റെ ഭരണ പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ഈ നീക്കമെന്നും പട്ടോല പറഞ്ഞു.
‘‘ഇത്തരത്തിൽ സർക്കാരിനു നേർക്ക് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഏകാധിപത്യ നിലപാട് അംഗീകരിക്കാൻ പറ്റില്ല. ഏതെങ്കിലും വിധത്തില്‍ സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമമുണ്ടായാൽ അത് കർശനമായി നേരിടും. നിയമം എല്ലാവർക്കും ഒരുപോലെയാണ്, മഹാരാഷ്ട്രയിൽ നിയമവാഴ്ച ഉറപ്പാക്കും’’– ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ പറഞ്ഞു. ഊർജ പ്രതിസന്ധിയും വിലക്കയറ്റവും പോലെ രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുള്ളപ്പോഴാണ് ചില രാഷ്ട്രീയ പാർട്ടികൾ അതിൽ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാൻ ഉച്ചഭാഷിണിയുടെ പേരില്‍ പ്രശ്നമുണ്ടാക്കുന്നതും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമെന്നും അജിത് പവാർ പറഞ്ഞു.
ഉദ്ധവ് താക്കറെയ്ക്കും പറയാനുണ്ട്
ഹിന്ദുത്വയുടെ പേരിൽ ബിജെപി തന്റെ പിതാവിനെ പറ്റിച്ചിട്ടുണ്ടെങ്കിലും താൻ അതിന് വഴങ്ങിക്കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു നിലവിലെ വിവാദങ്ങളോടുള്ള ഉദ്ധവ് താക്കറെയുടെ പ്രതികരണം. ‘‘ഞാനത്ര നിഷ്കളങ്കനൊന്നുമല്ല. ബിജെപിയുടെ അജൻഡ എന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ബിജെപിയുടെ ഓരോ പ്രവൃത്തിയും വാക്കുകളും ഞാൻ കണ്ണും കാതും തുറന്ന് നിരീക്ഷിക്കുന്നുണ്ട്. അവരുടെ താത്പര്യങ്ങൾ പ്രാവർത്തികമാക്കാൻ അനുവദിക്കുകയുമില്ല. ശിവസേനയ്ക്ക് ഹിന്ദുത്വ എന്നാൽ ജീവശ്വാസം പോലെയാണ്. ഓരോ നിമിഷവും അത് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല. ശിവസേന വിലെ പാർലെയിൽ ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും ഹിന്ദുത്വയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. എന്നാൽ ശിവസേന ഹിന്ദുത്വയുടെ പേരിൽ മത്സരിച്ചപ്പോൾ ബിജെപി ചെയ്തത് ഞങ്ങൾക്കെതിരെ സ്ഥാനാർഥിയെ നിർത്തുകയായിരുന്നു. സേന വിജയിച്ചു കഴിഞ്ഞപ്പോൾ ബിജെപി നേതാക്കൾ വന്ന് ബാൽ താക്കറെയെ കണ്ട് ഹിന്ദുത്വയുടെ പേരിൽ സഖ്യം മുന്നോട്ടു വയ്ക്കുകയായിരുന്നു– ഉദ്ധവ് പറഞ്ഞു.
എംഎൻഎസുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉദ്ധവ് താക്കറെ പറഞ്ഞ മറുപടി, താനവർക്ക് കാര്യമായ ശ്രദ്ധ കൊടുക്കാറില്ല എന്നാണ്. ‘ചില സമയത്ത് അവർ മറാത്തി കാർഡ് കളിക്കും, ചിലപ്പോൾ ഹിന്ദുത്വ. ആളുകൾക്കായി സൗജന്യ വിനോദപരിപാടി സംഘടിപ്പിക്കുന്നതു പോലെയാണിത്. അവർ ഇപ്പോൾ ഹിന്ദുത്വ പരീക്ഷിച്ചു നോക്കുകയാണ്. വിജയിച്ചാൽ അതുമായി മുന്നോട്ടു പോകാം. ഇല്ലെങ്കില്‍ അതവർ ഉപേക്ഷിക്കും. എന്താണ് വിൽക്കപ്പെടുക എന്ന രീതിയിലാണ് അവർ കാര്യങ്ങളെ കാണുന്നത്’’–താക്കറെ പറഞ്ഞു. ഇതിനിടെ വിഷയം ചർച്ച ചെയ്യാൻ ഉദ്ധവ് താക്കറെ സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും രാജ് താക്കറെയും ബിജെപി നേതാക്കളും പങ്കെടുത്തിരുന്നില്ല. എന്നാൽ ബിജെപി ഇതിന്റെ പേരിൽ ഉദ്ധവ് താക്കറെയെ ആക്രമിക്കുകയും ചെയ്തു.
ബാൽ താക്കറെയുടെ മകന് ഹനുമാൻ ചാലിസയെ പേടിയാണ് എന്നായിരുന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രസ്താവന. അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണയും അവരുടെ ഭർത്താവും എംഎൽഎയുമായ രവി റാണയും ഉദ്ധവ് താക്കറെ കുടുംബത്തിന്റെ വീടായ ‘മാതോശ്രീ’യ്ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതോടെ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബിജെപി പ്രതികരണവും.
എന്നാൽ എംഎൻഎസുമായി സഖ്യം ഉണ്ടാകുമോ എന്ന കാര്യത്തിൽ ബിജെപി കൃത്യമായ മറുപടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ശിവസേനയ്ക്കെതിരെയുള്ള എംഎൻഎസിന്റെ നിലപാട് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. അതനുസരിച്ചു തന്നെയാണ് ബിജെപി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതും. എന്നാൽ ഗഡ്കരിയുടെയും ഫഡ്നാവിസിന്റെയും രാജ് താക്കറെ സന്ദർശനമാകട്ടെ, ഒരു സാധ്യതയും തള്ളിക്കളയുന്നുമില്ല. അതേ സമയം, രാജ് താക്കറെയാകട്ടെ, മോദി–ഷാമാരെ വിമർശിക്കുന്നില്ല എന്നു മാത്രമല്ല, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ‘‘ആരാധനാലയങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മോസ്കുകളിൽ നിന്ന്, ഉച്ചഭാഷിണികൾ മാറ്റാനുള്ള യുപി സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണ്’’ എന്നു പറഞ്ഞ രാജ് താക്കറെ ഒപ്പം ഉദ്ധവ് താക്കറെയെ വിമർശിക്കാനും മറന്നില്ല. ‘‘ദൗർഭാഗ്യകരമെന്നു പറയട്ടെ, ഞങ്ങൾക്ക് ഇവിടെ മഹാരാഷ്ട്രയിൽ യോഗിയില്ല, പകരം ഭോഗിയാണുള്ളത്’’ എന്നായിരുന്നു രാജ് താക്കറെയുടെ പ്രസ്താവന.
മഹാരാഷ്ട്ര മുൾമുനയിൽ
മേയ് മൂന്നിന് താൻ നൽകിയ ‘അന്ത്യശാസനം’ പാലിച്ചില്ലെങ്കിൽ പിന്നീടുണ്ടാകുന്ന കാര്യങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കില്ലെന്ന് രാജ് താക്കറെ പറഞ്ഞിരുന്നു. തുടർന്ന് പൊലീസുകാരുടെ അവധി അടക്കം റദ്ദാക്കി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സാഹചര്യമുണ്ടായി. രാജ് താക്കറെയ്ക്കെതിരെ കൂടുതൽ നടപടി സ്വീകരിച്ചാൽ തെരുവിലിറങ്ങുമെന്ന് ചില എംഎൻഎസ് നേതാക്കളും പ്രസ്താവിച്ചിട്ടുണ്ട്. അതിനിടെ, രാജ് താക്കറെയുടെ പുതിയ വീട് ‘ശിവതീർഥി’ന് പോലീസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തി, കലാപമുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് ഔറംഗാബാദ് പോലീസ് താക്കറെയ്ക്കെതിരെ കേസുമെടുത്തു.
താൻ അയോധ്യ സന്ദർശിക്കുമെന്നാണ് രാജ് താക്കറെ പ്രസ്താവിച്ചിട്ടുള്ള മറ്റൊരു കാര്യം. ഒരുകാലത്ത് കുടിയേറ്റത്തൊഴിലാളികളായ വടക്കേ ഇന്ത്യക്കാർക്ക് നേരെ നിലപാടെടുത്തിരുന്ന രാജ് താക്കറെ ഇന്ന് അതൊക്കെ മാറ്റിവച്ച്, ഹിന്ദുത്വയുടെ പേരിൽ ഒരുമിക്കാൻ ഒരുങ്ങുന്നു എന്നതാണ് പ്രത്യേകത. അതുപോലെ ശിവസേന എന്തു നിലപാട് സ്വീകരിക്കുെമന്ന വിഷയങ്ങളും രാജ് താക്കറെയ്ക്കൊപ്പം ബിജെപി ഉയർത്തുന്നുണ്ട്. ഇരുതല മൂർച്ചയുള്ള ഒന്നാണ് വിഷയം എന്നതുകൊണ്ടു തന്നെ തങ്ങളുടെ ഹിന്ദുത്വ അജൻഡകൾ ഉപേക്ഷിക്കാതെ തന്നെ മഹാ അഘാഡി സഖ്യം മുന്നോട്ടു വയ്ക്കുന്ന മതേതര നിലപാടുകൾ പിന്തുടരുക എന്ന ഞാണിന്മേൽ കളിയാണു നിലവിൽ ശിവസേന ചെയ്യുന്നത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് ഒട്ടൊക്കെ മാഞ്ഞുപോയിരുന്ന രാജ് താക്കറെയ്ക്കാകട്ടെ, കിട്ടുന്നതെന്തും ലാഭവുമാണ്.
English Summary: Raj Thackeray Returns to Maharashtra Politics with Loudspeaker Row; What is his Aim?